"In the small laboratory seventy yards to the Southeast of this gate, Surgeon-Major Ronald Ross I.M.S. in 1898, discovered the manner in which Malaria is conveyed by the mosquitoes."
ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന പ്രമുഖ ഇന്ത്യൻ-ബംഗാളി സാഹിത്യകാരനായ അമിതാവ് ഘോഷിന്റെ നാലാമത്തെ നോവലാണ് 1996-ൽ പ്രസിദ്ധീകരിച്ച 'ദ കൽകട്ട ക്രോമസോം'. എം. ജി. യൂണിവേഴ്സിറ്റി രണ്ടാം വർഷ ബിരുദത്തിനു ഇംഗ്ലീഷ് ലാങ്ഗ്വേജിന്റെ ഭാഗമായി പഠിക്കാനുണ്ടായിരുന്ന ഈ പുസ്തകം ചരിത്ര നോവലോ സയൻസ് ഫിക്ഷനോ അതുമല്ലെങ്കിൽ മെഡിക്കൽ ത്രില്ലറോ ഒക്കെ ആയി കണക്കാക്കാം.
Amitav Ghosh |
ഈ നോവലിലെ സംഭവവികാസങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തുടങ്ങി ഫ്ലാഷ് ബാക്കിലൂടെ 19, 20 നൂറ്റാണ്ടുകളിലൂടെ വീണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുന്നു. 1995-ൽ കൽക്കട്ടയിലാണ് കഥയുടെ പ്രധാന ഭാഗം നടക്കുന്നത്.
മലേറിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നോവൽ; അനോഫിലിസ് പെൺകൊതുകുകൾ വഴി മലേറിയ രോഗാണുവായ പരാദം (പ്ലാസ്‌മോഡിയം) പകരുന്ന രീതി സർജൻ മേജർ റൊണാൾഡ് റോസ് 1898-ൽ കണ്ടെത്തി. ഈ സുപ്രധാന കണ്ടുപിടിത്തത്തിന് 1902-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി.
Ross Memorial located on the western wall of the Presidency General (PG) Hospital, now known as SSKM |
Ross Memorial - Marble Plaques |
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ന്യൂയോർക്കിലെ ഒരു കംപ്യൂട്ടർ പ്രോഗ്രാമറായ അന്താർ തന്റെ സൂപ്പർ കംപ്യൂട്ടറിൽ പഴകി ദ്രവിച്ച ഒരു ഐഡി കാർഡ് ആകസ്മികമായി കാണുമ്പോൾ കഥ ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാളായ 1995 ഓഗസ്റ്റ് 21 മുതൽ കാണാതായ 'അരവട്ടൻ' എന്ന് സുഹൃത്തുക്കൾ വിളിച്ചിരുന്ന എൽ. മുരുഗന്റേതായിരുന്നു ആ കാർഡ്. മുരുഗനെ അവസാനമായി കണ്ടത് കൽക്കട്ടയിലാണ്. തന്റെ സൂപ്പർ കംപ്യൂട്ടറിന്റെ സഹായത്തോടെ അന്താർ മുരുഗന്റെ തിരോധാനം അന്വേഷിക്കുന്നു.
മലേറിയ ഗവേഷണത്തിന് ഒരു രഹസ്യ ചരിത്രമുണ്ടോ?
