ചന്നമ്മയും രാജാറാമും ഔറംഗസേബും: കെട്ടുകഥയിൽ നിന്നു വേർതിരിച്ചെടുത്ത വസ്തുതകൾ

ബിജാപൂരിന്റെയും (1686) ഗോൽകോണ്ടയുടെയും (1687) പതനത്തിനുശേഷം, മുഗൾ ചക്രവർത്തി ഔറംഗസേബിന് (ഭരണകാലം: 1658-1707) ഡെക്കാൻ പൂർണ്ണമായും കീഴടക്കുന്നതിന് തടസ്സമായി നിന്ന ഒരേയൊരു ശത്രുക്കൾ മറാഠകളായിരുന്നു. 1689 ഫെബ്രുവരിയിൽ ഛത്രപതി ശിവജിയുടെ മൂത്തമകൻ സാംഭജിയെ പിടികൂടുന്നതിൽ അദ്ദേഹം വിജയിച്ചു. സാംഭജി 1689 മാർച്ചിൽ വധിക്കപ്പെട്ടു.

സാംഭജി മുഗളരുടെ പിടിയിലായപ്പോൾ ജയിലിൽ പാർപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരൻ രാജാറാം (r: 1689-1700) റായ്ഗഡിൽ മറാഠ ഛത്രപതിയായി പ്രഖ്യാപിക്കപ്പെട്ടു. മറാഠരുടെ തലസ്ഥാനമായ റായ്ഗഡ് പിടിച്ചെടുക്കാൻ ഔറംഗസേബ് സുൽഫിക്കർ ഖാനെ അയച്ചു.

1689 ഒക്ടോബറിൽ റായ്ഗഡ് വീണപ്പോൾ, ഷാഹു ഉൾപ്പെടെ ശിവാജിയുടെയും സാംഭജിയുടെയും വിധവകളും രാജാറാമിന്റെ ഭാര്യമാരും മക്കളും മുഗളരുടെ പിടിയിലായി.

എന്നിരുന്നാലും കോട്ട പിടിച്ചെടുക്കുന്നതിന് മുമ്പ്, രാജാറാം ഒരു യോഗിയുടെ വേഷത്തിൽ റായ്ഗഡിൽ നിന്ന് പലായനം ചെയ്തു (ഏപ്രിൽ 1689). ഔറംഗസേബ് രാജാറാമിന്റെ പുറകേ സയ്യിദ് അബ്ദുള്ള ഖാൻ ബർഹയെയും ബഹദൂർ ഖാനെയും അയച്ചു.

റായ്ഗഡിൽ നിന്ന് തമിഴ്നാട്ടിലെ ജിൻജിയിലേക്കുള്ള രാജാറാമിന്റെ പലായനത്തെക്കുറിച്ച് കേശവ പണ്ഡിറ്റിന്റെ രാജരാമചരിതം എന്ന സംസ്കൃത കൃതിയിൽ പരാമർശിച്ചിട്ടുണ്ട്. റായ്ഗഡിൽ നിന്ന് അദ്ദേഹം കുറച്ച് അനുയായികളുമായി പ്രതാപ്ഗഡിലേക്കും അവിടെ നിന്ന് പൻഹാലയിലേക്കും [മഹാരാഷ്ട്രയിൽ] പോയി. തന്നെ പിന്തുടർന്നുകൊണ്ടിരുന്ന മുഗളരിൽ നിന്നും രക്ഷപ്പെട്ട് രാജാറാം അവസാനം തുംഗഭദ്ര നദിയുടെ തീരത്ത് എത്തിച്ചേർന്നു.




ഇതേസമയം, രാജാറാം മുന്നൂറോളം അനുയായികളോടൊപ്പം ബെദ്നോറിലെ റാണിയുടെ സാമ്രാജ്യത്തിൽ പ്രവേശിച്ചതായി ഔറംഗസേബിന്റെ ചാരന്മാർ അദ്ദേഹത്തിന് വാർത്ത നൽകി. 

