അടിമവംശത്തിന്റെ പതനവും ഖിൽജി വംശത്തിന്റെ ഉദയവും

ഇന്ത്യയുടെ ആദ്യ തുർക്കി സാമ്രാജ്യത്തിലെ പത്താമത്തെ ഭരണാധികാരിയായിരുന്നു പ്രഗത്ഭ അടിമ സുൽത്താനായിരുന്ന ബാൽബാന്റെ ചെറുമകൻ മുയിസുദ്ദീൻ കൈക്കാബാദ് [മറ്റ് എഴുത്തുകൾ: കെയ്ക്കാബാദ്, കൈക്കുബാദ്, കൈക്കൂബാദ്, ഖൊയ്ക്കാബാദ്, ഗെയ്ക്കൂബാദ്, ഖ്വായിഖബാദ്, കൈക്കോബാദ്] (1286-1290). ബാൽബാന്റെ മൂത്തമകൻ മുഹമ്മദ് പിതാവിന്റെ ജീവിതകാലത്തു തന്നെ മംഗോളിയരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ബുഗ്ര ഖാന് ഡൽഹി സിംഹാസനത്തിൽ താല്പര്യമില്ലായിരുന്നു. അതിനാൽ ബാൽബാൻ തന്റെ മൂത്ത പൗത്രനും മുഹമ്മദിന്റെ മകനുമായ കൈ ഖുസ്രുവിനെ പിൻഗാമിയായി പ്രഖ്യാപിച്ചു, എന്നിരുന്നാലും പ്രധാനികളും പ്രഭുക്കന്മാരും ബുഗ്ര ഖാന്റെ മകൻ കൈക്കാബാദിനെ സിംഹാസനത്തിലേറ്റി. 

സിംഹാസനസ്ഥനാകുമ്പോൾ കൈക്കാബാദിന് 17-18 വയസ്സായിരുന്നു പ്രായം. വളരെ കർക്കശനായിരുന്ന പിതാമഹന്‍ ബാൽബാന്റെ നിയന്ത്രണത്തിന് കീഴിലാണ് കൈക്കാബാദ് വളർന്നതും പഠിച്ചതും. അദ്ദേഹത്തിന്റെ നിഷ്‌കർഷയുള്ള അദ്ധ്യാപകർ കൈക്കാബാദിന് സുന്ദരികളായ പെൺകുട്ടികളോ വീഞ്ഞോ തുടങ്ങി യാതൊന്നും ആസ്വദിക്കാനുള്ള അവസരം നൽകിയിരുന്നില്ല. എന്നാൽ ഒറ്റയടിക്ക് സകല നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ട കൈക്കാബാദ് സുഖാഡംബരങ്ങളിലേക്ക് വളരെ പെട്ടെന്നു വഴുതി വീണു. യമുനയുടെ തീരത്ത് കിലോഖാരിയിൽ മനോഹരമായ ഒരു കൊട്ടാരം അദ്ദേഹം പണിതു. ഭരണകാര്യങ്ങൾ പൂർണ്ണമായും അവഗണിച്ച കൈക്കാബാദിന്റെ ശ്രദ്ധ സ്ത്രീകൾ, ഗായകർ, സംഗീതജ്ഞർ, ബഫൂണുകൾ എന്നിവയിലേക്ക് ചാഞ്ഞു. 

മന്ത്രി സ്ഥാനമേറ്റ മാലിക് ഫഖ്‌റുദ്ദീൻ കോത്‌വാളിന്റെ അനന്തരവനും മരുമകനുമായ നിസാമുദ്ദീൻ സുൽത്താനിൽ വലിയ സ്വാധീനം ചെലുത്തി ഭരണകാര്യങ്ങളുടെ നിയന്ത്രണമെല്ലാം ഏറ്റെടുത്തു. എന്നാൽ വഞ്ചകനായിരുന്നു നിസാമുദ്ദീൻ സിംഹാസനം പിടിച്ചെടുക്കാനുള്ള പദ്ധതികൾ രൂപീകരിക്കാൻ തുടങ്ങി. കൈ ഖുസ്രു രാജകുമാരനെതിരെ പലതും ഓതിക്കൊടുത്തു അവനെ കൊല്ലാനുള്ള ഉത്തരവ് സുൽത്താനിൽ നിന്നും നേടിയെടുക്കുക എന്നതായിരുന്നു അയാളുടെ ആദ്യ പ്രവൃത്തി. അതിനു ശേഷം അയാൾ മുഖ്യ പ്രഭുക്കന്മാരെ നീക്കം ചെയ്തു.

ഒടുവിൽ നിസാമുദ്ദീൻ കൈക്കാബാദിനെ തന്റെ കൈയ്യിലെ കളിപ്പാവയാക്കി മാറ്റി. മന്ത്രിയുടെ ഗൂഢാലോചനകളെക്കുറിച്ച് ചില അഭ്യുദയകാംക്ഷികൾ സൂചന നൽകിയപ്പോഴെല്ലാം, സുൽത്താൻ ഉടൻ തന്നെ മന്ത്രിയെ വിളിച്ച് അയാളോട് ഇക്കാര്യം ആവർത്തിക്കുകയും ആ വ്യക്തികളെ പിടികൂടി അയാൾക്കു കൈമാറുകയും ചെയ്തു.

