ഖുത്ബുദ്ദീൻ മുബാരക് ഷായും ഖിൽജി വംശത്തിന്റെ പതനവും

ഡൽഹിയിലെ ഖിൽജി വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു അലാവുദ്ദീൻ ഖിൽജി. 1316-ൽ അലാവുദ്ദീന്റെ മരണശേഷം, അദ്ദേഹത്തിന്റെ വസീര്‍ മാലിക് കഫൂർ ഹസാർ-ദിനാരി അലാവുദ്ദീന്റെ ആറു വയസ്സുള്ള പുത്രൻ ഷഹാബുദ്ദീൻ ഉമറിനെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം സ്വയം റീജന്റ് സ്ഥാനം ഏറ്റെടുത്തു. ഗ്വാളിയോർ കോട്ടയിൽ തടവിലിട്ടിരുന്ന [അലാവുദ്ദീന്റെ] അനന്തരാവകാശി ഖിസ്ർ ഖാന്റെയും സഹോദരൻ ഷാദി ഖാന്റെയും കാഴ്ച ചൂഴ്ന്നെടുത്തു. അന്ധനാക്കാനുള്ള ഉദ്ദേശ്യത്തോടെ അയാൾ അലാവുദ്ദീന്റെ മൂന്നാമത്തെ മകനായ മുബാരക്കിനെയും തടങ്കലിലാക്കി.

പിന്നീട് മനസ്സ് മാറ്റിയ കഫൂർ മുബാരക്കിനെ കൊലപ്പെടുത്താനായി ചില ഫുട് ഗാർഡുകളെ കാരാഗൃഹത്തിലേക്കയച്ചു. കൊലയാളികൾ മുറിയിൽ പ്രവേശിച്ചപ്പോൾ, മുബാരക് തന്റെ കഴുത്തിൽ കിടന്ന വിലപിടിപ്പുള്ള ഒരു രത്‌നമാല മാല എറിഞ്ഞു കൊടുത്ത് അവരോട് തന്റെ പിതാവിനെ അനുസ്മരിക്കാൻ അഭ്യർത്ഥിച്ചു, ഒരു കാലത്തു അവർ അദ്ദേഹത്തിന്റെ വിശ്വസ്ത സേവകരായിരുന്നു എന്നും. അദ്ദേഹം അവരെ തന്റെ പക്ഷത്തു ചേർക്കുന്നതിൽ വിജയിച്ചു. അധികം താമസിയാതെ മാലിക് കഫൂറിനെ അവർ കൊലപ്പെടുത്തി, മുബാരക്കിനെ തടങ്കലിൽ നിന്ന് മോചിപ്പിക്കുകയും സഹോദരൻ ഉമറിന്റെ റീജന്റ് ആയി നിയമിക്കുകയും ചെയ്തു. മുബാരക് സാവധാനം മാലിക്കുകളെയും അമീർമാരേയും തന്റെ പക്ഷത്തേക്ക് കൊണ്ടുവന്നു, പിന്നീട് സഹോദരനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം 'ഖുത്ബുദ്ദീൻ' (r: 1316-1320) എന്ന ഔദ്യോഗിക നാമത്തിൽ സ്ഥാനാരോഹണം ചെയ്തു. 1316 ഏപ്രിലിലായിരുന്നു  ഈ സംഭവം. ഷഹാബുദ്ദീനെ അന്ധനാക്കുകയും ഗ്വാളിയോർ കോട്ടയിൽ തടവിലിടുകയും ചെയ്തു. മാലിക് കഫൂറിനെ വധിച്ച ഫുട് ഗാർഡുകൾ സദസ്സിൽ വലിയ സ്ഥാനമാനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ഖുത്ബുദ്ദീൻ അവരെ അടിച്ചമര്‍ത്തിയശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറഞ്ഞയച്ചു.



