രാജ വോഡയാർ ശ്രീരംഗപട്ടണം കൈവശപ്പെടുത്തിയതെങ്ങനെ?

കർണാടക സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്താണ് ശ്രീരംഗപട്ടണം എന്ന ദ്വീപ് നഗരം സ്ഥിതി ചെയ്യുന്നത്. ഹൊയ്‌സാലരുടെ പതനത്തിനുശേഷം ശ്രീരംഗപട്ടണം വിജയനഗര സാമ്രാജ്യത്തിൻ്റെ ഭരണത്തിൻ കീഴിലായി.

അളിയ (മകളുടെ ഭർത്താവ്) രാമരായരുടെ സഹോദരൻ തിരുമലരായർ പെനുകൊണ്ടയിൽ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചപ്പോൾ, തന്റെ മൂന്നു മക്കൾക്കുമായി രാജ്യം വിഭജിച്ച് അവരെ ഓരോ ഭാഗത്തിന്റെയും വൈസ്രോയിമാരായി നിയമിച്ചു: ശ്രീരംഗൻ ഉദയഗിരി ആസ്ഥാനമാക്കി തെലുങ്ക് രാജ്യം ഭരിച്ചു. രാമൻ കന്നഡ (കർണ്ണാടക) ദേശം ഭരിച്ചു. ശ്രീരംഗപട്ടണമായിരുന്നു അതിന്റെ രാജധാനി. വെങ്കട ചന്ദ്രഗിരി കേന്ദ്രമായുള്ള തമിഴ് രാജ്യത്തിൻ്റെ മേൽനോട്ടം വഹിച്ചു. തിരുമലരായരുടെ പിൻഗാമി അദ്ദേഹത്തിൻ്റെ മൂത്ത മകൻ ശ്രീരംഗരായർ (ഭരണകാലം: 1572-1585) ആയിരുന്നു.

1581 ൽ രാമൻ്റെ മരണത്തെത്തുടർന്ന് ബാലനായിരുന്ന അദ്ദേഹത്തിൻ്റെ മകൻ തിരുമല രണ്ടാമൻ ദളവ രേമതി വെങ്കടയ്യയുടെ റീജൻസിക്കു കീഴിൽ കർണാടക ദേശത്തിന്റെ വൈസ്രോയിയായി. 1585 ഓടെ തിരുമല വൈസ്രോയൽറ്റിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തു.


പുത്രസൗഭാഗ്യമില്ലാതിരുന്ന ശ്രീരംഗരായരുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ വെങ്കട, വെങ്കടപതിദേവരായർ  രണ്ടാമനായി (ഭരണകാലം: 1585-1614) അധികാരത്തിൽ വന്നു. എന്നാൽ അമ്മാവൻ ശ്രീരംഗരായരുടെ പിൻഗാമിയാകാൻ കൂടുതൽ ശക്തമായ അവകാശവാദം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ പരേതനായ സഹോദരൻ രാമൻ്റെ മൂത്ത പുത്രനായ തിരുമല രണ്ടാമനായിരുന്നു. തിരുമല രണ്ടാമനെ ഈ ലേഖനത്തിലുടനീളം 'തിരുമല' എന്ന് വിളിക്കാം.


ശ്രീരംഗപട്ടണത്തിനു കീഴിലുള്ള കന്നഡ ദേശത്തിന്റെ പ്രധാന സാമന്തരിൽ കേലാടി നായകരും (ഇക്കേരി, കാനറ, ബെഡ്‌നോർ, നഗർ എന്നും അറിയപ്പെടുന്നു), മൈസൂർ വോഡയാർമാരും മറ്റു ചില നാട്ടുരാജാക്കന്മാരും ഉൾപ്പെട്ടിരുന്നു.

രാജ വോഡയാറുടെ വിപ്ലവം:

മൈസൂർ ഭരണാധികാരിയായിരുന്ന രാജ വോഡയാർ (ഭരണകാലം: 1578-1617) ശ്രീരംഗരായരുടേയും വെങ്കട രണ്ടാമൻ്റെയും സമകാലികനായിരുന്നു. അതോടൊപ്പം ശ്രീരംഗപട്ടണം വൈസ്രോയിമാരായ രാമൻ്റെയും മകൻ തിരുമലയുടെയും.

പല മുടന്തൻ ന്യായങ്ങളും പറഞ്ഞു തിരുമലയ്ക്ക് കപ്പം നൽകാൻ വിസമ്മതിച്ചപ്പോൾ രാജ വോഡയാറുടെ വിമത സ്വഭാവം പ്രകടമായി. അയൽരാജ്യങ്ങൾ പിടിച്ചടക്കി മൈസൂർ രാജ്യം വിപുലീകരിക്കുന്നതിൽ വ്യാപൃതനായ രാജ വോഡയാർ നിരവധി യുദ്ധ വിജയങ്ങളിലൂടെ തൻ്റെ സാമ്രാജ്യം പടിപടിയായി വികസിപ്പിച്ചുകൊണ്ടിരുന്നു.

