1991-ൽ ഇറ്റാലിയൻ ആൽപ്‌സ് പർവതനിരകളിലെ മഞ്ഞുപാളികൾക്കടിയിൽനിന്ന് ഒറ്റ്സി ദി ഐസ്മാൻ എന്ന 5,300 വർഷം പഴക്കമുള്ള നന്നായി സംരക്ഷിക്കപ്പെട്ട മമ്മിയുടെ കണ്ടുപിടിത്തം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ പുരാവസ്‌തുശാസ്‌ത്ര കണ്ടെത്തലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഒറ്റ്‌സ്‌താൽ താഴ്‌വരയ്‌ക്ക് മുകളിലുള്ള പർവതങ്ങളിൽ കണ്ടെത്തിയതിനാൽ ആ പ്രകൃതിദത്ത മമ്മിയെ മാധ്യമപ്രവർത്തകർ 'ഒറ്റ്‌സി' എന്നു വിളിച്ചു. അന്നു മുതൽ സ്വന്തം മൃതാവശിഷ്ടങ്ങൾ, ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എന്നിവയിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടത്തിയ പഠനങ്ങളാൽ ഒറ്റ്സി എന്ന മഞ്ഞുമനുഷ്യൻ ജനശ്രദ്ധയെ വളരെയധികം ആകർഷിച്ചു.
ഒറ്റ്‌സിയെ കണ്ടെത്തിയ സ്ഥലം |
ഒറ്റ്‌സിയെ കണ്ടെത്തിയതെങ്ങനെ?
1991 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഓസ്ട്രിയയിലെ ഒറ്റ്‌സ്‌താൽ താഴ്‌വരയിൽ നിന്ന് 10,530 അടി (3,210 മീറ്റർ) ഉയരത്തിൽ ടിസെൻജോക്ക് ചുരം മുറിച്ചുകടക്കുകയായിരുന്ന ജർമ്മൻ ഹൈക്കർ ദമ്പതികളാണ് 'ഒറ്റ്‌സി' എന്ന ഹിമമനുഷ്യനെ കണ്ടെത്തിയത്. ഓസ്ട്രിയയുടെയും ഇറ്റലിയുടെയും അതിർത്തിയിലുള്ള ഒരു ഹിമാനിയ്ക്കരുകിലൂടെ സഞ്ചരിക്കുമ്പോൾ മഞ്ഞുപാളിയിൽ കുടുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന്റെ ശരീരഭാഗങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് അവർ ശ്രദ്ധിച്ചു.
യഥാർത്ഥത്തിൽ, ആ വേനൽക്കാലത്തെ അല്പം ഉയർന്ന താപനില മഞ്ഞുപാളികളെ ഉരുക്കി ഒറ്റ്‌സിയെ ലോകത്തിനു തുറന്നുകാട്ടാൻ സഹായിക്കുകയായിരുന്നു.
ജർമ്മൻ ദമ്പതികൾ ഈ വിവരം ഓസ്ട്രിയൻ അധികാരികളെ അറിയിച്ചു. മൃതദേഹം, വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പെട്ട ഏതെങ്കിലും മലകയറ്റക്കാരന്റേതാവുമെന്നു അവർ അനുമാനിച്ചു. അതിനാൽ തൊട്ടടുത്ത ദിവസം തന്നെ മഞ്ഞുകട്ടയിൽ നിന്ന് ശരീരം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കോടാലിയും ജാക്ക്ഹാമറുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തകർ ഒറ്റ്സിയെ മഞ്ഞുകട്ടയിൽ നിന്ന് മോചിതനാക്കി. എന്നാൽ ഈ പ്രക്രിയയിൽ മമ്മിയുടെ ചില ശരീര ഭാഗങ്ങൾക്കും കൈവശമുണ്ടായിരുന്ന ആയുധങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു.
ഒരു ഹെലികോപ്റ്റർ ഒറ്റ്‌സിയുടെ ശരീരവുമായി പർവ്വതനിരകളിൽ നിന്ന് ഓസ്ട്രിയയിലെ ഇൻസ്ബ്രക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് പറന്നു. അവിടെ ഇൻസ്ബ്രൂക്ക് സർവകലാശാലയിലെ പുരാവസ്തു ഗവേഷകനായ കോൺറാഡ് സ്പിൻഡ്‌ലർ ആ ശരീരം ഒരു പർവതാരോഹകന്റേതല്ലെന്നും "കുറഞ്ഞത് 4,000 വർഷമെങ്കിലും പഴക്കമുള്ളതാണെന്നും" കണ്ടെത്തി. മഞ്ഞുകട്ടകൾ സ്വാഭാവിക പ്രക്രിയയിലൂടെ ആ ശരീരത്തെ മരവിപ്പിച്ച് അത്രനാളും സംരക്ഷിച്ചുപോന്നു.
