മലയാള സിനിമയിലെ പുരുഷ പ്രേതാത്മാക്കൾ - "ദേവദൂതൻ"

പുരുഷ പ്രേതാത്മാക്കളെ അവതരിപ്പിച്ച ഒരുപാട് മലയാള സിനിമകളുണ്ട്. 'മൈഡിയർ കുട്ടിച്ചാത്തൻ', 'സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി', 'ഈ പട്ടണത്തിൽ ഭൂതം' എന്നിവ ജിൻ അല്ലെങ്കിൽ ചാത്തൻ മാതൃകയിലുള്ളതായിരുന്നു. 'ഞാൻ ഗന്ധർവ്വനെ' സംബന്ധിച്ചിടത്തോളം ഗന്ധർവ സങ്കല്പമായിരുന്നു. 'ആമേൻ', 'നന്ദനം', 'പ്രാഞ്ചിയേട്ടൻ' തുടങ്ങിയവ ദൈവവും പുണ്യാളനുമെല്ലാം ഭൂമിയിൽ മനുഷ്യ രൂപത്തിൽ അവതരിച്ച സിനിമകളാണ്; 'അനന്തഭദ്രം', 'അഥർവ്വം' തുടങ്ങിയ മന്ത്രവാദക്കഥകളും ഉണ്ട്. 'പപ്പൻ പ്രിയപ്പെട്ട പപ്പനും', 'ആയുഷ്കാലവും', 'അപരിചിതനും' മരിച്ചുപോയവർ ആത്മാക്കളായി വരുന്നതാണ്. ഈ ലിസ്റ്റ് ഇനിയും നീണ്ടു പോകാം. എന്നാൽ സിബി മലയിൽ സംവിധാനം ചെയ്തു രഘുനാഥ് പാലേരി തിരക്കഥ എഴുതിയ 'ദേവദൂതൻ' (2000) ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.


തിയേറ്ററുകളിൽ അധികം സ്വീകരിക്കപ്പെട്ടില്ലെങ്കിലും അലീന (ജയപ്രദ), മഹേശ്വർ (വിനീത് കുമാർ) എന്നിവരുടെ പ്രണയകഥ പറഞ്ഞ ഈ മ്യൂസിക്കൽ ഹൊറർ ത്രില്ലർ കാണികൾക്ക് പുതിയൊരു അനുഭവമായിരുന്നു. സാധാരണ കണ്ടുമടുത്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രേതസാന്നിധ്യവും അന്തരീക്ഷവും ദേവദൂതൻ മലയാളി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചു. പ്രാവുകൾ, വിക്ടോറിയൻ ബംഗ്ലാവുകൾ, പുൽമേടുകൾ, മൂടൽമഞ്ഞ്, സെമിത്തേരികൾ എന്നിവയെല്ലാമുള്ള ഒരു റൊമാന്റിക് പാശ്ചാത്യ മാതൃകയിലുള്ള ചുറ്റുപാടാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മാഡം ആഞ്ചലീനാ ഇഗ്‌നേഷ്യസ് (ജയപ്രദ) നടത്തുന്ന ഹോളി ഫാദർ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിശാൽ കൃഷ്ണമൂർത്തി (മോഹൻലാൽ) എന്ന വിദ്യാർത്ഥി 8 വർഷത്തിനു ശേഷം ഇപ്പോഴത്തെ പ്രിൻസിപ്പലച്ചന്റെ (ജനാർദ്ദനൻ) അഭ്യർത്ഥനപ്രകാരം വിദ്യാർത്ഥികൾക്കായി ഒരു സംഗീത നാടകം സംവിധാനം ചെയ്യാൻ മടങ്ങിയെത്തുന്നു. അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കിയത്, കോളേജ് ചാപ്പലിൽ ആഞ്ചലീന സൂക്ഷിച്ചിരുന്ന സെവൻ ബെൽസ് (സപ്തസ്വരമണികൾ) എന്ന സംഗീതോപകരണം വായിച്ചു എന്നതിനാലാണ്. കോളേജിൽ തിരിച്ചെത്തിയ വിശാൽ സെവൻ ബെൽസിലേക്ക് വീണ്ടും ആകൃഷ്ടനാവുകയും അത് സ്വയം മ്യൂസിക് പ്ലേ ചെയ്യുന്നുവെന്ന് കണ്ടെത്തുകയും ചെയ്യുന്നു. വീണ്ടും സംഗീത ഉപകരണം വായിച്ച കുറ്റം ആഞ്ചലീന അദ്ദേഹത്തിനു മേൽ ആരോപിച്ചിട്ടും, സത്യം കണ്ടെത്താനായി അദ്ദേഹം അവിടെ തുടരുന്നു.