രാജാറാമിനെ പിന്തുടർന്ന് അവിടെയെത്തിയ അബ്ദുള്ള ഖാൻ തുംഗഭദ്ര നീന്തി ബെദ്നോർ അതിർത്തിയിലെത്തി. തുംഗഭദ്രയിലെ ഒരു ദ്വീപിൽ അഭയം പ്രാപിച്ച മറാഠകൾ രാത്രിയിൽ ആക്രമിക്കപ്പെട്ടു. ഈ കടുത്ത പോരാട്ടത്തിൽ നിരവധി മറാഠ സൈനികർ മരിച്ചു. ഹിന്ദുറാവു, യെക്കോജി, ബഹിർജി, മനാജി ഘോർപഡെ, രൂപാജി ഭോസ്ലെ (രൂപ സിംഗ് ഭോൺസ്ലെ), ശാന്താജി ജഗ്തപ്, മനാജി മോർ, ഷാർജറാവോ ഗാധെ തുടങ്ങിയ നിരവധി മറാഠ പടത്തലവന്‍മാരെ മുഗളർ പിടികൂടി. ഈ പോരാട്ടത്തിനിടയിൽ രാജാറാം രക്ഷപ്പെട്ടു.

തുംഗഭദ്ര നദി മുറിച്ചുകടന്ന രാജാറാമും കൂട്ടരും യോഗികളുടെ വേഷത്തിൽ കർണാടകയിലെ ബെദ്നോർ രാജ്യത്തേക്ക് നീങ്ങി.

ഒരു കാലത്ത് വിജയനഗരത്തിന്റെ കീഴിൽ സാമന്തരാജ്യമായിരുന്ന ബെദ്നോറിലെ കേലാടി നായകർ (ഇക്കേരി, കാനറ, നഗര എന്നും അറിയപ്പെടുന്നു) 1763 - ൽ അവസാനത്തെ രാജ്ഞിയായിരുന്ന റാണി വീരമ്മയെ ഹൈദർ അലി സ്ഥാനഭ്രംശം നടത്തുന്നതു വരെ സ്വതന്ത്ര ഭരണാധികാരികളായിരുന്നു.  

കന്നഡ, സംസ്കൃത സ്രോതസ്സുകൾ രാജാറാം ബെദ്നോറിലെ റാണിയായ കേലാടി ചന്നമ്മ എന്നറിയപ്പെടുന്ന, സോമശേഖരനായകയുടെ വിധവയായ, റാണി ചന്നമ്മയുടെ (r: 1672/73-1697) സമക്ഷം അഭയം തേടി ചെന്ന കാര്യം വിവരിക്കുന്നു. മാസ്സിർ-ഇ-ആലംഗിരി അവരെ 'ഷീ-ബിയർ' (പെൺകരടി) എന്നാണ് സംബോധന ചെയ്തിട്ടുള്ളത്.




കവി ലിംഗണ്ണയുടെ കേലാടിനൃപവിജയം പറയുന്നത് പൊന്നാലി [ഹൊന്നാലി] യ്ക്ക് സമീപമെത്തിയപ്പോൾ, രാജാറാം തന്റെ അനുയായികളെ ചന്നമ്മയുടെ കൊട്ടാരത്തിലേക്ക് അയച്ചു. ചന്നമ്മ മന്ത്രിമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി ഒടുവിൽ അഭയാർത്ഥിക്ക് സംരക്ഷണം നൽകാൻ തീരുമാനിച്ചു; ഗജാനൂർ, ബോർ, നടഹള്ളി, ആടുവള്ളി, കലാസ്, ഖാണ്ഡ്യ, വസുധരെ (വാസ്തരെ) വഴി ജിൻജിയിലേക്ക് രക്ഷപ്പെടാൻ അവരെ സഹായിച്ചു.