അധികാരത്തിൽ വന്നതിനു ശേഷം ഖുത്ബുദ്ദീൻ തടവുകാരെ ഒന്നടങ്കം മോചിപ്പിയ്ക്കുകയും (ഏകദേശം 17,000) നാടുകടത്തിയവരെയെല്ലാം തിരിച്ചുവിളിക്കുകയും ചെയ്തു. പിതാവിന്റെ ഭരണകാലത്തു ഭൂമിയും ഗ്രാമങ്ങളും ബലമായി പിടിച്ചെടുക്കപ്പെട്ട വ്യക്തികൾക്ക് അവ പുനസ്ഥാപിച്ചു നൽകി. വാണിജ്യമേഖലയിലെ മ്ലേച്ഛമായ എല്ലാ നിയന്ത്രണങ്ങളും കൂടാതെ പിതാവ് നിശ്ചയിച്ചിരുന്ന കനത്ത കപ്പവും നികുതിയും എടുത്തു മാറ്റി. അതിനുശേഷം ഖുത്ബുദ്ദീൻ രാജാവിന്റെ കടമകളെല്ലാം അവഗണിച്ച് വീഞ്ഞിലും സ്ത്രീകളിലും മറ്റ് ആനന്ദങ്ങളിലും മുഴുകി. പിതാവ് അലാവുദ്ദീനെപ്പോലെ ഖുത്ബുദ്ദീനും ദ്വിലിംഗി ആയിരുന്നു. ബർവാരി ഗോത്രത്തിൽ പെട്ട സുന്ദരനായ അടിമയും മതം മാറിയ ഹിന്ദുവുമായ 'ഹസൻ' ഖുത്ബുദ്ദീന്റെ അസ്വാഭാവിക വാത്സല്യത്തിലൂടെ രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തിയായിത്തീർന്നു. ഖുസ്രു ഖാൻ എന്ന പദവി അയാൾക്ക്‌ ലഭിച്ചു. അയാളെ സർവ്വസൈന്യാധിപനും വസീറും ആയി നിയമിക്കുകയും ചെയ്തു.

1318-ൽ ഖുത്ബുദ്ദീൻ ഒരു വലിയ സൈന്യവുമായി ദേവഗിരിയിലേക്ക് പുറപ്പെട്ടു. അലാവുദ്ദീന്റെ മരണശേഷം രാജാ രാമദേവന്റെ മരുമകൻ ഹർപാൽദേവ ദേവഗിരി വീണ്ടെടുത്തിരുന്നു. ഖുസ്രു ഖാൻ രാമദേവന്റെ മന്ത്രി രഘുവിനെ പരാജയപ്പെടുത്തി, കൂടാതെ റാണാ ഹർപാലിനെ ബന്ദിയാക്കി ശിരഛേദം ചെയ്തു. ഖുത്ബുദ്ദീൻ ദേവഗിരിയിൽ (ഇപ്പോൾ ഭാരത് മാതാ ക്ഷേത്രം എന്നറിയപ്പെടുന്നു) ഒരു ജാമി മസ്ജിദ് പണിയുകയുണ്ടായി. 

ഖുത്ബുദ്ദീൻ ദേവഗിരിയിലേക്ക് പുറപ്പെട്ടപ്പോൾ, ചില പ്രഭുക്കന്മാർ അദ്ദേഹത്തിനെതിരെ കലാപം നടത്താനും സഹോദരൻ ഖിസ്ർ ഖാന്റെ പത്തു  വയസ്സു പ്രായമുള്ള മകനെ സിംഹാസനത്തിലേറ്റാനും ഗൂഢാലോചന നടത്തിയെന്ന് ഇബ്നു ബത്തൂത്ത കുറിക്കുന്നു. ഇതറിയാനിടയായ  ഖുത്ബുദ്ദീൻ ഉടൻ തന്നെ തന്റെ അനന്തരവനെ വധിച്ചു. പിന്നീട് ഒരു ഘാതകനെ ഗ്വാളിയറിലേക്ക് അയച്ച് അന്ധ രാജകുമാരന്മാരായ ഖിസ്ർ ഖാൻ, ഷാദി ഖാൻ, ഷഹാബുദ്ദീൻ എന്നിവരേയും വധിച്ചു. കൊലയാളികൾ ഖിസ്ർ ഖാന്റെ ഭാര്യ ദേവൽ ദേവിയെ പിടികൂടി മുബാരക്കിന്റെ അന്തപുരത്തിലേക്കു കൊണ്ടുവന്നു.

