ടിപ്പു സുൽത്താൻ നെടുങ്കോട്ടയിൽ (തിരുവിതാംകൂർ ലൈൻസ്) 1789 ഡിസംബർ 29-ന്: അതിശയോക്തികളും വസ്തുതകളും

ഈ പോസ്റ്റിൽ നമ്മൾ മൈസൂർ-തിരുവിതാംകൂർ യുദ്ധത്തിന്റെ വിശദാംശങ്ങളിലേക്കു അധികം പോകുന്നില്ല, മറിച്ച് 1789 ഡിസംബർ 28-നും 29-നും ഇടയിൽ നടന്ന തിരുവിതാംകൂറിലെ ആദ്യത്തെ മൈസൂർ അധിനിവേശത്തെ സംബന്ധിച്ച പല ബ്രിട്ടീഷ്, തിരുവിതാംകൂർ ചരിത്രകാരന്മാരുടെയും മൊഴിയിലെ അതിശയോക്തികളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

ആദ്യപടനീക്കം എന്ന് വിളിക്കപ്പെടുന്നത്:

തിരുവിതാംകൂർ രാജാവായിരുന്ന രാമവർമ്മയുമായുള്ള (രാമരാജാവ്) പലവിധ തർക്കങ്ങളും സമാധാനപരമായി പരിഹരിക്കാൻ കഴിയില്ലെന്ന് കണ്ടതോടെ ടിപ്പു തന്റെ സൈന്യവുമായി നെടുങ്കോട്ട എന്നറിയപ്പെടുന്ന തിരുവിതാംകൂർ നിരകളുടെ സമീപത്തേക്കു നീങ്ങി. തന്റെ വ്യക്തിപരമായ സാന്നിധ്യം രാജാവിനെ ഒത്തുതീർപ്പിനു പ്രേരിപ്പിച്ചേക്കാം എന്ന പ്രതീക്ഷയിൽ മാർച്ച് 24-ന് ടിപ്പു നെടുങ്കോട്ടയിൽ നിന്ന് ഏകദേശം നാലു മൈൽ അകലെ തമ്പടിച്ചു.

1789 ഡിസംബർ 28 നും 29 നും ഇടയിൽ, ഒരു സംഘം മൈസൂർ സൈനികർ തൊട്ടടുത്ത കാടുകളിൽ അഭയം പ്രാപിച്ച ചില മലബാർ കലാപകാരികളെ വളയാൻ ശ്രമിക്കുന്നതിനിടെ തിരുവിതാംകൂർ സേനയുമായി ഏറ്റുമുട്ടി. കലാപകാരികളെ പാളയത്തിലേക്ക് കൊണ്ടുപോകുന്നവഴി തിരുവിതാംകൂറുകാർ വെടിയുതിർത്തു. ഇത് മൈസൂർ സൈനികരെ പ്രകോപിപ്പിച്ചു, അവർ പ്രതികരിക്കുകയും ലൈനുകളുടെ ഗണ്യമായ ഒരു ഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. ലൈനുകളിലേക്ക് പിന്മാറിയ തിരുവിതാംകൂർ പട്ടാളത്തെ മൈസൂർ സൈന്യം പിന്തുടർന്നു, ചതുരാകൃതിയിലുള്ള ഒരു ചുറ്റളവിൽ എത്തിയപ്പോൾ 800 ഓളം നായർമാർ ശത്രുക്കളുടെ മുന്നേറ്റം തടയുകയും പോഷകസൈന്യത്തിന്റെ സഹായത്തോടെ അവർക്ക് വൻ ആൾനാശം വരുത്തുകയും ചെയ്തു. വലത്തുനിന്നും ഇടത്തുനിന്നും ആക്രമിക്കപ്പെട്ട മൈസൂർ സൈന്യം സംഭവസ്ഥലത്ത് നിന്ന് പലായനം ചെയ്തു. ബഹളത്തിൽ നിരവധി പേർ കിടങ്ങിൽ വീണു മരിച്ചു.

