വിജയനഗരത്തിൽ അബ്ദുർ റസാക്ക് കണ്ട ദൃശ്യവിസ്മയങ്ങൾ......

"ഭൂമുഖത്ത് മറ്റൊരിടത്തും ഇതിനു സമാനമായ ഒരു സ്ഥലം നയനങ്ങൾ ദർശിച്ചിട്ടുണ്ടാവില്ല; കർണ്ണങ്ങൾ ഇതുപോലൊന്നിനെക്കുറിച്ചു കേട്ടിട്ടുമുണ്ടാവില്ല... ആഭരണവ്യാപാരികൾ മാണിക്യവും മുത്തുകളും വജ്രങ്ങളും മരതകങ്ങളും എല്ലാം ബസാറിൽ പരസ്യമായി വിൽപ്പനക്കു വച്ചിരിക്കുന്നു..."

ഇറാനിലെ (പേർഷ്യ) തിമൂറിഡ് ഭരണാധികാരിയായിരുന്ന മിർസ ഷാരൂഖിന്റെ (r: 1405-1447) കോഴിക്കോട്ടു സാമൂതിരിയുടെ കൊട്ടാരത്തിലേക്കുള്ള രാജ്യപ്രതിനിധിയായിരുന്നു അബ്ദുർ റസാക്ക്. 'മത്‌ല-ഉസ്-സദൈൻ വാ മജ്മ-ഉൽ ബഹ്‌റൈൻ' എന്ന പുസ്തകത്തിൽ അബ്ദുർ റസാക്ക് തന്റെ ഇന്ത്യൻ ദൗത്യം വിവരിച്ചിട്ടുണ്ട്. കോഴിക്കോട്ടു വന്ന ചില പേർഷ്യൻ അംബാസ്സഡർമാരിൽ നിന്ന് മിർസ ഷാരൂഖിന്റെ രാജ്യവ്യാപ്തിയെക്കുറിച്ച് കേട്ടറിഞ്ഞ സാമൂതിരി പേർഷ്യയിലേക്കു ഒരു ദൂത് അയച്ചിരുന്നു. അതേത്തുടർന്നാണ് ഷാരൂഖ് തന്നെ ഇന്ത്യയിലേക്ക് അയച്ചതെന്ന് അബ്ദുർ റസാക്ക് കുറിക്കുന്നു.

1442 നവംബറിന്റെ തുടക്കത്തിൽ റസാക്ക് കോഴിക്കോട്ടെത്തി, സാമൂതിരിയുമായി കൂടിക്കാഴ്ച്ച നടത്തി. ആ സമയത്താണ് വിജയനഗരത്തിലെ രാജാവ് സാമൂതിരിക്ക് ഒരു ദൂതനെ അയച്ചു പേർഷ്യൻ രാജ്യപ്രതിനിധിയെ എത്രയും വേഗം അങ്ങോട്ടേക്ക് അയയ്ക്കാൻ ആവശ്യപ്പെടുന്നത്.




റസാക്ക് കുറിക്കുന്നു, "സാമൂതിരി വിജയനഗരത്തിലെ നിയമങ്ങൾക്ക് വിധേയനല്ലെങ്കിലും, വിജയനഗരത്തിലെ രാജാവിനെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ഈ രാജാവിന് തന്റെ കീഴിൽ കോഴിക്കോടിന്റെ സമാന വലുപ്പമുള്ള മുന്നൂറ് തുറമുഖങ്ങൾ ഉണ്ട്". 

റസാക്കിനെ വിജയനഗരത്തിലേക്ക് വിളിപ്പിച്ച രാജാവ് ദേവരായ രണ്ടാമൻ (r: ഏകദേശം 1424-1446) ആയിരുന്നു. വിജയനഗരത്തിലെ സംഗമ വംശത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്നു വീര വിജയന്റെ മകൻ പ്രൗഡ്ഡ ദേവരായ എന്നും അറിയപ്പെടുന്ന ദേവരായ രണ്ടാമൻ. ഗജാ ബെന്തേകര (ആനകളുടെ വേട്ടക്കാരൻ) ഉൾപ്പെടെ നിരവധി സ്ഥാനനാമങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.

