ഡൽഹി കീഴടക്കിയ വ്യാപാരി

വെറും ഒരു താഴ്ന്ന ചുറ്റുപാടിൽ ജനിച്ച് ഡൽഹിയുടെ ഭരണാധികാരിയായി മാറിയ ഹേമു എന്ന വ്യാപാരിയെക്കുറിച്ചറിയാത്തവർ ചുരുക്കമായിരിക്കും. 

ഹരിയാനയിലെ റെവാരി സ്വദേശിയായിരുന്ന ഹേമു വ്യാപാരികളുടെ ഒരു ഉപവിഭാഗമായ ധുസാർ ജാതിയിൽ പെട്ടയാളാണ്. ഹേമുവിന്റെ ആദ്യകാല ജീവിതം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു. ഹേമുവിന്റെ പിതാവായിരുന്ന പുരൻ ദാസ് ഒരു തികഞ്ഞ മതവിശ്വാസിയായിരുന്നു. ഹേമുവിന്റെ കൗമാരത്തിൽ അദ്ദേഹത്തിന്റെ പിതാവ് വീട് വിട്ട് മഥുരയിലേക്ക് പോയി. അതിനാൽ കുടുംബത്തെ പോറ്റുന്നതിനായി ഹേമു പഠനം ഉപേക്ഷിച്ച് കച്ചവടം ആരംഭിച്ചു. കുറച്ചുകാലം അദ്ദേഹം റെവാരിയിലെ തെരുവുകളിൽ വെടിയുപ്പ് (വെടിമരുന്നിന്റെ പ്രധാന ഘടകങ്ങളിലൊന്നായ സോൾട്ട്പീറ്റർ) വില്പന നടത്തി.

ഇങ്ങനെ കച്ചവടത്തിലൂടെ ജീവിതം കുറച്ചു മെച്ചപ്പെട്ടപ്പോൾ, ഹേമു ഡൽഹിയിലെ ബസാറിൽ ഒരു തൂക്കിവില്‍പ്പനക്കാരനായി. അവിടെ അദ്ദേഹം അന്നത്തെ ഡൽഹി ഭരണാധികാരിയായിരുന്ന ഷേർഷാ സൂരിയുടെ സൈന്യത്തിന് ധാന്യങ്ങളും വെടിയുപ്പും വിറ്റുപോന്നു. 

ഹേമു വളരെ ധീരനും ബുദ്ധിമാനും കഠിനാധ്വാനിയുമായിരുന്നു. ഒരു ഗവണ്മെന്റ് ഉദ്യോഗത്തിനു വേണ്ടി പരിശ്രമിച്ച അദ്ദേഹം ഒടുവിൽ ഒരു ഗവണ്മെന്റ് വ്യാപാരിയായി. ഇവിടെനിന്നാണ് ഹേമുവിന്റെ വളർച്ച ആരംഭിക്കുന്നത്. 

ഹേമു എങ്ങനെയോ ഷേർഷായുടെ മകനും പിൻഗാമിയുമായ സലിംഷാ സൂരിയുടെ ശ്രദ്ധയിൽപ്പെട്ടു. ഹേമുവിന്റെ കഴിവുകളിൽ ആകൃഷ്ടനായ സലിംഷാ അദ്ദേഹത്തെ മാർക്കറ്റ് സൂപ്രണ്ടായി [ഷഹാന-ഇ-ബസാർ] നിയമിച്ചു. തുടർന്ന് ഹേമുവിന് തപാൽ വകുപ്പിന്റെ സൂപ്രണ്ട് പദവിയിലേക്ക് [ദാരോഗ-ഇ-ഡാക്-ചൗക്കി] സ്ഥാനക്കയറ്റം ലഭിച്ചു.

സലിംഷായുടെ പിൻഗാമിയായ മുഹമ്മദ് ഷാ ആദിൽ എന്ന അദാലിയാണ് ഹേമുവിന്റെ മഹത്തായ കഴിവുകൾ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കൂടുതൽ വലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയത്.

