മദകരി നായകയും ഹൈദർ അലിയും: ചിത്രദുർഗ്ഗയുടെ അസ്തമനം

കർണാടകയിലെ ചിത്രദുർഗ്ഗ (ബ്രിട്ടീഷുകാരുടെ ചിറ്റൽദ്രഗ്) വിജയനഗര സാമ്രാജ്യത്തിന്റെ ഉദയത്തിനും വളരെ മുമ്പുതന്നെ പ്രാദേശിക ഭരണാധികാരികളുടെ അധികാരത്തിനു കീഴിലായിരുന്നു. 1500 - കളിൽ തെക്കൻ ആന്ധ്രാപ്രദേശുകാരായ ബേദാർ (വാല്മീകി) കുടുംബങ്ങളാണ് ഇവിടെ പ്രധാനമായും ആധിപത്യം സ്ഥാപിച്ചിരുന്നത്. വിവിധ ധീരപ്രവൃത്തികളിലൂടെ അവർ വിജയനഗര രാജാക്കന്മാരുടെ ശ്രദ്ധ ആകർഷിച്ചു. വിജയനഗര ചക്രവർത്തി സലുവ നരസിംഹരായ നിയമിച്ച ചിത്രദുർഗ്ഗയിലെ ആദ്യത്തെ നായക ആയിരുന്നു മട്ടി തിമ്മണ്ണ നായക. 

1565 - ൽ വിജയനഗരത്തിന്റെ പതനത്തിനുശേഷം ചിത്രദുർഗ, മധുര, മൈസൂർ, കേളടി, തഞ്ചാവൂർ, ജിംഗി തുടങ്ങി കർണ്ണാടകത്തിലെ മിക്ക പ്രദേശങ്ങളിലേയും നായക/പലേഗാരും സ്വതന്ത്ര രാജാക്കന്മാരായി. 

തിമ്മണ്ണ നായകയുടെ പുത്രൻ ഓബന്ന, മദകരി (അർഥം: മദയാന) നായക എന്ന പദവി സ്വീകരിച്ചു. ചിത്രദുർഗ്ഗയിലെ അവസാനത്തേതും ഏറ്റവും ശക്തനുമായ ഭരണാധികാരിയായിരുന്നു മദകരി നായക അഞ്ചാമൻ (ഭരണകാലം: 1754-1779). മൈസൂർ നവാബ് ഹൈദരലി ഖാൻ (ഭരണകാലം: 1759-1782) 1779-ൽ മദകരി നായകയെ കീഴ്പ്പെടുത്തിയതോടെ ചിത്രദുർഗ്ഗയിലെ നായകവംശം അവസാനിച്ചു. 

ചിത്രദുർഗ്ഗ ഉപരോധം (1777-79):


ചിത്രദുർഗ്ഗയെന്ന മലനിരയിലെ കോട്ടയ്ക്ക് ഒന്നിനു പുറകേ ഒന്നായി ഏഴു വൃത്താകൃതിയിലുള്ള കവാടങ്ങളുണ്ട്. 1762 - ൽ ഹൈദരലി ഈ അജയ്യമായ കോട്ട ആദ്യമായി ആക്രമിച്ചു. മദകരി നായക ഹൈദറുമായി സമാധാന ഉടമ്പടി ചെയ്തു നാലു ലക്ഷം രൂപ കപ്പം നൽകി (പിഴ ഉൾപ്പെടെ 6 ലക്ഷം എന്ന് വിൽക്സ് കുറിക്കുന്നു). 1763 ൽ റാണി വീരമ്മയിൽ നിന്ന് ബെദ്നോർ (ഇക്കേരി/കേലാടി/നഗർ എന്നും അറിയപ്പെടുന്നു) പിടിച്ചടക്കാൻ അദ്ദേഹം ഹൈദറോടൊപ്പം ചേർന്നു. 



ബങ്കാപൂരിനെതിരെയും 1763 - ൽ ആനാവട്ടിയിൽ പേഷ്വാ മാധവറാവുവിനെതിരെയുമുള്ള (ഭരണകാലം: 1761-1772) യുദ്ധങ്ങളിൽ നായക ഹൈദറിനെ സഹായിച്ചു. 

