തിമൂറിനെ തോൽപിച്ച സാങ്കൽപ്പിക വീരാംഗന

മധ്യേഷ്യയിലെ പ്രമുഖ തുർക്കി യോദ്ധാവായിരുന്ന മംഗോളിയൻ ബാർലസ് ഗോത്രത്തിൽപ്പെട്ട ആമിർ തിമൂർ ഗൂർഖാൻ, ട്രാൻസോക്സിയാന, ഹെറാത്ത്, ഖൊരാസാൻ, ഇറാൻ, ഇറാഖ്, അസർബൈജാൻ, ഈജിപ്പ്റ്റ്, സിറിയ മുതലായവ ഉൾപ്പെട്ട സമർഖണ്ഡിലെ തിമൂരി വംശത്തിന്റെ സ്ഥാപകനും കൂടിയാണ്. തിമൂർ ഇന്ത്യ ആക്രമിച്ചത് 1398 - ൽ സുൽത്താൻ മഹ്മൂദ് തുഗ്ലക്കിന്റെ ഭരണകാലത്താണ്. ഇന്ത്യ പിടിച്ചടക്കാനല്ല ഹിന്ദുസ്ഥാൻ നിവാസികൾ ബഹുദൈവ വിശ്വാസികളും അവിശ്വാസികളും വിഗ്രഹാരാധകരും ആയതിനാലാണ് ഇന്ത്യ ആക്രമിക്കാൻ നിശ്ചയിച്ചതെന്ന് തിമൂർ തന്റെ ഓർമ്മക്കുറിപ്പുകളിൽ കുറിക്കുന്നു. മാത്രമല്ല പേരക്കുട്ടിയായ മുഹമ്മദ് സുൽത്താൻ ഇന്ത്യയിലെ അതിശയകരമായ സമ്പത്തിനെക്കുറിച്ചുമെല്ലാം വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്തു.


സുൽത്താൻ മഹ്മൂദ് തുഗ്ലക്കിനെ പരാജയപ്പെടുത്തിയ ശേഷം തിമൂർ ഡൽഹി നഗരം കൊള്ളയടിച്ചു നശിപ്പിക്കുകയും ഏകദേശം ഒരു ലക്ഷത്തോളം പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ താമസത്തിനുശേഷം, 120 യുദ്ധ ആനകളോടൊപ്പം ഒരു വലിയ കൊള്ളമുതലുമായി തിമൂർ സമർഖണ്ഡിലേക്ക് മടങ്ങി, ഒപ്പം ഡൽഹിയിലെ കൈപ്പണിക്കാരേയും ശില്പികളേയും. മടങ്ങിപ്പോകുന്ന വഴി മീററ്റ്, ഹരിദ്വാർ, കാംഗ്ര, കാശ്മീർ എന്നീ സ്ഥലങ്ങളും കീഴടക്കി. (തിമൂറിനെതിരെ കടുത്ത പ്രതിരോധം നൽകിയവരിൽ നിരവധി മുസൽമാൻ  നേതാക്കളുമുണ്ടായിരുന്നു)

ഡൽഹിയിലെ തുഗ്ലക്ക് സാമ്രാജ്യം അതോടെ അവസാനിച്ചു. "എല്ലാം നശിപ്പിച്ചു തിമൂർ പോയതിനുശേഷം രണ്ട് മാസക്കാലത്തോളം ഡൽഹി നഗരം അരാജകത്വത്തിലായിരുന്നു, പട്ടിണിയും പകർച്ചവ്യാധിയുമായിരുന്നു എങ്ങും", ചരിത്രകാരനായ ഫെരിസ്ത കുറിക്കുന്നു. ഇന്ത്യ വിടുന്നതിനുമുമ്പ്, തിമൂർ ഖിസർ ഖാനെ മുൾട്ടാന്റെ ഗവർണറായി നിയമിച്ചു. ഈ ഖിസർ ഖാനാണു പിൽക്കാലത്തു സയ്യിദ് വംശം (1414-1451) സ്ഥാപിച്ചത്. 

എന്നാൽ ഈ ചരിത്രം ഇപ്പോഴിതാ ഒരു പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്. ഒരു കെട്ടുകഥയുടെ രൂപത്തിൽ. രാംപ്യാരി ഗുർജാർ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ നൂറുകണക്കിന് ലേഖനങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ചില ആധുനിക ചരിത്രകാരന്മാരുടെ കണ്ടുപിടിത്തം അനുസരിച്ച് 20 കാരിയായ രാംപ്യാരി ഗുർജാറും 40,000 വനിതാ യോദ്ധാക്കളും ചേർന്ന് മീററ്റിലും ഹരിദ്വാറിലും തിമൂറിന്റെ സൈന്യത്തിന് വൻ നാശനഷ്ടം വരുത്തി അദ്ദേഹത്തെ ഇന്ത്യ വിട്ടോടാൻ നിർബന്ധിതനാക്കിയത്രേ. വിവിധ സമുദായങ്ങളിലും ഗോത്രങ്ങളിലും പെട്ട 80,000 ത്തോളം പേർ തിമൂറിനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ നിരവധി സൈനികരെ സംഹരിക്കുകയും ചെയ്തു. ഇപ്രകാരം മീററ്റും ഹരിദ്വാറും ചില അയൽ പ്രദേശങ്ങളും തിമൂറിന്റെ കൊള്ളയിൽ നിന്നും കൂട്ടക്കൊലയിൽ നിന്നും രക്ഷിക്കപ്പെട്ടു. 

