രണ്ടു മൂവായിരം കൊല്ലങ്ങൾക്കു മുൻപ് ഈ ലോകത്തിൽ പല രാജ്യങ്ങളും ഒറ്റതിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. അന്യരാജ്യങ്ങളുമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞിരുന്നവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്നായിരുന്നു നമ്മുടെ നാടായ കേരളം.
റോം, ഗ്രീസ്, ഈജിപ്റ്റ്, ബാബിലോണിയ, അറേബ്യ മുതലായ രാജ്യങ്ങളുമായി കേരളം നിത്യസമ്പർക്കം പുലർത്തിപോന്നിരുന്നു.
ഇത് സാധിച്ചതെങ്ങനെയെന്നോ!
ഇന്നത്തെപ്പോലെ അന്നും കേരളത്തിലെ കിഴക്കൻ പ്രദേശങ്ങൾ വിലമതിപ്പുള്ള മലഞ്ചരക്കുകളുടെ കലവറയായിരുന്നു.
കുരുമുളക്, ഏലക്കായ, ഇലവർങ്ങം തുടങ്ങിയ മലഞ്ചരക്കുകൾ യൂറോപ്പു രാജ്യക്കാരെ നിരന്തരം ആകർഷിച്ചുകൊണ്ടിരുന്നു. കുരുമുളകിന്റെ നാട് എന്ന പേരിൽ കേരളത്തിന് പാശ്ചാത്യരാജ്യങ്ങളിലുണ്ടായിരുന്ന പ്രശസ്തി കുറച്ചൊന്നുമായിരുന്നില്ല.
Piper nigrum എന്ന ശാസ്ത്രീയനാമമുള്ള കുരുമുളക് നിത്യജീവിതത്തിന് അപരിഹാര്യമായിട്ടാണ് പാശ്ചാത്യർ കരുതിയിരുന്നത്. മാംസ പദാർത്ഥങ്ങൾ കേടുവരാതെ സൂക്ഷിക്കാനും കുരുമുളകു വേണം. ദേവാലയങ്ങളിൽ വഴിപാടായും വിവാഹത്തിന് സ്ത്രീധനമായും കുരുമുളക് ഉപയോഗിച്ചിരുന്നു. ഈ കറുത്ത പൊന്നിന്റെ പേരിൽ റോമാ നഗരത്തിലെ സ്വർണ്ണവും വെള്ളിയും മുഴുവൻ ചോർന്നുപോകുന്നുവെന്നുപോലും ചില രാജ്യതന്ത്രജ്ഞന്മാർ പരാതി പറയുകയുണ്ടായി.
അന്നും ഇന്നും കേരളത്തിന് പരിഷ്‌കൃത ജനവർഗ്ഗങ്ങളുമായി നിത്യബന്ധം പുലർത്താൻ വേണ്ട അന്തസ്സും ആഭിജാത്യവും നേടിക്കൊടുത്ത ആ കുരുമുളകു തോട്ടങ്ങളിലേക്കൊന്നു കടന്നു ചെല്ലാം.
സഹ്യപർവ്വത മലയുടെ ചരിവുകളിലാണ് കുരുമുളക് സമൃദ്ധിയായി വിളയുന്നത്. സഹ്യാദ്രിയിൽ കുളിർകാറ്റേറ്റ് തലയാട്ടി നൃത്തം ചെയ്യുന്ന ഇവയ്ക്ക് ചൂടും ഈർപ്പവും ചേർന്ന കാലാവസ്ഥയാണ് താല്പര്യം. ഡച്ചുകാർ കേരളത്തിൽ നിന്ന് കുറെ കുരുമുളകുകൊടി കൊണ്ടുപോയപ്പോൾ കോഴിക്കോട് സാമൂതിരി ഇങ്ങനെ പറഞ്ഞുവത്രേ! "അവർക്കു മുളകുകൊടിയല്ലേ കൊണ്ടുപോകാൻ പറ്റുള്ളൂ. തിരുവാതിര ഞാറ്റുവേല എങ്ങനെ അപഹരിക്കും?"
അതായത്, ആൾക്ക് വളരണമെങ്കിൽ മഴ സമൃദ്ധിയായി കിട്ടണം, എന്നാൽ കടയ്ക്കൽ വെള്ളം കെട്ടിനിൽക്കാനും പാടില്ല. നദീതീരത്തുള്ള പശമണ്ണാണെങ്കിൽ കുശാലായി. ഇലകളും മറ്റും ചീഞ്ഞു വളക്കൂറുള്ള ഈ മണ്ണിൽ ദാഹത്തോടൊപ്പം വിശപ്പും അടക്കാം.
കൃഷിക്കാർ കുരുമുളകു തൈകളെ സ്വന്തം പെൺകുട്ടികളെപ്പോലെ ലാളിച്ചാണ് വളർത്തുന്നത്. മെലിഞ്ഞ ശരീരമുള്ള ഇവയ്ക്ക് ഒരു താങ്ങ് ആവശ്യമാണ്. അല്ലെങ്കിൽ പാവങ്ങൾക്ക് എഴുന്നേറ്റു നില്ക്കാൻ സാധിക്കില്ല. അതിനാൽ ആദ്യം തന്നെ കൊടികൾക്കു താങ്ങും തണലും നൽകാൻ കഴിവുള്ള പടർമരങ്ങളാണ് വച്ചുപിടിപ്പിക്കുക. കാഞ്ഞിരം, മരുത്, മാവ്, പ്ലാവ്, മുരുക്ക് എന്നിവയൊക്കെ കൊടികൾക്കിണങ്ങിയ വരന്മാരാണ്. തോട്ടത്തിൽ ഏതാണ്ട് പത്തടി വീതം അകലമിട്ട് ഈ പടർ മരങ്ങൾ വച്ചുപിടിപ്പിച്ചാൽ അതിർത്തിക്കയറ്റവും അവകാശത്തർക്കവും ഒന്നും കൂടാതെ കഴിഞ്ഞുകൂടിക്കൊള്ളും.
ഓരോ മരത്തിന്റെ ചുവട്ടിലും തടമുണ്ടാക്കി രണ്ടടി നീളമുള്ള അഞ്ചു കോടി വീതം നടാം. തിരുവാതിര ഞാറ്റുവേലയാണ് ഈ വിവാഹത്തിന് പറ്റിയ മുഹൂർത്തം. പച്ചില വളമാണ് മുളകിന്റെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം.
ശരിയായി ശുശ്രൂഷിച്ചാൽ മൂന്നാം കൊല്ലം മുളക് കായ്ക്കും. വൃശ്ചികം-ധനു മാസങ്ങളിലാണ് മുളക് പറിക്കാൻ പകമാകുന്നത്. പറിച്ചെടുത്തയുടനെ ഉണ്ടാക്കുന്നതാണ് കറുത്ത മുളക്. എന്നാൽ പാശ്ചാത്യർക്ക് കൂടുതൽ ഇഷ്ടം പഴുത്ത മുളക് തൊലി തിരുമ്മിക്കഴിഞ്ഞാൽ കിട്ടുന്ന വെളുത്ത അരിമുളകാണ്.
Reference:
കേരള പാഠാവലി മലയാളം സ്റ്റാൻഡേർഡ് VI 1963
No comments :