ഹൗസി ഷംസി, ഇൽതുത്മിഷിൻറെ തടാകം

ഐതിഹ്യം അനുസരിച്ച്, ഒരു ജലസംഭരണി നിർമ്മിക്കാനുള്ള മോഹം ഡൽഹിയിലെ തുർക്കി സുൽത്താൻ ഷംസ്-ഉദ്-ദിൻ ഇൽതുത്മിഷിന്റെ (r: 1211-1236) മനസ്സിൽ കയറിക്കൂടിയപ്പോൾ, കുഴിക്കാൻ പറ്റിയ നല്ലൊരു സ്ഥലം തിരഞ്ഞെടുക്കാനായി അദ്ദേഹം ഖ്വജ ഖുത്ബുദ്ദീൻ ബക്തിയാർ കാക്കിയുടെ സമക്ഷം ചെന്ന് അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞു. നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ഇൽതുത്മിഷ് ഒടുവിൽ ഹൗസി ഷംസി ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേർന്നു. അന്നു രാത്രി ആ സ്ഥലത്തിന്റെ മധ്യഭാഗത്ത് കുതിരപ്പുറത്തിരിക്കുന്ന പ്രവാചകനെ ഇൽതുത്മിഷ് സ്വപ്നത്തിൽ കണ്ടു. പ്രവാചകൻ അദ്ദേഹത്തോട് ചോദിച്ചു, "ഷംസ്-ഉദ്-ദിൻ, താങ്കൾ എന്താണ് ആഗ്രഹിക്കുന്നത്?". സുൽത്താൻ മറുപടി പറഞ്ഞു, "ഓ ദൈവത്തിന്റെ പ്രവാചകനേ, ഒരു ജലസംഭരണി കുഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു". "അത് ഇവിടെ ഖനനം ചെയ്തോളൂ", പ്രവാചകൻ ഉത്തരവിട്ടു. പ്രവാചകന്റെ കുതിര അതിന്റെ കുളമ്പു നിലത്തു തട്ടിയപ്പോൾ ഒരു നീരുറവ പുറത്തേക്ക് പ്രവഹിച്ചു. സുൽത്താൻ ഉറക്കമുണർന്നപ്പോൾ, നേരം പുലർന്നിരുന്നില്ലെങ്കിലും അദ്ദേഹം ഉടൻ തന്നെ ഖ്വജ ഖുത്ബുദ്ദീന്റെ സമക്ഷം ചെന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. സുൽത്താൻ ഖ്വജയെ ആ സ്ഥലത്തേക്ക് കൊണ്ടുപോയി. വിളക്കിന്റെ വെളിച്ചത്തിൽ ഒരു നീരുറവ പുറത്തേക്ക് ഒഴുകുന്നത് അവർ കണ്ടു.

1229 ൽ സുൽത്താൻ ഷംസ്-ഉദ്-ദിൻ ഇൽതുത്മിഷ് ഡൽഹിയിലെ മെഹ്‌റോളിയിൽ നിർമ്മിച്ച വാട്ടർ ടാങ്കാണ് (ഹൗസ് എന്നാൽ ടാങ്ക് അല്ലെങ്കിൽ തടാകം) ഹൗസി സുൽത്താനി എന്നും അറിയപ്പെടുന്ന ഹൗസി ഷംസി. 

1311-ൽ ഹൗസി ഷംസി വരണ്ടുണങ്ങിയതിനാൽ അലാവുദ്ദീൻ ഖിൽജി (r: 1296-1316) അത് നന്നാക്കാനായി പണിക്കാരെ നിയോഗിച്ചു. ടാങ്കിന്റെ അടിയിൽ നിന്ന് മണലും ചെളിയും നീക്കം ചെയ്യാൻ സുൽത്താൻ ഉത്തരവിട്ടു, ഒരു മണ്ഡപം ഉയർത്തി അതിനു മുകളിൽ ഒരു വലിയ താഴികക്കുടവും പണിതു.