ഈ കഥ അനുസരിച്ച് തിമൂർ ഹിന്ദുക്കളുടെ മേൽ നടത്തിയ ക്രൂരതകളും കൂട്ടക്കൊലകളും മീററ്റ്, സഹാറൻപൂർ, ഹരിയാനയുടെ ചില ഭാഗങ്ങൾ, ഹരിദ്വാർ എന്നിവ ഉൾപ്പെടുന്ന മേഖലയിലെ ജനങ്ങളെ ജാഗരൂകരാക്കി. ജാട്ടുകൾ, ഗുർജാർമാർ, അഹിർമാർ, വാല്മീകികൾ, രജപുത്രന്മാർ, ബ്രാഹ്മണർ, മറ്റു ഗോത്രവർഗക്കാർ തുടങ്ങി വിവിധ സമുദായക്കാർ ഒത്തുകൂടി ദേവപാലന്റെ നേതൃത്വത്തിൽ ഒരു മഹാപഞ്ചായത്തു രൂപീകരിച്ചു. 80,000 പേരുള്ള ഈ പഞ്ചായത്തിന്റെ സർവ്വസൈന്യാധിപനായി ജോഗരാജ് സിംഗ് ഗുർജാറും 40,000 - ഓളം പേരുള്ള വനിതാ വിഭാഗത്തിന്റെ സൈന്യാധിപയായി രാംപ്യാരി ഗുർജാറും തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ വച്ച് തിമൂർ സൈന്യത്തിനു നേരെ 20,000 പഞ്ചായത്ത് യോദ്ധാക്കൾ അപ്രതീക്ഷിത ആക്രമണം നടത്തി, 9,000 സൈനികരെ വധിക്കുകയും അവരുടെ ശവങ്ങൾ യമുനാനദിയിൽ എറിയുകയും ചെയ്തു. പകൽ വെളിച്ചം പരക്കുന്നതിനു മുമ്പ് ഈ യോദ്ധാക്കൾ ഡൽഹി പ്രാന്തപ്രദേശങ്ങളിലേക്കു മറയും. മൂന്ന് രാത്രികൾ ഇത് തുടർന്നു. നിരാശനായ തിമൂർ ഡൽഹി വിട്ട് മീററ്റിലേക്ക് നീങ്ങി. പഞ്ചായത്ത് യോദ്ധാക്കൾ പകൽസമയത്ത് തിമൂർ സൈന്യത്തെ ആക്രമിച്ചപ്പോൾ രാത്രിയിൽ രാംപ്യാരി ഗുർജാറും അവരുടെ വനിതാ സൈന്യവും ഗറില്ലാ ആക്രമണം നടത്തി തിമൂർ സൈന്യത്തെ കൂട്ടക്കൊല ചെയ്യുകയും അവരുടെ ഭക്ഷ്യവസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. അപകടം മണത്ത തിമൂർ ഹരിദ്വാറിലേക്ക് പുറപ്പെട്ടു. അമ്പെയ്ത്തിൽ വിദഗ്ധരായ ആ പ്രദേശത്തെ ആദിവാസികൾ തിമൂറിനെ മീററ്റിലെപോലെ തന്നെ മൂന്നു പ്രാവശ്യമാണ് തോല്പിച്ചത്. അവസാന യുദ്ധത്തിൽ ഹർവീർ സിംഗ് ഗുലിയ തിമൂറിന്റെ നെഞ്ചിലേക്ക് കുന്തം കൊണ്ടു കുത്തി. തിരിച്ച് തിമൂറിന്റെ സൈന്യം ഹർബീറിനെ ഗുരുതരമായി പരിക്കേൽപ്പിച്ചെങ്കിലും ജോഗരാജ് സിംഗ് പരിക്കേറ്റ ഹർബീറിനെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ തിമൂർ തന്റെ വിശ്വസ്തരോടൊപ്പം യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോകുകയായിരുന്നു. ഈ മുറിവിൽ നിന്ന് തിമൂറിന് പൂർണ്ണമായി സുഖം പ്രാപിക്കാൻ കഴിഞ്ഞില്ലത്രേ. അങ്ങനെ ഒന്നര ലക്ഷത്തിലധികം സൈന്യവുമായി ഇന്ത്യയിലെത്തിയ തിമൂർ തിരിച്ചുപോയപ്പോൾ ഏതാനും ആയിരം സൈനികർ മാത്രമാണു കൂടെയുണ്ടായിരുന്നത്. ബാക്കിയുള്ളവരെ മുഴുവൻ ഹിന്ദു സൈന്യം കൊന്നു തള്ളിയിരുന്നു. ഏകദേശം 40000 പഞ്ചായത്ത് യോദ്ധാക്കൾ, പുരുഷന്മാരും സ്ത്രീകളും രക്തസാക്ഷിത്വം വരിച്ചു.