സലിംഷായുടെ ഏക പുത്രനായ ഫിറോസിനെ വധിച്ചാണ് അദാലി അധികാരത്തിൽ വരുന്നത്. അദാലി അധികാരമേറ്റയുടനെ നാലുപാടും കലാപങ്ങൾ ഉടലെടുത്തു. ആദ്യം കലാപം നടത്തിയത് കരേനിയക്കാരാണ്. താജ് ഖാൻ കരാനി എന്നൊരു ഉദ്യോഗസ്ഥൻ ഡൽഹി ബഹിഷ്കരിച്ചപ്പോൾ അയാളെ പിടികൂടാനായി അദാലി ഹേമുവിന്റെ കീഴിൽ ഒരു സൈന്യത്തെ അയച്ചു. ചിബ്രാമുവിൽ വെച്ച് താജ് ഖാനെ ഹേമു പരാജയപ്പെടുത്തി. ചുനാറിലേക്ക് രക്ഷപ്പെട്ടോടിയ താജ് ഖാൻ സഹോദരന്മാരായ ഇമാദ്, സുലൈമാൻ ഖാൻ, ഖ്വാജാ ഇല്യാസ് എന്നിവരോടൊപ്പം വിപ്ലവം സൃഷ്ടിച്ചു. ഹേമു ഈ വിപ്ലവം അടിച്ചമർത്തി ചുനാർ തിരിച്ചുപിടിച്ചു.

ഈ മഹത്തായ നേട്ടം കൈവരിച്ച് കൊട്ടാരത്തിലേക്ക് മടങ്ങിയെത്തിയ ഹേമുവിന് 'രാജാ വിക്രമഃജിത്' എന്ന സ്ഥാനപ്പേരും രാജ്യത്തിന്റെ മന്ത്രിപദവും നൽകി അദാലി ആദരിച്ചു. “അന്നു മുതൽ രാജ്യത്തിന്റെ എല്ലാ ഭരണകാര്യങ്ങളും ഹേമുവിന്റെ കൈകളിലേക്ക് മാറപ്പെട്ടു, ഒരു ഉത്തരവ് പോലും അദാലിയിൽ നിന്നും പുറത്തുവന്നിട്ടില്ല, എന്നിരുന്നാലും, ഖജനാവും ആനകളും മാത്രം അദാലിയുടെ ഉടമസ്ഥതയിൽ ആയിരുന്നു", ചരിത്രകാരനായ അബ്ദുള്ള പറയുന്നു.

അതിനിടക്ക് ആഗ്ര ഗവർണറായിരുന്ന ഇബ്രാഹിം ഖാൻ സുർ അദാലിയിൽ നിന്ന് ആഗ്രയും ഡൽഹിയും പിടിച്ചെടുത്തു. അദാലി ചുനാറിലേക്ക് പിൻവാങ്ങാൻ നിർബന്ധിതനായി. എന്നാൽ അധികം വൈകാതെ തന്നെ പഞ്ചാബ് ഗവർണറായിരുന്ന സിക്കന്ദർ ഷാ സൂരി ഇബ്രാഹിം ഖാനെ പരാജയപ്പെടുത്തി ആഗ്രയും ഡൽഹിയും കൈവശപ്പെടുത്തി. പരാജിതനായ ഇബ്രാഹിം കൽപിയിലേക്ക് പിൻവാങ്ങി.

ഇതറിഞ്ഞ അദാലി ഹേമുവിനെ ആ ദിശയിലേക്ക് അയച്ചു. കൽപിയിൽ ഹേമു ഇബ്രാഹിമിനെ ആക്രമിച്ച് മികച്ച വിജയം നേടി. ഇബ്രാഹിം ബയാനയിലുള്ള തന്റെ പിതാവിന്റെ അടുത്തേക്ക് രക്ഷപ്പെട്ടോടി. ബയാന കോട്ട വളഞ്ഞ ഹേമു മൂന്നുമാസം അവിടെ യുദ്ധം തുടർന്നു.