തുടർന്നു നടത്തിയ റേഡിയോകാർബൺ ഡേറ്റിംഗിൽ ഹിമമനുഷ്യൻ ഏകദേശം 5,300 വർഷം മുൻപ് ചെമ്പു യുഗത്തിൽ (3500 B.C. to 1700 B.C.) ജീവിച്ചിരുന്ന ആളായിരുന്നെന്നു തെളിഞ്ഞു. യൂറോപ്പിലെ ആദിമമനുഷ്യർ ശിലായുഗ ഉപകരണങ്ങൾക്കൊപ്പം ലോഹങ്ങളും ഉപയോഗിക്കാൻ പ്രാപ്തി നേടിയ കാലഘട്ടമാണത്.
ഇറ്റലിയിലെ സൗത്ത് ടൈറോൾ ആർക്കിയോളജി മ്യൂസിയത്തിലേക്ക്
ഓസ്ട്രിയൻ അതിർത്തിയിൽ നിന്ന് 100 അടി (30 മീറ്റർ) അകലെ ആൽപ്സിന്റെ ഇറ്റാലിയൻ ഭാഗത്താണ് മമ്മി കണ്ടെത്തിയതെന്ന് അറിഞ്ഞപ്പോൾ ഇറ്റാലിയൻ സർക്കാർ അതിന്റെ അവകാശം ഉന്നയിച്ചു. അങ്ങനെ ആറു വർഷത്തിന് ശേഷം ഒറ്റ്സിയെ ഇറ്റലിയിലെ ബോൾസാനോയിലുള്ള സൗത്ത് ടൈറോൾ മ്യൂസിയം ഓഫ് ആർക്കിയോളജിയിലേക്ക് മാറ്റി. അവിടെ പ്രത്യേകം നിർമ്മിച്ച നിരന്തരം 20.3 ഡിഗ്രി ഫാരൻഹീറ്റ് (മൈനസ് 6.5 ഡിഗ്രി സെൽഷ്യസ്) താപനിലയുള്ള ഒരു തണുത്ത സെല്ലിൽ വിശ്രമിക്കുന്ന ഒറ്റ്സിയെ ഒരു ചെറിയ ജനാലയിലൂടെ കാണാൻ സാധിക്കും. ധരിച്ചിരുന്ന വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന ആയുധസാമഗ്രികളും ഒപ്പമുണ്ട്.
കണ്ടെത്തിയപ്പോൾ മുതൽ വിപുലമായ ശാസ്ത്രീയ വിശകലനങ്ങൾക്ക് വിധേയനായ ഒറ്റ്സി താൻ ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും താൻ എങ്ങനെ മരിച്ചുവെന്നും മറ്റും പറഞ്ഞു തുടങ്ങി.
വസ്ത്രങ്ങൾ മൃഗത്തോൽ കൊണ്ട്
ഒറ്റ്സിക്ക് 5 അടി 3 ഇഞ്ച് ഉയരവും ഏകദേശം 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കാം. മെലിഞ്ഞതെങ്കിലും ബലമുള്ള ശരീരഘടനയായിരുന്നു. മരിക്കുമ്പോൾ ഏകദേശം 45 വയസ്സായിരുന്നു, അതായത് ആ കാലഘട്ടത്തിലെ ദീർഘായുസ്സ്.