ഇതിനിടെ ചന്നമ്മ രാജാറാമിന് സംരക്ഷണം നൽകിയ വിവരം ഔറംഗസേബിനു ലഭിച്ചു. രാജാറാമിനെ ഉടനടി ബന്ധനസ്ഥനാക്കി രാജകീയ സന്നിധിയിൽ ഹാജരാക്കാൻ ഉത്തരവിടുകയും ചെയ്തു. ഔറംഗസേബിന്റെ ഉത്തരവിന് മറുപടിയായി ചന്നമ്മ ആ ആരോപണം നിഷേധിച്ചു, 'രാജാറാം ഇവിടേക്കു വന്നിട്ടില്ല. അബ്ദുള്ള ഖാൻ രൂപ സിംഗ് ഭോൺസ്ലെയെ അനുയായികൾക്കൊപ്പം പിടികൂടി, അക്കൂട്ടത്തിൽ ആ അഭയാർത്ഥി ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്'.

റാണി രാജാറാമിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നു സംശയിക്കപ്പെട്ടതിനാൽ ഔറംഗസേബ് ജാനിസാർ ഖാനോട് (കേലാടിനൃപവിജയം, പോർച്ചുഗീസ് റെക്കോർഡുകൾ എന്നിവ പ്രകാരം അസം ഷാ; ഫുതുഹത്ത്-ഇ-ആലംഗിരി പ്രകാരം അബ്ദുള്ള ഖാൻ ബർഹയും ബഹദൂർ ഖാനും) ബെദ്നോർ ആക്രമിക്കാൻ ഉത്തരവിട്ടു.

കേലാടിനൃപവിജയം പറയുന്നത്: രാജാറാമിന്റെ ഏൽപിക്കാൻ ഔറംഗസേബ് ആവശ്യപ്പെട്ടപ്പോൾ, രാജാറാം തന്റെ രാജ്യത്തിലൂടെ കടന്നുപോയതു ശരിയാണ്, പക്ഷെ ഇപ്പോൾ അവിടെ താമസിക്കുന്നില്ലെന്ന് റാണി അറിയിച്ചു. മറാഠ കുമാരൻ അതുവഴി കടന്നുപോയപ്പോൾ ആ പാച്ചിലിനിടയ്ക്ക് ഉപേക്ഷിച്ചു പോയ ആഭരണങ്ങൾ, കുതിരകൾ മുതലായവ താൻ കൈവശപ്പെടുത്തിയെന്നും അവർ പ്രസ്താവിച്ചു. റാണി ആ വസ്‌തുവകകളെല്ലാം തങ്ങൾക്ക് കൈമാറിയെങ്കിലും രാജാറാമിനെ വിട്ടുതരാൻ വിസമ്മതം കാണിക്കുകയാണെന്ന് ഔറംഗസേബിന്റെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു. അതിനാൽ ബെദ്നോർ നശിപ്പിക്കാൻ ഔറംഗസേബ് തീരുമാനിച്ചു. എന്നാൽ റാണി മുഗളരെ നേരിടാൻ ഒരു വലിയ സൈന്യത്തെ അയക്കുകയും അവരെ പരാജയപ്പെടുത്തി സമാധാന ഒത്തുതീർപ്പിന് നിർബന്ധിതരാക്കുകയും ചെയ്തത്രേ.

ഐ എം മുത്തണ്ണ, നരഹരയ്യ എസ് എൻ തുടങ്ങിയ എഴുത്തുകാർ ഒരു പടി കൂടി മുന്നേറി സ്വയം ഔറംഗസേബിനെത്തന്നെ പരാജയപ്പെടുത്തിയെന്നും പ്രസ്താവിക്കുന്നു!

എന്നാൽ മുഗൾ രേഖകൾ വെളിപ്പെടുത്തുന്നത് ഔറംഗസേബിന് കപ്പം കൊടുത്തു കൊണ്ട് മുഗളരുമായി സമാധാനം സ്ഥാപിക്കാൻ ചന്നമ്മ നിർബന്ധിതയായി എന്നാണ്.

