ആമിർ ഖുസ്രുവിന്റെ ആഷിക

പ്രശസ്ത പേർഷ്യൻ കവിയും ഡൽഹി സുൽത്താൻ ആയിരുന്ന അലാവുദ്ദിൻ ഖിൽജി (r: 1296-1316) യുടെ ആസ്ഥാന കവിയുമായിരുന്നു ആമിർ ഖുസ്രു. ക്വിരൻ ഉസ്-സദേയ്ൻ, ഖാസൈൻ ഉൽ-ഫതാഹ്, നുഹ് സിപിർ, തുഗ്ലക് നാമ, ആഷിക തുടങ്ങി നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 'ദേവൽ റാണി വ ഖിസ്ർ ഖാൻ' അഥവാ 'ആഷിക' എന്നും അറിയപ്പെടുന്ന ചരിത്ര കവിതയിൽ അലാവുദ്ദിൻ ഖിൽജിയുടെ പുത്രനായ ഖിസ്ർ ഖാന്റെയും ഗുജറാത്തിലെ രാജകുമാരി ആയിരുന്ന ദേവൽ ദേവിയുടെയും ദാരുണമായ പ്രണയകഥ വിവരിക്കുന്നു. 



1299 - ൽ അലാവുദ്ദിൻ ഖിൽജി തന്റെ സഹോദരനായ ഉളഗ് ഖാന്റെയും സേനാധിപതി ആയ നസ്രത്ത്‌ ഖാന്റെയും കീഴിൽ ഒരു വലിയ സൈന്യത്തെ ഗുജറാത്ത് പിടിച്ചടക്കാൻ വേണ്ടി അയച്ചു. അവിടുത്തെ ഭരണാധികാരിയായിരുന്ന റായ് കരൺ ദേവ് വഘേല തന്റെ തലസ്ഥാനമായ നഹർവാലയിൽ നിന്ന് ഓടിരക്ഷപെട്ടപ്പോൾ അദ്ദേഹത്തിന്റെ എല്ലാ സ്വത്തുവകകളും മുഹമ്മദീയരുടെ കൈകളിലായി. റായ് കരണിന്റെ സുന്ദരിയായ ഭാര്യ കമല ദേവിയും ഉണ്ടായിരുന്നു. തുടർന്ന് നസ്രത്ത് ഖാൻ കാംബേ കൊള്ള അടിച്ചു. മാലിക് നായിബ് കഫൂർ ഹസാർ-ദിനാരി എന്ന പേരിൽ പിൽക്കാലത്തു പ്രശസ്തനായ കഫൂർ എന്ന സുന്ദരനായ അടിമ ആ കൊള്ളയുടെ ഭാഗമായിരുന്നു. കൊള്ള മുതലെല്ലാം ഡൽഹിയിലേക്കു കൊണ്ടുവന്നപ്പോൾ സുന്ദരിയായ കമല ദേവിയെ കണ്ടു ആകൃഷ്ടനായ അലാവുദ്ദിൻ അവളെ തന്റെ അന്തപുരത്തിലേക്ക് മാറ്റി. കമല  ദേവിയോടൊപ്പം അലാവുദ്ദിൻ കഫൂറിലും അസ്വാഭാവികമായ രീതിയിൽ ആകൃഷ്ടനായി. പിന്നീട് സർവ്വ സൈന്യാധിപനായിമാറിയ കഫൂർ അലാവുദ്ദിന് ദേവഗിരി (1308), വാറങ്കൽ (1309), മാബർ, ദ്വാരസമുദ്ര (1310) എന്നിവയെല്ലാം നേടിക്കൊടുത്തു.

യുദ്ധത്തിൽ പരാജിതനായ റായ് കരൺ ദേവഗിരിയിലെ രാജാ രാമചന്ദ്ര യാദവയുടെ കൊട്ടാരത്തിൽ തന്റെ രണ്ട് പെൺമക്കളോടൊപ്പം അഭയം തേടി. മൂത്ത മകൾ അവിടെവച്ചു മരിച്ചു; രണ്ടാമത്തെ മകളായിരുന്നു ദേവൽ ദേവി. ഇപ്പോൾ അലാവുദ്ദീന്റെ പ്രിയപ്പെട്ട ഭാര്യയായി മാറിയ കമല ദേവി ദേവൽ ദേവിയെ തന്നെ ഏൽപ്പിക്കണമെന്ന് അലാവുദ്ദീനോട് അപേക്ഷിച്ചു.