വിദ്യാർത്ഥികൾ അവതരിക്കാൻ പോകുന്ന സംഗീതശില്പം പണക്കാരനായ ഒരു പ്രഭുവിന്റെ മകളായ മേരിയും അന്യനാട്ടിൽ നിന്നും വന്ന സംഗീതജ്ഞനായ നിഖിൽ മഹേശ്വറും തമ്മിലുള്ള പ്രണയകഥ ആയിരുന്നു. ആദ്യം എതിർത്തെങ്കിലും പിന്നീട് മേരിയുടെ പിതാവ് അവരുടെ വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹത്തിന് അച്ഛനമ്മമാരുടെ സമ്മതം വാങ്ങാൻ സ്വന്തം നാട്ടിൽ പോയ മഹേശ്വർ പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. മേരി 30 വർഷമായി അവനെ കാത്തിരിക്കുകയാണ്.



ചിത്രത്തിന്റെ കഥാഗതിയിലൂടെ വെളിപ്പെടുന്ന നിരവധി ഉൾക്കാഴ്ചകളിലൂടെ ഏതോ ലക്ഷ്യത്തിനായി ഒരു അദൃശ്യശക്തി (മഹേശ്വർ) തന്നെ നയിക്കുന്നുവെന്നു വിശാൽ മനസ്സിലാക്കുന്നു. മഹേശ്വറിന്റെ ഇടപെടലിലൂടെ വിശാൽ നാടകത്തിന്റെ തിരക്കഥയിൽ ധാരാളം മാറ്റങ്ങൾ കൊണ്ടുവരുന്നു. നായികയുടെ പേര് മേരിയിൽ നിന്ന് അലീനയിലേക്ക് മാറ്റുന്നതാണ് ഇതിൽ ആദ്യത്തേത്. സെവൻ‌ ബെൽ‌സിൽ‌ കേട്ട മ്യൂസിക്കിൽ‌ നിന്നുമാണ് വിശാലിന് ഈ പേര് ലഭിക്കുന്നത്.



നാടകത്തിനു വേണ്ടി കണ്ടെത്തിയ ആ കഥ ആഞ്ചലീനയുടെ സ്വന്തം ജീവിതകഥയായി മാറുകയാണ്. അവരുടെ യഥാർത്ഥ പേര്‌ അലീന എന്നാണെന്ന് വിശാൽ മനസ്സിലാക്കുന്നു. അലീനയുടെ പിതാവും കോളേജിന്റെ സ്ഥാപകനുമായ വില്യം ഇഗ്നേഷ്യസ് മഹേശ്വർ എന്ന അന്ധനായ ഒരു സംഗീതജ്ഞനെ ആഗ്രയിൽ നിന്ന് സെവൻ ബെൽസ് എന്ന സംഗീത ഉപകരണം വായിക്കാൻ വേണ്ടി കൊണ്ടുവന്നിരുന്നു. അലീന അവനുമായി പ്രണയത്തിലാകുന്നു. അലീന അവനെ ഇഷ്ടപ്പെടാൻ കാരണം അവന്റെ മാസ്മരിക സംഗീതമായിരുന്നു. ആറുവർഷത്തെ പ്രണയത്തിനുശേഷം, വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി തേടി മഹേശ്വർ സ്വന്തം നാട്ടിലേക്കു പോകുന്നു, എന്നാൽ പിന്നീട് മടങ്ങിവരുന്നില്ല. അവന്റെ തിരിച്ചുവരവിനായി അലീന ഇപ്പോഴും കാത്തിരിക്കുകയാണ്.