മദകരി നായക പിന്നീട് ഹൈദറിനെതിരെ തിരിഞ്ഞ് മറാത്തകളുമായി സഖ്യമുണ്ടാക്കുകയും 1770 ൽ മാധവറാവുവിനെ നിജഗൽ പിടിച്ചടക്കാൻ സഹായിക്കുകയും ചെയ്തു. 

1776 - ൽ ഗുട്ടി ഉപരോധിച്ചപ്പോഴും അതിന്റെ ഭരണാധികാരി മുരാരി റാവു ഘോർപഡെയെ പിടികൂടിയപ്പോഴും മദകരി നായക ഹൈദറിനോടൊപ്പം ചേർന്നെങ്കിലും മുരാരി റാവുവിന്റെ അനന്തരവൻ ശിവറാം ഭൗവിനെ മദകശിരയിൽ നിന്ന് പൂനയിലേക്ക് ചിത്രദുർഗ്ഗ വഴി രക്ഷപ്പെടാൻ അനുവദിച്ചു. 

1777 - ന്റെ തുടക്കത്തിൽ പരശുറാം ഭൗവിന് കീഴിൽ മറാത്തക്കാരും ഇബ്രാഹിം ഖാൻ ധൂൻസയുടെ നേതൃത്വത്തിൽ നിസാമിന്റെ സൈന്യവും ചേർന്ന് മൈസൂർ ആക്രമിച്ചപ്പോൾ നായക ഹൈദറിനെ സഹായിച്ചില്ല. ഹൈദർനാമയിൽ പറയുന്നത് നായക തന്നെയാണ് മൈസൂർ ആക്രമിക്കാൻ അവരെ ക്ഷണിച്ചതെന്നാണ്. 

നായകയുടെ ഈ നടപടിക്രമത്തിന് ഒരു മുൻവിധിയെന്നവണ്ണം ഹൈദർ അദ്ദേഹത്തെ നിരീക്ഷിക്കാൻ ഒരു ദൂതനെ നിയമിച്ചു. ഇതിൽ അസഹിഷ്ണുത പുലർത്തിയ നായക മൈസൂരിനെതിരെ യുദ്ധം നടത്താൻ മറാത്താക്കാരെ പ്രേരിപ്പിക്കാനായി തന്റെ വക്കീലിനെ പൂനെയിലേക്ക് അയച്ചു. മൈസൂർ ആക്രമിക്കാൻ ഒരു വലിയ സൈന്യത്തെ അയയ്ക്കാമെന്നും ഹൈദറിന്റെ ഇടപെടലിൽ നിന്ന് അദേഹത്തെ ശാശ്വതമായി മോചിപ്പിക്കാമെന്നും മറാത്തക്കാർ നായകയ്ക്ക് ഉറപ്പു നൽകി. 



അതേസമയം ചിത്രദുർഗ്ഗ ആക്രമിക്കാൻ ഹൈദറിനെ രായദുർഗയിലെ കൃഷ്ണപ്പ നായക പ്രേരിപ്പിച്ചു. ഹരപ്പനഹള്ളി പലേഗാരുടെ സഹായവും ഹൈദർ നേടി. ആക്രമണം തുടങ്ങുന്നതിനുമുമ്പ് ഹൈദർ മദകരി നായകയോട് കീഴടങ്ങാൻ നിർദ്ദേശിക്കുകയും ഒപ്പം മൈസൂർ സേവനവും പ്രതിവർഷം 50000 രൂപയുടെ ജാഗിറും വാഗ്ദാനം ചെയ്‌തെങ്കിലും നായക അതു നിരസിച്ചു. 

1777 ജൂലൈയിൽ മൈസൂർ സൈന്യം കോട്ട വളഞ്ഞു. മൂന്ന് മാസത്തോളം ഉപരോധം തുടർന്നു. ബേദാറുകൾ കോട്ട വളരെ ധീരമായി പ്രതിരോധിച്ചു. എല്ലാ തിങ്കളാഴ്ചകളിലും അവർ മൈസൂർ സൈന്യത്തിനുമേൽ ചാടിവീണ് ഒരു നിശ്ചിത എണ്ണം പട്ടാളക്കാരുടെ തലകൾ കൊയ്‌തെടുത്ത് കോട്ടയ്ക്കുള്ളിലെ കാളിദേവിയുടെ അമ്പലത്തിൽ അർപ്പിക്കുമായിരുന്നു. 