രാമചന്ദ്ര യാദവയുടെ സഹായത്തോടെ റായ് കരൺ ഗുജറാത്തിലെ ബുഗ്ലാന കീഴടക്കി. അലാവുദ്ദിൻ മാലിക് കഫൂറിനെ ഡെക്കാനിലേക്ക് അയച്ച് റായ് കരണിൽ നിന്ന് ദേവൽ ദേവിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇതേതുടർന്ന് അലാവുദ്ദിൻ തന്റെ ഭാര്യാസഹോദരനായ അൽപ് ഖാനെ മാലിക് കഫൂറിനൊപ്പം അയച്ചു. ഏകദേശം രണ്ടു മാസത്തോളം അൽപ് ഖാന്റെ സൈന്യത്തെ തടയാൻ റായ് കരണിനു സാധിച്ചു. ഈ സമയം ദേവൽ ദേവിയെ വിവാഹം കഴിക്കാൻ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന രാമചന്ദ്ര യാദവയുടെ മൂത്തമകൻ സിംഘന തന്റെ സഹോദരൻ ഭീമദേവയെ റായ് കരണിന്റെ അടുത്തേക്ക് അയയ്ക്കുകയും ദേവൽ ദേവിയെ തനിക്കു വിവാഹം കഴിച്ചു നൽകിയാൽ ഡൽഹി സൈന്യം നിരാശരായി സ്വന്തം രാജ്യത്തേക്ക് മടങ്ങിക്കോളുമെന്നും ഉപദേശിച്ചു. യാദവന്മാർ രജപുത്രന്മാരല്ലാത്തതിനാൽ റായ് കരണിന് ഈ വിവാഹത്തിന് സമ്മതം നൽകിയിരുന്നില്ല. എന്നിരുന്നാലും, ആ അവസരത്തിൽ ഈ നിർദ്ദേശം അംഗീകരിക്കാൻ അദ്ദേഹം നിർബന്ധിതനായി. അങ്ങനെ ദേവൽ ദേവിയെ ഭീമദേവയുടെ സംരക്ഷണത്തിൽ ദേവഗിരിയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു. ഈ വിവരം അറിഞ്ഞ അൽപ് ഖാൻ രാജകുമാരി പുറപ്പെടുന്നതിനു മുൻപേ അവളെ രക്ഷിക്കാൻ തീരുമാനിച്ചു. മലയിടുക്കുകളിൽ വിശ്രമിക്കുന്ന സമയത്ത് അൽപ് ഖാന്റെ ചില സൈനികർ ഒരു മറാത്ത പട വരുന്നതു കണ്ടു. അത് തന്റെ സഹോദരന്റെ ഭാവി വധുവിനെ ദേവഗിരിയിലേക്ക് കൊണ്ടുപോകുന്ന ഭീമദേവയുടെ പട ആയിരുന്നു. തുടർന്ന് നടന്ന സംഘട്ടനത്തിൽ അൽപ് ഖാൻ ഭീമദേവയെ പരാജയപ്പെടുത്തുകയും ദേവൽ ദേവിയെ പിടികൂടി ഡൽഹിയിലുള്ള അവളുടെ അമ്മയ്ക്ക് കൈമാറുകയും ചെയ്തു. 

അലാവുദ്ദീൻ ഖിൽജിയുടെ മൂത്ത മകനായിരുന്നു ഖിസ്ർ ഖാൻ. ദേവൽ ദേവി ഡൽഹിയിലെത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം രാജകുമാരൻ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി, അവർ പരസ്പരം പ്രണയത്തിലായി. അവരുടെ വിവാഹനിശ്ചയം നടത്താൻ സുൽത്താൻ ആഗ്രഹിച്ചു. 



എന്നാൽ തന്റെ സഹോദരനായ ആൽപ് ഖാന്റെ മകളുമായി വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചതിനാൽ രാജകുമാരന്റെ അമ്മ മഹ്രു എന്ന മല്ലിക ജഹാൻ ഇതിനെ എതിർത്തു. ഈ വിവാഹം നടന്നെങ്കിലും അവരുടെ പ്രണയം മുമ്പത്തെപ്പോലെ തുടർന്നുകൊണ്ടിരുന്നു. ഇതറിഞ്ഞ മല്ലിക ജഹാൻ അവരെ വേർപെടുത്താൻ ശ്രമിച്ചു. മല്ലിക ജഹാൻ ദേവൽ ദേവിയെ സിറിയിലെ റെഡ് പാലസിലേക്ക് അയച്ചു. പക്ഷേ, മകനെ വല്ലാതെ വിഷമത്തിൽ കണ്ടപ്പോൾ ദേവൽ ദേവിയുമായുള്ള വിവാഹത്തിന് ഒടുവിൽ അവർ സമ്മതം മൂളി. 

