വർത്തമാനപുസ്‌തകം - ഇന്ത്യൻ ഭാഷയിൽ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം

മലയാളത്തിൽ എഴുതിയ ആദ്യ യാത്രാവിവരണമാണ് വർത്തമാനപുസ്‌തകം. 1785 ൽ പാറേമ്മാക്കൽ തോമ്മാ കത്തനാരാണ് ഈ കൃതി രചിച്ചത്. കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ട കടനാട്‌ ഇടവക വികാരിയായിരുന്ന തോമ്മാ കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന മല്പാൻ മാർ ജോസഫ് കരിയാറ്റിലും ചേർന്ന് 1778 നും 1786 നും ഇടയ്ക്കു നടത്തിയ ഐതിഹാസികമായ റോമായാത്രയാണ് ഇതിനാധാരം.


അങ്കമാലിയിൽ കൂടിയ മലങ്കര യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിനായി റോമിലെ ഉപരിപഠനത്തിനു ശേഷം ആലങ്ങാട്ടു സെമിനാരിയിൽ അധ്യാപകനായ കരിയാറ്റിൽ മല്പാന്റെ നേതൃത്വത്തിൽ ദൗത്യ സംഘം യൂറോപ്പിന് യാത്ര തിരിക്കുന്നത്. തദ്ദേശീയനായ ഒരു മെത്രാനെ കൊടുങ്ങല്ലൂർ രൂപതയ്ക്കു ലഭിക്കുക, കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാൻ തല്പരനായ മാർത്തോമ്മാ മെത്രാന്റെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക്കുക, വിദേശ മിഷനറിമാരുടെ ഇടപെടലുകളിലും നിന്നും സുറിയാനി ക്രിസ്ത്യാനികളെ മോചിപ്പിക്കുക തുടങ്ങിയവയാണ് അതിൽ പ്രധാനം. ലിസ്‌ബണിൽ എത്തി രാജ്ഞിക്കും റോമിലെത്തി മാർപാപ്പയ്ക്കും നേരിട്ട് നിവേദനം കൊടുത്താൽ പ്രശ്നപരിഹാരമുണ്ടാകുമെന്നായിരുന്നു യോഗത്തിന്റെ വിചാരം.

8 വർഷം നീണ്ട കപ്പൽ യാത്രയിൽ ദൗത്യ സംഘത്തിനു നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി.


കരിയാറ്റിൽ മല്പാൻ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും (1783) മടക്കയാത്രയിൽ (1786) ഗോവയിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാ കത്തനാർ അങ്കമാലി കേന്ദ്രമാക്കി സുറിയാനി സഭയുടെ ഗോവർണദോറായി ചുമതല ഏറ്റെടുത്തു.

1799 ൽ തോമ്മാ കത്തനാരുടെ മരണാനന്തരം ഈ കയ്യെഴുത്തുപ്രതി പാറായിൽ വലിയ തരകന്റെ പക്കൽ എത്തിച്ചേർന്നു. കേരള സുറിയാനി ക്രിസ്ത്യാനികളുടെ വികാരി അപ്പസ്തോലിക്കയായി പ്രൊപ്പഗാന്താ നിയമിച്ച മാർസലിനോസ് 1886 ൽ വലിയ തരകന്റെ കൈയിൽ നിന്നും മൂലഗ്രന്ഥം വാങ്ങി. എന്നാൽ പിന്നീട് മൂലഗ്രന്ഥം തിരികെ കിട്ടിയപ്പോൾ അതിൽ നിന്ന് അനുബന്ധങ്ങൾ ഉൾപ്പെടെ കുറെ ഭാഗങ്ങൾ  നഷ്ടപ്പെട്ടിരുന്നു.

വിദേശ മിഷനറിമാർ ഈ പുസ്തകത്തിന്റെ പ്രതിപാദ്യത്തോടു പുലർത്തിയ അസഹിഷ്ണുതയാണ് വർത്തമാനപുസ്‌തത്തിന്റെ അച്ചടി വൈകാനുണ്ടായ കാരണം. ഈ കയ്യെഴുത്തുപ്രതി ആദ്യമായി അച്ചടിച്ചത് 1936 ൽ അതിരമ്പുഴ സെൻ്റ് മേരീസ് പ്രസിൽ പ്ലാത്തോട്ടത്തിൽ ലൂക്കാ മത്തായി ആണ്. എന്നാൽ അത് മാർസലിനോസിൽ നിന്നും തിരികെ കിട്ടിയ മൂലകൃതിയല്ലെന്നും പകർപ്പ് മാത്രമാണെന്നും പ്രസാധകൻ രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം വായിക്കാം

Reference: വര്‍ത്തമാനപുസ്തകം: കര്‍ത്തൃത്വരൂപികരണത്തി‍ന്‍റെ പ്ര‍ശ്നങ്ങ‍ള്‍ - ജോസ് ജോർജ്

Comments