ഈ ആക്രമണത്തെക്കുറിച്ച് രാമവർമ്മ 1790 ജനുവരി 2-ന് ഹച്ചിൻസണിന് ഇപ്രകാരം എഴുതി: "ഡിസംബർ 29-ന് ഏകദേശം 15,000 കുതിരകളും കാലാൾപ്പടയും അടങ്ങിയ ടിപ്പു സുൽത്താന്റെ സൈന്യം കോട്ടയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു, ആക്രമണം ആരംഭിച്ചു, അവരിൽ 3000 പേർ കോട്ടയിൽ പ്രവേശിച്ചു. നമ്മുടെ സൈന്യം അവരെ നേരിട്ടു. തുടർന്നുണ്ടായ യുദ്ധത്തിൽ ചിലർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കുപറ്റുകയും ബാക്കിയുള്ളവർ പലായനം ചെയ്യുകയും ചെയ്തു."



ടിപ്പു കഷ്ടിച്ചാണു രക്ഷപ്പെട്ടെന്ന് വിൽക്‌സ് രേഖപ്പെടുത്തുന്നു: 'ചുരുക്കം ചില ചേലന്മാരുടെ പ്രയത്‌നത്താൽ മാത്രമാണ് സുൽത്താന് രക്ഷപ്പെടാനായത്. കയറാനുള്ള ശ്രമത്തിൽ രണ്ടുതവണ വീണപ്പോൾ അവർ അദേഹത്തെ പിടിച്ചെഴുന്നേല്പിച്ച് തോളിലേറ്റി കിടങ്ങു കയറാൻ പ്രാപ്തനാക്കി. ജീവിതാവസാനം വരെ ഉണ്ടായിരുന്ന മുടന്ത്, ഈ അവസരത്തിൽ അദ്ദേഹത്തിന് സംഭവിച്ച മാരകമായ മുറിവുകളുടെ ഫലമായുണ്ടായതാണ്. അദ്ദേഹത്തിന്റെ പല്ലക്ക് കിടങ്ങിൽ തന്നെ കിടക്കുകയായിരുന്നു. ചുമട്ടുകാർ ചവിട്ടിമെതിക്കപ്പെട്ടു, അദേഹത്തിന്റെ മുദ്രകളും മോതിരവും മറ്റാഭരണങ്ങളും ശത്രുക്കളുടെ കൈകളിലെ കീർത്തിമുദ്രകളായി'.

'പോരാട്ടത്തിൽ സുൽത്താൻ സ്വയം നിലം പതിക്കുകയും, അദ്ദേഹത്തിന്റെ പല്ലക്കു ചുമട്ടുകാർ ചതഞ്ഞമരുകയും ചെയ്തു. വിശ്വസ്തരായ ചില അനുയായികൾ അദ്ദേഹത്തെ മരണത്തിൽ നിന്ന് രക്ഷിച്ചെങ്കിലും, തിരുവിതാംകൂർ അധിനിവേശത്തിന്റെ ഈ അദ്ധ്യായത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തവിധം മുറിവുകൾ അദ്ദേഹത്തിന് ലഭിച്ചു. ടിപ്പുവിന്റെ വാൾ, മുദ്രമോതിരം, മറ്റ് ആഭരണങ്ങൾ എന്നിവയെല്ലാം തിരുവിതാംകൂർ സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടു. ടിപ്പു വളരെ നാണക്കേടും കുണ്‌ഠിതത്തോടും കൂടി പിൻവാങ്ങി. ടിപ്പുവിന്റെ ഉടവാൾ, പരിച, കഠാര, അരപ്പട്ട, പല്ലക്ക് മുതലായവ രാജാവ് ആർക്കോട്ട് നവാബിന്റെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിനു കൈമാറി', ശങ്കുണ്ണിമേനോൻ എഴുതുന്നു.

ഈ എഴുത്തുകാരുടെ അവകാശവാദങ്ങൾ ഇവയാണ്:

1 ടിപ്പു സ്വയം യുദ്ധത്തിൽ ഉണ്ടായിരുന്നു

2 ടിപ്പു യുദ്ധത്തിൽ പല്ലക്ക് ഉപയോഗിച്ചു

3 ടിപ്പു കിടങ്ങിൽ വീണു മുടന്തനായി

4 ടിപ്പുവിന്റെ പല്ലക്ക്, വാൾ, മുദ്രകൾ, മോതിരങ്ങൾ മുതലായവ തിരുവിതാംകൂറുകാർക്ക് വിജയസ്മാരകങ്ങളായി ലഭിച്ചു.

