വർത്തമാനപുസ്‌തകം - ഇന്ത്യൻ ഭാഷയിൽ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം
മലയാളത്തിൽ എഴുതിയ ആദ്യ യാത്രാവിവരണമാണ് വർത്തമാനപുസ്‌തകം. 1785 ൽ പാറേമ്മാക്കൽ തോമ്മാ കത്തനാരാണ് ഈ കൃതി രചിച്ചത്. കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ട കടനാട് ഇടവക വികാരിയായിരുന്ന തോമ്മാ കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന മല്പാൻ മാർ ജോസഫ് കരിയാറ്റിലും ചേർന്ന് 1778 നും 1786 നും ഇടയ്ക്കു നടത്തിയ ഐതിഹാസികമായ റോമായാത്രയാണ് ഇതിനാധാരം. അങ്കമാലിയിൽ കൂടിയ മലങ്കര യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിനായി റോമിലെ ഉപരിപഠനത്തിനു ശേഷം ആലങ്ങാട്ടു സെമിനാരിയിൽ അധ്യാപകനായ കരിയാറ്റിൽ മല്പാന്റെ നേതൃത്വത്തിൽ ദൗത്യ സംഘം യൂറോപ്പിന് യാത്ര തിരിക്കുന്നത്. തദ്ദേശീയനായ ഒരു മെത്രാനെ കൊടുങ്ങല്ലൂർ രൂപതയ്ക്കു ലഭിക്കുക, കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാൻ തല്പരനായ മാർത്തോമ്മാ മെത്രാന്റെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക്കുക, വിദേശ മിഷനറിമാരുടെ ഇടപെടലുകളിലും നിന്നും സുറിയാനി ക്രിസ്ത്യാനികളെ മോചിപ്പിക്കുക തുടങ്ങിയവയാണ് അതിൽ പ്രധാനം. ലിസ്‌ബണിൽ എത്തി രാജ്ഞിക്കും റോമിലെത്തി മാർപാപ്പയ്ക്കും നേരിട്ട് നിവേദനം കൊടുത്താൽ പ്രശ്നപരിഹാരമുണ്ടാകുമെന്നായിരുന്നു യോഗത്തിന്റെ വിചാരം. 8 വർഷം നീണ്ട ക...