രാജ വോഡയാറുടെ രാജ്യ വികസന പ്രവർത്തനങ്ങളിൽ നിന്ന് തൻ്റെ സാമന്തർക്ക് സംരക്ഷണം നൽകാനോ മൈസൂർ കയ്യേറ്റങ്ങൾക്കെതിരെ സ്വന്തം ഭൂമി പ്രതിരോധിക്കാനോ കഴിയാതെ വന്ന തിരുമല 1596 ൽ മൈസൂരിലേക്ക് ഒരു പടനീക്കം നടത്തിയെങ്കിലും കേസരെ പട്ടണം ഉപരോധിക്കുന്നതിനിടെ വൻ പരാജയം ഏറ്റുവാങ്ങി. തിരുമലയുടെ ഈ തോൽവി രാജ വോഡയാറെ കൂടുതൽ ധിക്കാരിയാക്കി. തിരുമല രാജ വോഡയാറെ വധിക്കാൻ പോലും പദ്ധതിയിട്ടെങ്കിലും ആ ശ്രമം വിജയിച്ചില്ല.

വൈസ്രോയി തിരുമലയുടെ പതനം (1610):


1610 ൽ രാജ വോഡയാർ ശ്രീരംഗപട്ടണത്തിന്റെ അധികാരം കരസ്ഥമാക്കിയ ചുറ്റുപാടുകൾ വളരെ ദുരൂഹത നിറഞ്ഞതാണ്. വിവിധ കൈയെഴുത്തുപ്രതികളിൽ പരസ്പരവിരുദ്ധമായ വിവരണങ്ങളാണുള്ളത്. തിരുമലയുടെ പതനത്തെ സംബന്ധിച്ച മൂന്ന് സിദ്ധാന്തങ്ങൾ നമുക്ക് നോക്കാം:

1. വോഡയാർ രാജാക്കന്മാരുടെ കൊട്ടാരം കവികൾ പരാമർശിക്കുന്നത് അവസാന യുദ്ധത്തിൽ തിരുമലയെ പരാജയപ്പെടുത്തി ശ്രീരംഗപട്ടണം ആസ്ഥാനമായുള്ള കന്നഡ ദേശം രാജ വോഡയാർ കൈക്കലാക്കി എന്നാണ്.

തിരുമല കേസരെ ആക്രമിച്ചതിനു മറുപടിയായാണ് രാജ വോഡയാർ ശ്രീരംഗപട്ടണം ആക്രമിച്ചു കീഴടക്കിയത് എന്ന് ഈ കവികൾ സമർത്ഥിക്കുന്നു. ഒപ്പം രാജ വോഡയാറെ ഒരു യോദ്ധാവായി ചിത്രീകരിക്കുന്നു.


2. ശ്രീരംഗപട്ടണം വൈസ്രോയിയായിരുന്ന ശ്രീരംഗൻ മാരകമായ അസുഖത്തെത്തുടർന്ന് 1610 ഫെബ്രുവരി 8-ന് രാജ വോഡയാർക്ക് തൻ്റെ രാജ്യം സ്വമനസ്സാലെ കൈമാറിയതായി 'മൈസൂർ കൊട്ടാര രേഖകൾ' സൂചിപ്പിക്കുന്നു.

രാജ വോഡയാറെപ്പോലെ വിപ്ലവകാരിയായ ഒരു നേതാവിന് വൈസ്രോയൽറ്റി കൈമാറി എന്ന പ്രസ്താവനയ്ക്ക് എന്തെങ്കിലും സാധുതയുള്ളതായി തോന്നുന്നില്ല. മാത്രമല്ല രാജപ്രതിനിധി എന്ന നിലയിൽ തിരുമലയ്ക്ക് അത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരം ഇല്ല. എല്ലാത്തിനും ഉപരിയായി, 1610 ൽ ശ്രീരംഗൻ എന്ന പേരിൽ ഒരു വൈസ്രോയി ഇല്ലായിരുന്നു. മാരകമായ ക്യാൻസറിൻ്റെ കഥ ചക്രവർത്തി ശ്രീരംഗരായരുമായി ബന്ധപ്പെട്ടുള്ളതാണ്.

3. 'മൈസൂരു ദൊരെഗള പൂർവാഭ്യുദയ വിവര' അനുസരിച്ച് തിരുമലയോട് സ്ഥാനമൊഴിയാനും വൈസ്രോയൽറ്റിയുടെ നിയന്ത്രണം രാജ വോഡയാർക്ക് കൈമാറാനും വെങ്കട ഉത്തരവിട്ടു.