അക്കാലത്ത് സുൽത്താൻ പൊതുവേദികളിൽ സ്ത്രീകളുടെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. പ്രഭുക്കന്മാരുടെ വീടുകളിൽ നൃത്തം ചെയ്യാൻ അദ്ദേഹം പലപ്പോഴും സ്ത്രീകളോടൊപ്പം പോയിരുന്നു. രാജ സദസ്സിലെ മുഖ്യ അമീറുകളെ തമാശാ രൂപേണ അപമാനിക്കാൻ അദ്ദേഹം കോമാളികളോടും വിദൂഷകരോടും കൽപ്പിച്ചു. മറ്റു സമയങ്ങളിൽ, രാജകൊട്ടാരത്തിന്റെ മട്ടുപ്പാവുകളിൽ അർദ്ധനഗ്നരായ വേശ്യകളോടൊപ്പം കാണപ്പെട്ടിരുന്ന സുൽത്താൻ പ്രഭുക്കന്മാർ സദസ്സിൽ പ്രവേശിക്കുമ്പോൾ അവരുടെ മുമ്പാകെ സ്വയം പ്രദർശിപ്പിക്കാൻ അവരോടു കല്പിക്കുകയും ചെയ്തിരുന്നു.

ഹസനുമായുള്ള (ഖുസ്രു ഖാൻ) ഖുത്ബുദ്ദീന്റെ ഭ്രാന്തമായ സ്നേഹം വാസ്തവത്തിൽ അലാവുദ്ദീന് മാലിക് കഫൂറിനോടുള്ളതിനെക്കാൾ കൂടുതലായിരുന്നു. ഇത് ഖുത്ബുദ്ദീന്റെ പതനത്തിനുള്ള പ്രധാന കാരണമായിത്തീർന്നു. ദേവഗിരി പിടിച്ചടക്കിയതിനുശേഷം, ഖുത്ബുദ്ദീൻ ഖുസ്രുവിനെ തെലങ്കാനയിലേക്ക് അയച്ചിരുന്നു. ഒരു വർഷത്തോളം 1318 ൽ ഖുസ്രു ഖാൻ കാക്കാത്തിയ തലസ്ഥാനമായ വാറങ്കലിൽ ഉപരോധം നടത്തി. രാജ പ്രതാപരുദ്രദേവ അടിയറവു പറയുകയും ഖുസ്രുവിന് അഞ്ച് ജില്ലകൾ, നൂറിലധികം ആനകൾ, 12,000 കുതിരകൾ, സ്വർണം, ആഭരണങ്ങൾ എന്നിവ കാഴ്ചവയ്ക്കുകയും ചെയ്തു. മച്ചിലിപട്ടണത്ത് ഒരു ധനിക വ്യാപാരിയെ കൊള്ളയടിക്കുകയും തുടർന്ന് വധിക്കുകയും ചെയ്തു. തുടർന്ന് മൈഥിലി (മോട്ടുപില്ലെ) ആക്രമിച്ച ഖുസ്രു 20 ആനകളും ഒരു വലിയ വജ്രവും കരസ്ഥമാക്കി. ഖുസ്രു പിന്നീട് മാബറിലെത്തി (ദ്വാരസമുദ്ര). 

വേണ്ടുവോളം സമ്പത്ത് കൈയിൽ വന്നപ്പോൾ, കലാപം സൃഷ്ടിക്കാനും ഒരു സ്വതന്ത്ര പരമാധികാരിയായി ഡെക്കാനിൽ സ്ഥാനം ഉറപ്പിക്കാനും ഖുസ്രു പദ്ധതിയിട്ടു. പര്യവേക്ഷണ വേളയിൽ തന്നോടൊപ്പം വന്ന സുൽത്താന്റെ കൂറുള്ള ഉദ്യോഗസ്ഥരെ ഇല്ലാതാക്കാനും അയാൾ തന്റെ വിശ്വസ്തരുമായി ചേർന്ന് ഗൂഢാലോചന നടത്തി. ഖുസ്രുവിന്റെ പദ്ധതികളിൽ സംശയം തോന്നിയ സുൽത്താന്റെ അഭ്യുദയകാംക്ഷികളായ ചില ഉദ്യോഗസ്ഥർ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സുൽത്താന് വിവരം നൽകി. ഖുസ്രുവിനെ പിടിച്ചുകെട്ടി കൊട്ടാരത്തിലേക്കയയ്ക്കാൻ സുൽത്താൻ അവരോട് ആവശ്യപ്പെട്ടു. 