ലൈം രോഗം, കുടൽ പരാന്നഭോജികൾ എന്നിവയുൾപ്പെടെ നിരവധി അസുഖങ്ങൾ ഒറ്റ്സിക്കുണ്ടായിരുന്നുവെന്ന് പരിശോധനകളിൽ തെളിഞ്ഞു. ആമാശയത്തിൽ, അൾസറിനും ഗ്യാസ്ട്രൈറ്റിസിനും കാരണമാകുന്ന ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയ ഉണ്ടായിരുന്നു. പല്ലുകൾ ജീർണിച്ചതും പൊട്ടിയതുമാണ്. കൂടാതെ സന്ധികളിലും - പ്രത്യേകിച്ച് ഇടുപ്പ്, തോളുകൾ, കാൽമുട്ടുകൾ, നട്ടെല്ല് എന്നിവയിൽ - കാര്യമായ തേയ്മാനത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. സന്ധിവാതം ബാധിച്ചിരുന്നതായി ഇതു സൂചിപ്പിക്കുന്നു. ജീവിതകാലത്ത് തീയ്ക്കരുകിൽ ധാരാളം സമയം ചെലവഴിച്ചതിനാലാവാം, ശ്വാസകോശത്തിൽ കരി പുരണ്ടിരുന്നു. ദന്തക്ഷയം, മോണരോഗം എന്നിവയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേർണലിൽ 2012-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം, മഞ്ഞുമനുഷ്യന് തവിട്ടു നിറമുള്ള കണ്ണുകളായിരുന്നുവെന്നും O രക്തഗ്രൂപ്പ് ആണെന്നും ലാക്ടോസ് അസഹിഷ്ണുതയുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. ഹൃദയാഘാതത്തിനുള്ള വർദ്ധിച്ച സാധ്യതയും കണ്ടെത്തി.
DNA വിശകലനം സാർഡിനിയ, കോർസിക്ക ദ്വീപുകളിലെ നിവാസികളുമായി ഒറ്റ്സി ജനിതക ബന്ധം പങ്കിടുന്നുവെന്നു സൂചിപ്പിക്കുന്നു. ഐസോടോപ്പിക് വിശകലനം ഒറ്റ്സിയുടെ ജന്മസ്ഥലം നിർണ്ണയിക്കാനും മരിക്കുന്നതിന് മുമ്പ് കഴിച്ചത് ഉൾപ്പെടെയുള്ള ഭക്ഷണക്രമം പുനർനിർമ്മിക്കാനും സഹായിച്ചു. ജീവികൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഐസോടോപ്പുകൾ ആഗിരണം ചെയ്യപ്പെടുന്നു, തുടർന്ന് അവ എല്ലുകളിലും പല്ലുകളിലും മറ്റു ടിഷ്യൂകളിലും ശേഖരിക്കപ്പെടുന്നു. ഇവയെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് ആൽപ്സിന്റെ ദക്ഷിണ മേഖലയിലേക്കാണ്.
അന്ത്യത്താഴം
മലയാടിന്റേയും ചെമ്മാന്റേയും മാംസം, ഐങ്കൊൺ ഗോതമ്പു കൊണ്ടുണ്ടാക്കിയ ബ്രെഡ്, വിഷ ഇലച്ചെടി എന്നിവയായിരുന്നു മരിക്കുന്നതിന് 30 മിനിറ്റിനും 2 മണിക്കൂറിനും ഇടയിൽ ഒറ്റ്സി കഴിച്ചത്. അത് ദഹിക്കുന്നതിനു മുൻപേ ഒറ്റ്സിയുടെ ജീവൻ പോയിരുന്നു. ഇലച്ചെടി ഒരുപക്ഷെ ഭക്ഷണം പൊതിഞ്ഞു സൂക്ഷിക്കാനുള്ള പ്ലാസ്റ്റിക് റാപ് ആയി വർത്തിച്ചിരിക്കാം അല്ലെങ്കിൽ കുടലിലെ പരാന്നഭോജികൾക്കുള്ള ചികിത്സയായി ഉപയോഗിച്ചതാവാം.
ഒറ്റ്സിയുടെ പക്കലുണ്ടായിരുന്ന പുരാവസ്തു സാമഗ്രികളുടെ വിശദമായ പരിശോധനകളിൽ നിന്ന് പ്രാചീനമനുഷ്യരുടെ ജീവിതത്തെയും കാലത്തെയും കുറിച്ച് ധാരാളം വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സസ്യനാരുകൾ, മൃഗത്തോൽ, ചരട്, ചെമ്പു കോടാലി, വില്ലിന്റെ ഒടിഞ്ഞ ഭാഗങ്ങൾ എന്നിവ കുഴിച്ചെടുക്കുമ്പോൾ തന്നെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയിരുന്നു. ടിൻഗർ ഫംഗസ്, സ്ക്രാപ്പർ, തുരക്കുന്ന ഉപകരണം, എല്ലുകൊണ്ടു നിർമ്മിച്ച ഉളി, തീക്കല്ല് എന്നിവ അടങ്ങിയ തുകൽ സഞ്ചിയും കൈവശമുണ്ടായിരുന്നു. ഈ പണിയായുധങ്ങളെല്ലാം തന്നെ ഉപയോഗിച്ച് പഴകിയവ ആയിരുന്നു. 1991- ൽ ഈ സ്ഥലത്ത് തുടർന്നു നടത്തിയ ഖനനങ്ങളിൽ കൂടുതൽ പുരാവസ്തുക്കൾ കണ്ടെത്തി: മൃഗത്തോൽ, തുകൽ, കഠാര, 14 അമ്പുകളുള്ള ആവനാഴി (രണ്ടെണ്ണത്തിൽ മാത്രം തൂവലുകളും തീക്കല്ലുകൊണ്ടുള്ള അമ്പടയാളങ്ങളും), മാന്‍കൊമ്പു കൊണ്ടുള്ള മൂർച്ച പിടിപ്പിക്കാനുള്ള ഉപകരണം എന്നിവ.