'മറാഠ പ്രമാണി സന്താജി ഘോർപഡെ ജാനിസാർ ഖാൻ, മത്ലബ് ഖാൻ, ഷാർസ ഖാൻ എന്നിവരെ വിജയകരമായി എതിർത്തെങ്കിലും റാണി ഒടുവിൽ പിഴ എന്ന പേരിൽ ഒരു ചെറിയ കപ്പം നൽകി യുദ്ധത്തിൽ നിന്ന് ഒഴിവായി', എന്ന് മാസ്സിർ-ഇ-ആലംഗിരിയിൽ പറയുന്നു.

ഈ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഈശ്വർ ദാസ് നഗർ നൽകുന്നു: നാശത്തിൽ നിന്ന് തന്റെ രാജ്യം സംരക്ഷിക്കാൻ റാണി പരമാവധി ശ്രമിച്ചു. മുഗൾ ആക്രമണത്തിൽ ബെദ്നോറിലെ നിരവധി ഗ്രാമങ്ങളും ജില്ലകളും നശിപ്പിക്കപ്പെട്ടു. റാണി ബെദ്നോർ കോട്ട വിട്ട് കുറച്ചുകൂടി ദൃഢമായ കൊംഗഡ് കോട്ടയിലേക്ക് [ഒരു പക്ഷെ കവലെദുർഗ] മാറി. അവിടെ നിന്ന് അവർ സമാധാനമായ തീർപ്പിനു വേണ്ടി അപേക്ഷിച്ചുകൊണ്ട് ഔറംഗസേബിന് ഇപ്രകാരം കത്തെഴുതുകയും ചെയ്തു, 'രാജാറാം നമ്മുടെ രാജ്യത്തു വന്നിരിക്കുന്നുവെന്ന് ചില സ്വാർത്ഥ വ്യക്തികൾ അങ്ങയെ ധരിപ്പിച്ചു, എന്നാൽ അത് ശരിയല്ല. രാജാറാം നമ്മുടെ സമക്ഷം വന്നു, പക്ഷേ ഞങ്ങൾക്കിടയിൽ വളരെക്കാലമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതിനാൽ നാം അദേഹത്തെ ഇവിടെ താമസിക്കാൻ അനുവദിച്ചില്ല. അപ്പോൾ അദേഹം തന്റെ അമ്മാവന്റെ അടുത്തേക്ക് പോയി. ഈ വിനീത ഇപ്പോഴും അങ്ങയുടെ വിശ്വസ്തയാണ്, അങ്ങയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ ഏതെങ്കിലും കാര്യം എനിക്കെങ്ങനെ ചെയ്യാൻ കഴിയും? അങ്ങയുടെ ദയയിൽ നമുക്ക് പൂർണ്ണ വിശ്വാസമുണ്ട്, തെറ്റായ ആളുകളുടെയും വിടുവായരുടെയും വാക്കുകൾ അങ്ങു ചെവിക്കൊള്ളരുത്. നമ്മുടെ രാജ്യം കൊള്ളയടിക്കാൻ നിയോഗിക്കപ്പെട്ട വിജയ സൈന്യത്തെ അവിടെ സമാധാനവും ക്രമവും നിലനിർത്താൻ തിരികെ വിളിക്കണമെന്ന് അപേക്ഷിക്കുന്നു'.

ഈ മറുപടി ലഭിച്ചപ്പോൾ ഔറംഗസേബ് അവരോടു ക്ഷമിക്കുകയും ബെദ്നോറിൽ നിന്ന് സൈന്യത്തെ തിരിച്ചുവിളിക്കുകയും ചെയ്തു. റാണി പ്രതിവർഷം 8 ലക്ഷം രൂപ കപ്പമായി നൽകണമെന്ന് ഉത്തരവിട്ടു. കൂടാതെ 2500 ഹനകൾക്കൊപ്പം 500 കുതിരപ്പടയാളികളെയും 2000 കാലാളുകളെയും തൽക്കോങ്കനിലേക്ക് അയക്കുകയും വേണം. അതോടൊപ്പം ഔറംഗസേബ് റാണിക്കു വേണ്ടി തിരുവുടയാടകളും ഒരു ആനയും അഞ്ചു കുതിരകളും മറ്റും ഉപഹാരമായി അവരുടെ വക്കീലിനു നൽകി.