1443 ഏപ്രിൽ ആദ്യവാരം, റസാക്ക് കോഴിക്കോട്ടു നിന്ന് കടൽ മാർഗ്ഗം പുറപ്പെട്ടു; വിജയനഗരത്തിന്റെ അതിർത്തിയായ മംഗലാപുരം തുറമുഖത്തെത്തിയ അദ്ദേഹം പിന്നീട് കരയിലൂടെ യാത്ര തുടർന്നു. യാത്രാമധ്യേ, 'പ്രപഞ്ചത്തിൽ അതുല്യമായ' മനോഹരമായ ഒരു ക്ഷേത്രം അദ്ദേഹം കണ്ടു. വെങ്കലം കൊണ്ട് നിർമ്മിച്ച ഒരു സമീകൃത ചതുരത്തിന്മേൽ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഭീമാകാരമായ മനുഷ്യരൂപമുണ്ട്. അതിന്റെ കണ്ണുകൾ രണ്ട് ചുവന്ന മാണിക്യങ്ങളാൽ രൂപപ്പെട്ടതാണ്, കലാപരമായ മേന്മ കൊണ്ട് അത് നമ്മളെത്തന്നെ ഉറ്റുനോക്കുന്നതായി തോന്നും. ബേലൂരിൽ, മനോഹരമായ ശില്പങ്ങളുള്ള മറ്റൊരു ക്ഷേത്രം അദ്ദേഹം കണ്ടു, ഒരു പക്ഷെ ചെന്നകേശവ ക്ഷേത്രം. 

ഏപ്രിൽ അവസാനം അബ്ദുർ റസാക്ക് വിജയനഗരത്തിലെത്തി. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ രാജാവ് ഒരു ഘോഷയാത്ര ഏർപ്പെടുത്തിയിരുന്നു, കൂടാതെ താമസിക്കാനായി മനോഹരമായ ഒരു വീടും നൽകി.

വിജയനഗരം വളരെ വലുതും ജനനിബിഡവുമായിരുന്നു, രാജാവിന് വലിയ അധികാരവും ആധിപത്യവും ഉണ്ടായിരുന്നു. വിജയനഗരത്തിലെ രാജാവ് 'രായ' എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ആധിപത്യം സിലോൺ മുതൽ ഗുൽബർഗ വരെയും ബംഗാൾ മുതൽ മലബാർ വരെയും വ്യാപിച്ചിരുന്നു. മുന്നൂറോളം തുറമുഖങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാണ്. 'കുന്നുകളെപ്പോലെ ഉയരവും ഭൂതങ്ങളെപ്പോലെ ഭീമാകാരവുമായ' ആയിരത്തിലധികം ആനകളുണ്ട്. രാജാവിന്റെ സൈന്യത്തിൽ പതിനൊന്ന് ലക്ഷം ആളുകളുണ്ടായിരുന്നു.  

വിജയനഗരത്തിൽ ഏഴ് കോട്ട മതിലുകളാണുള്ളത്, ഒന്നിനകത്ത് അടുത്തത് എന്ന രീതിയിൽ. മറ്റു കൊട്ടകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഏഴാമത്തെ കോട്ട, ഹെറാത്ത് നഗരത്തിന്റെ (അഫ്ഗാനിസ്ഥാനിലെ ഒരു നഗരം) വിപണന സ്ഥലത്തേക്കാൾ പത്തിരട്ടി വലുതാണ്. അവിടെയാണ് രാജാവിന്റെ വസതി. ഒന്നും രണ്ടും മൂന്നും കോട്ട മതിലുകൾക്കിടയിൽ ഫലഭൂയിഷ്ഠമായ കൃഷിപ്പാടങ്ങളും ഉദ്യാനങ്ങളും വീടുകളും ഉണ്ട്. മൂന്നു മുതൽ ഏഴാമത്തെ കോട്ട വരെ തിരക്കേറിയ കടകളും ബസാറുകളും കാണാം. രാജകൊട്ടാരത്തിന്റെ കവാടത്തിൽ നാല് ബസാറുകൾ എതിർവശങ്ങളിലായി കാണാം, അവിടെ റോസ് കച്ചവടക്കാർ മധുര മണമുള്ളതും പുതുമയുള്ളതുമായ റോസാപ്പൂക്കൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇവിടുത്തെ ജനങ്ങൾക്ക് റോസാപ്പൂവ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല, അവർക്ക് ഭക്ഷണം പോലെ തന്നെ ഒരവശ്യ വസ്തുവാണ് റോസാപ്പൂക്കളും. ഈ രാജ്യത്തെ നിവാസികൾ, ഉയർന്നതോ താഴ്ന്നതോ ആകട്ടെ, ബസാറിലെ തൊഴിലാളികൾ വരെ, ചെവികൾ, കഴുത്ത്, കൈകൾ, കൈത്തണ്ട, വിരലുകൾ എന്നിവയിലെല്ലാം വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച ആഭരണങ്ങൾ ധരിക്കുന്നു.  