എന്നാൽ സ്വകാര്യ മുറിയിൽ വച്ച് കുറ്റാരോപിതർക്കെതിരെ ഖുസ്രു സുൽത്താന്റെ മനസ്സിൽ വിഷം കുത്തിവച്ചു. അയാളിൽ ഭ്രാന്തനായിരുന്ന  സുൽത്താന് അയാളുടെ വാക്കുകൾ സുവിശേഷം പോലെയായിരുന്നു. തന്റെ അഭ്യുദയകാംക്ഷികളായ ആ ഉദ്യോഗസ്ഥരെ സുൽത്താൻ അപമാനിക്കുകയും അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചിലരെ തുറുങ്കിലടയ്ക്കുകയും ചെയ്തു. സാക്ഷികൾക്കും കഠിന ശിക്ഷ തന്നെ നൽകി. ഖുസ്രുവിന്റെ ശത്രുക്കളുടെ നാശം കണ്ട മറ്റു പ്രഭുക്കന്മാർ മൗനം പാലിച്ചു, അവരും ഖുസ്രുവിന്റെ സംരക്ഷണത്തിലേക്കു മാറാൻ നിർബന്ധിതരായി.

തന്റെ ശത്രുക്കളെല്ലാം തകർന്നതായി കണ്ടപ്പോൾ ഇരട്ട ഊർജ്ജത്തിൽ ഖുസ്രു തന്റെ പദ്ധതികൾ തുടർന്നു. ഒരു ദിവസം ഖുസ്രു സുൽത്താനോട് അമീർമാർ‍ രാജ്യദ്രോഹികളാണെന്നും അവർ തന്റെ കൽപ്പനകൾ അനുസരിക്കുന്നില്ലെന്നും ഉണർത്തിച്ചു. "അങ്ങ് അനുവദിക്കുകയാണെങ്കിൽ ഗുജറാത്തിലുള്ള എന്റെ ചില ബന്ധുക്കളെ ഇങ്ങോട്ടേക്കു വിളിപ്പിക്കാം. എന്റെ ഉയർച്ചയിൽ അസൂയാലുക്കളായ അങ്ങയുടെ സേവകരെക്കാൾ എനിക്ക് തീർച്ചയായും അവരെ ആശ്രയിക്കാൻ കഴിയും." സുൽത്താൻ ഈ അഭ്യർത്ഥന അംഗീകരിച്ചു. തുടർന്ന് ഖുസ്രു തന്റെ ഗോത്രക്കാരിൽ വലിയൊരു ഭാഗത്തെ ഡൽഹിയിലേക്ക് കൂട്ടി കൊണ്ടുവന്നു. ബർവാരി മേധാവികൾ ഖുസ്രുവിന്റെ മുറിയിൽ ഒത്തുകൂടി സുൽത്താനെ കൊല്ലാനുള്ള ഏറ്റവും നല്ല മാർഗം ചർച്ച ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ അവർ 'ഹസാർ സുതുൻ' (ആയിരം തൂണുകളുടെ കൊട്ടാരം) കൊട്ടാരത്തിൽ വച്ച് സുൽത്താന്റെ കഥ കഴിക്കാൻ തീരുമാനിച്ചു. വേനൽക്കാലമായതിനാൽ സുൽത്താൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിലായിരുന്നു ഉറങ്ങിയിരുന്നത്. ഖുസ്രു സുൽത്താന്റെ സെക്രട്ടറിയായ ബഹാവുദ്ദീനെ തന്റെ വശത്താക്കി. ഒരു സ്ത്രീയുടെ പേരിൽ സുൽത്താൻ ബഹാവുദ്ദീനുമായി വഴക്കുണ്ടാക്കുന്നത് ഖുസ്രു കണ്ടിരുന്നു. പിന്നിലെ പ്രവേശനകവാടത്തിന്റെ താക്കോൽ കരസ്ഥമാക്കുകയും ബാക്കിയുള്ള ബർവാരികളെ കൊട്ടാരത്തിലേക്ക് കൊണ്ടുവരാനായി സുൽത്താന്റെ അനുമതിയും ആയിരുന്നു ഖുസ്രുവിന്റെ അടുത്ത ലക്ഷ്യം.