മഹേശ്വറിന്റെ സ്മരണയ്ക്കായി സൂക്ഷിച്ചിരിക്കുന്ന സെവൻ ബെൽസ് വായിച്ചുവെന്നു സംശയിച്ചതിനാലാണ് അലീന വിശാലിനെ കോളേജിൽ നിന്ന് പുറത്താക്കുന്നത്. ലൈബ്രറിയിലെ പുസ്തകത്തിൽ നിന്നും കിട്ടിയ സംഗീതം എഴുതിയ കടലാസ് വിശാൽ അവരെ കാണിക്കുമ്പോൾ മാത്രമാണ് മഹേശ്വറിന് മാത്രം അറിയാവുന്ന ആ സംഗീതം അയാൾക്ക് എങ്ങനെ പ്ലേ ചെയ്യാൻ കഴിയുമെന്ന് അലീനയ്ക്ക് മനസിലാകുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളാകുന്നു.

മഹേശ്വറിന്റെ തിരോധാനത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ വിശാൽ ശ്രമിക്കുന്നു. മഹേശ്വർ നൽകുന്ന ഓരോ വെളിപാടുകളിലൂടെ ഒടുവിൽ വിശാൽ സത്യം കണ്ടെത്തുന്നു. യഥാർത്ഥത്തിൽ വില്യം ഇഗ്നേഷ്യസിനു മകളെ അന്ധനായ മഹേശ്വറിനു വിവാഹം കഴിച്ചു കൊടുക്കാൻ താല്പര്യമില്ലായിരുന്നു. മഹേശ്വർ സിവിൽ ബെൽസ് വായിക്കുന്നത് തടയാനായി വില്യം ഇഗ്നേഷ്യസ് തന്റെ കുതിരക്കാരനായ ആൽബർട്ടോ (മുരളി) യുടെ സഹായത്തോടെ അവന്റെ കൈവിരലുകൾ വെട്ടിമാറ്റിയിരുന്നുവെന്നും; പിന്നീട് അവർ അവനെ ജീവനോടെ കുഴിച്ചുമൂടിയെന്നും; കോളേജ് ലൈബ്രറിയിലെ ചില്ലുകൂട്ടിലുള്ളത് കൈവിരലുകളറ്റ അവന്റെ അസ്ഥികൂടമാണെന്നും വിശാൽ മനസ്സിലാക്കി. ഈ സംഭവത്തിന് ശേഷം വില്യം ഇഗ്നേഷ്യസ് കുതിരവണ്ടിയിൽ നിന്നു വീണു മരിക്കുകയായിരുന്നു. എന്നാൽ മഹേശ്വറിന്റെ ദാരുണമായ മരണത്തെക്കുറിച്ച് അറിയാതെ അലീന വർഷങ്ങളായി അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. വിശാലിന്റെ സഹായത്തോടെ അലീന ഒടുവിൽ സത്യം തിരിച്ചറിയുകയും സ്വന്തം ദേഹം ഉപേക്ഷിച്ച്‌ മഹേശ്വറിന്റെ ആത്മാവുമായി ഒന്നിക്കുകയും ചെയ്യുന്നു.


ദേവദൂതനിൽ മഹേശ്വർ മനുഷ്യരൂപത്തിൽ വരുന്നില്ല, കൂടുതലും ചിറകടിക്കുന്ന ഒരു വെള്ളരി പ്രാവ്, നായ്ക്കളുടെ മുരളലും കുരയും, സെവൻ ബെൽസിലെ ജിംഗിൾ, സ്വയം ഓണും ഓഫും ആകുന്ന ലൈറ്റുകൾ, തന്നത്താനെ തുറക്കുകയും അടയുകയും ചെയ്യുന്ന ജനാലകൾ എന്നിവയിലൂടെയൊക്കെയാണ് മഹേശ്വറിന്റെ അസ്തിത്വം സ്ഥാപിക്കപ്പെടുന്നത്.



മഹേശ്വറിന്റെ ശാരീരിക അഭാവം കൂടുതലും നികത്തപ്പെടുന്നത് ഒരു വെള്ളരി പ്രാവിലൂടെയാണ്. ഇത് തുടക്കത്തിൽ കാണിക്കുന്ന സെവൻ ബെൽസിൽ വെള്ളരി പ്രാവ് ഇരിക്കുന്നതായി വരച്ച ചിത്രത്തിൽ നിന്നാരംഭിക്കുന്നു. നിരവധി സുപ്രധാന രംഗങ്ങളിൽ ഈ പ്രാവിന്റെ സാന്നിധ്യമാണ് സംഭവങ്ങൾക്ക് പിന്നിലുള്ള അമാനുഷിക സാന്നിധ്യത്തെക്കുറിച്ച് കാണികൾക്ക് സൂചന നൽകുന്നത്. ഒപ്പമുള്ള ചിറകടി ശബ്ദം ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നു.

