നിക്കോളോ കോണ്ടി, പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സഞ്ചാരി മലബാറിൽ

നിക്കോളോ ഡി കോണ്ടി എന്ന വെനീഷ്യൻ 1419 നും 1444 നും ഇടയിൽ 25 വർഷക്കാലം ഇന്ത്യയിലും മറ്റു കിഴക്കൻ രാജ്യങ്ങളിലുമായി യാത്രകൾ നടത്തി. ഇന്ത്യയിൽ നിന്നു മടങ്ങുന്ന വഴി മെക്കയിലെത്തിയപ്പോൾ തന്റെ കുടുംബത്തെ രക്ഷിക്കാനായി മതം മാറാൻ അദ്ദേഹം നിർബന്ധിതനായി. 1444 - ൽ ഇറ്റലിയിൽ തിരിച്ചെത്തിയ കോണ്ടി യൂജീനിയസ് നാലാമൻ മാർപ്പാപ്പയിൽ നിന്നും പാപവിമോചനം തേടി. അദ്ദേഹത്തിന്റെ യാത്രകളെ പറ്റിയുള്ള സത്യസന്ധമായ വിവരണം മാർപ്പാപ്പയുടെ സെക്രട്ടറി പോഗ്ജിയോ ബ്രാസിയോലിനിയോട് സത്യസന്ധമായി വിശദീകരിക്കാമെന്ന വ്യവസ്ഥയിലാണ് ഇത് അനുവദിച്ചത്. പോഗിയോ ബ്രാസിയോലിനി തന്റെ 'ഹിസ്റ്റോറിയ ഡി വെരിയേറ്റേറ്റ് ഫോർച്യൂൺ' എന്ന പുസ്തകത്തിൽ ലാറ്റിൻ ഭാഷയിൽ കോണ്ടിയുടെ യാത്രാനുഭവങ്ങൾ രേഖപ്പെടുത്തി.

"Coylang," or Quilon, from 'Gedenkweerdige Brasiliaense Zee en Lantreize ...' by Johan Nieuhof, published by Jacob van Meurs, Amsterdam, 1682

1419 ൽ കോണ്ടി ഡമാസ്‌കസിൽ നിന്ന് തന്റെ യാത്ര ആരംഭിച്ചു. ഡമാസ്‌കസിൽ അദ്ദേഹം കുറച്ചു വർഷങ്ങളായി താമസിച്ചുവരികയായിരുന്നു. അദ്ദേഹം കാലുകുത്തിയ ആദ്യ ഇന്ത്യൻ നഗരം ഗുജറാത്തിലെ കാംബെ ആയിരുന്നു. ബിസെനെഗാലിയ (വിജയനഗരം), പെലഗൊണ്ട [പെനുഗൊണ്ട], പ്യൂഡിഫെറ്റാനിയ [പുലിക്കാട് ?], ഒഡെസ്ചീരിയ [ഉദയഗിരി], സെൻഡർഗിരിയ [ചന്ദ്രഗിരി], മാലേപൂർ [മൈലാപ്പൂർ], കേരളത്തിലെ മലബാർ തീരത്തുള്ള കൊല്ലം, കൊച്ചി, കോഴിക്കോട് തുടങ്ങി ഇന്ത്യയിലെ നിരവധി സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. 



'കൊളോയൻ' [ക്വയ്‍ലോൺ / കൊല്ലം]  

ക്വയ്‍ലോണിന്റെ ചുറ്റളവ് 12 മൈലാണ്. ഈ പ്രവിശ്യയെ 'മെലിബാരിയ' [മലബാർ] എന്ന് വിളിക്കുന്നു, അവർ 'കൊളോബി' എന്നു വിളിക്കുന്ന ഇഞ്ചി, കുരുമുളക്, ബ്രസീൽ വുഡ്, 'ക്രാസ്സ' എന്ന് വിളിക്കുന്ന കറുവപ്പട്ട എന്നിവയെല്ലാം വ്യാപാരം ചെയ്യുന്നു.

