A blog on history
ടിപ്പുവിന്റെ പടയോട്ടക്കാലത്തെപ്പറ്റി രസകരമായ നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ക്ഷേത്രങ്ങളും പള്ളികളും തകർക്കാൻ വന്ന ടിപ്പുവിനെ ദേവിയും മാതാവും പുണ്യാളനും കൂടി ഓടിച്ചുവിട്ട കഥകളാണവ. അവയിൽ ചിലതു നമുക്ക് നോക്കാം. ഗൂഗിളിൽ നിന്നുമാണ് ഇവ ലഭിച്ചത്.
1. വയനാട്ടിലെ പുൽപ്പള്ളിയിലെ സീതാദേവി ലവകുശക്ഷേത്രം: സമീപത്തെ നാട്ടുരാജ്യങ്ങളും നാടുവാഴികളെയും കീഴടക്കി ഇവിടെയെത്തിയ ടിപ്പു സുൽത്താൻ ഈ ക്ഷേത്രവും കാവും ഇടിച്ചു നിരത്തുവാൻ സൈനികരോട് കല്പ്പിച്ചു. എന്നാൽ സൈനികർ ഇവിടെയെത്തിയപ്പോൾ ചുറ്റുമെല്ലാം ഇരുട്ട് വ്യാപിച്ചു. സീതാദേവി അത്ഭുതശക്തിയാൽ നട്ടുച്ചനേരത്ത് സൂര്യനെ മറച്ചു ഇരുട്ടാക്കി ടിപ്പുവിനും പടയ്ക്കും ദിഗ്ഭ്രമമുണ്ടാക്കിയത്രേ. ഇരുട്ടിൽ ദിശ അറിയാതെ ടിപ്പുവും സൈന്യവും പരിഭ്രമിച്ചു. ഭയചകിതരായ മൈസൂർ സൈന്യം ക്ഷേത്രം കൊള്ളയടിക്കാനോ തകർക്കാനോ കഴിയാതെ തിരിച്ചുപോയി.
2. കൊച്ചിയിലെ പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളി: കൊടുങ്ങല്ലൂർ, കുര്യാപ്പള്ളി കോട്ടകള്‍ കീഴടക്കി മുന്നേറിയ ടിപ്പു സുല്‍ത്താനും സൈന്യവും പള്ളിപ്പുറം പള്ളിയുടെ നേരെ തിരിഞ്ഞു. ഈ സമയത്ത് ഭയചകിതരായ പ്രദേശവാസികൾ മാതാവിനെ വിളിച്ചു കരഞ്ഞു പ്രാര്‍ഥിച്ചു. ടിപ്പു സുല്‍ത്താന്റെ കണ്ണില്‍പ്പെടാതെ പള്ളിയും പരിസര പ്രദേശങ്ങളും പെട്ടെന്ന് മൂടൽ മഞ്ഞുകൊണ്ട് മൂടപ്പെട്ടു. അതിനാലാണത്രെ പള്ളിപ്പുറം പള്ളി പരിശുദ്ധ മഞ്ഞു മാതാവിന്റെ പള്ളി എന്നറിയപ്പെടുന്നത്.
3. കോട്ടയത്തെ മണർകാട് സെന്റ് മേരീസ് പള്ളി: ടിപ്പു തിരുവിതാംകൂറിനു നേരെ യുദ്ധത്തിന് വരുന്നു എന്ന വാർത്ത പരന്നപ്പോൾ നസ്രാണി സ്ത്രീകൾ മണർകാടുള്ള മാതാവിന്റെ നാമത്തിലുള്ള പള്ളിയിൽ ഒത്തുകൂടുകയും തങ്ങളുടെ മാനം ചവിട്ടിയരാക്കപ്പെടാതിരിക്കാൻ മാതാവിന്റെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുകയും ചെയ്തു. ഈ സമയം കേരളത്തിൽ കാലവർഷം കനക്കുകയും പെരിയാർ നദി മുൻപില്ലാത്ത വിധം കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇത്തരത്തിൽ ഉള്ള ഒരു സാഹചര്യം പരിചയിച്ചിട്ടില്ലാത്ത ടിപ്പുവിന്റെ പട തിരുവിതാംകൂർ ആക്രമിക്കാതെ മടങ്ങി. മാതാവിനോടുള്ള നന്ദിസൂചകമായി മണർകാട് പള്ളിയിൽ എല്ലാ വർഷവും എട്ടു നോമ്പു പെരുന്നാള്‍ ആചരിക്കാൻ തുടങ്ങി.
4. എറണാകുളം അങ്കമാലി കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി: കാഞ്ഞൂർ പള്ളി അക്രമിക്കുവാൻ ടിപ്പു സുൽത്താൻ പടയുമായി എത്തി. ഇടവക ജനങ്ങൾ ഓടിക്കൂടി വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിനു മുന്നിൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കുവാൻ തുടങ്ങി. പള്ളി പൊളിക്കാൻ ശ്രമിച്ചാൽ അത്ഭുത ശക്തിയുള്ള പുണ്യാളൻ അദേഹത്തെ ശിക്ഷിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. അതുകേട്ട ടിപ്പു പ്രതിമയെ നോക്കി ‘പ്രതിമയ്ക്ക് അത്ഭുത ശക്തിയുണ്ടെങ്കിൽ അതെന്നോട് സംസാരിക്കട്ടെ’ എന്ന് വെല്ലുവിളിച്ചു. തങ്ങളെ സംരക്ഷിക്കാൻ നിലവിളിച്ചുകൊണ്ട് ഭക്തജനങ്ങൾ പുണ്യാളന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. പൊടുന്നനെ ഒരു അശരീരി ഉയർന്നു, ‘എന്നെ ഇവിടെ സമാധാനമായി ഇരിക്കാൻ അനുവദിക്കില്ലേ?’. ഇതു കേട്ട് അത്ഭുതപ്പെട്ട ടിപ്പു പള്ളിക്ക് കേടുപാടുകൾ വരുത്താതെ സ്ഥലം വിട്ടു. മാത്രമല്ല പെരിയാറിൽ ഒരു അത്ഭുത വെള്ളപ്പൊക്കം ഉണ്ടാവുകയും അവിടെ തമ്പടിച്ചിരുന്ന പട്ടാളക്കാരും പട കോപ്പുകളും ഒലിച്ചു പോവുകയും ചെയ്തു.
കൂടുതൽ കഥകൾ അറിയാവുന്നവർ ഷെയർ ചെയ്യുമല്ലോ.