അന്താറിന്റെ അന്വേഷണം ഭൂതകാലത്തിലേക്ക് കൂടുതൽ പിന്നോട്ട് നീങ്ങുമ്പോൾ, മുരുഗനെക്കുറിച്ചും മലേറിയ ഗവേഷണത്തിലുള്ള അയാളുടെ താൽപ്പര്യത്തെക്കുറിച്ചും നമ്മൾ കൂടുതൽ മനസ്സിലാക്കുന്നു. റൊണാൾഡ് റോസിനെപ്പറ്റി ആധികാരികമായി സംസാരിക്കാൻ കഴിവുള്ള ജീവിച്ചിരിക്കുന്ന ഏകവ്യക്തി താനാണെന്ന് അയാൾ അവകാശപ്പെട്ടിരുന്നു. റോസിന്റെ പ്രവർത്തനം മുഴുവനും അയാൾക്ക് കാണാപ്പാഠമായിരുന്നു. റോസിന്റേതായിവന്ന ഗവേഷണഫലത്തെപ്പറ്റി തനിക്കു പല സംശയങ്ങളുമുണ്ടെന്ന് അയാൾ സുഹൃത്തുക്കളോട് പറയുമായിരുന്നു. കൽക്കട്ടയിലെ ഒരു രഹസ്യസംഘം റോസിന്റെ ഗവേഷണത്തിൽ ഇടപെടുകയും ഒരു പ്രത്യേക ദിശയിലേക്ക് അദ്ദേഹത്തെ പിന്നിൽ നിന്ന് നയിക്കുകയും ചെയ്തതായി മുരുഗൻ വിശ്വസിച്ചു. റോസിന് പിഴച്ചപ്പോഴെല്ലാം അവർ അദേഹത്തെ ശരിയായ പാതയിലേക്ക് നയിച്ചു. കൽക്കട്ടയിലെ പി.ജി. ഹോസ്പിറ്റലിലുള്ള ഡോ. ഡി.ഡി കണ്ണിംഗ്ഹാമിന്റെ ലബോറട്ടറിയിലെ മദ്ധ്യവയസ്കയായ തൂപ്പുകാരി മംഗളയും അവരുടെ സഹായിയായ ലാഖൻ അല്ലെങ്കിൽ ലച്ച്മൺ എന്നയാളുമാണ് ഈ സംഘത്തിന് നേതൃത്വം നൽകിയത്. മൗനവും രഹസ്യവും ഈ സംഘത്തിന്റെ പ്രധാന പ്രമാണങ്ങളായിരുന്നു.
ഡോ. ഡി.ഡി. കണ്ണിംഗ്ഹാമിന്റെ ലബോറട്ടറിയിൽ വച്ചാണ് റോസ് മലേറിയാണുവിനെ കണ്ടെത്തിയത്. ഒരു ഓസ്ട്രിയൻ ക്ലിനിഷ്യനായ ജൂലിയസ് വോൺ വാഗ്നർ ജൗറെഗ് മലേറിയ ഗവേഷണത്തിൽ റൊണാൾഡ് റോസിനെക്കാൾ മുന്നിട്ടു നിന്നിരുന്നു. കൃത്രിമമായി സൃഷ്ടിക്കുന്ന മലേറിയ സിഫിലിറ്റിക് പാരെസിസിനെ സുഖപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം പ്രവർത്തിച്ചത്. എന്നാൽ ഈ ഓസ്ട്രിയന് മുമ്പുതന്നെ 1890-കളിൽ മംഗള ഈ രംഗത്ത് ശ്രദ്ധേയമായ വിജയം നേടിയിരുന്നു. സിയാൽഡ സ്റ്റേഷൻ പരിസരത്തുവച്ചാണ് സിഫിലിസ് രോഗിയായിരുന്ന മംഗളയെ ഡോ. കണ്ണിംഗ്ഹാം കാണുന്നത്. ഒരു വിദ്യാഭ്യാസവുമില്ലാത്ത അവരെ പരിശീലിപ്പിച്ചെടുത്തതും അദ്ദേഹം തന്നെയായിരുന്നു. മംഗള ഒരു പ്രതിഭയായിരുന്നുവെന്ന് മുരുഗൻ വിശ്വസിക്കുന്നു. റോസ് 'കണ്ടെത്തുന്നതിന്' വളരെ മുമ്പുതന്നെ മലേറിയ പരാദങ്ങളുടെ വാഹകർ അനോഫിലിസ് കൊതുകുകളാണെന്ന് അവർക്കറിയാമായിരുന്നു. മലേറിയ തലച്ചോർ മുഖേന പാരെസിസിൽ പ്രവർത്തിക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു. അവസാന സ്റ്റേജിലുള്ള സിഫിലിസ് പോലെ മലേറിയയും തലച്ചോറിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കും, അത് മതിഭ്രമത്തിനു പോലും കാരണമാകും. പ്രാവുകളിൽ ഉല്‍പാദിപ്പിച്ചെടുത്ത ഒരു പ്രത്യേക തരം മലേറിയ അണുക്കളെയാണ് മംഗള