അബ്ദുർ റസാഖ് കണ്ട കോഴിക്കോട് നഗരം

“ലോകത്തിന്റെ പരമാധികാരിയുടെ [പേർഷ്യയിലെ മിർസ ഷാരൂഖ്] കൽപന അനുസരിച്ചുകൊണ്ട് ഈ വിവരണത്തിന്റെ രചയിതാവായ ഇഷാക്കിന്റെ പുത്രൻ അബ്ദുർ റസാഖ് 845 - ൽ (A.D. 1442) ഹോർമുസ് പ്രവിശ്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര തീരത്തേക്കുമുള്ള അവന്റെ യാത്ര ആരംഭിച്ചു".

ഇറാനിലെ (പേർഷ്യ) തിമൂറിഡ് ഭരണാധികാരിയായിരുന്ന മിർസ ഷാരൂഖിന്റെ (r: 1405-1447) കോഴിക്കോട്ടു സാമൂതിരിയുടെ കൊട്ടാരത്തിലേക്കുള്ള രാജ്യപ്രതിനിധിയായിരുന്നു അബ്ദുർ റസാഖ്. 'മത്‌ല-ഉസ്-സദൈൻ വാ മജ്മ-ഉൽ ബഹ്‌റൈൻ' എന്ന പുസ്തകത്തിൽ അബ്ദുർ റസാഖ് തന്റെ ഇന്ത്യൻ ദൗത്യം വിവരിച്ചിട്ടുണ്ട്.  

Calicut, on the coast of Malabar, From James Forbes'"Oriental Memoirs"

1442 ജനുവരി 13 ന് ഹെറാത്തിൽ നിന്ന് ഖൊഹിസ്ഥാൻ വഴി അബ്ദുർ റസാഖ് തന്റെ യാത്ര ആരംഭിച്ചു. ഫെബ്രുവരി അവസാനത്തോടെ അദ്ദേഹം ഒമാൻ കടൽ തീരത്തും ഹോർമുസ് തുറമുഖത്തും എത്തി. രണ്ടുമാസക്കാലം ഹോർമുസിൽ താമസിച്ചതിനുശേഷം അദ്ദേഹം മസ്‌കറ്റിലേക്കും അവിടെ നിന്ന് ഖുറിയാത്തിലേക്കും പുറപ്പെട്ടു. റസാഖും കൂട്ടരും പിന്നീട് കൽഹാട്ടിലേക്കും സുർ എന്ന സ്ഥലത്തേക്കും യാത്ര തുടർന്നു. അവിടെനിന്ന് ഹിന്ദുസ്ഥാനിലേക്ക് കടൽമാർഗം പുറപ്പെട്ടു. 18 ദിവസത്തെ യാത്രയ്ക്ക് ശേഷം അദ്ദേഹം 1442 നവംബറിൽ ദക്ഷിണേന്ത്യയിലെ 'കാലിക്കോട്ട്' (കോഴിക്കോട്) എന്ന തുറമുഖത്ത് നങ്കൂരമിട്ടു.




കോഴിക്കോട് തികച്ചും സുരക്ഷിതമായ ഒരു തുറമുഖമാണ്, പേർഷ്യൻ ഗൾഫിലുള്ള ഹോർമുസ് പോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളെ ഇവിടെ കാണാൻ കഴിയും. സമുദ്രവ്യാപാര രാജ്യങ്ങളായ അബിസീനിയ [എത്യോപ്യ, വടക്കുകിഴക്കൻ ആഫ്രിക്ക], സിർബാദ് [ഇന്തോനേഷ്യ, തെക്കുകിഴക്കൻ ഏഷ്യ], സാൻസിബാർ [കിഴക്കൻ ആഫ്രിക്ക] എന്നിവിടങ്ങളിൽ നിന്നു കൊണ്ടുവരുന്ന നിരവധി വിലയേറിയ വസ്തുക്കൾ ഇവിടെ കാണാം. മക്കയിൽ നിന്നും ഹെജാസിന്റെ മറ്റു പട്ടണങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന കപ്പലുകൾ ഈ തുറമുഖത്ത് കുറെ സമയം നിൽക്കാറുണ്ട്. 

പ്രധാനമായും ഹിന്ദുക്കൾ അധിവസിക്കുന്ന ഒരു നഗരമാണ് കോഴിക്കോട്, എന്നാൽ ഗണ്യമായ എണ്ണം മുസ്ലീങ്ങളും ഇവിടെയുണ്ട്. അവർ വെള്ളിയാഴ്ചത്തെ പ്രാർത്ഥനകൾക്കായി രണ്ടു പള്ളികളും നിർമ്മിച്ചിട്ടുണ്ട്. സമ്പന്ന വ്യാപാരികൾ തങ്ങൾ കൊണ്ടുവരുന്ന വിലയേറിയ ചരക്കുകൾ കപ്പലിൽ നിന്നിറക്കി സുരക്ഷയെക്കുറിച്ചു ആകുലപ്പെടാതെ അവ വഴിയോരങ്ങളിലും അങ്ങാടിയിലും മറ്റും കൊണ്ടുവന്നു കൂട്ടിയിടും. അത് ചിലപ്പോൾ കാലങ്ങളോളം അങ്ങനെ കിടക്കും. സംരക്ഷണച്ചുമതല കസ്റ്റം ഹൗസിലെ ഉദ്യോഗസ്ഥരുടേതാണ്. കച്ചവടം നടക്കുകയാണെങ്കിൽ  മാത്രം നാല്പതിൽ ഒരു ഭാഗം നികുതി അവർ എടുക്കും. അത്രക്ക് സുരക്ഷയും നീതിയുമാണിവിടെയുള്ളത്.

