ജനോവയിൽ നിന്നും കോഴിക്കോട്ടേക്ക്: ഹീറോയിനിമോ ഡി സാന്റോ സ്റ്റെഫാനോ

ഹീറോയിനിമോ ഡി സാന്റോ സ്റ്റെഫാനോ എന്ന ജനോവൻ വ്യാപാരി പതിനഞ്ചാം ശതകത്തിന്റെ അവസാനത്തിൽ (ഏകദേശം 1494-99 കാലഘട്ടത്തിൽ) ഇന്ത്യ സന്ദർശിച്ചു.

സാന്റോ സ്റ്റെഫാനോയും സുഹൃത്ത് അഡോർണോയും കെയ്‌റോയിൽ നിന്നും ചരക്ക് വാങ്ങിച്ചതിനു ശേഷം ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു. കെയ്‌റോയിൽ നിന്ന് അവർ കരമാർഗ്ഗം ചെങ്കടലിലെ ഒരു തുറമുഖമായ കോസ്സെയറിലേക്ക് പുറപ്പെട്ടു. പിന്നീട്  മസാവ വഴി ഏദനിലേക്കും. അവിടെ നിന്ന് ഇന്ത്യൻ മഹാസമുദ്രം കടന്ന് കോഴിക്കോടു തുറമുഖത്തെത്തിച്ചേർന്നു.

കോഴിക്കോടു നിന്ന് സാന്റോ സ്റ്റെഫാനോയും സഹവ്യാപാരിയും സിലോണിലേക്കും പിന്നീട് പെഗുവിലേക്കും പോയി. പെഗുവിൽ വച്ച് സാന്റോ സ്റ്റെഫാനോ പെഗുവിലെ രാജാവിന് തന്റെ ചരക്കുകൾ 2000 ഡക്കറ്റുകൾക്കു വിൽക്കാൻ നിർബന്ധിതനായി. പക്ഷേ പണം കിട്ടാൻ താമസിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് അഡോർണോ അവിടെവച്ചു മരണപ്പെട്ടു. ഒരുപാടു ബുദ്ധിമുട്ടി സാന്റോ സ്റ്റെഫാനോ തന്റെ ചരക്കുകൾ വീണ്ടെടുക്കുകയും സുമാത്രയിലേക്ക് കപ്പൽ കയറുകയും ചെയ്തു. അവിടെ പെഗുവിലേക്കാളും കഷ്ടതകളാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്. 



തുടർന്ന് അദ്ദേഹം കാംബേയിലേക്ക് പുറപ്പെട്ടു. മാലിദ്വീപിലെ മോശം കാലാവസ്ഥയെ തുടർന്ന് ആറുമാസം അവിടെ കഴിയേണ്ടി വന്നു.  പിന്നീടുണ്ടായ കപ്പലപകടത്തിൽ ചരക്കു സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. അങ്ങനെ നിരാശ്രയനായ അദ്ദേഹം ഒടുവിൽ കാംബേയിലെത്തിചേർന്നു. കാംബേയിൽ ഡമാസ്കസിലെ ഒരു വ്യാപാരി അദ്ദേഹത്തിനു ഒരു ജോലി നൽകി, പിന്നീട് സൂപ്പർ കാർഗോ ആയി ഒർമുസിലേക്ക് അയച്ചു. അവിടെ നിന്ന് അദ്ദേഹം പേർഷ്യ വഴി ട്രിപ്പോളിയിലേക്ക് യാത്ര തിരിച്ചു.

ട്രിപ്പോളിയിൽ (ലെബനൻ) വച്ച് 1499 സെപ്റ്റംബർ 1 ന് സുഹൃത്തായ മെസ്സർ ജിയോവാൻ ജേക്കബോ മെയിനറിന് അയച്ച കത്തിൽ സാന്റോ സ്റ്റെഫാനോ തന്റെ യാത്രകളെക്കുറിച്ച് ഒരു വിവരണം എഴുതി. 