ഈ ഉത്തരവും സമ്മാനങ്ങളും ലഭിച്ച ശേഷം 115000 ഹനകൾ, രണ്ട് ആനകൾ, പത്തു കുതിരകൾ എന്നിവയോടൊപ്പം ഔറംഗസേബിന് നന്ദി പറഞ്ഞ് റാണി മറ്റൊരു സന്ദേശം അയച്ചു. 1693 - ൽ റാണിയുടെ വക്കീല്‍ വന്ന കാര്യം മാസ്സിർ-ഇ-ആലംഗിരിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, 'ബെദ്നോർ റാണിയുടെ വക്കീല്‍ റാണിയുടെ കത്തിനോടൊപ്പം 300 ഹന കപ്പവും കാഴ്ച വച്ചു'.

ബെദ്നോർ മുൻപേ തന്നെ മുഗളന്മാരുടെ സാമന്തരായിരുന്നുവെന്നു തോന്നുന്നു; ഈശ്വർ ദാസ് തന്റെ ഫുതുഹത്ത്-ഇ-ആലംഗിരിയിൽ 1688 മേയ് കാലഘട്ടത്തിൽ സുൽഫിക്കർ ഖാൻ ചന്നമ്മയ്ക്കെതിരെ നടത്തിയ ആറു മാസത്തെ മുഗൾ യുദ്ധ പ്രവർത്തനത്തെക്കുറിച്ചും ഒടുവിൽ അവർ ഔറംഗസേബിനോടു കൂറു പ്രഖ്യാപിച്ചതും റാണിയുടെ വക്കീൽ ഡൽഹിയിൽ എത്തിയതുമെല്ലാം പരാമർശിച്ചിട്ടുണ്ട് (History of Aurangzib Vol 4 Southern India 1645-1689), 'റാണിയുടെ വക്കീൽ അങ്കുജി ഡൽഹിയിൽ എത്തി ചക്രവർത്തിയെ മുഖം കാണിച്ചു, ചക്രവർത്തി റാണിക്കായി ഒരു എംബ്രോയിഡറി സാരിയും മറ്റുടയാടകളും കൂടാതെ അവരുടെ പുത്രനു (ബസവപ്പ നായക) വേണ്ടി ഒരു പ്രത്യേക അലങ്കാരവസ്ത്രവും ഒരു ആനയും രണ്ടു കുതിരകളും സമ്മാനിച്ചു. "8 ലക്ഷം രൂപയുടെ കപ്പം ഇപ്രകാരം അടയ്ക്കണമെന്ന് ഉത്തരവിട്ടു: അതായത്, ചക്രവർത്തിക്ക് 5 ലക്ഷം, ബിജാപൂർ ഖജനാവിലേക്ക് 2 ലക്ഷം, സുൽഫിക്കർ ഖാന് ഒരു ലക്ഷം". ഇത് ശേഖരിക്കാനായി രണ്ടുമൂന്ന് ഉദ്യോഗസ്ഥരെയും അയച്ചു.

രാജാറാം റാണിയുടെ ഒരു ബന്ധു ആയതിനാലാണ് അവർ അദ്ദേഹത്തിന് സംരക്ഷണം നൽകിയതെന്ന് ഈശ്വർ ദാസ് കുറിക്കുന്നു. വാസ്തവത്തിൽ, രാജറാമിന്റെ പിതാവ് ശിവാജി 1675 - ൽ റാണിക്ക് വിപ്ലവകാരിയായ തിമ്മണ്ണ നായക്കിൽ നിന്നും സംരക്ഷണം നൽകിയിരുന്നു. [മുനി ലാലിന്റെ അഭിപ്രായത്തിൽ, ഒരിക്കൽ സാംഭജി ആദിവാസി കൊള്ളക്കാരുടെ കൈകളിൽ നിന്ന് റാണിയെ രക്ഷിച്ചു.] 




