'ഖുത്ബ് മിനാർ' എന്നറിയപ്പെടുന്ന ഡൽഹിയിലെ പ്രസിദ്ധമായ ചരിത്ര സ്മാരകം യഥാർത്ഥത്തിൽ വിഷ്ണു സ്തംഭമാണെന്നാണ് ചിലരുടെ വാദം. [കൻവർ സെയ്ൻ എന്നൊരാൾ പറയുന്നതനുസരിച്ച്, വിശാൽദേവ് വിഗ്രഹരാജിന്റെ ജയ സ്തംഭം അല്ലെങ്കിൽ കീർത്തി സ്തംഭമാണ് ഖുത്ബ് മിനാർ! മറ്റൊരാൾ ഇതിനെ സമുദ്രഗുപ്തൻ നിർമ്മിച്ച നിരീക്ഷണാലയമാക്കി മാറ്റി.]
അഞ്ചു നിലകളും 379 പടികളുമുള്ള 238 അടി (72.5 മീറ്റർ) ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക കൊണ്ടു നിർമ്മിച്ച ഗോപുരമാണ് 'ഖുത്ബ് മിനാർ'. അഫ്ഗാനിസ്ഥാനിലെ ജാമി മിനാറിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപകൽപ്പന.
ജനകീയ ഐതിഹ്യത്തിന് വിരുദ്ധമായി, ഖുത്ബ്ദീൻ ഐബകിന്റെയോ സൂഫി സന്യാസിയായ കുത്ബുദ്ദീൻ ബക്തിയാർ കാക്കിയുടെയോ പേരിലല്ല ഈ മിനാർ അറിയപ്പെടുന്നത്. സമകാലിക പേർഷ്യൻ രേഖകളിൽ ഇതിനെ ഇപ്പോൾ 'ഖുതുബ് മസ്ജിദ്' 'ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ്' എന്നെല്ലാം അറിയപ്പെടുന്ന ഡൽഹിയിലെ ജാമി മസ്ജിദിന്റെ മിനാർ എന്നാണ് പരാമർശിക്കുന്നത്.
ഫിറോസ്ഷാ തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നത് ഇത് മുഹമ്മദ് ഗോറിയുടെ മിനാർ ആണെന്നാണ്. അബുൽ ഫിദ ഇതിനെ ഡൽഹിയിലെ ജമാ മസ്ജിദിന്റെ മസീന എന്ന് വിളിക്കുന്നു. ഷംസ്-ഇ-സിറാജ് അഫീഫും മുഹമ്മദ് ഔഫിയും സിക്കന്ദർ ലോദിയും മിനാർ ഇൽതുത്മിഷിന്റേതാണെന്ന് വിശേഷിപ്പിക്കുന്നു. 1734-ൽ മിറാത്ത്-ഇ-വാരിദത്ത് എഴുതിയ മുഹമ്മദ് ഷാഫി വാരിദും അതിനെ മിനാർ-ഇ-ഷംസി എന്നാണു വിളിക്കുന്നത്, അതായത്, ഇൽതുത്മിഷിന്റെ മിനാർ.
'ഏഷ്യാറ്റിക് റിസർച്ചസ്' ൽ 1794-ൽ എൻസൈൻ ജെയിംസ് ബ്ലണ്ട് എന്ന എഞ്ചിനീയർ ഈ മിനാറിന്റെ ഒരു രേഖാചിത്രം "കുത്തബ് മിനാർ" എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹമായിരിക്കണം ഈ പേര് ചരിത്രത്തിലാദ്യമായി ഉപയോഗിച്ചത്. 'ആന്റിക്വിറ്റീസ് ഓഫ് ഇന്ത്യ'യിൽ പ്രസിദ്ധീകരിച്ച മിനാറിന്റെ 1799 ലെ ചിത്രത്തിന് "കുത്തബ് മിനാർ" എന്ന പേരു തന്നെയാണ് ബ്രിട്ടീഷ് ചിത്രകാരനായ തോമസ് ഡാനിയലും നൽകിയിരിക്കുന്നത്. ഈ മിനാറിന് "ഖുത്ബ്"എന്ന് പേരിട്ടത് ബ്രിട്ടീഷുകാരാണെന്ന് നമുക്ക് അനുമാനിക്കാം.
മിനാറിൽ ആലേഖനം ചെയ്തിരിക്കുന്ന അറബി ലിഖിതങ്ങളുടെ തെളിവുകൾ അനുസരിച്ച്, 1193 മുതൽ 1206 വരെ ഡൽഹി വൈസ്രോയി ആയിരുന്ന ഖുത്ബ്ദീൻ ഐബക് (r: 1206-1210) ആണ് തന്റെ യജമാനനായ മുഹമ്മദ് ഗോറിക്കുള്ള സമർപ്പണമായി മിനാറിന്റെ ബേസ്മെൻറ് നിർമ്മിച്ചത് [ബേസ്മെന്റിലെ ഏറ്റവും താഴെയുള്ള ബാന്റിലെ ലിഖിതം മാഞ്ഞതും മനസ്സിലാക്കാൻ കഴിയാത്തതുമാണ്. ഇത്രയും മാത്രമേ കാണാനാകൂ. "ദ ആമിർ, ദ കമാൻഡർ ഓഫ് ദ ആർമി, ദ ഗ്ലോറിയസ്, ദ ഗ്രേറ്റ്". ഈ സ്ഥാനനാമം ഐബക്കിന്റേതാണ്]. 2 ഉം 3 ഉം 4 ഉം നിലകൾ ഇൽതുത്മിഷ് പൂർത്തിയാക്കി (r: 1211-1236). ഫിറോസ്ഷാ തുഗ്ലക്ക് (r: 1351-1388) 1368-ൽ ഇടിമിന്നലിൽ തകർന്ന 4-ാം നില നന്നാക്കി, മാത്രമല്ല 'മുമ്പത്തേതിനേക്കാൾ ഉയരത്തിൽ ഉയർത്തി'. അതായത്, അഞ്ചാമത്തെ നിലയും കപ്പോളയും അദ്ദേഹം കൂട്ടിച്ചേർത്തു. 4 ഉം 5 ഉം നിലകൾ മുഖ്യമായും മാർബിളിലാണ് അദ്ദേഹം നിർമ്മിച്ചത്. 1503-ൽ സിക്കന്ദർ ലോദി (r: 1489-1517) ഇത് പിന്നീട് നന്നാക്കി.