അന്ന് ടിപ്പു സുൽത്താൻ നെടുങ്കോട്ടയ്ക്ക് മുന്നിൽ സ്വയം സന്നിഹിതനായിരുന്നോ?

ആക്രമണസമയത്ത് ടിപ്പു സ്വയം സന്നിഹിതനായിരുന്നുവെന്ന് തെളിയിക്കാൻ സമകാലിക തെളിവുകളൊന്നും തന്നെയില്ല. 1790 ജനുവരി 1-ന് ഹോളണ്ടിന് എഴുതിയ കത്തിൽ ടിപ്പു സുൽത്താൻ തന്റെ അറിവില്ലാതെയാണ് ആ സംഭവം നടന്നതെന്നും വിവരം അറിഞ്ഞയുടനെ താൻ സൈന്യത്തെ തിരികെവിളിക്കുകയും തിരുവിതാംകൂർ തടവുകാരെ രാജാവിനു വിട്ടുകൊടുക്കാൻ ഉത്തരവിട്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. "ടിപ്പുവിന്റെ ഉത്തരവില്ലാതെ ആകസ്മികമായി നടന്ന ആക്രമണമായിരുന്നു അത്" എന്ന് ഹോളണ്ട് ക്യാപ്റ്റൻ കെന്നവേയ്ക്ക് എഴുതുകയും ചെയ്തു.

1790 ജനുവരി 26-ന് പൗണിക്ക് അയച്ച കത്തിൽ ടിപ്പു സുൽത്താൻ ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട്: "ഈ സർക്കാറും ഇംഗ്ലീഷ് കമ്പനിയും തമ്മിലുള്ള സമാധാന ഉടമ്പടിയനുസരിച്ച് ഇതു വരെ ഇരു ഭാഗത്തും ഒരു ചെറിയ വീഴ്ച പോലും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. 

പല്ലക്ക്‌: ടിപ്പുവിന്റെ പല്ലക്കു യാത്രയെ സംബന്ധിച്ചിടത്തോളം, അലക്സാണ്ടർ ബീറ്റ്‌സന്റെ പരാമർശം ഇതാണ്: "അദ്ദേഹം സവാരി ചെയ്യാൻ വളരെ ഇഷ്ടപ്പെട്ടിരുന്നു, പ്രത്യേകിച്ചും കുതിരസവാരിയിൽ അത്യന്തം മികവു പുലർത്തിയിരുന്നു; സ്ത്രീകൾക്കു മാത്രം അനുയോജ്യമായ പല്ലക്ക്, കാളവണ്ടി തുടങ്ങിയ സവാരികൾ അദ്ദേഹം വിസമ്മതിച്ചു".

"അദ്ദേഹം വലിയ പ്രാധാന്യം നൽകിയിരുന്നതും സാധാരണയായി യാത്ര ചെയ്തിരുന്നതും കുതിരപ്പുറത്തായിരുന്നു. അതിൽ അദ്ദേഹം അത്യന്തം മികവു പുലർത്തിയിരുന്നു. പല്ലക്കിലുള്ള യാത്രയെ അദ്ദേഹം പുച്ഛിക്കുക മാത്രമല്ല പ്രായമായവരെയും അവശരെപ്പോലും പല്ലക്കിൽ കൊണ്ടുപോകുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു", ടിപ്പു പല്ലക്കിൽ യുദ്ധം ചെയ്തതായി എഴുതിയ അതേ വിൽക്സ് നിരീക്ഷിക്കുന്നു.

[ടിപ്പു സുൽത്താൻ ഒരു വെള്ള കുതിരപ്പുറത്താണ് യുദ്ധത്തിനു വന്നതെന്ന് റോഡറിക് മക്കെൻസി പ്രസ്താവിക്കുന്നു, എന്നാൽ കുതിര വെടികൊണ്ടു വീണപ്പോൾ അദ്ദേഹം വളരെ ബുദ്ധിമുട്ടി സ്വന്തം ജീവൻ രക്ഷിച്ചു. 'ദി ബ്രിട്ടീഷ് മെർക്കുറി ഓർ ആനൽസ് ഓഫ് ഹിസ്റ്ററി, പൊളിറ്റിക്സ്, മാനർസ്, ലിറ്ററേച്ചർ, ആർട്സ് etc. ഓഫ് ദി ബ്രിട്ടീഷ് എംപയർ' പ്രകാരം, 40 ശിപായിമാർ, 5 കുതിരകൾ, 2 കൊടികൾ, ഒരു ഡ്രം എന്നിവ യുദ്ധത്തിൽ പിടിച്ചെടുത്ത ട്രോഫികളാണ്. ഈ വിവരണം പറയുന്നത് ടിപ്പു അവിടെ ഒരു വെള്ളക്കുതിരപ്പുറത്തായിരുന്നു വന്നത് എന്നാണ്; ആ കുതിരക്കു മുറിവേറ്റപ്പോൾ മറ്റൊന്നിൽ കയറി സവാരി ചെയ്യാൻ അദേഹം നിർബന്ധിതനായി!]