അബ്ദുർ റസാഖിന്റെ വിവരണമനുസരിച്ചു ബംഗാളിൽ നിന്ന് മടങ്ങുന്നവഴി മിർസ ഷാരൂഖിന്റെ ചില ദൂതന്മാർക്ക് കോഴിക്കോട് താമസിക്കേണ്ടി വന്നു. ഷാരൂഖിന്റെ സാമ്രാജ്യത്തിന്റെ സമ്പത്തും സമൃദ്ധിയും ശക്തിയും അവർ കോഴിക്കൊട്ടെ ഭരണാധികാരിയായ സാമൂതിരിക്ക് വർണ്ണിച്ചു കൊടുത്തു. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ഭരണാധികാരികൾ തങ്ങളുടെ എല്ലാ പ്രത്യാശക്കുമുള്ള അഭയവും എല്ലാ പ്രശ്നങ്ങൾക്കുമുള്ള  പരിഹാരവുമായി കരുതുന്ന [ഷാരൂഖിന്റെ] കൊട്ടാരത്തിലേക്ക് ദൂതന്മാരും സന്ദേശങ്ങളും അയക്കാറുണ്ടെന്നും സാമൂതിരി വിശ്വസ്തരായ ആളുകളിൽ നിന്ന് കേൾക്കാനിടയായി. ബംഗാളിലെയും ജൗൻപൂരിലെയും സുൽത്താനേറ്റുകൾ തമ്മിലുണ്ടായ ഒരു തർക്കം പരിഹരിക്കാനും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എന്നുള്ള വിവരവും സാമൂതിരിക്കു ലഭിച്ചു. 

ഇതെല്ലാം കേട്ട സാമൂതിരി നിരവധി സമ്മാനങ്ങളുമായി ഹെറാത്തിലേക്കു ഒരു ദൂത് അയച്ചു. വെള്ളിയാഴ്ച പ്രാർത്ഥനകളിലും ഉത്സവ പ്രാർത്ഥനകളിലും തന്റെ തുറമുഖത്ത് ഇസ്ലാമിന്റെ ഖുത്ബ പാരായണം ചെയ്യാറുണ്ടെന്നും പേർഷ്യൻ ചക്രവർത്തി അനുവദിച്ചാൽ അദ്ദേഹത്തിന്റെ രാജകീയ നാമത്തിൽ ഖുത്ബ പാരായണം ചെയ്യുമെന്നും അറിയിച്ചു.

ബംഗാളിൽ നിന്ന് മടങ്ങിവന്ന ദൂതന്മാർ ഹെറാത്തിലെത്തി സാമൂതിരിയുടെ അപേക്ഷ ചക്രവർത്തിക്കു സമർപ്പിച്ചു. സാമൂതിരി ഹെറാത്തിലേക്ക് അയച്ച മുഖ്യ ദൂതൻ ഒരു മുസ്ലീമായിരുന്നു. ഷാരൂഖ് കോഴിക്കോട്ടേക്ക് ഒരു പ്രതിനിധിയെ അയച്ചാൽ സമൂതിരി ഇസ്ലാം മതം സ്വീകരിച്ചേക്കുമെന്ന് അയാൾ അഭിപ്രായപ്പെട്ടു.

ഈ നിർദ്ദേശം ന്യായമാണെന്ന് ഷാരൂഖിന് തോന്നി. അങ്ങനെ അബ്ദുർ റസാഖ് സമർഖണ്ഡിയെ ഇന്ത്യയിലേക്കുള്ള രാജ്യപ്രതിനിധിയായി തിരഞ്ഞെടുത്തു. കുതിരകൾ, സ്വർണ്ണ വസ്ത്രങ്ങൾ, തൊപ്പികൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ അടങ്ങിയ വിലയേറിയ സമ്മാനങ്ങൾക്കൊപ്പം അദ്ദേഹത്തെ യാത്രയയച്ചു.