അവർ രണ്ടു തരത്തിൽ എഴുതിയിരുന്നു: തെങ്ങോലകളിൽ അഗ്രം കൂർത്ത കമ്പുകൾ ഉപയോഗിച്ചും (എഴുത്താണി), കൂടാതെ ഒരു വെളുത്ത പ്രതലം കറുപ്പിച്ച് അതിൽ മൃദുവായ കല്ലുകൊണ്ടും അക്ഷരങ്ങൾ എഴുതിയിരുന്നു, അത് വളരെക്കാലം നീണ്ടുനിൽക്കും.  

മറ്റു ലോഹങ്ങളോടൊപ്പം സ്വർണ്ണവും ചേർന്ന മൂന്ന് തരം നാണയങ്ങൾ അവർക്കുണ്ടായിരുന്നു: വരാഹം; പ്രതാപം; പണം എന്നിവ. വെള്ളി നാണയങ്ങളെ 'ടാർ' എന്നും ചെമ്പ് നാണയങ്ങളെ 'ജിറ്റൽ' എന്നും വിളിക്കുന്നു.  

രാജ്യത്ത് ഗണ്യമായ എണ്ണം ആനകളുണ്ടെങ്കിലും, ഏറ്റവും വലിയവ കൊട്ടാരത്തിനടുത്തുള്ള ആനപ്പന്തിയിലാണുള്ളത്. അവിടെയും ഇവിടെയും  ചാര പാടുകളുള്ള ഒരു വലിയ വെളുത്ത ആന രായക്കുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ഈ ആനയെ കണി കാണുന്നത് ശുഭശകുനമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. കൊട്ടാരത്തിലെ ആനകൾക്ക് ഖിച്ച്ഡിയാണ് ഭക്ഷണമായി നൽകുന്നത്. ഖിച്ഡിയിൽ ഉപ്പും പഞ്ചസാരയും വിതറി കുഴച്ചു വലിയ ഉരുളകളാക്കുന്നു, വെണ്ണയിൽ മുക്കിയ ശേഷം ഇവ ആനകളുടെ വായിൽ വച്ചു കൊടുക്കുന്നു. ഈ ചേരുവകളിലേതെങ്കിലും ഒന്ന് വിട്ടു പോയിട്ടുണ്ടെങ്കിൽ, ആന തന്റെ സൂക്ഷിപ്പുകാരനെ ആക്രമിക്കും. രായ ഈ അശ്രദ്ധക്ക് കഠിന ശിക്ഷയാണു നൽകിയിരുന്നത്. അദ്ദേഹത്തോട് 




ദേവരായയുമായുള്ള കൂടിക്കാഴ്ച: നാൽപതു തൂണുകളുള്ള ഒരു വലിയ ഹാളിലായിരുന്നു രാജ സിംഹാസനം. ബ്രാഹ്മണരും മറ്റുള്ളവരും ദേവരായയുടെ ഇടത്തും വലത്തുമായി നിൽപ്പുണ്ടായിരുന്നു. റസാക്ക് ദേവരായക്ക് മനോഹരമായ അഞ്ച് കുതിരകളും ഡമാസ്‌കിന്റെയും സാറ്റിന്റെയും ഉപഹാരങ്ങളും സമ്മാനിച്ചു. ദേവരായ ഒരു പച്ച സാറ്റിൻ മേലങ്കിയാണ് ധരിച്ചിരുന്നത്; കഴുത്തിൽ മുത്തും മറ്റ് രത്നങ്ങളും കൊണ്ട് അലങ്കരിച്ച ഒരു കോളർ ഉണ്ടായിരുന്നു. ഒലിവ് നിറമായിരുന്നു. താടിരോമങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങേയറ്റം പ്രസാദകരമായ മുഖമായിരുന്നു. 

ദേവരായ റസാക്കിനെ വളരെ ആദരപൂർവ്വം സ്വീകരിച്ചു തന്റെ അടുത്തിരുത്തി. ഷാരൂഖിന്റെ കത്ത് കാണിച്ചപ്പോൾ അദ്ദേഹം അത് വ്യാഖ്യാതാവിന് കൈമാറി, “ഒരു മഹാനായ ചക്രവർത്തി ഒരു രാജ്യപ്രതിനിധിയെ അയച്ചതിൽ എന്റെ ഹൃദയം അതിയായി സന്തോഷിക്കുന്നു.” മടങ്ങുന്നതിനുമുമ്പ്, റസാക്കിന് രണ്ട് പൊതി വെറ്റില, അഞ്ഞൂറ് പണം അടങ്ങിയ കിഴി, ഇരുപത് മിസ്കൽ കർപ്പൂരം എന്നിവ സമ്മാനിച്ചു. തുടർന്നുള്ള സന്ദർശനങ്ങളിലും ഇതു പതിവായിരുന്നു.