മുടന്ത്: ടിപ്പുവിന് ഗുരുതരമായ മുറിവുകളുണ്ടായി അദ്ദേഹം ആജീവനാന്ത മുടന്തനായി എന്നതിന് തെളിവുകളൊന്നുമില്ല. '1790 ഏപ്രിൽ 11-ന് മാലെറ്റ് റോബർട്ട് അബർക്രോംബിക്ക് എഴുതി, "നെടുങ്കോട്ടയ്ക്കടുത്തുണ്ടായിരുന്ന ടിപ്പുവിന്റെ താവളത്തിൽ നിന്ന് വന്ന എന്റെ ഒരാൾ - ഇയാൾ ഫെബ്രുവരി അവസാനത്തോടെ ആ താവളം വിടുകയുണ്ടായി - ആ മാസത്തിന്റെ തുടക്കത്തിൽ ടിപ്പു പൂർണ ആരോഗ്യവാനായിരിക്കുന്നെന്നും  അദ്ദേഹത്തിനു മുറിവൊന്നും പറ്റിയിട്ടില്ലെന്നും തറപ്പിച്ചു പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ കസിൻ ഖമർ-ഉദ്ദീൻ ഖാന്റെ നെഞ്ചിൽ രണ്ടു മുറിവുകളുണ്ട്, അതിൽ നിന്ന് അദ്ദേഹം ക്രമേണ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു'. 

കീർത്തിമുദ്രകൾ: യുദ്ധത്തിൽ ലഭിച്ച വിജയസ്മാരകങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ രേഖകളിൽ ഒരു കൊടിയും അതിന്റെ കൊടിക്കാലും ഒരു മണിയും മാത്രമേ പരാമർശിച്ചിട്ടുള്ളൂ; യുദ്ധത്തടവുകാരെ സംബന്ധിച്ച് തിരുവിതാംകൂർ രേഖകളിൽ അഞ്ച് യൂറോപ്യന്മാരെയും മൂന്ന് ഇന്ത്യക്കാരെയും കുറിച്ച് മാത്രമാണ് പറയുന്നത്. മാത്രമല്ല, ടിപ്പുവിന്റെ പല്ലക്കോ അതിലുള്ളതായി പറയപ്പെടുന്ന വസ്തുക്കളോ പിടിച്ചെടുത്തതായി രാമവർമ്മ അവകാശപ്പെട്ടിട്ടില്ല. രണ്ടു കൊടികൾ, നാലു കുതിരകൾ, 1-2 ഡ്രമ്മുകൾ എന്നിവ മാത്രമാണ് അദ്ദേഹം പരാമർശിക്കുന്നത്. 

[ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ആറാട്ടു ഘോഷയാത്രയ്ക്കിടെ തിരുവിതാംകൂർ സൈന്യം ടിപ്പു സുൽത്താനിൽ നിന്ന് പിടിച്ചെടുത്ത കൊടിയുടെ ഒരു തനിപ്പകർപ്പ് 'വിജയസൂചകമായി' പ്രദർശിപ്പിക്കുമത്രേ. 'ടിപ്പുവിന്റെ വാളും പരിചയും അദ്ദേഹത്തിനു തിരികെ നൽകിയെങ്കിലും, അദ്ദേഹത്തിന്റെ തലപ്പാവ് കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ധരിക്കുന്ന ശിരോവസ്ത്രത്തിന്റെ രൂപകൽപ്പനയായി സ്വീകരിച്ചു' എന്ന് 'ദി ഹിന്ദു' - ലെ ഒരു ലേഖനത്തിൽ പരാമർശിക്കുന്നു. ടിപ്പുവിന്റെ വാൾ, പരിച, കഠാര, അരപ്പട്ട, പല്ലക്ക് തുടങ്ങിയവ രാജാവ് ആർക്കോട്ട് നവാബിന് കൈമാറിയെന്ന ശങ്കുണ്ണി മേനോന്റെ വാദത്തിനു വിരുദ്ധമാണ് ഇത്!]