കോഴിക്കോട്ട് കുരുമുളകും ഇഞ്ചിയും ധാരാളമായി വളരും: കുരുമുളകു ചെടികൾ ഐവി എന്ന വള്ളിച്ചെടികളോട് സാമ്യമുള്ളതാണ്, കാരണം അവ മറ്റു മരങ്ങളിൽ ചുറ്റി വളരുന്നു. അവയുടെ ഇലകളും ഐവിയുടെ ഇലകളോട് സാമ്യമുള്ളതാണ്. അവയുടെ കുലകൾ കൈപ്പത്തിയുടെ പാതിയിൽ കൂടുതൽ നീളമുള്ളതും വിരൽ പോലെ മൃദുലവുമാണ്. കുലകൾക്കു ചുറ്റിനും മണികൾ തിങ്ങി നിറഞ്ഞിരിക്കും. നമ്മുടെ നാട്ടിൽ കുരുമുളക് വളരാത്തതിന്റെ കാരണം നടാൻ ചെടികളൊന്നുമില്ല എന്നതാണ്. നമുക്കിടയിൽ പ്രചരിച്ചിരിക്കുന്നതുപോലെ, കുരുമുളക് വളരാതിരിക്കാൻ വേണ്ടി കരിക്കുന്നുവെന്നത് ശരിയല്ല. മൂപ്പെത്തുമ്പോൾ പറിക്കുന്ന സമയത്ത് അതിനു നല്ല പച്ച നിറമായിരിക്കും. ഇത് വെയിലത്ത് ഉണങ്ങാൻ വയ്ക്കും, 5-6 ദിവസത്തിനുള്ളിൽ അത് നമ്മൾ കാണുന്നതുപോലെ കറുത്ത നിറത്തിൽ ചുളിവുകളുള്ളതായിത്തീരും.



ഇഞ്ചി കൃഷിക്കായി അവർ മുളയിഞ്ചിയുടെ ഒരു ചെറിയ കഷണം നട്ടുപിടിപ്പിക്കുന്നു, ഒരു മാസത്തിനുള്ളിൽ അത് വളർന്നു വലുതാകും; ഇലകൾ കാട്ടുലില്ലിയുടെ പോലിരിക്കും. ഇന്ത്യൻ നട്ട് (തേങ്ങ) ഉണ്ടാകുന്ന പനപോലിരിക്കുന്ന ധാരാളം മരങ്ങളും ഇവിടെയുണ്ട്.

ഈ നഗരത്തിന്റെ അധിപന്‍ ഒരു വിഗ്രഹാരാധകനാണ്, അതുപോലെ തന്നെ അവിടുത്തെ ജനങ്ങളും. അവർ കാളയെയും സൂര്യനെയും സ്വയം നിർമ്മിച്ച വിഗ്രഹങ്ങളെയും ആരാധിക്കുന്നു. മരിച്ചവരെ കത്തിക്കുകയാണ് ചെയ്യുന്നത്. ചിലർ കാളകളെയും പശുക്കളെയും ഒഴികെ മറ്റെല്ലാത്തരം മൃഗങ്ങളെയും കൊല്ലും. ഇവയെ [കാളകളെയും പശുക്കളെയും] കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്നവർക്കു വധശിക്ഷയാണ്, കാരണം ഇവ ആരാധനാ മൂർത്തികളാണ്. മറ്റുചിലർ മാംസമോ മത്സ്യമോ പോലെ ജീവനുള്ളതിനെയൊന്നും ഭക്ഷിക്കില്ല.

ഓരോ സ്ത്രീയ്ക്കും സ്വന്തം ഇഷ്‌ടം അനുസരിച്ച് ഏഴോ എട്ടോ വരെ ഭർത്താക്കന്മാരെ സ്വീകരിക്കാം. കന്യകകളായ സ്ത്രീകളെ പുരുഷന്മാർ ഒരിക്കലും വിവാഹം കഴിക്കില്ല. ഒരു കന്യകയുടെ വിവാഹനിശ്ചയം നടന്നാൽ വിവാഹത്തിന് മുൻപായി 15-20 ദിവസത്തേക്ക് അവളെ മറ്റൊരാൾക്ക് കൈമാറും.

ഈ നഗരത്തിൽ ആയിരത്തോളം ക്രിസ്ത്യൻ വീടുകൾ ഉണ്ട്, ഈ ജില്ലയെ അപ്പർ ഇന്ത്യ എന്ന് വിളിക്കുന്നു.

Reference:

Account of the Journey of Hieronimo di Santo Stefano, a Genovese, addressed to Messer Giovan Jacob Mainer - India in the Fifteenth Century

അഭിപ്രായങ്ങള്‍