ഉപയോഗിച്ചിരുന്നത്. പ്രാവുകളിൽ നിന്ന് സിഫിലിസ് രോഗിക്ക് മലേറിയ പകർത്തുന്ന വിദ്യയും അവർ വികസിപ്പിച്ചെടുത്തിരുന്നു. പിന്നീട് അവർ രഹസ്യമായി കണ്ണിംഗ്ഹാമിന്റെ ലബോറട്ടറിയിലെ രോഗികളെ ചികിത്സിക്കാൻ തുടങ്ങി. ഈ ചികിത്സയ്ക്കിടെ, വിചിത്രമായ വ്യക്തിത്വ വൈകല്യങ്ങൾ പോലെയുള്ള ചില പാർശ്വഫലങ്ങൾ തന്റെ രോഗികളിൽ അവർ ശ്രദ്ധിച്ചു. മലേറിയ ദാതാവിന്റെ വ്യക്തിത്വ സവിശേഷതകൾ ആ പക്ഷികൾ വഴി സ്വീകർത്താവിന് കൈമാറാൻ കഴിയുമെന്ന് അവർ ക്രമേണ കണ്ടെത്തി. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിനുശേഷം, സ്വന്തം ജോലി തുടരാൻ അവർക്ക് ഒരു ഒദ്യോഗിക ശാസ്ത്രജ്ഞനെ കണ്ടെത്തേണ്ടതായി വന്നു. അതിനായി മംഗള റോസിനെ തിരഞ്ഞെടുത്തു. രോഗികൾ, കൊതുകുകൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി എല്ലാവിധ സഹായങ്ങളും അവർ അദ്ദേഹത്തിന് നൽകി.
ഇപ്രകാരം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വ്യക്തിഗത സവിശേഷതകൾ കൈമാറ്റുന്നതിൽ മംഗള വിജയിച്ചു. ദാതാവിന് അനശ്വരത ഉറപ്പുനൽകുന്ന ഒന്നായിരുന്നു അത്. ഈ 'മൃതസഞ്‌ജീവനിയുടെ' പുറകെയായിരുന്നു അവർ. മുരുഗൻ അതിനെ 'കൽക്കട്ട ക്രോമസോം' എന്ന് വിളിച്ചു. കൽക്കട്ട ക്രോമസോം അസാധാരണമാണ്, കാരണം അത് സാധാരണ ടെക്നിക്കുകൾ ഉപയോഗിച്ച് വേർതിരിച്ചെടുക്കാനും കണ്ടെത്താനും കഴിയില്ല. നമ്മുടെ സാധാരണ ക്രോമസോമുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് എല്ലാ കോശങ്ങളിലും ഇല്ല; തലച്ചോറിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. നിഗൂഢമായ ഈ ക്രോമസോം മലേറിയ പരാദത്തിനുള്ളിൽ വസിക്കുന്നു. 1995-ൽ മംഗള മിസ്സിസ് അരത്തൂനിയന്റെ ശരീരം തിരഞ്ഞെടുത്തു. പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, അന്താറിന്റെ അയൽവാസിയായ താരയെ (1995 ലെ ഊർമിള റോയി) തിരഞ്ഞെടുത്തു. ലാഖൻ, 1995-ൽ റോമൻ ഹാൽഡർ എന്ന പേരിലും പിന്നീട് താരയുടെ സഹായിയായ ലക്കി എന്ന പേരിലും പുനരവതരിച്ചു.
Surgeon Major Ronald Ross |
കൽക്കട്ടയിലെ പി.ജി. ഹോസ്പിറ്റലിലുള്ള ലബോറട്ടറിയാണ് റൊണാൾഡ് റോസിന്റെ ഗവേഷണത്തിൽ അവസാന വഴിത്തിരിവുണ്ടാക്കിയത്. റോസ് മലേറിയയുടെ സംക്രമണ രീതി കണ്ടുപിടിച്ചതിനു പിന്നിലെ 'രഹസ്യ ചരിത്രം' അന്വേഷിക്കാനായാണ് മുരുഗൻ കൽക്കട്ടയിലെത്തുന്നത്. ലോകകൊതുകുദിനമായ 1995 ഓഗസ്റ്റ് 20-ന് കൽക്കട്ടയിലെത്തിയ മുരുഗന് എന്ത് സംഭവിച്ചു?
Start reading ...
"WALKING PAST St Paul's Cathedral, on his first day in Calcutta, August 20, 1995, Murugan ...
No comments :