കോഴിക്കോട്ടു വന്നിറങ്ങിയ അബ്ദുർ റസാഖ് താൻ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗത്തെയാണ് അവിടെ കണ്ടത്. കറുത്തവരായ അവർക്ക് നാഭി തൊട്ടു കാൽമുട്ടിന് മുകൾ വരെ മാത്രം എത്തുന്ന ലങ്കോട്ട എന്ന് വിളിക്കുന്ന ഒരു തുണിക്കഷ്ണം മാത്രമാണ് അകെ ദേഹത്തുണ്ടായിരുന്നത്. ഒരു കയ്യിൽ കഠാരയും, മറുകൈയ്യിൽ ഒരു തുകൽ പരിചയും ഉണ്ടായിരുന്നു. രാജാവും ഭിക്ഷക്കാരനും പ്രത്യക്ഷത്തിൽ ഒരേപോലെ തന്നെ ആയിരുന്നു, പക്ഷേ മുസ്‌ലിങ്ങൾ അറബികളെപ്പോലെ ആഡംബര വസ്ത്രങ്ങൾ ധരിച്ചിരുന്നു.




കോഴിക്കോട്ട് അദ്ദേഹത്തിന് മനോഹരമായൊരു താമസസ്ഥലം ഏർപ്പാടാക്കി. മൂന്ന് ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന് സാമൂതിരിയുമായുള്ള കൂടിക്കാഴ്‌ച അനുവദിച്ചു. "സാമൂതിരി മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ സഹോദരിയുടെ മകനാണു സ്ഥാനമേൽക്കുന്നത്, സിംഹാസനം മകനോ സഹോദരനോ മറ്റ് ബന്ധുക്കൾക്കോ നൽകില്ല. ആരും ബലപ്രയോഗത്തിലൂടെ രാജാവാകുകയുമില്ല. ബ്രാഹ്മണർ, യോഗികൾ എന്നിങ്ങനെ പലതരം ഹിന്ദുക്കളുണ്ട്. എല്ലാവരും പൊതുവായി ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും ഉണ്ടെങ്കിലും, ഓരോ ഗ്രൂപ്പിനും വ്യത്യസ്ത രീതികളുണ്ട്. ഒരു പ്രത്യേക വിഭാഗം സ്ത്രീകൾക്ക് ഒന്നിലധികം ഭർത്താക്കന്മാരുണ്ട്, സാമൂതിരി ഈ വിഭാഗത്തിൽ പെട്ട ആളാണ്", റസാഖ് കുറിക്കുന്നു.

The Samorin of Calicut, 1604, anonymous, after Johann Theodor and Johann Israel de Bry, 1644 - 1646

ആയിരക്കണക്കിന് ഹിന്ദുക്കളും കൂടാതെ ധാരാളം മുസ്ലിം പ്രമാണിമാരും സാമൂതിരിയുടെ സദസ്സിലുണ്ടായിരുന്നു. ഷാരൂഖിന്റെ കത്ത് വായിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. എന്നാൽ സമൂതിരി ഈ രാജദൂതിനോട് വലിയ ബഹുമാനമൊന്നും കാണിച്ചില്ല, അതിനാൽ അബ്ദുർ റസാഖ് തന്റെ വസതിയിലേക്ക് മടങ്ങി.

1442 നവംബർ മുതൽ 1443 ഏപ്രിൽ വരെ അവിടെ 'താമസിക്കേണ്ടി വന്നതിനാൽ ഞങ്ങൾ ദുരിതത്തിലായി", അദ്ദേഹം കുറിക്കുന്നു. ഈ സമയത്താണ് ദേവരായ രണ്ടാമൻ റസാഖിനെ വിജയനഗരത്തിലേക്ക് ക്ഷണിക്കുന്നത്.

അവസാനമായി അബ്ദുർ റസാഖ് ഇതു കൂടി എഴുതുന്നു: കോഴിക്കോട്ടു നിന്ന് കപ്പലുകൾ മക്കയിലേക്ക് നിരന്തരം സഞ്ചരിക്കുന്നു, കൂടുതലും കുരുമുളകുമായി. കോഴിക്കോട്ടു നിവാസികൾ സാഹസിക നാവികരാണ്, അവർ 'ചൈനയുടെ മക്കൾ' എന്നറിയപ്പെടുന്നു. കടൽക്കൊള്ളക്കാർ കോഴിക്കൊട്ടെ കപ്പലുകളെ ആക്രമിക്കാറില്ല. ആ തുറമുഖത്ത് എല്ലാം ലഭിക്കും; ഒന്നൊഴികെ. പശുക്കളെ കൊല്ലുന്നതും അതിന്റെ മാംസം ഭക്ഷിക്കുന്നതും കുറ്റകരമാണ്. അവയെ വളരെ പവിത്രമായി കരുതുന്ന അവർ ചാണകത്തിന്റെ ചാരം നെറ്റിയിൽ തൊടാറുണ്ട്.

Disclaimer: The views expressed here are solely of Abdur Razzak.

Reference:

India in the Fifteenth Century - Being a Collection of Narratives of Voyages to India in the Century Preceding the Portuguese Discovery of the Cape of Good Hope, from Latin, Persian, Russian, and Italian Sources

അഭിപ്രായങ്ങള്‍