രാമവർമ്മയുടെ കത്തുകൾ:

I. രാജാ രാമവർമ്മ ജോൺ ഹോളണ്ടിനോട്: "സുഹൃത്തേ, ആ ദിവസം (1789 ഡിസംബർ 29) സുൽത്താൻ തന്റെ സർദാർമാരോടും ഒരു വലിയ സൈന്യത്തോടും കൂടി ലൈനുകൾക്ക് നേരെ ആക്രമണം നടത്തി, സംഘട്ടനം വളരെ സമർത്ഥമായിരുന്നു. സർവ്വശക്തന്റെ സഹായവും കമ്പനി ഭാഗ്യവും എന്റെ പക്ഷത്തായിരുന്നതുകൊണ്ട് സുൽത്താന്റെ സേനയ്ക്ക് ആക്രമണം താങ്ങാനായില്ല, അവർ തിരിച്ചോടി; തോക്കിലും മറ്റു ആയുധങ്ങളിലും ആയിരത്തോളം പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂന്ന് പ്രമുഖ സർദാർമാർ കൊല്ലപ്പെട്ടു, അവർ തിരിഞ്ഞോടിയപ്പോൾ, എന്റെ ആളുകൾ രണ്ട് പതാകകളും നാല് കുതിരകളും ഒരു ഡ്രമ്മും കൈക്കലാക്കി. ഞാൻ ഈ വിജയത്തിന് നന്ദി പറയുന്നത് സർവ്വശക്തനായ ദൈവത്തിനും ശത്രുക്കളെ പരാജയപ്പെടുത്തുന്ന ഭാഗ്യം നിറഞ്ഞ കമ്പനിയ്ക്കുമാണ്. തിരിച്ചടിയിൽ സുൽത്താൻ വേദനിച്ചിട്ടുണ്ട്. എന്നെ ആക്രമിക്കാൻ ദിവസേന ഒരുങ്ങുകയാണ്. കമ്പനി അല്ലാതെ എനിക്ക് ഇപ്പോൾ മറ്റൊരു ആശ്രയമോ സഹായമോ ഇല്ല, ഞാൻ ഇപ്പോൾ ശക്തനായ ഒരു ശത്രുവുമായി ഇടപഴകുകയാണ്." - 1790 ജനുവരി 1.

II. രാജാ രാമവർമ്മ ജനറൽ മെഡോസിനോട്: "കമ്പനി ഗവണ്മെന്റിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ എനിക്ക് സ്വീകാര്യമാണ്. ലൈനുകളുടെ പ്രതിരോധം പരിപാലിക്കുന്നവരോട് ആക്രമണത്തിനു മുന്‍കൈയെടുക്കാതെ ജാഗ്രത പാലിക്കാൻ ഞാൻ ഉത്തരവു നൽകിയിരുന്നു; ആക്രമണത്തെ ചെറുക്കാൻ അവർ ശ്രമിച്ചെങ്കിലും ശക്തനായ ശത്രുവിനു നിരകൾ കൈവശപ്പെടുത്തുന്നതിന് യാതൊന്നും തടസ്സമായി നിന്നില്ല. ഈ സാഹചര്യത്തെക്കുറിച്ചുള്ള വിവരം രണ്ട് കോസ് അകലെയുള്ള എന്റെ സർദാർമാർ അറിഞ്ഞപ്പോൾ അവർ ഏകദേശം 1000 പേരുമായി വന്ന് ശത്രുവിനെ തടഞ്ഞു; സംഘട്ടനം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു, ഒടുവിൽ... ആക്രമണം താങ്ങാനാവാതെ ശത്രുവിന് മുഖം തിരിച്ച് ഓടേണ്ടിവന്നു. 1000 ത്തോളം പേർ വെടിവയ്‌പ്പിൽ കൊല്ലപ്പെടുകയോ മുറിവേൽക്കുകയോ ചെയ്തു; മൈസൂർ സൈന്യം ഓടിപ്പോകുമ്പോൾ നാലു മുഖ്യ സർദാർമാർ അമ്പു കൊണ്ട് കൊല്ലപ്പെട്ടു; നാല് കുതിരകളും രണ്ട് കൊടികളും രണ്ട് ഡ്രമ്മുകളും എന്റെ ആളുകൾ കൈക്കലാക്കി." - 1 മെയ് 1792.

