ടിപ്പു സുൽത്താൻ സ്വാതന്ത്രസമര സേനാനിയോ?

ഇന്നത്തെ കർണാടകയുടെയും തമിഴ്‌നാടിന്റെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. നാല് ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ നിരവധി വിജയകരമായ പോരാട്ടങ്ങളുടെ പേരിലാണ് ടിപ്പു ഓർമ്മിക്കപ്പെടുന്നത്. 1799-ലെ നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ശ്രീരംഗപട്ടണം കോട്ട സംരക്ഷിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം വീരമൃത്യു വരിച്ചു.


ടിപ്പു സുൽത്താൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ യുദ്ധങ്ങളിൽ പുതിയ തന്ത്രങ്ങളും സൈനിക ചാതുര്യങ്ങളും പ്രയോഗിച്ച സൈനിക നേതാവായിരുന്നു. ഒപ്പം, റോക്കറ്റുകളും മറ്റ് അത്യാധുനിക ആയുധങ്ങളും അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ സൈന്യത്തെ നവീകരിച്ചു.

ചിലർ ടിപ്പു സുൽത്താനെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായി കണക്കാക്കുന്നു. 'Tipu Sultan: Indomitable Nationalist and Martyr' എന്ന പുസ്തകത്തിന്റെ രചയിതാവായ പ്രൊഫസർ ബി പി മഹേഷ് ചന്ദ്ര ഗുരു പറയുന്നതനുസരിച്ച്, "ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം നടന്നത് 1857-ൽ ആയിരുന്നില്ല. മറിച്ച് 1799-ൽ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനിടെ ടിപ്പു രക്തസാക്ഷിയായപ്പോഴാണ്. ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ കോട്ട നശിപ്പിക്കുകയും മക്കളെ ബന്ദിയാക്കുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു അദ്ദേഹം. അതിനാൽ ബ്രിട്ടീഷുകാരെ ഏകീകരിക്കാനും യുദ്ധം ചെയ്യാനും അദ്ദേഹം ഹൈദരാബാദ് നൈസാമുമായും മറ്റ് രാജാക്കന്മാരുമായും ചർച്ചകൾ നടത്തി."



നടനും എഴുത്തുകാരനുമായ ഗിരീഷ് കർണാട് ടിപ്പു സുൽത്താനെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി കണക്കാക്കുകയും ബംഗളൂരു വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകാനും അഭിപ്രായപ്പെട്ടിരുന്നു.

ടിപ്പു സുൽത്താൻ ഒരു ഭരണാധികാരിയോ അതോ സ്വാതന്ത്ര്യസമര സേനാനിയോ?

പതിനെട്ടാം നൂറ്റാണ്ടിൽ ദേശീയതയും മതേതരത്വവും പരക്കെ അംഗീകരിക്കപ്പെട്ട ആശയങ്ങളായിരുന്നില്ല. 'സ്വാതന്ത്ര്യ സമര സേനാനി എന്നതിലുപരി എതിരാളികളിൽ നിന്ന് സ്വന്തം രാജ്യം സംരക്ഷിക്കാൻ പോരാടിയ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ' എന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുഭ്രോ കമൽ മുഖർജി അഭിപ്രായപ്പെട്ടു.

ഏറെ നാളായി തുടരുന്ന ഈ വിവാദത്തിന് വിരാമമിട്ട് പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ്. സ്വാതന്ത്ര്യ സമര സേനാനി എന്ന പദം ടിപ്പുവിന് ബാധകമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു, കാരണം ടിപ്പു ആർക്കെതിരെയും കലാപം നടത്തിയിട്ടില്ല; പകരം, തന്റെ രാജ്യം സംരക്ഷിക്കുകയും കൊളോണിയലിസത്തെ ചെറുക്കുകയും ചെയ്യുകയായിരുന്നു. 'ഇന്ത്യക്കാർക്ക് കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ ആഘോഷിക്കണമെങ്കിൽ ടിപ്പു സുൽത്താനെ ഓർമ്മിക്കണം', ഹബീബ് പറഞ്ഞു.