ചിത്രത്തിലെ അമാനുഷിക സാന്നിധ്യമായ മഹേശ്വറിനെ ഫ്ലാഷ്ബാക്കുകളിൽ മാത്രമേ കാണിക്കുന്നുള്ളൂ. ഒരു പാട്ട് സീക്വൻസിൽ അലീന അവനെക്കുറിച്ച് ഓർക്കുന്നു, മഹേശ്വറിന്റെ ഫോട്ടോ വിശാലിനെ കാണിക്കുന്നു, ആൽബർട്ടോ അവന്റെ വിരലുകൾ വെട്ടിമാറ്റുന്നതും പിന്നീട് നടന്ന കൊലപാതകം വിവരിക്കുമ്പോഴും; ഈ സന്ദർഭങ്ങളിൽ. സാധാരണ യക്ഷി-പ്രേത രൂപങ്ങൾക്ക് പകരം വളരെ സൂക്ഷ്മമായ, വിശാലിനു മാത്രം തിരിച്ചറിയാനാകുന്ന ഒരു അദൃശ്യശക്തിയെ ആണ് ദേവദൂതനിൽ കാണാൻ കഴിയുന്നത്.



'റിഥം ഓഫ് ലവ്' എന്ന മ്യൂസിക്കൽ ആൽബത്തിന് വിശ്വസംഗീത പുരസ്‌കാരം ലഭിച്ച വിശാൽ കൃഷ്ണമൂർത്തി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. താൻ സംഗീതത്തിന്റെ രാജാവായി കരുതുന്ന മഹാനായ ഒരു സംഗീതജ്ഞനുള്ള സമർപ്പണമാണിതെന്നും ആ രാജാവ് തന്ന വെളിച്ചമാണ് 'റിഥം ഓഫ് ലവ്' എന്നും വിശാൽ ആവർത്തിക്കുന്നു. “എന്നെ ഞാനാക്കിയ ഏതോ അദൃശ്യ ശക്തിയുടെ സ്നേഹത്തിനു മുന്നിലുള്ള എന്റെ സാഷ്ടാംഗ പ്രണാമമാണ് റിഥം ഓഫ് ലവ്”, വിശാൽ പറയുന്നു. ഇപ്രകാരം വിശാലിലൂടെയാണ് മഹേശ്വറിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. അഭിമുഖം അവസാനിക്കുമ്പോൾ, ക്യാമറ സെവൻ ബെൽസിന്റെ ചിത്രത്തിലേക്ക് സൂം ചെയ്യുന്നു, അങ്ങനെ കാഴ്ചക്കാരെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു, അവിടെ മഹേശ്വറിന്റെ കഥ ഒരു ഫ്ലാഷ്ബാക്കായി ആരംഭിക്കുന്നു.

ചിത്രത്തിന്റെ അവസാനം രണ്ടു പ്രാവുകൾ ചിറകടിച്ചു പറന്നുയരുന്നതു കാണാം. ഈ പ്രാവുകൾ മരണത്തിലൂടെ ഒന്നിച്ച മഹേശ്വറിന്റെയും അലീനയുടെയും ആത്മാക്കളുടെ പ്രതീകങ്ങളാണ്. വിശാൽ തന്റെ അവാർഡ് സെവൻ ബെൽസിനു സമർപ്പിക്കുന്നതിലൂടെ ചിത്രം അവസാനിക്കുന്നു.



ദേവദൂതന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ പറയുന്നു, "എഴുത്തുകാരനും സംവിധായകനും സെവൻ ബെൽസ് എന്ന സംഗീത ഉപകരണം നിർമ്മിക്കുകയും സിനിമയുടെ കഥയും ആ ഉപകരണവുമായുള്ള ബന്ധവും എനിക്ക് പറഞ്ഞു തരുകയും ചെയ്തു. അവരുണ്ടാക്കിയത് കണ്ടപ്പോൾ അത് ഒരു സംഗീത ഉപകരണം മാത്രമല്ല, ജീവനുള്ള ഒരു ആത്മാവാണെന്ന് എനിക്ക് മനസ്സിലായി. ബെൽസിന്റെ ഏഴ് നോട്ടുകളുള്ള സംഗീതം ഞാൻ സൃഷ്ടിച്ചു. ഈ സംഗീതം സിനിമയിലൂടനീളം കേൾക്കാം."