ബാൽബാന്റെ മരണത്തിനു ശേഷം 'നാസിറുദ്ദീൻ' എന്ന പേരിൽ ബംഗാളിലെ സുൽത്താനായി ഭരണമേറ്റെടുത്ത ബുഗ്ര ഖാൻ ഡൽഹിയിലെ കാര്യങ്ങൾ അറിഞ്ഞപ്പോൾ മകനെ കാണാനായി അവധിലെ സരയൂ തീരത്തെത്തി (അച്ഛന്റെയും മകന്റെയും കൂടിക്കാഴ്ചയെക്കുറിച്ചു ആമിർ ഖുസ്രു എഴുതിയ കാവ്യമാണ് 'ഖിരൻ-ഉസ്-സദൈൻ'. പിതാവ് ജീവിച്ചിരിക്കുമ്പോൾ മകൻ സിംഹാസനത്തിലേറുന്നതു ചരിത്രത്തിൽ അപൂർവമാണ്). ഒരുപാടുപദേശങ്ങളോടൊപ്പം നിസാമുദ്ദീനെ എത്രയും പെട്ടെന്നു വക വരുത്തുക എന്നൊരു മുന്നറിയിപ്പും കൊടുത്തതിനു ശേഷം ബുഗ്ര ഖാൻ തിരിച്ചു പോയി.

ഡൽഹിയിലേക്ക് തിരിച്ച കൈക്കാബാദ് കുറച്ചു ദിവസങ്ങൾക്കു ശേഷം പിതാവിന്റെ ഉപദേശം മറന്നു വീണ്ടും മദ്യവും മദിരാക്ഷിയും തുടർന്നു. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചു. ഡൽഹിയിലെത്തി ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം രോഗബാധിതനായി. അപ്പോൾ പിതാവിന്റെ ഉപദേശങ്ങൾ ഓർക്കാൻ തുടങ്ങി. തന്റെ എല്ലാ ദുരിതങ്ങൾക്കും യഥാർത്ഥ കാരണം നിസാമുദ്ദീനാണെന്ന് മനസ്സിലാക്കുകയും അയാളെ ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. നിസാമുദ്ദീനോട് അകലെയുള്ള പ്രദേശമായ മുൾട്ടാന്റെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ സുൽത്താന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ബോധവാനായ നിസാമുദ്ദീൻ തന്റെ യാത്ര വൈകിപ്പിക്കുന്നതിന് ഓരോ ഒഴികഴിവു പറഞ്ഞുകൊണ്ടിരുന്നു. സുൽത്താന്റെ ഈ ഉദ്ദേശ്യത്തെക്കുറിച്ച അറിയാനിടയായ അദ്ദേഹത്തിന്റെ ചില വിശ്വസ്തർ നിസാമുദ്ദീനെ വിഷം കൊടുത്തു കൊന്നു.

നിസാമുദ്ദീന്റെ വധത്തിനു ശേഷം സമാനയുടെ ഗവർണറായിരുന്ന മാലിക് ഫിറോസ് ഖിൽജിയെ 'ഷൈസ്ത ഖാൻ' എന്ന പദവി നൽകി ആരിസുൾ മുമാലിക്ക് ആയി നിയമിച്ചു. ബരൻ എന്ന പ്രദേശം അദ്ദേഹത്തിന് നൽകി. മാലിക് ഐതാമൂർ കച്ചനെ ബാർബക്കും മാലിക് ഐതാമൂർ സുർകയെ വകീൽദാറും ആക്കി. ഇതിനിടയിൽ, സുൽത്താനു പക്ഷാഘാതം വന്നു (ഒരു വശം അനക്കാൻ വയ്യാതാവുകയും വായ വികൃതമാകുകയും ചെയ്തു) കിടപ്പിലായി. ആ സാഹചര്യത്തിൽ ഈ മൂന്ന് ഉദ്യോഗസ്ഥരും രാജ്യം മൂന്നായി ഭാഗിച്ചു ഭരണം തുടങ്ങി. എന്നാൽ പഴയ ബാൽബാനി-ഷംസി തുർക്കി പ്രഭുക്കന്മാർ ബാൽബാന്റെ കുടുംബത്തിനു വേണ്ടി സിംഹാസനം പരിരക്ഷിക്കാൻ ആഗ്രഹിച്ചു; അവർ കൈക്കാബാദിന്റെ മൂന്നു വയസ്സുള്ള മകൻ ഷംസുദ്ദീൻ കൈമൂർസിനെ സിംഹാസനത്തിൽ അവരോധിക്കാൻ തീരുമാനിച്ചു.