പൗണിയുടെ കത്തുകൾ:

A. ജോർജ്ജ് പൗണി എൾ കോൺവാലിസിനോട്: "വലത്തുനിന്നും ഇടത്തുനിന്നും വന്ന രാജാവിന്റെ സൈന്യം അവരെ രണ്ട് തീക്കൂനക്കിടയിൽ നിർത്തി. നാലു മണിക്കൂർ നീണ്ടുനിന്ന സംഘർഷത്തിൽ ശത്രുവിനെ വൻ ആൾനാശത്തിലൂടെ തുരത്തി. ടിപ്പു സ്വയം അവിടെ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കുതിരയ്ക്ക് വെടിയേറ്റു. കൊല്ലപ്പെട്ടവരിൽ ഒരു കോസത്തിന്റെ [കുഷൂണിന്റെ] കമാൻഡറായ ജമാൽ ബെഗും ഉണ്ടായിരുന്നു. അതുപോലെ കൊല്ലപ്പെട്ട മറ്റൊരു പ്രധാന വ്യക്തി പരേതനായ മിർ സാഹിബിന്റെ മകൻ മിർ ഖമറുദ്ദീൻ ഖാൻ ആണെന്നു പറയപ്പെടുന്നു;  വീണയുടൻ തന്നെ സ്വന്തം ആളുകൾ അദ്ദേഹത്തിന്റെ തല വെട്ടിമാറ്റി അവരോടൊപ്പം കൊണ്ടുപോയി." - 1790 ജനുവരി 4.

B. ജോർജ്ജ് പൗണി: "രാജാവിന്റെ സൈന്യത്തിൽ നിന്ന് ടിപ്പുവിന് വൻ തിരിച്ചടി കിട്ടി. കോട്ടയുടെ ദുർബലമായ ഒരു ഭാഗം അദ്ദേഹം തകർത്ത് തന്റെ കുതിരപ്പടയ്ക്ക് മുന്നേറാനായി കിടങ്ങിൽ പരുത്തിയും മണലും നിറച്ചു. 7000 പേരുമായി അദ്ദേഹം ആക്രമണം നടത്തി...കുറച്ചു കുതിരകളെയും സൈനികരേയും പിടികൂടി...തടവുകാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ബ്രാഹ്മണൻ, ടിപ്പു നേരിട്ട് പടനയിക്കുകയായിരുന്നുവെന്നും അദ്ദേഹം സഞ്ചരിച്ചിരുന്ന കുതിര വെടികൊണ്ടു വീണെന്നും പറഞ്ഞു.." - 1790 ജനുവരി 5.

C. ജോർജ് പൗണി ജോൺ ഹോളണ്ടിനോട്: "അദേഹത്തിനു പരിക്കേറ്റെന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തിന്റെ പാളയത്തിൽ നിന്ന് വന്ന ചില ഹർക്കാരകൾ സ്ഥിരീകരിക്കുന്നു: ടിപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് താഴേക്കു ചാടാൻ നിർബന്ധിതനായെന്ന് അവർ പറയുന്നു. തന്റെ സൈന്യം പ്രവേശിച്ച സ്ഥലത്തെ കിടങ്ങ് പഞ്ഞിക്കെട്ടുകൾ കൊണ്ട് നികത്തുകയും അവ അഗ്നിക്കിരയാക്കുകയും ചെയ്തു. താഴേക്കുള്ള വീഴ്ചയിൽ സാരമായ പരിക്ക് പറ്റുകയും കൂടാതെ കിടങ്ങിൽ വളർന്നുനിൽക്കുന്ന ഒരു മുളവേലിയിൽ കൊണ്ട് അദേഹത്തിനു വളരെയധികം ചീന്തലുകളുണ്ടായെന്നും പറയുന്നു. മറ്റു ചിലർ പറയുന്നത് കൈത്തോക്കു കൊണ്ട് അദ്ദേഹത്തിനു തോളത്ത് മുറിവേറ്റെന്നാണ്. ടിപ്പുവിന്റെ ഭാര്യാസഹോദരൻ മിർ ഖമറുദ്ദീൻ ഖാൻ മരിച്ചതുമൂലം അവരുടെ പാളയത്തിൽ ഒരു ദുഃഖാചരണം ഉണ്ടായി എന്നും ഹർക്കാരകൾ കൂട്ടിച്ചേർക്കുന്നു." - 1790 ജനുവരി 10.