റസാക്കിന്റെ ദൈനംദിന ഭക്ഷ്യ വസ്‌തുക്കളിൽ രണ്ട് ആടുകൾ, നാലു ജോഡി കോഴികൾ, അഞ്ച് റാത്തൽ അരി, ഒരു റാത്തൽ വെണ്ണ, ഒരു റാത്തൽ പഞ്ചസാര, കൂടാതെ രണ്ടു സ്വർണ വരാഹങ്ങളും ഉൾപ്പെട്ടിരുന്നു. ആഴ്ചയിൽ രണ്ടുതവണ ദേവരായ അദ്ദേഹത്തെ വിളിപ്പിച്ച് മിർസ ഷാരൂഖിനെക്കുറിച്ചു ഓരോ കാര്യങ്ങൾ ചോദിച്ചു. രായ അവനോടു പറഞ്ഞു: "നിങ്ങളുടെ രാജാക്കന്മാർ ഒരു രാജ്യപ്രതിനിധിയെ ക്ഷണിക്കുകയും സ്വന്തം മേശയിലേക്ക് അവരെ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾക്കും എനിക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ, സ്വർണം നിറഞ്ഞ ഈ പണസഞ്ചി ഞാൻ ഒരു രാജ്യപ്രതിനിധിക്ക് നൽകുന്ന വിരുന്നായി കരുതണം". ഹിന്ദുക്കൾ മറ്റൊരാളുടെ സാന്നിധ്യത്തിൽ ഭക്ഷണം കഴിക്കില്ലെന്ന് റസാക്ക് പിന്നീട് പരാമർശിച്ചിട്ടുണ്ട്.  

ദസറ ആഘോഷം അവസാനിച്ച ദിവസം ദേവരായ അബ്ദുർ റസാക്കിനെ വിളിപ്പിച്ചു. മിർസ ഷാരൂഖിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രഭുക്കന്മാർ;  സൈന്യം; കുതിരകളുടെ എണ്ണം; സമർഖണ്ഡ്, ഹെറാത്ത്, ഷിറാസ് മുതലായ നഗരങ്ങളുടെ പ്രത്യേകതകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ കൗതുകപൂർവ്വം ആരാഞ്ഞു. കൂടാതെ “ഞാൻ ഒരു രാജ്യപ്രതിനിധിക്കൊപ്പം കുറച്ചു ആനകളെയും ഷണ്ഡന്മാരെയും മറ്റനേകം ഉപഹാരങ്ങളുമായി താങ്കളുടെ രാജാവിനടുത്തേക്ക് അയയ്ക്കാൻ പോകുകയാണ്" എന്നും അറിയിച്ചു.

ആനകളെ പിടിക്കുന്ന രീതി, വെറ്റില മുറുക്കുന്ന രീതി, ദേവരായയ്ക്കു നേരെ അദ്ദേഹത്തിന്റെ സഹോദരൻ നടത്തിയ വധ ശ്രമം, വിജയനഗരത്തിലെ മഹാനവമി (ദസറ അഥവാ നവരാത്രി) ആഘോഷം, വേശ്യാലയങ്ങൾ, ദേവരായയുടെ പ്രധാന മന്ത്രി ലഖന്ന ദണ്ഡനായകയുടെ ഗുൽബർഗ യുദ്ധപര്യടനം (അലാവുദ്ദിൻ അഹ്മദ് ഷാ‌ ബഹ്മനിക്ക് എതിരേ), 700 ഓളം രാജകുമാരിമാർ അടങ്ങുന്ന രായയുടെ അന്തഃപുരം, 'താൻ മിർസ ഷാരൂഖിന്റെ പ്രതിനിധി അല്ല മറിച്ചു വെറും ഒരു കച്ചവടക്കാരനാണെന്നു' ചിലർ അപവാദം പ്രചരിപ്പിച്ചത്, തുടങ്ങി മറ്റനേകം വിവരണങ്ങളും അബ്ദുർ റസാക്ക് നൽകിയിട്ടുണ്ട്.

Reference:

India in the Fifteenth Century - Being a Collection of Narratives of Voyages to India in the Century Preceding the Portuguese Discovery of the Cape of Good Hope, from Latin, Persian, Russian, and Italian Sources

അഭിപ്രായങ്ങള്‍