തന്റെ ഗോത്രക്കാരിൽ ചിലർ ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു ദിവസം ഖുസ്രു സുൽത്താനോട് പറഞ്ഞു. ഏതെങ്കിലും ഹിന്ദു ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിച്ചാൽ സുൽത്താന്റെ അടുത്തേക്ക് കൊണ്ടുപോകുകയും അദ്ദേഹം സ്വയം അവർക്ക് പുതു വസ്ത്രങ്ങളും കൂടാതെ അവരുടെ സ്ഥാനത്തിനനുസരിച്ച് സ്വർണാഭരണങ്ങളും നൽകി ആദരിക്കുകയുമായിരുന്നു പതിവ്. “അവരെ എന്റെ അടുത്തേക്കു കൊണ്ടുവരൂ” എന്നു സുൽത്താൻ പറഞ്ഞു. എന്നാൽ തങ്ങളുടെ ബന്ധങ്ങളും സ്വമതക്കാരും കാണുമെന്നതിനാൽ പകൽ വെളിച്ചത്തിൽ സുൽത്താനെ കാണാൻ വരുന്നതിൽ അവർ ലജ്ജിക്കുന്നുവെന്ന് ഖുസ്രു അറിയിച്ചു. അവരെ രാത്രിയിൽ കൊണ്ടുവരാൻ സുൽത്താൻ അനുമതി നൽകി. കൊട്ടാരം കവാടങ്ങളുടെ താക്കോൽ ഖുസ്രുവിന് കൈമാറാനും അദ്ദേഹം ഉത്തരവിട്ടു. 

കൊട്ടാരത്തിന്റെ താഴത്തെ മുറികളിൽ ധീരരും ശക്തരുമായ ബർവാരികളുടെ ഒരു സംഘം ഖുസ്രുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടി. കൊട്ടാരത്തിലെ കാവൽക്കാർ എല്ലാ രാത്രികളിലും ആയുധധാരികളുടെ വരവു കണ്ടു; സംശയം തോന്നിയെങ്കിലും ഖുസ്രുവിനെതിരായി സുൽത്താനോട് ഒരു വാക്കുപോലും പറയാൻ ആരും ധൈര്യപ്പെട്ടില്ല. ഖാസി സിയുദ്ദീൻ മുഖ്യ അമീർമാരിൽ ഒരാളും സുൽത്താന്റെ ഗുരുനാഥനുമായിരുന്നു. രാത്രി സമയങ്ങളിൽ കൊട്ടാരത്തിൽ അദ്ദേഹം കാവൽക്കാരോടൊപ്പം താമസിക്കാറുണ്ടായിരുന്നു. ഖാസി തന്റെ ജീവൻ പണയം വച്ച്, ഖുസ്രുവിന്റെ പദ്ധതികളെക്കുറിച്ചു സുൽത്താനുമായി സംസാരിച്ചു. സുൽത്താൻ അതൊന്നും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല പിന്നീട് ഖുസ്രുവിനെ കണ്ടപ്പോൾ, കാസി പറഞ്ഞ കാര്യങ്ങളെല്ലാം അയാളോട് പറയുകയും ചെയ്തു. ഇതുകേട്ട ഖുസ്രു കള്ളക്കണ്ണീരൊഴുക്കാൻ തുടങ്ങി: "അങ്ങെന്നോട് ഇത്രക്ക് കൃപയും ദയയും കാണിക്കുന്നത് സദസ്സിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം അസൂയയോടെയാണ് കാണുന്നത്, അവർ എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്". ആ കള്ളക്കരച്ചിൽ കണ്ടു മനസ്സലിഞ്ഞുപോയ സുൽത്താൻ അയാളെ കെട്ടിപ്പിടിച്ചു സഹതപിച്ചു കരയുകയും ചുണ്ടത്തും കവിളത്തും ചുംബിക്കുകയും ചെയ്തു, എന്നിട്ടു പറഞ്ഞു, "ലോകം മുഴുവനും ഒന്നിച്ചു നിന്ന് നിന്നെപ്പറ്റി ചീത്ത പറഞ്ഞാലും അവർ പറയുന്നതിനൊന്നും ഞാൻ ചെവി കൊടുക്കില്ല; കാരണം നിന്നോടുള്ള സ്നേഹം എന്നെ സർവ്വ സ്വതന്ത്രനാക്കി; നിന്നെക്കൂടാതെ ലോകം എന്റെ കണ്മുന്നിൽ ഒന്നുമല്ല".