പിന്നെയെന്തുകൊണ്ടാണ് റാണി ലക്ഷ്മിഭായിയെപ്പോലെയും ബീഗം ഹസ്രത്ത് മഹലിനെപ്പോലെയും മറ്റും വീരയായ ഈ വനിതാ യോദ്ധാവിനെ ആദരിക്കാത്തത്? ഇതിന്റെ സത്യാവസ്ഥ എന്താണെന്നു നോക്കാം. ഗുർജാർ സമുദായവുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ പ്രചരിപ്പിച്ച ഒരു വ്യാജ വാർത്തയാണിത്. പ്രസ്തുത വീരാംഗനയുടെ പേരിൽ ഒരു വിക്കിപീഡിയ പേജ് ഉണ്ടായിരുന്നു. 2003 - ൽ പുറത്തിറങ്ങിയ നൗനിഹാൽ സിംഗിന്റെ 'ദി റോയൽ ഗുർജാർസ്: ദെയ്ർ കോണ്ട്രിബൂഷൻ ടു ഇന്ത്യ' എന്ന പുസ്തകമാണ് ആധാരമായി വച്ചിരുന്നത്. ഒന്നാമതായി നൗനിഹാൽ സിംഗ് ഒരു ചരിത്രകാരനല്ല, ഒരു ഗുർജാർ വംശജനായ ഇദ്ദേഹത്തിന്റെ സ്വസമുദായത്തെ മഹത്വവൽക്കരിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഈ പുസ്തകം. കൂടാതെ 'അലക്സാണ്ടറിനെ പരാജയപ്പെടുത്തിയ പോറസ് ഒരു ഗുർജാർ രാജാവാണ്' തുടങ്ങി നിരവധി കപട ചരിത്ര വാദങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. രാംപ്യാരി എന്ന ഈ വ്യക്തിയെ പരാമർശിക്കുന്ന വിശ്വസനീയമായ ഒരു ചരിത്ര പുസ്തകമില്ല. ഒരു സമകാലീന സ്രോതസ്സിലും അല്ലെങ്കിൽ ആദ്യകാല ആധുനിക സ്രോതസ്സിലും-അത് തിമൂറിയോ ഇന്ത്യനോ ആകട്ടെ-നൗനിഹാൽ സിംഗിന്റെ പുസ്തകത്തിലെ ഈ ഗുർജാറുകളെപ്പറ്റി പരാമർശിക്കുന്നില്ല. ഇക്കാരണങ്ങളാൽ പ്രസ്തുത വിക്കിപീഡിയ പേജ് നീക്കം ചെയ്തു. ഈ കെട്ടുകഥയുടെ രണ്ടാമത്തെ പരാമർശം ജെസ്സി റസ്സൽ, റൊണാൾഡ് കോൺ എന്നിവരുടെ 'രാംപ്യാരി ഗുർജാർ' എന്ന പുസ്തകമാണ്. ഇത് മറ്റൊന്നുമല്ല, ഈ സാങ്കൽപ്പിക വീരാംഗനയെക്കുറിച്ചു വിക്കിപീഡിയയിൽ വന്ന അതേ ലേഖനം വിദേശികളുടെ കള്ളപ്പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്. മൂന്നാമതായി പത്രിക എന്ന ന്യൂസ്പേപ്പറിലെ ഒരു ലേഖനവും. ഈ ലേഖനത്തിൽ പറയുന്നത് പ്രകാരം 7 അടി 9 ഇഞ്ച് ഉയരമുള്ള ഗുർജാർ യോദ്ധാവായ ജോഗരാജിനു 320 കിലോഗ്രാം ഭാരമുണ്ടായിരുന്നു!

താഴെ കൊടുത്തിരിക്കുന്നതാണ് രാംപ്യാരി ഗുർജാറിന്റെ പേരിൽ പ്രചരിപ്പിച്ചിട്ടുള്ള ചിത്രം:

ഇത് 2015 ലെ തെലുങ്ക് ചിത്രമായ രുദ്രമ്മ ദേവിയിലെ നടി അനുഷ്ക ഷെട്ടിയുടെ ചിത്രമാണ്.

Reference

1. https://books.google.co.in/books/about/Ram_Pyari_Gurjar.html?id=Ky2lMQEACAAJ&redir_esc=y

2. https://www.patrika.com/hot-on-web/jograj-singh-gurjar-and-timur-lang-battle-1002238/

3. https://en.wikipedia.org/?title=Wikipedia:Articles_for_deletion/Ram_Pyari_Gurjar_(The_Lady_Chieftain)&oldid=856219407

അഭിപ്രായങ്ങള്‍