തന്റെ അവസാനകാലത്ത് അമിതമായ ദേഷ്യം, സംശയം എന്നിങ്ങനെ പലതരം വൈകല്യങ്ങൾ അലാവുദ്ദിനെ ബാധിച്ചു. ചതിയനായ മാലിക് കഫൂറിന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട അലാവുദ്ദിൻ ഭരണകാര്യങ്ങൾ പൂർണമായും അയാളുടെ കൈകളിലേൽപ്പിച്ചു. ദീർഘനാളായി സിംഹാസനം ആഗ്രഹിച്ചിരുന്ന മാലിക് കഫൂർ സുൽത്താന്റെ കുടുംബത്തിന്റെ ഉന്മൂല നാശത്തിനായുള്ള പദ്ധതികൾ നെയ്യാനാരംഭിച്ചു. ഖിസ്ർ ഖാനും മല്ലിക ജഹാനും ആൽപ് ഖാനും സുൽത്താനെതിരെ ഗൂഢാലോചന നടത്തുന്നുവെന്നു പറഞ്ഞ് കഫൂർ സുൽത്താന്റെ ചെവിയിൽ വിഷം കുത്തിനിറച്ചു. 1312-ൽ, സുൽത്താൻ അങ്ങേയറ്റം രോഗബാധിതനായി കിടക്കുമ്പോൾ, ദൈവം തന്റെ പിതാവിന്റെ ജീവൻ രക്ഷിച്ചാൽ, ഡൽഹിയിലെ പുണ്യപുരുഷന്മാരുടെ അടുത്തേക്ക് തീർത്ഥാടനത്തിനായി കാൽനടയായി പോകുമെന്ന് രാജകുമാരൻ ശപഥം ചെയ്തു. പിതാവിന് ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങിയെന്ന് കേട്ട ഖിസ്ർ ഖാൻ തന്റെ നേർച്ച പൂർത്തീകരിച്ച് നഗ്നപാദനായി ഡൽഹിയിലേക്ക് തിരിച്ചു. എന്നാൽ ഈ യാത്രാ വേളയിൽ രാജകുമാരന്റെ കാലിൽ ഒരു പരു ഉണ്ടായതുകാരണം കുതിരപ്പുറത്ത് കയറിയാത്ര തുടരാൻ സേവകർ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാലിക് കഫൂർ തന്ത്രപൂർവ്വം പ്രവർത്തിക്കുകയും രാജകുമാരൻ നേർച്ച പാലിക്കാതിരുന്നത് സുൽത്താനെ അപമാനിച്ചതിനു തുല്യമാണെന്നുണർത്തിച്ചു. ആൽപ് ഖാനെതിരെ സുൽത്താന്റെ മനസ്സ് തിരിച്ച കഫൂർ സുൽത്താനിൽ നിന്നും അയാളുടെ വധശിക്ഷക്കായുള്ള  ഉത്തരവു നേടി. അമ്രോഹയിലേക്ക് ഖിസ്ർ ഖാനെ നാടുകടത്തിയെങ്കിലും 2-3 ദിവസം കഴിഞ്ഞപ്പോൾ വളരെ ദു.ഖത്തോടെ അദ്ദേഹം പിതാവിന്റെ അടുത്തേക്ക് മടങ്ങിയെത്തിയെന്നും അപ്പോൾ മരണക്കിടക്കയിലായിരുന്ന സുൽത്താൻ മകനെ വാത്സല്യപൂർവ്വം സ്വീകരിച്ചു എന്നും ആമിർ ഖുസ്രു കുറിക്കുന്നു.

ഒരായിരം കൗശലങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചു രാജകുമാരനെയും സഹോദരങ്ങളെയും ഗ്വാളിയോർ കോട്ടയിൽ തടവിലിടാൻ കഫൂർ സുൽത്താനെ കൊണ്ട് സമ്മതിപ്പിച്ചു. ഇതു സമ്മതിച്ചെങ്കിലും മകന്റെ ജീവന് അപകടമൊന്നും വരുത്തില്ലെന്ന് കഫൂറിനെകൊണ്ടു ശപഥം ചെയ്യിച്ചു. രാജകുമാരനെ ഗ്വാളിയറിലേക്ക് കൊണ്ടുപോയപ്പോൾ, സുൽത്താന്റെ പുത്രൻ എന്ന കാരണത്താൽ അവനോട് നന്നായി പെരുമാറരുതെന്നും സുൽത്താന്റെ ഏറ്റവും വലിയ ശത്രുവിനെപ്പോലെ തടങ്കലിൽ സൂക്ഷിക്കണമെന്നും കഫൂർ കോട്ടയുടെ മേധാവിയോട് പറഞ്ഞു. തടങ്കലിൽ ദേവൽ ദേവിയും ഖിസ്ർ ഖാന് ഒപ്പമുണ്ടായിരുന്നു.