1320 ഏപ്രിൽ 14 ന് രാത്രി: ഖുസ്രുവിന്റെ പദ്ധതികളെക്കുറിച്ചു സംശയാലുവായിരുന്ന ഖാസി കാവൽക്കാർ ജാഗരൂകരാണോ എന്നറിയാൻ വേണ്ടി അർദ്ധരാത്രിയോടെ പുറത്തേക്ക് വന്നു. ഈ സമയം ഖുസ്രുവിന്റെ അമ്മാവനായ രന്ധാവൽ അദ്ദേഹത്തിന്റെ അടുത്തെത്തി സൗഹൃദ സംഭാഷണത്തിനു ശ്രമിച്ചു. ഇതിനിടയിൽ ജഹരിയ എന്ന ബർവാരി വാളുമായി ഖാസിയുടെ സമീപമെത്തി, ഒരൊറ്റ വെട്ടിനു അദ്ദേഹത്തിന്റെ കഥ കഴിച്ചു. അവിടെ വലിയൊരു കോലാഹലമുണ്ടായി. അതെന്തിന്റെ ബഹളമാണെന്നു തന്റെ മുറിയിൽ ഉണ്ടായിരുന്ന ഖുസ്രുവിനോട് സുൽത്താൻ ചോദിച്ചു. അന്വേഷിക്കാനെന്ന വ്യാജേന ഖുസ്രു എഴുന്നേറ്റു, മട്ടുപ്പാവിൽ കയറി കുറച്ചുനേരം നിന്നശേഷം സുൽത്താനോട് തന്റെ ചില കുതിരകളിൽ അഴിഞ്ഞു പോയെന്നും ആളുകൾ അവയെ പിടിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. ഈ സമയം ഖുസ്രുവിന്റെ കൂട്ടാളികൾ പടി കയറി മട്ടുപ്പാവിലെത്തി രാജകീയ ഉറക്കറയ്ക്കു സമീപമെത്തി. ജഹരിയ തന്റെ അനുയായികളോടൊപ്പം ദ്വാരപാലകരായ ഇബ്രാഹിമിനെയും ഇഷാക്കിനെയും വാളിനിരയാക്കി. ആയുധങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും മനുഷ്യരുടെ ദീന ഞരക്കങ്ങളും കേട്ടു ഭയചകിതനായ  സുൽത്താൻ ഞെട്ടി എണീറ്റു. തന്റെ ചെരിപ്പുകൾ എടുത്തിട്ട് അന്തപുരത്തിലേക്കു പാഞ്ഞു. എന്നാൽ, പുറകെ ഓടിച്ചെന്ന ഖുസ്രുവിന് അദ്ദേഹത്തിന്റെ മുടിയിലാണ് പിടുത്തം കിട്ടിയത്. സുൽത്താൻ അയാളെ കുടഞ്ഞെറിഞ്ഞു, എന്നാൽ ഖുസ്രുവിന്റെ കൈ സുൽത്താന്റെ തലമുടി ബലമായി ചുറ്റിപ്പിടിച്ചിരുന്നതിനാൽ, അദ്ദേഹത്തിന് സ്വതന്ത്രനാകാൻ കഴിഞ്ഞില്ല. ഈ സമയം ഖുസ്രുവിന്റെ വിളി കേട്ട് അവിടേക്കു പാഞ്ഞു വന്ന ജഹരിയ ഒരൊറ്റ വെട്ടിനു സുൽത്താന്റെ തല ഛേദിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

അങ്ങനെ അലാവുദ്ദീൻ ഖിൽജിയുടെ വംശം അവസാനിച്ചു. തന്റെ അമ്മാവനായ ജലാലുദ്ദീൻ ഖിൽജിയുടെ മക്കളേയും കുടുംബത്തെയും ഒന്നടങ്കം നശിപ്പിച്ച അലാവുദ്ദീനും ഒടുവിൽ അതെ വിധി തന്നെ വന്നു ഭവിച്ചു. ഖുത്ബുദ്ദീൻ മുബാരക്കിന്റെ വധത്തിനുശേഷം ഖുസ്രു ഖാൻ 'നാസിറുദ്ദീൻ ഖുസ്രു ഷാ' എന്ന നാമത്തിൽ ഡൽഹി സിംഹാസനത്തിലേറി. 

Reference:

Tarikh-i-Firoz Shahi of Ziauddin Barani

Tarikh-i-Firishta or Gulshan-i Ibrahim of Muhammad Qasim Hindu Ferishta

Tabaqat-i-Akbari of Nizamuddin Ahmad

Muntakhab-ut-Tawarikh of Abd al-Qadir Badauni

Tarikh-i-Mubarakshahi of Yahya bin Ahmad Sirhindi

The Travels of Ibn Battuta

അഭിപ്രായങ്ങള്‍