ഒരു മരത്തിന്റെ കഥ

ഞാൻ ശരിക്കും ഇന്ത്യാചരിത്രത്തിൽ മാത്രമല്ല ലോകചരിത്രത്തിൽ തന്നെ ഒരു മഹാസംഭവം ആകേണ്ട ആളാണ്. എന്റെ ഗ്രാമം വളരെ പ്രസിദ്ധമാണ്. പക്ഷെ നിങ്ങൾക്കറിയില്ല എന്റെ പേരിലാണ് ആ ഗ്രാമം അറിയപ്പെടുന്നതെന്ന്. ഇനി എന്നെ പരിചയപ്പെടുത്താം.

ഞാൻ ഒരു മരമാണ്. വളരെ മനോഹരമായ ഓറഞ്ച് നിറമുള്ള തീനാളം പോലെ തോന്നിക്കുന്ന പൂക്കളാണെനിക്കുള്ളത്. തത്തയുടെ കൊക്കിനെ എന്നോടുപമിക്കാറുണ്ട്. പയർ വര്‍ഗത്തില്‍പ്പെടുന്ന ചെടികളുടെ കുടുംബമായ ഫാബേസിയെ (Fabaceae) - ൽപ്പെട്ട ബ്യുട്ടിയ മോണോസ്‌പെർമ (Butea monosperma) എന്ന ശാസ്ത്രനാമമുള്ള ഞാൻ 'വനജ്വാല' (Flame of the Forest) എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കൂടാതെ കൂടാതെ, 'തത്ത മരം' (Parrot Tree) എന്ന നല്ല പേരും 'തെണ്ടി തേക്ക്' (Bastard Teak) എന്ന മോശം പേരും എനിക്കുണ്ട്.


നിരവധി പുരാണഗ്രന്ഥങ്ങളിൽ പരമർശിക്കപ്പെട്ടിട്ടുള്ള എന്നെ ഒരു പുണ്യവൃക്ഷമായിട്ടും കണക്കാക്കുന്നുണ്ട്. ഹോളി ആഘോഷവേളയിൽ ഉപയോഗിക്കുന്ന ചായം ഉണ്ടാക്കാൻ എന്റെ പൂക്കൾ ഉപയോഗിക്കുന്നുണ്ട്. വളരെ ഔഷധഗുണങ്ങൾ നിറഞ്ഞ എന്നെ ആയുർവേദത്തിലും വ്യാപകമായി ഉപയോഗിക്കുന്നു. എന്റെ മൂല്യം ആഘോഷിക്കുന്നതിനായി ഇന്ത്യൻ തപാൽ വകുപ്പ് ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ജാർഖണ്ഡ് ഔദ്യോഗിക പുഷ്പമായി തെരഞ്ഞെടുത്തതും ഈ എന്നെത്തന്നെ. പ്ലാസ്റ്റിക് പ്ളേറ്റിനു പകരമായി എന്റെ വലിയ ഇലകൾ ഉപയോഗിക്കാൻ ഞാൻ നിങ്ങളോടു എപ്പോഴും പറയാറില്ലേ?

കൊൽക്കത്തയിൽ നിന്ന് 150 കിലോമീറ്റർ വടക്കും മുർഷിദാബാദിന് 25 കിലോമീറ്റർ തെക്കുമായി ഭാഗീരഥി എന്നും വിളിപ്പേരുള്ള ഹൂഗ്ലി നദിയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം എന്റെ പേരിലാണറിയപ്പെടുന്നത്. കാരണം അവിടെ ഞാൻ കാടുപോലെ കാണപ്പെട്ടിരുന്നു. ഒരു കാര്യം പറയാൻ മറന്നു, സ്വന്തം നാട്ടിൽ ഞാൻ 'പാലാശി' 'പലാശ്' എന്നൊക്കെയാണറിയപ്പെടുന്നത്. കേരളത്തിലും ഞാൻ വളരും കെട്ടോ. നിങ്ങളെന്നെ 'പ്ലാശ്' 'ചമത' 'കിംശുക' എന്നൊക്കെയാണ് വിളിക്കുന്നത്.

ഇനി ഞാനെങ്ങനെയാ ഒരു സംഭവം ആയതെന്നു പറയാം. 1757 ജൂൺ 23 ന് നടന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കേണൽ റോബർട്ട് ക്ലൈവ് ഞങ്ങളുടെ പ്രിയ നവാബായ സിറാജ്-ഉദ്-ദൗളയെ പരാജയപ്പെടുത്തി ഞങ്ങളുടെ നാട് (ബംഗാൾ) കീഴടക്കിയ യുദ്ധം ഓർമ്മയുണ്ടോ. ഈ യുദ്ധം നടന്നത് എന്റെ ഗ്രാമത്തിൽ വച്ചാണ്. പാലാശി എന്ന എന്റെ പേര് ഈ സായിപ്പന്മാർ പ്ലാസി എന്നാക്കി മാറ്റി. ഏതായാലും ഈ യുദ്ധത്തോടെ എന്റെ ഗ്രാമം ചരിത്രപ്രസിദ്ധമായി.

No comments

Post a Comment