1316 - ൽ തന്റെ അസുഖം വളരെ വഷളായപ്പോൾ അലാവുദ്ദീൻ ഖിൽജി അനന്തരാവകാശിയായി പ്രഖ്യാപിക്കാനായി ആരെയെങ്കിലും അയച്ചു ഖിസ്ർ ഖാനെ ഒന്ന് വിളിപ്പിക്കാൻ മാലിക് കഫൂറിനോട് പറഞ്ഞു. മാലിക് കഫൂർ പറഞ്ഞു, "വളരെ നല്ല കാര്യം"; എന്നാൽ ഒരോരൊകാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു കൊണ്ടിരുന്നു. സുൽത്താൻ മകനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം കഫൂർ ഇങ്ങനെ മറുപടി പറഞ്ഞു, “ദേ ഇപ്പൊ വരും”; സുൽത്താൻ മരിക്കുന്നതുവരെ അതു തുടർന്നു.

അലാവുദ്ദീൻ ഖിൽജിയുടെ മരണശേഷം മാലിക് കഫൂർ സുൽത്താന്റെ ഇളയ മകൻ ഷഹാബുദ്ദിൻ ഉമർ (1316) എന്ന ഏഴു വയസുള്ള കുട്ടിയെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം റീജന്റായി സ്വയം അവരോധിച്ചു. അതിനു ശേഷം ഗ്വാളിയറിലേക്ക് ഒരു കിങ്കരനെ അയച്ചു ഖിസ്ർ ഖാന്റെയും സഹോദരൻ ഷാദി ഖാന്റെയും കാഴ്ച കവർന്നു. അലാവുദ്ദീന്റെ മൂന്നാമത്തെ മകനായ മുബാരക്കിനെയും അന്ധനാക്കാൻ  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 



കുറച്ചു ദിവസങ്ങൾക്കു ശേഷം അലാവുദ്ദീന്റെ വിശ്വസ്തരായ ചിലർ മാലിക് കഫൂറിനെ വക വരുത്തി. അവർ മുബാരക്കിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഉമറിന്റെ റീജന്റായി നിയമിച്ചു. അധികം വൈകാതെ തന്നെ ഖുത്ബുദ്ദീൻ മുബാരക് ഷാ (1316-1321) സഹോദരനെ സ്ഥാനഭ്രഷ്ടനാക്കി സിംഹാസനാരോഹണം നടത്തി. മുബാരക് പിന്നീട് തന്റെ എതിരാളികളെല്ലാം ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചു. ഒരു കിങ്കരനെ അയച്ച് ഖിസ്ർ ഖാൻ, ഷാദി ഖാൻ, ഉമർ എന്നിവരെ കൊലപ്പെടുത്തി. കൊലയാളികൾ ദേവൽ ദേവിയെ പിടികൂടി മുബാരക്കിന്റെ അന്തപുരത്തിലേക്കു കൊണ്ടുവന്നു. പിന്നീട് അവളുടെ വിധി എന്താണെന്നു ആമിർ ഖുസ്രു പറയുന്നില്ല.

ഒരു ദിവസം ഖുസ്രു ഖിസ്ർ ഖാനെ സന്ദർശിച്ചപ്പോൾ രാജകുമാരൻ ദേവൽ ദേവിയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞു, അതൊരു കാവ്യമാക്കി മാറ്റാൻ ഖുസ്രുവിനോട് ആവശ്യപ്പെടുകയായിരുന്നു.

ചില ചരിത്രകാരന്മാർ ഇതു വെറും ഒരു കെട്ടുകഥയാണെന്നും മറ്റു ചിലർ ഇത്‌ റായ് കരണിനെയും ദേവൽ ദേവിയെയും അധിക്ഷേപിക്കാൻ വേണ്ടി എഴുതിയതാണെന്നും അഭിപ്രായപ്പെടുന്നു. എന്നാൽ ബനാറസി പ്രസാദ് സക്സേന, A. L. ശ്രീവാസ്‌തവ തുടങ്ങിയവരുടെ അഭിപ്രായത്തിൽ ഇതൊരു ചരിത്രകാവ്യം തന്നെയാണ്.

റഫറൻസ്:

Amir Khusro's Ashiqa

The Travels of Ibn Battuta 

The history of Hindostan: from the earliest account of time, to the death of Akbar 

അഭിപ്രായങ്ങള്‍