തുടക്കത്തിൽ പുതുമുഖങ്ങളെ വെച്ച് ഒരുക്കാൻ ഉദ്ദേശിച്ച സിനിമയായിരുന്നു ഇതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി പറയുന്നു: '''ആർക്കോ എന്തോ ആരോടോ പറയാനുണ്ട്.'' അതായിരുന്നു ആ കഥയുടെ പ്രാണൻ. അത് പറയാൻ വന്ന ''ദേവദൂതനെ'' സിബി അതിമനോഹരമായ ഒരു സിനിമയാക്കി'.

'1983 ൽ തന്റെ ആദ്യ സിനിമയ്ക്കായി രൂപപ്പെടുത്തിയ കഥയാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം 2000 ൽ "ദേവദൂതൻ" എന്ന പേരിൽ പുറത്തുവന്നത്', സംവിധായകനായ സിബി മലയിൽ പറയുന്നു: 'സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അനശ്വരമായ ഒരു പ്രണയകഥ. ആ കഥയിലെ നായകൻ ഒരു ബോർഡിങ് സ്കൂളിലെ എഴുവയസ്സുകാരനായ കുട്ടിയായിരുന്നു. ആ കുട്ടിയിലൂടെ ഒരു അന്ധഗായകന്റെ ആത്മാവ് തന്റെ മരണമറിയാതെ തനിക്കായി കാത്തിരിക്കുന്ന മധ്യവയസ്കയായ കാമുകിയോടു സംവദിക്കാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം. നസിറുദ്ദീൻ ഷാ, മാധവി എന്നിവരെയാണ് കമിതാക്കളുടെ വേഷങ്ങൾക്കായി മനസ്സിൽ കണ്ടത്. എന്തോ കാരണത്താൽ ആ സിനിമ സംഭവിച്ചില്ല. പിന്നീട് 2000 ൽ സിയാദ് കോക്കറിന് വേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ദീർഘകാല സ്വപ്നത്തിന് വീണ്ടും ചിറകു മുളച്ചത്. തിരക്കഥ പുതുക്കിയെഴുതുകയും പശ്ചാത്തലം ബോർഡിങ് സ്കൂളിൽനിന്നു കോളജ് ക്യാംപസിലേക്ക് മാറ്റുകയും ചെയ്തു. തെന്നിന്ത്യൻ യുവ താരമായിരുന്ന മാധവനെയാണ് യുവകാമുകന്റെ വേഷത്തിനായി ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാതെ വന്നപ്പോൾ വീണ്ടും പുതിയ അഭിനേതാക്കൾക്ക് വേണ്ടിയുള്ള ശ്രമം തുടരുന്നതിനിടെയാണ് യാദൃച്ഛികമായി മോഹൻലാൽ സിയാദിൽ നിന്ന് ഈ കഥയെക്കുറിച്ച് അറിഞ്ഞതും അഭിനയിക്കുവാൻ താത്പര്യപ്പെട്ടതും'. മോഹൻലാലിന് വേണ്ടി നിർമ്മാതാവിന്റെ കൂടി താല്പര്യ പ്രകാരം കഥയിൽ വീണ്ടും കാര്യമായ അഴിച്ചുപണി ചെയ്യേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു.

2000 ലെ ജനപ്രീതി നേടിയ ചിത്രം, മികച്ച സംഗീത സംവിധായകൻ (വിദ്യാസാഗർ), മികച്ച വസ്ത്രാലങ്കാരം (S.B. സതീശൻ) തുടങ്ങിയ അവാർഡുകൾ ഈ സിനിമ കരസ്ഥമാക്കുകയുണ്ടായി.

Reference:

Gendering Cinematic Success: Deconstructing Masculinities In Sibi Malayil’s Devadoothan (2000) By Arya M. P., Dr. Betsy Paul C.

ദേവദൂതൻ ഒരിക്കൽ കൂടി കാണുവാനായി:
https://www.youtube.com/watch?v=7Dlc9_yKo7E

അഭിപ്രായങ്ങള്‍