D. ജോർജ്ജ് പൗണി ജോൺ ഹോളണ്ടിനോട്: "ആക്രമണത്തിൽ ടിപ്പുവിനു പരിക്കേറ്റെന്നാണ് കൊണ്ടുവന്നിട്ടുള്ള എല്ലാ വിവരണങ്ങളും പറയുന്നത്. അക്കാരണത്താൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിഷ്‌ക്രിയത്വം ന്യായമാണ്. അദ്ദേഹം സ്വയം അവിടെയുണ്ടായിരുന്നു എന്നതിൽ സംശയമില്ല. കാരണം വിലപിടിപ്പുള്ള നിരവധി വജ്രമോതിരങ്ങളും മറ്റാഭരണങ്ങളും അടങ്ങുന്ന ഒരു വെള്ളിപ്പെട്ടിയും കൂടാതെ വലിയ മുദ്ര; അദ്ദേഹത്തിന്റ പേരു മുദ്രണം ചെയ്തിട്ടുള്ള ഫ്യൂസിയും പിസ്റ്റളുകളും; അതുപോലെ വാളും എല്ലാമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പല്ലക്ക് കിടങ്ങിൽ വീണു കിടപ്പുണ്ടായിരുന്നു." - 1790 ജനുവരി 13.

ഉപസംഹാരം:

പൗണിയുടെ കത്തുകളിൽ നിന്നാണ് വിൽക്സും പിൻഗാമികളും താഴെപ്പറയുന്ന നിഗമനങ്ങളിൽ എത്തിയത്:

1. ടിപ്പു ലൈനുകളുടെ കൊത്തളത്തിൽ നിന്ന് കിടങ്ങിലേക്കു ചാടുകയും അങ്ങനെ ചതവുണ്ടാകുകയും ചെയ്തു

2. ടിപ്പുവിന്റെ തോളിൽ ഒരു വെടിയുണ്ട കൊണ്ട് മുറിവേറ്റു

3. ഖമറുദ്ദീൻ ഖാൻ മരിച്ചു

4. ടിപ്പു വ്യക്തിപരമായി യുദ്ധം നയിച്ചു, കാരണം അദ്ദേഹത്തിന്റെ പല്ലക്കിൽ വജ്രമോതിരങ്ങളും മറ്റ് ആഭരണങ്ങളും ഉള്ള ഒരു വെള്ളിപ്പെട്ടി ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ മുദ്ര, ഫ്യൂസി, പിസ്റ്റളുകൾ, വാൾ എന്നിവ കിടങ്ങിൽ വീണു കിടന്നിരുന്നു.



5. ടിപ്പുവിന്റെ കുതിരയ്ക്ക് വെടിയേറ്റു

പൗണിയുടെ കത്തുകൾ വിശകലനം ചെയ്താൽ മനസ്സിലാകുന്നത്, 'ടിപ്പു കുഴിയിൽ വീണു' എന്ന വാർത്ത പ്രചരിപ്പിച്ച തിരുവിതാംകൂർ ഹർക്കാരകൾ തന്നെയാണ് ഖമറുദ്ദീൻ ഖാന്റെ മരണവും റിപ്പോർട്ട് ചെയ്തത്. "ഖമറുദ്ദീൻ ഖാൻ ടിപ്പുവിന്റെ അതിജീവിച്ച് പത്തൊൻപതാം നൂറ്റാണ്ടുവരെ ജീവനോടെ ഉണ്ടായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ടിപ്പുവിനെക്കുറിച്ച് ഹർക്കാരകൾ റിപ്പോർട്ട് ചെയ്ത മറ്റു കഥകളും കണ്ണുമടച്ചു വിശ്വസിക്കാനാവില്ല", പ്രാക്സി ഫെർണാണ്ടസ് നിരീക്ഷിക്കുന്നു.