2011ൽ ഗവേഷകർ തലയോട്ടിയുടെ 3-ഡി ചിത്രങ്ങൾ ഉപയോഗിച്ച് ഒറ്റ്സിക്ക് പുതുരൂപം നൽകി.
വസ്ത്രങ്ങൾ മൃഗത്തോൽ കൊണ്ട്
പൂർണ്ണമായും മൃഗത്തോൽ കൊണ്ടു നിർമ്മിച്ചതായിരുന്നു ഒറ്റ്സിയുടെ വസ്ത്രങ്ങൾ: മേലങ്കി, ആട്ടിൻ തോൽ കൊണ്ടുള്ള കാലുറ, ബെൽറ്റ്, കൗപീനം, കരടിത്തോൽ കൊണ്ടുള്ള തൊപ്പി, പാദരക്ഷകൾ. മിക്ക വസ്ത്രങ്ങളിലും ഉള്ള പുല്ലിന്റെ ആവരണം ആ തണുപ്പത്ത് അധിക ഊഷ്മളത നൽകി.
61 ടാറ്റൂകൾ
വാരിയെല്ല്, പുറത്ത് താഴെ, കൈത്തണ്ട, കണങ്കാൽ, കാൽമുട്ടുകൾ, കാൽമുട്ടിന് താഴെ എന്നിവിടങ്ങളിൽ വരകളുടെയും കുരിശുകളുടെയും ആകൃതിയിലുള്ള 61 പച്ചകുത്തുകൾ ഒറ്റ്‌സിയുടെ ദേഹത്തുണ്ട്. ആധുനിക ടാറ്റൂകളിൽ നിന്ന് വ്യത്യസ്തമായി, സൂചി ഉപയോഗിച്ചല്ല ഇവ ചെയ്തിരിക്കുന്നത്; പകരം, ചർമ്മത്തിൽ മുറിവുകളുണ്ടാക്കി അതിൽ കരി നിറച്ചാണ്. ഗവേഷകരുടെ അഭിപ്രായത്തിൽ ഈ ടാറ്റൂകൾ ഉണ്ടാക്കിയത് അലങ്കാരത്തിനല്ല മറിച്ച് ഏതെങ്കിലും ആചാരങ്ങളുടെയോ ചികിത്സയുടെയോ ഭാഗമായിട്ടായിരിക്കാം. അല്ലെങ്കിൽ അതൊരു പക്ഷേ പ്രാകൃത അക്യുപങ്‌ചറിന്റെ ഒരു രൂപമായിരിക്കാം.
ഒറ്റ്സി മരിച്ചതെങ്ങനെ?
മരണ സാഹചര്യം ഒറ്റ്സിയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ നിഗൂഢതയാണ്. ഹിമപാതത്തിൽ നിന്ന് ഖനനം ചെയ്തെടുക്കുമ്പോൾ പർവതാരോഹണ അപകടത്തിൽ മരിച്ചയാളായി വിദഗ്ധർ അനുമാനിച്ചു. മല കയറുമ്പോൾ ഒരു വിള്ളലിലേക്ക് വീണോ അല്ലെങ്കിൽ മഞ്ഞുപാളിയിൽ തെന്നിവീണോ അപകടമരണം സംഭവിച്ചതാകാം എന്ന് ഗവേഷകർ ഊഹിച്ചു. എന്നാൽ 2012-ൽ നടത്തിയ വിശദമായ ഒരു വിശകലനം ഒറ്റ്സി കൊല ചെയ്യപ്പെട്ടതാണെന്ന വസ്തുത വെളിപ്പെടുക്കുന്നു.