"മതേതര നേതാക്കൾ ടിപ്പുവിനെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. ദേശങ്ങൾ കീഴടക്കാൻ മാത്രം താൽപ്പര്യമുള്ള ചക്രവർത്തിയായിരുന്നു ടിപ്പു", ഒരു ബെംഗളൂരു എഴുത്തുകാരനായ പി.ടി. ബൊപ്പണ്ണ പറഞ്ഞു.

1799-നും വളരെ മുമ്പുതന്നെ ബ്രിട്ടീഷ് ഭരണത്തെ ശക്തമായി ചെറുത്ത പല ഇന്ത്യൻ ഭരണാധികാരികളും ഉണ്ട്:  ബംഗാൾ നവാബ് സിറാജ്-ഉദ്-ദൗള (1757 ജൂൺ 23-ന് പ്ലാസിയിൽ പരാജയപ്പെട്ടു), യൂസഫ് ഖാൻ എന്നും ഖാൻ സാഹിബ് എന്നും അറിയപ്പെടുന്ന മരുതനായഗം പിള്ള (1764 ഒക്ടോബർ 15-ന് തൂക്കിലേറ്റപ്പെട്ടു), ബംഗാൾ നവാബ് മിർ ഖാസിം, അവധ് നവാബ് ഷുജാ-ഉദ്-ദൗള, മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമൻ എന്നിവരുടെ സംയുക്ത സേന (1764 ഒക്ടോബർ 22-ന് ബക്സറിൽ പരാജയപ്പെട്ടു), നെൽക്കാട്ടുംസേവലിലെ പാളയക്കാരൻ പുലി തേവർ (1767-ന് ശേഷമുള്ള അദ്ദേഹത്തിന്റെ വിധിയെക്കുറിച്ച് ഉറപ്പില്ല.), ശിവഗംഗയിലെ പാളയക്കാരൻ മുത്തു വടുഗനാഥൻ (1780-ൽ യുദ്ധത്തിൽ മരിച്ചു), മുത്തു വടുഗനാഥന്റെ രാജ്ഞി വേലു നാച്ചിയാർ (ഏകദേശം 1790-ൽ മരിച്ചു) തുടങ്ങി നിരവധി പേർ.

ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള ദീർഘവും കഠിനവുമായ പോരാട്ടത്തിനൊടുവിൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിരവധി വീരന്മാരുടെ അശ്രാന്ത പരിശ്രമവും ത്യാഗവും അടയാളപ്പെടുത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി, അസംഖ്യം പുരുഷന്മാരും സ്ത്രീകളും അടിച്ചമർത്തുന്ന കോളനിക്കാർക്കെതിരെ ധീരമായി കലാപം നടത്തി.

ബ്രിട്ടീഷ് രേഖകൾ അനുസരിച്ച്, 1763-ൽ മധുരയിൽ ഒരു സ്വതന്ത്ര സർക്കാർ സ്ഥാപിച്ച് അവരുടെ അടിച്ചമർത്തൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ആദ്യമായി ശ്രമിച്ചത് യൂസഫ് ഖാൻ സാഹിബ് എന്ന മരുതനായഗമാണ്.


ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ ഭരണാധികാരിയാണ് ടിപ്പു സുൽത്താന്റെ പിതാവ് ഹൈദരാലി, അതായത് 1767-1769 കളിൽ നടന്ന ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്തുക എന്നതായിരുന്നു ഹൈദറിന്റെ ആഗ്രഹം. 'ഹൈദർനാമ'യുടെ രചയിതാവ് ഹൈദറിന്റെ ഇതിനാസ്പദമായ ഒരു സംഭവം വിവരിക്കുന്നു: ഒരു ദിവസം ഹൈദർ അലി തന്റെ വിശ്വസ്തരായ ഉപദേശകരെ വിളിച്ചു കൂട്ടി ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗം ചർച്ച ചെയ്തു. ബ്രിട്ടീഷുകാരെ ഒരിടത്ത് പരാജയപ്പെടുത്തുക എന്നത് അസാധ്യമാണ്. കാരണം അവർക്ക് മദ്രാസ്, ബോംബെ, കൽക്കട്ട, പുറമെ ഇംഗ്ലണ്ട് എന്നിങ്ങനെ ഒന്നിലധികം ശക്തികേന്ദ്രങ്ങളുണ്ട്. ബ്രിട്ടീഷുകാരെ തുരത്താനുള്ള ഏക ഫലപ്രദമായ മാർഗ്ഗം യൂറോപ്പിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ യുദ്ധം ഉണ്ടാക്കുക എന്നതാണ്. അതേസമയം ഇറാനിലെയും കാണ്ഡഹാറിലെയും ആളുകളെ കൽക്കട്ടയ്‌ക്കെതിരെയും മറാത്താക്കാരെ ബോംബെയ്‌ക്കെതിരെയും സജ്ജരാക്കണം. ഫ്രഞ്ചുകാരുടെ സഹായത്തോടെ ഹൈദർ സ്വയം മദ്രാസ് ആക്രമിക്കും. ഈ സ്ഥലങ്ങളിലെല്ലാം ഒരേസമയം യുദ്ധങ്ങൾ നടക്കുമ്പോൾ, ബ്രിട്ടീഷുകാർക്ക് ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പോഷകസേനയെ അയക്കുക എന്നത് അസാധ്യമാണ്. അങ്ങനെ അവരെ ആത്യന്തികമായി പരാജയപ്പെടുത്താനും ഇന്ത്യ വീണ്ടെടുക്കാനും കഴിയും.

ഇന്ത്യ കീഴടക്കാനുള്ള തങ്ങളുടെ അഭിലാഷത്തിന് നിരന്തരമായ ഭീഷണി ഉയർത്തിയ ഹൈദരാലിയുടെയും അദ്ദേഹത്തിന്റെ മകന്റെയും വർദ്ധിച്ചുവരുന്ന ശക്തിയിൽ ബ്രിട്ടീഷുകാർ അസൂയപ്പെട്ടു. തങ്ങൾക്ക് ഒറ്റയ്ക്ക് ഈ ലക്ഷ്യം നേടാനാവില്ലെന്ന് മനസ്സിലാക്കിയ അവർ ഹൈദറിനും ടിപ്പുവിനും എതിരായ നീണ്ട യുദ്ധങ്ങളിൽ പൂനെയിലെ മറാത്ത പേഷ്വാമാരായ നാനാ സാഹെബ്, ബാജി റാവു രണ്ടാമൻ, ഹൈദരാബാദ് നിസാം, കർണാട്ടിക് നവാബ് മുഹമ്മദ് അലി വല്ലാജ, തിരുവിതാംകൂർ രാജാവ് രാമവർമ്മ തുടങ്ങി നിരവധി പേരുടെ സഹായം തേടി.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷ് ശത്രുക്കൾ ഒരു മതതീവ്രവാദിയും സ്വേച്ഛാധിപതിയും ആയി ചിത്രീകരിച്ചതുകാരണം ഇന്നും അദ്ദേഹം ഇന്ത്യയിലെ വിവാദ വ്യക്തികളിൽ ഒരാളായി തുടരുന്നു.

ടിപ്പുവിന്റെ പരാജയത്തിനു ശേഷം, ബ്രിട്ടീഷുകാർ പുനഃസ്ഥാപിക്കപ്പെട്ട വോഡയാർ രാജാവിന്റെ മേൽ സബ്സിഡിയറി അലയൻസ് ചുമത്തി, മൈസൂരിനെ കമ്പനിയുടെ സാമന്ത ദേശമാക്കി ചുരുക്കി. ബ്രിട്ടീഷുകാരോട് പോരാടി രക്തസാക്ഷിത്വം വരിച്ച ഏക ഇന്ത്യൻ രാജാവ് ടിപ്പുവാണ്. അദ്ദേഹത്തിന്റെ മരണശേഷം ബ്രിട്ടീഷുകാർക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു വൻ ശക്തിയും ഇന്ത്യയിൽ അവശേഷിച്ചിരുന്നില്ല.

Comments