സർപ്പങ്ങളും പറക്കും പൂച്ചകളും: അവിടെ കാലുകളില്ലാത്ത, ആറു മുഴം നീളമുള്ള [പെരുമ്പാമ്പ് ?] കാട്ടുസർപ്പങ്ങളുണ്ട്. പ്രകോപിപ്പിച്ചില്ലെങ്കിൽ അവ ഉപദ്രവമൊന്നും ചെയ്യില്ല. മറ്റൊരു തരം നിരുപദ്രവകാരികളായ സർപ്പങ്ങൾക്ക് നാലു കാലുകളും വലിയ നായ്ക്കളെപ്പോലത്തെ നീളമേറിയ വാലുകളുമുണ്ട്. ഇവയെ ഭക്ഷണത്തിനായി വേട്ടയാടുന്നു. ഈ പ്രദേശത്ത് ശരീരത്തിൽ അവിടെയും ഇവിടെയുമായി ഏഴു തലകളുള്ള വിഷസർപ്പങ്ങളുമുണ്ട്; ഒരു മുഴം നീളവും വവ്വാലുകളെപ്പോലത്തെ ചിറകുകളുമുണ്ട്. മരങ്ങളിൽ താമസിക്കുന്ന ഇവ മിന്നൽ വേഗത്തിൽ പായും. ശ്വാസം കൊണ്ടു മാത്രം ഒരാളെ കൊല്ലാൻ ഇവക്ക് കഴിയും.

അവിടെ പറക്കുന്ന പൂച്ചകളുമുണ്ട് [പറക്കുന്ന ലെമൂർ അല്ലെങ്കിൽ കൊളുഗോ]; അവയുടെ ശരീരത്തിൽ മുൻ‌കാലുകൾ തൊട്ടു പിൻ‌കാലുകൾ  വരെ നീണ്ടുനിൽക്കുന്ന ഒരു ചെറിയ ചർമ്മം ഉണ്ട്; പറക്കുമ്പോൾ അത് വിടർന്നു ചിറകുകൾ പോലെയായിത്തീരും. ഇവയെയും ഭക്ഷണത്തിനായി വേട്ടയാടുന്നു.

പ്ലാവും മാവും: 'കാച്ചി' എന്ന വൃക്ഷം ഇവിടെ വളരെയധികം കാണപ്പെടുന്നു, ഇതിന്റെ തടിയിൽ പൈനാപ്പിളിനോട് സാമ്യമുള്ള പഴങ്ങൾ ഉണ്ടാകും, പക്ഷേ വളരെ വലുതായതിനാൽ ഒരാൾക്ക് ഒറ്റക്കെടുക്കാൻ ബുദ്ധിമുട്ടാണ്. ഇതിന്റെ തൊലി പച്ച നിറമുള്ളതും കട്ടിയേറിയതുമാണ്. അതിനകത്തു അത്തിപ്പഴം പോലിരിക്കുന്ന 250-300 മധുരമുള്ള ആപ്പിളുകളുണ്ടാവും, ഓരോന്നും ചെറിയ തോലുകൾ കൊണ്ടു വേർതിരിച്ചിരിക്കുന്നു. മധുരമുള്ള ആപ്പിളിന്റെ കുരു കാഠിന്യത്തിലും സ്വാദിലും ചെസ്റ്റ്നട്ടിനു തുല്യമാണ്. ചെസ്റ്റ്നട്ട് വറുക്കുന്നതു പോലെ തന്നെയാണ് ഈ കുരുക്കളും വറുക്കുന്നത്. പുറംതൊലി അവർ കന്നുകാലികൾക്ക് കൊടുക്കും. ഈ വൃക്ഷത്തിന്റെ ഫലം ചിലപ്പോൾ വേരുകളിലും ഉണ്ടാകും; മറ്റുള്ളവയെക്കാൾ രുചി കൂടുതലുള്ളതുകാരണം ഇവ രാജാവിനും പ്രഭുക്കന്മാർക്കും സമ്മാനിക്കും. അത്തിമരത്തോട് സാമ്യമുള്ള ഈ വൃക്ഷത്തിന്റെ ഇലകൾ പനകളുടേതുപോലെയാണ്; തടി ബോക്സ് വുഡിന് തുല്യമാണ്, മാത്രമല്ല ഒരുപാട് ആവശ്യങ്ങൾക്കു ഉപയോഗ്യമായതിനാൽ നല്ല വിലയുള്ളതുമാണ്.

വാൾനട്ട് പോലെ പച്ചനിറത്തിലും പീച്ചിനേക്കാൾ വലുതുമാണ് 'അംബ' എന്ന പഴം. പുറം തൊലിക്ക് കയ്പാണെങ്കിലും അതിനുള്ളിൽ തേൻ മധുരമാണ്. ഞങ്ങൾ പച്ച ഒലിവ് അമ്ലത കളയാൻ വേണ്ടി വെള്ളത്തിൽ മുക്കി വയ്ക്കുന്നതുപോലെ ഇവിടുള്ളവർ പകമാകുന്നതിനു മുൻപ് ഈ പഴവും വെള്ളത്തിൽ മുക്കിവയ്ക്കുന്നു.