ഉപരോധം വിജയിക്കാതെ നീണ്ടുപോയപ്പോൾ പതിമൂന്നു ലക്ഷം പഗോഡയ്ക്കൊപ്പം വിശ്വസ്തതയും വാഗ്ദാനം ചെയ്താൽ കഴിഞ്ഞ കാലത്തെ നായകയുടെ പെരുമാറ്റം ക്ഷമിക്കാമെന്നു ഹൈദർ നിർദ്ദേശിച്ചു.

മറാത്തക്കാരിൽ നിന്നും ഒരുറപ്പും ലഭിക്കാത്തതിനാൽ ഹൈദറുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ നായക നിർബന്ധിതനായി. അഞ്ചു ലക്ഷം നൽകി ബാക്കി തുകക്ക് സഹോദരൻ പരശുരാമപ്പയെ ആൾജാമ്യമായി നൽകാമെന്നും കരാറായി. 

ഈ സമയത്താണ് മൈസൂർ ആക്രമിക്കുന്നതിനായി പുനെയിൽ നിന്ന് മറാത്തക്കാർ അടുത്തെത്തിക്കൊണ്ടിരിക്കുകയാണെന്ന വാർത്ത നായകയ്ക്കു ലഭിച്ചത്. ഹൈദർ നായകയെ തന്റെ സൈന്യത്തോടൊപ്പം ചേരാൻ അഭ്യർത്ഥിച്ചപ്പോൾ വാഗ്ദാനം നൽകിയെങ്കിലും അതു പാലിക്കുന്നതിൽ നിന്ന് നായക തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി. 

ഹൈദർ മറാത്തകളുമായി യുദ്ധം ചെയ്യുന്ന സമയത്ത് നായക മൈസൂർ പ്രദേശങ്ങളായ ചന്നഗിരി, ബസവപട്ടണം, സന്തേബിദാനൂർ തുടങ്ങിയ സ്ഥലങ്ങൾ കൊള്ളയടിച്ചു. ഇതറിഞ്ഞ ഹൈദർ അദ്ദേഹത്തിനെതിരെ ടിപ്പുവിനെ അയച്ചു. അതിനാൽ ചിത്രദുർഗ്ഗയിലേക്ക് മടങ്ങാൻ തുടങ്ങിയ നായകയെ ടിപ്പു പിന്തുടരുകയും കോട്ടയുടെ ഉപരോധം പുതുക്കുകയും ചെയ്തു. മറാത്തകളെ പരാജയപ്പെടുത്തിയതിനു ശേഷം ഹൈദറും മകനോടൊപ്പം ചേർന്നു. 

ഈ നാളുകൾക്കുള്ളിൽ നായകയുടെ പല അനുയായികളും ബന്ധുക്കളും മറ്റും കൊല്ലപ്പെടുകയും ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരു ആക്രമണത്തിൽ മദകരി നായകയ്ക്കും അദ്ദേഹത്തിന്റെ സഹോദരൻ പരശുരാമപ്പയ്ക്കും വെടിയുണ്ടകൊണ്ടു പരിക്കേറ്റു. 

1779 - ന്റെ തുടക്കത്തിൽ കോട്ട കീഴടങ്ങാറായപ്പോൾ രണ്ടു മറാത്ത പട്ടാളം നായകയുടെ സഹായത്തിനായി മുന്നേറി. ഹൈദറിന്റെ സൈന്യം അവരെ വിജയകരമായി തിരിച്ചോടിച്ചു. 

ഒടുവിൽ 1779 മാർച്ചിൽ ചിത്രദുർഗ്ഗ ഹൈദർ പിടിച്ചെടുത്തു. രാമറാവുവിന്റെ അഭിപ്രായത്തിൽ, 'ചിത്രദുർഗ്ഗയിലെ മുസൽമാൻ ജെമാദാർ കൂടാതെ നായകയോട് അസംതൃപ്തരായ അദ്ദേഹത്തിന്റെ മറ്റു സേവകർ എന്നിവർക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി ഹൈദർ അവരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്നു. അങ്ങനെ മുഹറം ഉത്സവത്തിൽ പങ്കെടുക്കാനെന്ന വ്യാജേന കോട്ടയിൽ നിന്നും പുറത്തുകടന്ന മുസൽമാൻ ജെമദാർ തന്റെ അനുയായികളേയും കൂട്ടി ഹൈദറോടൊപ്പം ചേർന്നു'. 