മൈസൂർ സൈന്യത്തിന് കിട്ടിയ ആദ്യ തിരിച്ചടിയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാവുന്ന ഒരു നിഗമനം അവർ യുദ്ധത്തിന് തയ്യാറായിരുന്നില്ല എന്നതാണ്. തിരുവിതാംകൂർ കീഴടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ടിപ്പു വ്യക്തമാക്കിയിരുന്നു. തിരുവിതാംകൂറിനെ ആക്രമിക്കുന്നത് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. [തിരുവിതാംകൂർ  കീഴടക്കുക എന്നതായിരുന്നു ടിപ്പുവിന്റെ യഥാർത്ഥ ലക്ഷ്യമെങ്കിൽ, രാജാവുമായും ബ്രിട്ടീഷുകാരുമായും നടത്തിയ ഈ നീണ്ട കത്തിടപാടുകളുടെ ആവശ്യം എന്തായിരുന്നു? അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ നല്ലതും സൗഹൃദപരവുമായിരുന്നുവെന്ന് ഇതു സ്ഥിരീകരിക്കുന്നു.]

രാമവർമ്മയോടുള്ള ടിപ്പുവിന്റെ മൂന്ന് ആവശ്യങ്ങൾ ഇവയായിരുന്നു: (1). മൈസൂർ പ്രദേശമായ കൊച്ചിയിലൂടെ കടന്നുപോകുന്ന നെടുങ്കോട്ടയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കുക; (2). തിരുവിതാംകൂറിൽ അഭയം പ്രാപിച്ചിരുന്ന മലബാർ തലവന്മാരെ തിരിച്ചേൽപ്പിക്കുക; (3). ഡച്ച് കോട്ടയായ കൊടുങ്ങല്ലൂരിൽ നിന്ന് തിരുവിതാംകൂർ സൈന്യത്തെ പിൻവലിക്കുക.

ഈ പ്രാരംഭ അതിർത്തി സംഭവത്തിനുശേഷവും ടിപ്പു രാജാവുമായുള്ള പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാൻ മദ്രാസ് ഗവർണർക്ക് എഴുതുകയും പൗണിയെ തന്റെ താവളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ മദ്രാസ് ഗവർണർമാരുടെ പുതിയ നിയമനം ഒത്തുതീർപ്പിനുള്ള എല്ലാ സാധ്യതകളും അടച്ചു. [1790 ഫെബ്രുവരി 13-ന് ജോൺ ഹോളണ്ടിനെ മാറ്റി ആക്ടിംഗ് ഗവർണറായി എഡ്വേർഡ് ജോൺ ഹോളണ്ടിനെ നിയമിച്ചു. 1790 ഫെബ്രുവരി 20-ന് ജനറൽ വില്യം മെഡോസ് മദ്രാസ് ഗവർണറായി ചുമതലയേറ്റു]. 1790 ഏപ്രിൽ 13-ന് ടിപ്പു തിരുവിതാംകൂർ ആക്രമിക്കുക എന്ന അവസാന നടപടി സ്വീകരിച്ചു.

കുറിപ്പുകൾ:

ജോൺ ഹോളണ്ട്  [Acting Governor of Madras]

ചാൾസ് വാരെ മാലെറ്റ് [British Resident at Pune court]

ജനറൽ വില്യം മെഡോസ് [Governor of Bombay/Madras]

ജോർജ് പൗണി [British Resident at Travancore court]

ജോൺ ഹച്ചിൻസൺ [Commercial Resident at Anjengo]

റോബർട്ട് അബർക്രോംബി [Governor of Bombay]

ക്യാപ്റ്റൻ കെന്നവേ [Lord Cornwallis's aide-de-camp]

കോൺവാലിസ് പ്രഭു [Governor-General of Fort William]

Reference:

Mysore-Kerala Relations in the Eighteenth Century By A. P. Ibrahim Kunju

ഹൈദരാലിയുടെയും ടിപ്പുവിന്റെയും കേരളം - സി. കെ. കരീം

History of Tipu Sultan By Mohibbul Hasan

The Tigers of Mysore: A Biography of Haider Ali & Tipu Sultan By Praxy Fernandes

Tipu Sultan: A Study in Diplomacy and Confrontation By B. Sheikh Ali

ടിപ്പു സുൽത്താൻ - പി. കെ. ബാലകൃഷ്ണൻ

അഭിപ്രായങ്ങള്‍