1334 ൽ സുൽത്താൻ മുഹമ്മദ് തുഗ്ലക്കിന്റെ ഭരണകാലത്ത് (r: 1325-1350) ഡൽഹി സന്ദർശിച്ച പ്രശസ്ത സഞ്ചാരിയായ ഇബ്നു ബത്തൂത്ത നൽകിയ ഹൗസി ഷംസിയുടെ വിവരണം ചുവടെ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ടാങ്കിന് ഏകദേശം രണ്ട് മൈൽ നീളവും ഒരു മൈൽ വീതിയുമുണ്ടായിരുന്നു:

ഡൽഹി നഗരത്തിനു പുറത്ത് സുൽത്താൻ ഷംസ്-ഉദ്-ദിൻ ഇൽതുത്മിഷിന്റെ പേരിലുള്ള ഒരു വലിയ ജലസംഭരണി ഉണ്ട്. ഡൽഹി നിവാസികൾ അതിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്, ഇത് ഡൽഹിയിലെ ഈദ്ഗായ്ക്കടുത്താണ്. അതിന്റെ പടിഞ്ഞാറ് ഭാഗത്ത് അതായത് ഈദ്ഗായ്ക്ക് അഭിമുഖമായ വശത്ത് കല്ലു കൊണ്ട് നിർമ്മിച്ച കുറെ തട്ടുകളുണ്ട്. ഓരോ തട്ടിൽ നിന്നും വെള്ളത്തിലേക്ക് ഇറങ്ങാൻ പാകത്തിന് നിരവധി പടികൾ ഉണ്ട്. ഓരോ തട്ടിന്റെയും അരികിൽ പൊതുജനങ്ങളുടെ വിനോദത്തിനായി ഇരിപ്പിടങ്ങളുള്ള കൽമണ്ഡപം ഉണ്ട്. ടാങ്കിന്റെ നടുവിലായി രണ്ട് നില ഉയരമുള്ള, നിരവധി കൊത്തുപണികൾ തീർത്ത ഒരു വലിയ താഴികക്കുടവും ഉണ്ട്. ടാങ്കിൽ വെള്ളം നിറയേ ഉള്ള അവസരത്തിൽ ബോട്ടിൽ കയറി മാത്രമേ അവിടേക്കു എത്തിച്ചേരാനാകൂ, പക്ഷേ വെള്ളം കുറയുമ്പോൾ ആളുകൾക്ക് അവിടേക്കു നടന്നു ചെല്ലാൻ പറ്റും. താഴികക്കുടമുള്ള മണ്ഡപത്തിൽ ഒരു മോസ്‌ക്‌ ഉണ്ട്, അവിടെ മിക്കപ്പോഴും ഫക്കീർമാർ ഉണ്ടാവും. ടാങ്കിന്റെ വശങ്ങളിലെ വെള്ളം വറ്റി വരളുമ്പോൾ കരിമ്പ്, വെള്ളരി, മത്തൻ, തണ്ണിമത്തൻ തുടങ്ങിയവ അതിൽ വളർത്തിയിരുന്നു.

പിന്നീട് ഫിറോസ് ഷാ തുഗ്ലക്കും (r: 1351-1388) ഈ തടാകം നന്നാക്കുകയുണ്ടായി. ഫിറോസ് ഷാ തന്റെ ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ പറയുന്നു, "ചില വഞ്ചകർ ഹൗസി ഷംസിയിലേക്ക് വെള്ളം എത്തിച്ചു തന്നിരുന്ന ചാലുകൾ അടയ്ക്കുകയും അങ്ങനെ ടാങ്കിലേക്കുള്ള ജലപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്തു. ലജ്ജയില്ലാത്തവരും വിഡ്ഢികളുമായ ഈ ആളുകൾക്ക് ഞാൻ കഠിന ശിക്ഷ നൽകുകയും ചാലുകൾ വീണ്ടും തുറന്ന് ഹൗസി ഷംസിയിൽ വീണ്ടും വെള്ളം നിറയ്ക്കുകയും ചെയ്തു. ധാരാളം വെള്ളം നിറഞ്ഞപ്പോൾ ഹൗസി ഷംസി മധുരവെള്ളം ഒഴുകുന്ന നദി പോലെയായി".

വളരെ വർഷങ്ങളായി നാട്ടുകാർ ഈ തടാകം ഒരു മാലിന്യ കൂമ്പാരമായി ഉപയോഗിക്കുകയായിരുന്നു. ദി ഹിന്ദുവിലെ ഒരു ലേഖന പ്രകാരം 2015 ൽ നാലഞ്ചു ജോഡി മൂർഹെനും 15-20 താറാവുകളും യുഗങ്ങൾക്ക് ശേഷം ഇവിടെയെത്തി.

അഭിപ്രായങ്ങള്‍