1799 മേയിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തിനുശേഷം, ചിത്രദുർഗ്ഗ വോഡയാരുടെ കീഴിൽ മൈസൂർ പ്രവിശ്യയായി തുടർന്നു. 

ഉലക്കയേന്തിയ വനിത: ഒനകെ ഒബവ്വ

ചിത്രദുർഗ്ഗ നായകർ കന്നഡ നാടോടിക്കഥകളുടെ അവിഭാജ്യ ഘടകമാണ്. ഉദാഹരണത്തിന് കോട്ടയിലെ ഒരു കാവൽക്കാരന്റെ ഭാര്യ ഒനകെ ഒബവ്വയുടെ കഥ.



ഹൈദറിന്റെ സൈനികർക്ക് അതിശക്തമായ ഈ കോട്ടയിലേക്ക് കയറാൻ കഴിയാത്തതിനാൽ, അവരിൽ ചിലർ രഹസ്യ കവാടങ്ങൾ തിരയുകയായിരുന്നു. കോട്ടയ്ക്കുള്ളിലേയ്ക്ക് തൈരു കൊണ്ടുപോകുന്ന ഒരു സ്ത്രീ മതിലിലെ ഒരു ചെറിയ വിള്ളലിലൂടെ അകത്തേക്കു കടന്നുപോകുന്നത് ഒരു സൈനികൻ കണ്ടു. വളരെ ഇടുങ്ങിയ ആ പാതയിലൂടെ കഷ്ടിച്ച് ഒരാൾക്ക് മുട്ടിന്മേൽ നിരങ്ങി കടന്നുപോകാനാവും. അതു ഉച്ചയൂണിന്റെ സമയമായിരുന്നു. അവിടെ നിയമിച്ചിരുന്ന കാവൽക്കാരന് ഭാര്യ ഒബവ്വ ഉച്ചഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു. ഈ രഹസ്യ പാതയുടെ സമീപത്തെ കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടിരുന്നപ്പോൾ, ഒബവ്വ ആ പാറയിടുക്കിൽ എന്തോ ശബ്ദം കേട്ടു. ശത്രുക്കളുടെ ഉദ്ദേശം മനസ്സിലാക്കിയ അവൾ വേഗം വീട്ടിലേക്കുപോയി ഒരു ഉലക്കയുമായി തിരിച്ചു വന്നു. അതും ഉയർത്തിപ്പിടിച്ച് അവൾ ആ ഗുഹാകവാടത്തിന്റെ തൊട്ടടുത്ത് നിന്നു. ദ്വാരത്തിലൂടെ ശത്രുവിന്റെ തല പ്രത്യക്ഷപ്പെട്ടപ്പോൾ ഉലക്ക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. ഈ രീതിയിൽ അവൾ നിരവധി മൈസൂർ പടയാളികളെ കൊന്നു. കാവൽക്കാരൻ തിരിച്ചെത്തിയപ്പോൾ തന്റെ ഭാര്യ എന്താണ് നേടിയതെന്ന് കണ്ട് അമ്പരന്നു. അയാൾ ഉടനെ കൊമ്പുവാദ്യം മുഴക്കി. പാഞ്ഞു വന്ന മദകരി നായകന്റെ സൈന്യം ശത്രുക്കളെ തുരത്തി. 

ചരിത്രകാരൻ ശ്രീകണ്ഠയ്യയുടെ അഭിപ്രായത്തിൽ ഈ സംഭവം നടന്നത് രാത്രിയിലാണ്. മാത്രമല്ല ഒബവ്വ അവരുടെ മൃതശരീരങ്ങൾ ആ ദ്വാരത്തിലൂടെ പുറത്തേക്ക് വലിച്ചെടുത്ത് നീക്കം ചെയ്‌തെന്നും 'മൈസൂർ സ്റ്റേറ്റ് ഗസറ്റിയേഴ്സ്: ചിത്രദുർഗ ഡിസ്ട്രിക്റ്റ്' ൽ പറയുന്നു. 

