മദ്രാസ് കൊറിയർ

ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ൽ കൽക്കട്ടയിൽ ആരംഭിച്ച ബംഗാൾ ഗസറ്റ് ആണ് ആദ്യ ആംഗ്ലോ-ഇന്ത്യൻ പത്രം.

1783 സെപ്റ്റംബറിൽ ബ്രിട്ടീഷ് ആർമിയിലെ ഒരു ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ജോൺസ്റ്റൺ മദ്രാസ് ആർമിയിലെ കമാൻഡറായ തന്റെ ഭാര്യാ സഹോദരൻ സർ ജോൺ ബർഗോയ്‌ന്റെ പിന്തുണയിൽ തനിക്ക് എന്തെങ്കിലും സ്ഥാനക്കയറ്റം ലഭിക്കുമെന്ന പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. എന്നാൽ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാതിരുന്നപ്പോൾ ജോൺസ്റ്റൺ സൈന്യത്തിൽ നിന്ന് രാജിവെക്കുകയും ഫോർട്ട് സെൻ്റ് ജോർജ്ജിൽ ഒരു പത്രം ഓഫീസ് സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണ് മദ്രാസ് പ്രസിഡൻസിയിലെ ആദ്യത്തെ പത്രമായ മദ്രാസ് കൊറിയർ പിറന്നത്.


ബംഗാൾ ഗസറ്റിന് അഞ്ച് വർഷത്തിന് ശേഷം 1785 ഒക്ടോബർ 12 ന് മദ്രാസ് കൊറിയറിൻ്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. കോപ്പിക്ക് ഒരു രൂപ വിലയുണ്ടായിരുന്ന മദ്രാസ് കൊറിയർ അക്കാലത്തെ പ്രമുഖ ഇംഗ്ലീഷ് പത്രമായി മാറി. മുമ്പ് സെൻ്റ് ജോർജ്ജ് കോട്ടയുടെ സീ ഗേറ്റിൽ പ്രദർശിപ്പിച്ചിരുന്ന ഔദ്യോഗിക സർക്കാർ അറിയിപ്പുകൾക്കുള്ള മാധ്യമമായി ഈ പത്രം അംഗീകരിക്കപ്പെടുകയും ചെയ്തു.

1786 മാർച്ചിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി കപ്പലുകളിൽ അച്ചടി സാമഗ്രികൾ ഇറക്കുമതി ചെയ്തപ്പോൾ ചരക്ക് നികുതിയിൽ നിന്ന് ജോൺസ്റ്റണെ ഒഴിവാക്കി. അതേ സമയം മദ്രാസ് പ്രസിഡൻസിയിലും ബംഗാളിലും തപാൽ ഫീസില്ലാതെ പത്രം വിതരണം ചെയ്യാനും അനുവാദം ലഭിച്ചു.

ഈ പ്രതിവാര പ്രസിദ്ധീകരണത്തിനു നാല് പേജുകൾ ആയിരുന്നു, ഇടയ്ക്കിടെ ആറ് പേജുകളും. ആദ്യ രണ്ട് പേജുകളിൽ ബ്രിട്ടീഷ് പത്രങ്ങളിൽ നിന്നുള്ള വാർത്തകൾ, പ്രത്യേകിച്ച് പാർലമെൻ്ററി നടപടികളുടെ റിപ്പോർട്ടുകൾ, മൂന്നാം പേജിൽ എഡിറ്റർക്കുള്ള കത്തുകളും ഇന്ത്യൻ വാർത്തകളും ഉണ്ടായിരുന്നു. നാലാമത്തേത് കവിതയ്ക്കും പരസ്യങ്ങൾക്കുമായി മാറ്റിവച്ചു.

മദ്രാസ് കൊറിയർ ഇംഗ്ലീഷിൽ ആയിരുന്നതിനാൽ വായനക്കാർ മുഖ്യമായും മദ്രാസിലെ ഇംഗ്ലീഷ് സംസാരിക്കുന്ന പരിമിത സമൂഹമായിരുന്നു. 36 വർഷത്തോളം ഈ പത്രം രംഗത്തുണ്ടായിരുന്നു.

Comments