ഒറ്റ്സിയുടെ ദേഹത്ത് കാര്യമായ രണ്ടു പരിക്കുകൾ ഉണ്ടായിരുന്നു - ഒന്ന് ചുമലിലും മറ്റൊന്ന് തലയിലും. ഇടതു ചുമലിൽ തറഞ്ഞിരിക്കുന്ന അമ്പിൻമുനയാണ് ആദ്യ പരിക്ക്. രണ്ടാമത്തെ പരിക്ക് തലയ്ക്കേറ്റ ഗുരുതരമായ മുറിവാണ്. ഏതു പരിക്കാണ് ഒറ്റ്സിയുടെ മരണത്തിന് കാരണമായതെന്ന് ഗവേഷകർ തമ്മിൽ വാദപ്രതിവാദമുണ്ടായി. 2012 ലെ ഒരു പഠനം മരണത്തിന്റെ പ്രധാന കാരണം അമ്പിൻമുനയാണെന്ന് വെളിപ്പെടുത്തി.
ഇടതു തോളിലൂടെ തുളച്ചുകയറിയ അമ്പ് കോളർബോണിന് താഴെയുള്ള സബ്ക്ലാവിയൻ ധമനിക്ക് മുറിവേൽപ്പിച്ചു. അമ്പു തുളഞ്ഞു കയറി അൽപസമയത്തിനുള്ളിൽ തന്നെ ഒറ്റ്സി രക്തം വാർന്നു മരിച്ചിരിക്കാം. കൂടാതെ 5,000 വർഷങ്ങൾക്ക് ശേഷം അത്ഭുതകരമാംവിധം കേടുകൂടാതെയിരിക്കുന്ന ഒറ്റ്സിയുടെ ചുവന്ന രക്താണുക്കളിൽ, മുറിവുണ്ടാകുന്ന ഉടൻ തന്നെ രക്തത്തിൽ പ്രത്യക്ഷപ്പെടുന്ന, എന്നാൽ പിന്നീട് അപ്രത്യക്ഷമാകുന്ന, രക്തം കട്ടപിടിപ്പിക്കുന്ന ഫൈബ്രിൻ എന്ന പ്രോട്ടീന്റെ അംശങ്ങൾ കാണിച്ചു. ഒറ്റ്‌സി മരിക്കുമ്പോഴും അതു രക്തത്തിൽ ഉണ്ടായിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് ആ പരിക്കിനെ അതിജീവിക്കാൻ ഒറ്റ്സിക്കായില്ലെന്നാണ്.
ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ ഒറ്റ്സി എവിടെയോ പതിയിരിക്കുകയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി അജ്ഞാതനായ അക്രമി പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. അക്രമി എയ്ത അമ്പ് മുതുകിൽ തറഞ്ഞു. അമ്പു കൊണ്ട അതേ സമയത്തോ അതിനു ശേഷമോ ആയിരിക്കാം തലയ്ക്ക് പരിക്കേറ്റത്. എന്നിരുന്നാലും കൊല്ലാനുണ്ടായ കാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു.
കണ്ടെത്തി മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷവും ഒറ്റ്സി ലോകത്തെ ആകർഷിക്കുന്നു. ഡിജിറ്റൽ ആശയവിനിമയങ്ങളും ബഹിരാകാശ യാത്രകളും എല്ലാവിധ നൂതന സാങ്കേതികവിദ്യകളുമുള്ള നമ്മുടെ ആധുനികയുഗത്തിൽ നിന്ന് വിദൂരമായ ഒരു അപരിഷ്‌കൃത ലോകത്ത് 5,000 വർഷങ്ങൾക്ക് മുമ്പു ജീവിച്ചിരുന്ന ആദിമമനുഷ്യരുടെ ജീവിതകാലത്തിലേക്ക് ഒറ്റ്‌സി എന്ന മമ്മി ഒരു ക്ഷണികദൃശ്യം നൽകുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങളും കൈയ്യിൽ കരുതിയിരുന്ന ഉപകരണങ്ങളും സൂചിപ്പിക്കുന്നത് സ്വന്തം പരിസ്ഥിതിയുമായി നന്നായി പൊരുത്തപ്പെട്ടിരുന്നുവെന്നും ആ കാലഘട്ടത്തിലെ സസ്യജന്തുജാലങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് നല്ല പരിജ്ഞാനം ഉണ്ടായിരുന്നു എന്നുമാണ്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഭാവി പഠനങ്ങളിൽ ഒറ്റ്സിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്.
Reference:
Live Science
No comments :