വെങ്കടയും തിരുമലയും തമ്മിലുള്ള ബന്ധം:

വെങ്കടക്ക് തൻ്റെ മൂത്ത അനന്തരവനായ തിരുമലയോട് അനിഷ്ടവും പകരം വളർത്തുമകനും തിരുമലയുടെ ഇളയ സഹോദരനുമായ രംഗനോട് പ്രിയവുമായിരുന്നു. സ്വന്തം പിൻഗാമിയായി തിരഞ്ഞെടുത്തതും രംഗനെ തന്നെ (ഭാവിയിലെ ചക്രവർത്തി ശ്രീരംഗരായർ രണ്ടാമൻ). എന്നാൽ സാമന്ത മേധാവികൾക്കിടയിൽ തിരുമലയ്ക്കുണ്ടായിരുന്ന മികച്ച പിന്തുണ മൂലം വെങ്കടയുടെ അനന്തരാവകാശിയാകാനുള്ള സാധ്യത തിരുമലയ്ക്കും ഉണ്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞൊതുക്കി അമ്മാവനുമായി അനുരഞ്ജനത്തിനു തിരുമല പലപ്പോഴും ശ്രമിച്ചിരുന്നു.

രാജ വോഡയാർ തിരുമലയ്‌ക്കെതിരെ കലാപം നടത്തിയപ്പോൾ വെങ്കട പ്രതികരിച്ചില്ല. കേസരെ ആക്രമിച്ചപ്പോഴും വെങ്കട തിരുമലയെ സഹായിച്ചില്ല. ജെസ്യൂട്ട് മിഷനറിയായിരുന്ന ഫാദർ കോഛീഞ്ഞോ അമ്മാവനായ വെങ്കടയുമായി അനുരഞ്ജനം നടത്താൻ തിരുമല ജെസ്യൂട്ടുകളുടെ സഹായം തേടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുമലയ്ക്ക് രാജ്യഭരണം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായിരുന്നെന്ന് വെങ്കട വിശ്വസിച്ചിരിക്കാം. അതേസമയം തന്നെ രാജ വോഡയാറെ കാര്യപ്രാപ്തിയുള്ള ഒരു രാജ്യ പ്രതിനിധിയായി കണ്ടു അനുകൂലിക്കാനും തുടങ്ങി.

രാജ വോഡയാർക്കെതിരെ ശ്രീരംഗപട്ടണം പ്രതിരോധിക്കാൻ കഴിവില്ലാത്തവനായി തിരുമലയെ ചിത്രീകരിച്ച് സ്വന്തം പ്രജകളുടെ കണ്ണിൽ തിരുമലയെ അപമാനിക്കുക എന്നതായിരുന്നു വെങ്കടയുടെ ലക്ഷ്യം. അതിനാൽ അദ്ദേഹം തിരുമലയെ വൈസ്രോയി സ്ഥാനം ത്യജിച്ച് ഭരണം രാജ വോഡയാർക്ക് കൈമാറാൻ കൽപ്പന പുറപ്പെടുവിച്ചു.

അവസാനം തിരുമല തൻ്റെ ഭാര്യമാരായ അലമേലമ്മ, രംഗമ്മ എന്നിവരോടൊപ്പം തലക്കാടിനു സമീപമുള്ള മാലംഗിയിലേക്ക് പിൻവാങ്ങി. 1610 ഫെബ്രുവരി 8-ന് വെങ്കടയുടെ മൗനാനുവാദത്തോടെ രാജ വോഡയാർ ശ്രീരംഗപട്ടണം കൈവശപ്പെടുത്തി.

അന്നുമുതൽ ശ്രീരംഗപട്ടണം മൈസൂർ രാജ്യത്തിൻ്റെ തലസ്ഥാനമായിത്തീർന്നു. അതേസമയം രാജ വോഡയാർ അപ്പോഴും വെങ്കടയുടെ മേൽക്കോയ്മ അംഗീകരിച്ചു. 1612 ൽ വെങ്കട രാജ വോഡയാർക്ക് ശ്രീരംഗപട്ടണം ഔദ്യോഗിക ഗ്രാന്റ് ആയി നൽകി.

മൈസൂർ വോഡയാർ രാജവംശത്തിൻ്റെ യഥാർത്ഥ സ്ഥാപകനായി രാജ വോഡയാർ കരുതപ്പെടുന്നു.

വോഡയാർ വംശത്തിനു മേൽ പതിച്ച അലമേലമ്മയുടെ ശാപത്തിന്റെ ഐതിഹ്യകഥ ഇന്നും പ്രസിദ്ധമാണ്.

അഭിപ്രായങ്ങള്‍