1691 - ലെ റാണി ചന്നമ്മയുടെ ഒരുത്തരവിൽ 1689 - ലെ മുഗൾ അടിച്ചമർത്തലിനെക്കുറിച്ച് പരാമർശിക്കുന്നു (79 - Epigraphia Carnatica, Vol. VII- Inscriptions in the Shimoga District). 1691 - ലെ ഒരു പോർച്ചുഗീസ് രേഖയിൽ മുഗളർ റാണിയെ പരാജയപ്പെടുത്തിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

1691 ജനുവരിയിൽ പോർച്ചുഗീസ് വൈസ്രോയി പോർചുഗൽ രാജാവിന് എഴുതിയ ഒരു കത്തിൽ, രാജറാമിനെ തന്റെ രാജ്യത്തിലൂടെ കടന്നുപോകാൻ ചന്നമ്മ അനുവദിച്ചതായും ഔറംഗസേബ് തന്റെ മകൻ അസം ഷായുടെ കീഴിൽ ഒരു സൈന്യത്തെ രാജാറാമിന്റെ പിന്നാലെ അയച്ചതായും വിവരിക്കുന്നു. ആസാം ഷാ റാണിയെ നാലുപാടും വളഞ്ഞു, അങ്ങനെ അവരുടെ പല കോട്ടകളും പിടിച്ചെടുത്ത് ബെദ്നോറിലെ അവരുടെ കൊട്ടാരത്തിലെത്തി അവിടെ നിന്നും പലായനം ചെയ്യാനും സമാധാനസന്ധിക്കുവേണ്ടി അപേക്ഷിക്കാനും അവരെ നിർബന്ധിതയാക്കി. റാണി തന്റെ മൂന്നു കോട്ടകൾ (മാധവപുര, അനന്തപുർ, മഹാദേവപുര) വിട്ടുകൊടുക്കുകയും കൂടാതെ മൂന്നു വർഷത്തിനുള്ളിൽ 18 ലക്ഷം പഗോഡകൾ നൽകാമെന്നു കരാറു ചെയ്യുകയും ചെയ്തു. ആദ്യ വർഷത്തെ  ഗഡുവായി ആറു ലക്ഷം രൂപയും കൈമാറി. എന്നാൽ ഇത്രയും വലിയ തുക കപ്പം നൽകുന്നതിന് റാണി ജനങ്ങളുടെമേൽ കനത്ത നികുതി ചുമത്തി.

മുനി ലാൽ തന്റെ 'ഔറംഗസേബിൽ' പറയുന്നു, തന്റെ പ്രധാനമന്ത്രി അസദ് ഖാന്റെ അപേക്ഷയിന്മേലാണ് ഔറംഗസേബ് ചന്നമ്മയ്ക്കു മാപ്പു  നൽകിയത്. ആസാദ് ഖാന്റെ മകൻ സുൽഫിക്കർ ഖാൻ റാണിയുമായി രഹസ്യ പ്രണയത്തിലായിരുന്നു എന്നൊരു കഥയും അദ്ദേഹം വിവരിക്കുന്നു, ഒപ്പം രാജാറാം ജിൻജിയിലേക്കു രക്ഷപ്പെട്ടത് 'പ്രണയത്തിനു വിശ്വസ്തതയുമായുള്ള സംഘർഷത്തിന്റെ സങ്കീർണ്ണമായ ഒരു കഥയാണെന്നും' അഭിപ്രായപ്പെടുന്നു! 

Reference:

Channammaji and the Marathas By Dr. B. Muddachar
Rajaram and the Portuguese By Cavaliero Panduranga Pissurlencar
Jadunath Sarkar's Aurangzeb & Shivaji
Ishwar Das Nagar's Futuhat-i-Alamgiri Translated & Edited by Tasneem Ahmad
Rajarama's Escape to Ginji By G. H. Khare

അഭിപ്രായങ്ങള്‍