'കോക്കിം' [കൊച്ചി]

കോണ്ടിയുടെ അഭിപ്രായത്തിൽ കൊച്ചിക്ക് 5 മൈൽ ചുറ്റളവുണ്ട്. ഇത് ഒരു പുഴയുടെ കവാടത്തിൽ സ്ഥിതിചെയ്യുന്നു. അതിൽ നിന്നാണ് ഈ ദേശത്തിനു ഈ പേര് ലഭിച്ചത്. കോണ്ടി ഈ പുഴയിൽ കപ്പലിൽ സഞ്ചരിക്കുമ്പോൾ തീരങ്ങളിൽ തീ [ചൂട്ടു] കത്തിച്ചുവച്ചിരിക്കുന്നതു കണ്ട് മത്സ്യത്തൊഴിലാളികളാണെന്ന് കരുതി. എന്നാൽ കപ്പലിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ 'ഐസ്പെ, ഐസ്പെ' എന്ന് വിളിച്ചുപറഞ്ഞു; അതായതു, മനുഷ്യരൂപത്തിൽ കാണപ്പെടുന്ന അവ മത്സ്യങ്ങളോ വിചിത്രജീവികളോ ആയിരുന്നു. പകൽ സമയം ജലത്തിൽ വസിക്കുന്ന ഇവ രാത്രിയിൽ പുറത്തുവന്ന് വിറകുകൾ ശേഖരിച്ച് കല്ലുകൾ ഉരസി തീ ഉണ്ടാക്കുന്നു. ഈ വെട്ടം കണ്ടു ആകർഷിക്കപ്പെടുന്ന മത്സ്യങ്ങൾ അങ്ങോട്ടേക്കു നീന്തിവരും. അപ്പോൾ ഈ വിചിത്രജീവികൾ അവയെ പിടികൂടി ഭക്ഷിക്കും. 

View of Cochin on the Malabar Coast of India, Johannes Vinckboons 1662-1663

ക്വയ്‍ലോണിൽ കണ്ട അതേ പഴങ്ങൾ അദ്ദേഹം കൊച്ചിയിൽ കണ്ടു. പിന്നീട് കൊളങ്കൂറിയ [കൊടുങ്ങല്ലൂർ / ക്രാങ്കനൂർ], പാലിയൂറിയ, മെലിയങ്കോട്ട എന്നിവ സന്ദർശിച്ച ശേഷം അദ്ദേഹം കോഴിക്കോട്ടെത്തി.

കാലിക്കട്ട് / കോഴിക്കോട്

കോഴിക്കോട് എന്നത് എട്ട് മൈൽ ചുറ്റളവിലുള്ള ഒരു സമുദ്ര നഗരവും അഖിലേന്ത്യാ വാണിജ്യകേന്ദ്രവുമാണ്. കുരുമുളക്, ലാക്, ഇഞ്ചി, വലിയ തരം കറുവപ്പട്ട, തുടങ്ങി മറ്റനേകം സുഗന്ധദ്രവ്യങ്ങൾ ഇവിടെ സുലഭമാണ്. ഈ ജില്ലയിൽ മാത്രം സ്ത്രീകൾക്ക് നിരവധി ഭർത്താക്കന്മാർ അനുവദനീയമാണ്. ഭർത്താക്കന്മാർ അവരവരുടെ വീടുകളിലാണ് താമസിക്കുന്നത്. ഭാര്യയുടെ പരിപാലനത്തിനായി ഭർത്താക്കന്മാർ എല്ലാവരും സംഭാവന ചെയ്യുന്നു. ഒരാൾ അവളെ സന്ദർശിക്കാൻ പോകുമ്പോൾ അയാൾ വീടിന്റെ വാതിൽക്കൽ ഒരു അടയാളം ഇടുന്നു; പിന്നീട് വേറൊരാൾ വന്നാൽ അയാൾ ഈ അടയാളം കാണുമ്പോൾ അകത്തേക്ക് കയറാതെ തിരിച്ചു പോകുന്നു. കുട്ടികളുടെ ചുമതല ഭർത്താക്കന്മാർക്കാണ്. പിതാവിന്റെ അവകാശം കുട്ടികൾക്കല്ല മറിച്ചു പേരക്കുട്ടികൾക്കാണ്.


Disclaimer:

The views expressed here are solely of Nicolo Conti.

Reference

The Travels of Nicolo Conti, in the East, in the Early Part of the Fifteenth Century, as related by Poggio Bracciolini, in his work entitled "Historia de Varietate Fortune" translated by J. Winter Jones, In 'India in the Fifteen Century'

അഭിപ്രായങ്ങള്‍