അലൈ മിനാർ, ഡൽഹിയിലെ അപൂർണ്ണമായ മിനാരം

അലക്സാണ്ടർ രണ്ടാമൻ (സിക്കന്ദർ-ഇ-സാനി) എന്ന പദവി സ്വീകരിച്ച അലാവുദ്ദീൻ ഖിൽജി ഡൽഹിയിലെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായിരുന്നു. 1311-ൽ ഡൽഹിയിലെ ഖുതുബ് മസ്ജിദ് (മസ്ജിദ്-ഇ-ജാമി) വിപുലീകരിക്കുകയും അലൈ ദർവാസ എന്ന പ്രവേശനകവാടം നിർമ്മിക്കുകയും ചെയ്തതിനുശേഷം, ഖുതുബ് മസ്ജിദിന്റെ മുറ്റത്ത് മിനാർ-ഇ-ജാമി ('ഖുത്ബ്' എന്ന് വിളിക്കപ്പെടുന്ന മിനാരം) യുടെ ഇരട്ടി വലുപ്പമുള്ള ഒരു പുതിയ മിനാരം നിർമ്മിക്കാനും അദ്ദേഹം ആഗ്രഹിച്ചു.

അമീർ ഖുസ്രു ഇപ്രകാരം പറയുന്നു: സുൽത്താന്റെ ശ്രേഷ്ഠമായ ഈ അഭിലാഷം മിനാർ-ഇ-ജാമിക്ക് സമാനമായി മറ്റൊരു മിനാരം നിർമ്മിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു, ആകാശത്തിന്റ താഴികക്കുടം സ്പർശിക്കത്തക്ക ഉയരത്തിൽ. ആദ്യം തന്നെ അദ്ദേഹം മസ്ജിദിന്റെ മുറ്റം കഴിയുന്നത്ര വിസ്‌തൃതമാക്കി. അടുത്തതായി, പുതിയ മിനാരത്തിനു മുന്നിൽ മുന്നിൽ പഴയ മിനാരത്തിന്റെ താഴികക്കുടം ഒരു കമാനം പോലെ തോന്നിക്കുന്ന തരത്തിൽ പുതിയതിനെ ആകാശത്തോളം ഉയർത്താൻ വേണ്ടി അതിന്റെ ചുറ്റളവ് പഴയതിന്റെ ഇരട്ടിയാക്കാനും ഉത്തരവിട്ടു.  

മിനാരം നിർമ്മിക്കാനുള്ള കല്ലുകൾക്ക് വേണ്ടി ജനങ്ങൾ നാലുപാടും അലഞ്ഞു. ചിലർ പാറമടകൾ പൊട്ടിച്ചു; മറ്റു ചിലർ അമുസ്ലിം കെട്ടിടങ്ങളും ക്ഷേത്രങ്ങളും തകർത്തു; വേറെ ചിലർ പഴയ രാജാക്കന്മാരുടെ കോട്ടകൾ പിടിച്ചടക്കി നിലം പരിശാക്കി.

പേർഷ്യൻ സാഹിത്യത്തിലെ പ്രശസ്ത ശില്പിയായ ഫർഹാദിനെക്കാളും ശ്രേഷ്‌ഠരായ ഹിന്ദുസ്ഥാനി ശിൽപ്പികൾ തങ്ങളുടെ പണിയായുധം കൊണ്ട് ശിലകൾ വളരെ കലാപരമായി മിനുസപ്പെടുത്തി, ഭാവനയ്ക്കും അതീതമായി. ഡൽഹിയിലെ കല്ലാശാരിമാര്‍ ഒരു വിള്ളലോ വിടവോ കൂടാതെ അതി വിദഗ്ധമായി കല്ലുകളെ തമ്മിൽ തമ്മിൽ യോജിപ്പിച്ചു....... 

1316-ൽ സുൽത്താൻ അലാവുദ്ദീൻ മരിച്ചതിനാൽ ഈ മിനാരം ഇപ്പോഴും അപൂർണ്ണമായി തുടരുകയാണ്. അലാവുദ്ദീൻ മരിക്കുമ്പോൾ ആദ്യത്തെ നില പോലും പൂർത്തിയായിരുന്നില്ല. അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ ഖുത്ബുദ്ദീൻ മുബാരഖിന് ഈ മനോഹരമായ ഘടന പൂർത്തിയാക്കാൻ താൽപ്പര്യമില്ലായിരുന്നു. എൺപത് അടി ഉയരമുള്ള അപൂർണ്ണമായ ഈ സ്മാരകം മൂകസാക്ഷിയായി നിലകൊള്ളുകയാണ്, അതിന്റെ രക്ഷാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ മരണത്തിൽ ദുഖിതനായി.

സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് ഇത് പൂർത്തിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇബ്ൻ ബത്തൂത്ത കുറിക്കുന്നു, എന്നാൽ ഇതിന്റെ നിർമ്മാണം ഒരു മോശം ശകുനമായി കണ്ട് അദ്ദേഹം തന്റെ തീരുമാനം മാറ്റുകയാണുണ്ടായത്. അതിന്റെ വണ്ണവും, കോവണിപ്പടികളുടെ വീതിയും വച്ചു നോക്കിയാൽ ഈ മിനാരം ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നാണെന്ന് ബത്തൂത്ത പറയുന്നു. മൂന്ന് ആനകൾക്ക് ഒരേസമയം നിൽക്കാൻ കഴിയുന്നത്ര വിശാലമാണ് കോവണിപ്പടികൾ. ഇതിന്റെ മൂന്നിലൊന്ന് തന്നെ വടക്കേ മുറ്റത്തെ മിനാരത്തേക്കാളും ഉയർന്നതാണ് (ഖുത്ബ് എന്നു വിളിക്കപ്പെടുന്ന മിനാരം).

Reference:

Tarikh-i-Alai or Khazain-ul-Fatuh (The Treasures of Victory) of Amir Khusru.

അഭിപ്രായങ്ങള്‍