അന്യ ജാതിയിൽ പെട്ടവരായതിനാൽ തുർക്കികൾക്കു ഖിൽജികളെ ഭയമായിരുന്നു. ഖിൽജികളുടെ പ്രതാപത്തിൽ അസൂയാലുക്കളായ മാലിക് ഐതാമൂർ കച്ചനും മാലിക് ഐതാമൂർ സുർക്കയും അവരെ ഇല്ലാതാക്കാൻ തീരുമാനിച്ചു, ഈ പട്ടികയിൽ ഒന്നാമൻ മാലിക് ഫിറോസ് ആയിരുന്നു. ഐതാമൂർ കച്ചന്റെയും സുർഖയുടെയും ദുരുദ്ദേശത്തെക്കുറിച്ച് വിവരം കിട്ടിയ മാലിക് ഫിറോസ്, ഖിൽജികളെ വിളിച്ചുകൂട്ടി ബഹാർപൂരിൽ സൈനിക ഒരുക്കം നടത്തി. തന്നെ ചതിച്ചു കൊല്ലാൻ നോക്കിയ ഐതാമൂർ കച്ചനെ അദ്ദേഹം വകവരുത്തി. ഫിറോസിന്റെ പുത്രന്മാർ യുവ രാജകുമാരനായ കൈമൂർസിനെ പിടികൂടി മാലിക് ഫഖ്‌റുദ്ദീൻ കോത്‌വാളിന്റെ മക്കളോടൊപ്പം ബഹാർപൂരിലേക്ക് കൊണ്ടുപോയി. തങ്ങളെ പിന്തുടർന്ന മാലിക് ഐതാമൂർ സുർക്കയെ അവർ വധിച്ചു. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ ഖിൽജികളെ ഇഷ്ടമല്ലാതിരുന്ന ഡൽഹി നിവാസികൾ നഗരത്തിന് മുന്നിൽ ഒത്തുകൂടി ഫിറോസിനെ ആക്രമിക്കാൻ തീരുമാനിച്ചു. എന്നാൽ ഫിറോസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന യുവ രാജകുമാരനെയും സ്വന്തം മക്കളെയും രക്ഷിക്കാനായി മാലിക് ഫഖ്‌റുദ്ദീൻ കോത്‌വാൾ അവരെ പിന്തിരിപ്പിച്ചു. ഇതിനിടെ ധാരാളം അമീർമാരും മാലിക്കുകളും ഫിറോസിന്റെ പക്ഷം ചേർന്നു. അങ്ങനെ കൂടുതൽ പ്രബലനായിത്തീർന്ന മാലിക് ഫിറോസ്, കൈക്കാബാദിനെ വക വരുത്താനായി കിലോഖാരിയിലേക്കു ഒരു മാലിക്കിനെ അയച്ചു. 

കിലോഖാരിയിലെ കൊട്ടാരത്തിൽ കിടപ്പിലായിരുന്ന കൈക്കാബാദിന്റെ ശരീരത്തിൽ ഒരൽപം ജീവൻ ശേഷിച്ചിരുന്നു. കൊലയാളി അദ്ദേഹത്തിന്റെ തലച്ചോർ തകർത്ത് ബെഡ് ഷീറ്റിൽ പൊതിഞ്ഞു ജനലിൽക്കൂടി പുഴയിലേക്ക് വലിച്ചെറിഞ്ഞു. 

സുഹൃത്തുക്കളും എതിരാളികളും ഒടുവിൽ ഫിറോസുമായി ധാരണയിലെത്തുകയും അദ്ദേഹത്തെ ബഹാർപൂരിൽ നിന്ന് വലിയ അകമ്പടിയോടെ കിലോഖാരിയിലെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. 

കൈക്കാബാദിന്റെ മരണത്തോടെ, 'അടിമ വംശം' എന്നറിയപ്പെടുന്ന ഡൽഹിയിലെ ആദ്യത്തെ മുസ്ലിം വംശം അവസാനിച്ചു.

കൈക്കാബാദിന്റെ വധത്തിനുശേഷം മാലിക് ഫിറോസ് തന്റെ എഴുപതാമത്തെ വയസ്സിൽ 'സുൽത്താനുൾ ഹലിം ജലാലുദ് ദുനിയ വ ഉദ്ദീൻ ഫിറോസ് ഷാ ഖിൽജി' (ജലാലുദ്ദീൻ ഖിൽജി) എന്ന പേരിൽ ഡൽഹി സിംഹാസനം പിടിച്ചടക്കി. ഇപ്രകാരം 'മുയിസി വംശം' എന്ന മുഹമ്മദ് ഗോരിയുടെ സാമ്രാജ്യം  ഖിൽജികൾക്ക് വഴി മാറി. അധികാരത്തിലെത്തിയ ജലാലുദ്ദീൻ ബാല രാജകുമാരനായ കൈമൂർസിനെ വധിച്ചു. (എന്നാൽ മറ്റു ചില വിവരണങ്ങൾ പ്രകാരം കൈമൂർസ് കിലോഖാരിയിലെ തടവിൽ വച്ചാണ് മരിക്കുന്നത്.)

അഭിപ്രായങ്ങള്‍