വിവരങ്ങളെല്ലാം കേട്ട മദകരി നായക വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങൾ ഒബവ്വയ്ക്ക് വാഗ്ദാനം ചെയ്തു. എന്നാൽ അവൾ വിനയപൂർവ്വം അതു നിരസിച്ചുകൊണ്ടു പറഞ്ഞു, "പ്രഭോ, ഈ ശത്രുക്കൾ നമ്മുടെ രാജ്യവും വീടുകളും ഇല്ലാതാക്കാൻ വന്നവരാണ്. ദൈവകൃപയാൽ അങ്ങയുടെ ഉപ്പും ചോറും തിന്നുന്ന അടിയങ്ങൾക്ക് അവർ കോട്ടയിലേക്കു ഒളിച്ചു കടക്കുന്നത് തടയാൻ സാധിച്ചു."

ചില വസ്തുതകൾ:

രഹസ്യ പാതയ്ക്ക് ഒബവ്വയുടെ ഭർത്താവിനെ മാത്രമായിരുന്നു കാവലിനു നിയോഗിക്കപ്പെട്ടിരുന്നുവെന്നുള്ളതും വേറെ ആരും തന്നെ ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ലെന്നുള്ളതും വിശ്വസിക്കാൻ പ്രയാസമാണ്, പ്രത്യേകിച്ചും ഉപരോധം നടക്കുന്ന വേളയിൽ. ആത്മാർത്ഥതയുള്ള കാവൽക്കാരനായിരുന്നെങ്കിൽ അപകടകരമായ ആ സമയത്ത് ഒരിക്കലും പകരത്തിനൊരാളെ നിർത്താതെ ഭക്ഷണം കഴിക്കാൻ പോകുമായിരുന്നില്ല. മാത്രമല്ല ഉലക്ക കൊണ്ട് ഒരാളുടെ തലയ്ക്കടിച്ചാൽ തീർച്ചയായും അയാൾ നിലവിളിക്കും. അപ്പോൾ മറ്റു പടയാളികൾ ജാഗരൂകരാകുകയും ചെയ്യും. ഉലക്ക കൊണ്ടുള്ള ഒറ്റ അടിയേറ്റ് ഓരോരുത്തരുടേയും കഥ കഴിഞ്ഞു, ആയുധമേന്തിയ മൈസൂർ സൈനികർ ഒരെതിർപ്പുപോലും ഉണ്ടാക്കിയില്ല എന്നുള്ളതാണ് ഏറ്റവും വലിയ തമാശ. എതിരാളി ഹൈദരലി ആയതുകൊണ്ടാവാം ഇങ്ങനെയൊരു കെട്ടുകഥ രൂപപ്പെട്ടതും അതിനിത്രയ്ക്കു പ്രചാരം നൽകുന്നതും. ചില ആധുനിക എഴുത്തുകാരുടെ ഭാവനയിൽ, ഈ കഥാപാത്രത്തെ ഹൈദറിന്റെ പട്ടാളക്കാർ അവളുടെ ഉലക്ക യുദ്ധത്തിനിടെ കൊലപ്പെടുത്തി. എന്തായാലും, ഹൈദറിന്റെ പടയാളികൾ ഒളിച്ചുവന്നുവെന്നു പറയപ്പെടുന്ന ആ വിടവ് ഇപ്പോൾ അറിയപ്പെടുന്നത് ഒനകെ ഒബവ്വ കിണ്ടി എന്നാണ്.

Reference:

History of Mysore (1399-1799 A.D.): incorporating the latest epigraphical, literary and historical researches By C. Hayavadana Rao 

M.S. Putanna – Vobavva of Chitradurga, The Indian Heroes

Jhampanna Nayak's Kaifyat of Chitaldrug Palegars By R. Rama Rao

Encyclopaedia of the Folk Culture of Karnataka: Introductory articles

https://barry-lewis.com/research/chitradurga/

അഭിപ്രായങ്ങള്‍