മിനാറിൽ നിരവധി അറബി, നാഗരി ലിഖിതങ്ങളുണ്ട്; സൂപ്പർവൈസർമാരായ അബുൽ മാലിയുടെ മകൻ ഫാസലിനും മുഹമ്മദ് അമീർ കോയ്ക്കും പുറമെ നിരവധി ഹിന്ദു കല്‌പണിക്കാരുടെയും ആശാരിമാരുടെയും പേരുകൾ ലിഖിതങ്ങളിൽ കാണാം. മിനാർ പണിയാൻ സുൽത്താൻമാർ ഉത്തരവിട്ടെങ്കിലും കൈപ്പണിക്കാർ പ്രധാനമായും ഹിന്ദുക്കളായിരുന്നുവെന്ന് നമുക്ക് മനസിലാക്കാം.
അമീർ ഖുസ്രു തന്റെ ഖിരൻ-ഉസ്-സദൈൻ ലും മുഹമ്മദ് ഔഫി തന്റെ ജവാമി ഉൽ-ഹികായത്തിലും നൽകിയ മിനാർ വിവരണങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ, ഖുത്ബ് മിനാർ സമീപത്തെ ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദിന്റെ മസീന അതായത്, ആസാൻ മുഴക്കുന്നതിനോ പ്രാർത്ഥനകൾക്കായി വിളിക്കുന്നതിനോ (ബാങ്കുവിളി) ഉള്ള ഗോപുരമായിരുന്നുവെന്നുറപ്പിക്കാം. (താഴത്തെ ഗ്യാലറി മാത്രമാണ് അതിനായി ഉപയോഗിച്ചിരുന്നത്). എന്നാൽ അതോടൊപ്പം ഒരു കീർത്തി ഗോപുരവും. മിനാറിന്റെ രണ്ടാം നിലയിൽ, പ്രാർത്ഥനയ്ക്കുള്ള ആഹ്വാനത്തെക്കുറിച്ച് ഖുറാനിൽ നിന്നുള്ള ഒരു വാക്യമുണ്ട്, "O! true believers, when ye were called to prayer on the Day of Assembly, hasten to the commemoration of God and leave merchandising....The reward of God is better than any sport or merchandise, and God is the best provider."
അടുത്തിടെ വിശ്വഹിന്ദു പരിഷത്ത് വക്താവ് ഖുത്ബ് മിനാർ യഥാർത്ഥത്തിൽ ഒരു ഹിന്ദു ഭരണാധികാരിയുടെ കാലത്ത് നിർമ്മിച്ച മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലെ ഒരു 'വിഷ്ണു സ്തംഭം' ആണെന്ന് അവകാശപ്പെടുകയുണ്ടായി. [വാസ്തവത്തിൽ, ചിറ്റോറിലെ ആദ്യകാല ഹിന്ദു ഗോപുരത്തിനു ഒരു തരത്തിലും കുത്തബ് മിനാറുമായി സാമ്യമില്ല]
വിശ്വഹിന്ദു പരിഷത്തിന്റെ അവകാശവാദം നിരസിച്ചുകൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ബി ആർ മണി പറഞ്ഞത് ഇങ്ങനെ, 1967 ൽ സ്മാരകത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി ആ സ്ഥലത്ത് 20-25 അടി ആഴത്തിൽ ഖനനം നടത്തിയിരുന്നുവെങ്കിലും ഒരു ക്ഷേത്രത്തിന്റെയും യാതൊരു തുമ്പും കണ്ടെത്തിയില്ല. "ഇത് വെറും ഭാവനയാണ്, അവിടെ ഒന്നും ഉണ്ടായിരുന്നില്ല, അവിടെ ഒരു ക്ഷേത്രവും കണ്ടെത്തിയില്ല," അദ്ദേഹം പറഞ്ഞു.
ഖുത്ബ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പു സ്തംഭം (Iron Pillar) തന്നെ ആണ് 'വിഷ്ണു സ്തംഭം'" അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇതേ കാലഘട്ടത്തിലെ ഇത്തരത്തിലുള്ള നിരവധി മിനാരങ്ങൾ മദ്ധ്യേഷ്യയിൽ ആർക്കും കാണാൻ കഴിയും," അദ്ദേഹം പറഞ്ഞു.
ഖുത്ബ് സമുച്ചയത്തിന്റെ ഘടനയിൽ എന്തെങ്കിലും കൃത്രിമം നടന്നാൽ 1993-ൽ ലഭിച്ച യുനെസ്കോയുടെ ലോക പൈതൃക പദവി റദ്ദാക്കപ്പെടുമെന്ന് മണി മുന്നറിയിപ്പ് നൽകി.
Reference:
https://theprint.in/india/qutab-minar-not-vishnu-stambh-demand-for-rebuilding-temples-meaningless-ex-asi-official/912241/
https://www.madhyamam.com/india/qutab-minar-not-vishnu-stambh-ex-asi-official-978638
https://www.notesonindianhistory.com/2018/09/who-built-qutb-minar-ghori-aibak-or.html
No comments :