ഇനി നമുക്ക് ഡൽഹിയുടെ ഒരു ഹ്രസ്വ ചരിത്രം പരിശോധിക്കാം: മുസ്ലീം അധിനിവേശത്തിന് തൊട്ടുമുമ്പ് ഡൽഹിയുടെ ഭരണാധികാരിയായിരുന്നു പൃഥ്വിരാജ് ചൗഹാൻ (r: 1179-1192). 1192 ൽ നടന്ന രണ്ടാം ടറെയ്ൻ യുദ്ധത്തിൽ മുഹമ്മദ് ഗോരി പൃഥ്വിരാജിനെ പരാജയപ്പെടുത്തി. ഇതേതുടർന്ന് ഡൽഹി സുൽത്താനത്ത് (1206-1526) സ്ഥാപിക്കപ്പെട്ടു. തിമൂരിന്റെ ഒരു പിൻഗാമിയായ സഹീറുദ്ദീൻ മുഹമ്മദ് ബാബർ 1526 ലെ ഒന്നാം പാനിപ്പറ്റ് യുദ്ധത്തിൽ അവസാന ഡൽഹി സുൽത്താനായ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി മുഗൾ സാമ്രാജ്യത്തിന് അടിത്തറ പാകി. എന്നാൽ ഷേർഷാ സൂരി എന്ന അഫ്ഗാൻ, ബാബറിന്റെ മകനായ ഹുമയൂണിനെ പരാജയപ്പെടുത്തി സുർ വംശം (1540-1555) എന്നറിയപ്പെടുന്ന ഇന്ത്യയിലെ രണ്ടാമത്തെ അഫ്ഗാൻ സാമ്രാജ്യം സ്ഥാപിച്ചപ്പോൾ മുഗൾ ഭരണം ഹ്രസ്വമായി തടസ്സപ്പെട്ടു. സുർ രാജാക്കന്മാർ ഡൽഹി ഭരിക്കുമ്പോൾ ഹുമയൂൺ ഷാ തഹ്‌മാസ്‌പിനൊപ്പം പേർഷ്യയിൽ (ഇറാൻ) അഭയാർഥിയായി കഴിയുകയായിരുന്നു.

സൂരികൾക്കിടയിലെ ആഭ്യന്തരയുദ്ധം മുതലെടുത്ത് ഹുമയൂൺ നഷ്ടപെട്ട തന്റെ സിംഹാസനം വീണ്ടെടുക്കാൻ ഇന്ത്യയിലേക്ക് പടനീക്കം നടത്തി. സിക്കന്ദർ സൂരിയെ പരാജയപ്പെടുത്തി 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1555 ജൂലൈയിൽ രണ്ടാം തവണ ഹുമയൂൺ ഇന്ത്യയുടെ ചക്രവർത്തിയായി.

ഈ സമയം ബംഗാൾ ഗവർണറായിരുന്ന മുഹമ്മദ് ഷാ ലഹളയുണ്ടാക്കി ജൗൻപൂർ, കൽപി, ആഗ്ര എന്നിവ പിടിച്ചടക്കാൻ ഒരു വിഫല ശ്രമം നടത്തി. ഇതറിഞ്ഞ അദാലി ബയാന ഉപരോധം അവസാനിപ്പിച്ച് തന്റെയടുത്തേക്കു മടങ്ങാൻ ഹേമു ഉത്തരവിട്ടു. യാത്രാമധ്യേ 1555 ഡിസംബറിൽ ഹേമു മുഹമ്മദ് ഷാ സൂരിയെ ചാപ്പർഘട്ടയിൽ വച്ച് വധിച്ചു.

സിംഹാസനം വീണ്ടെടുത്തുവെങ്കിലും ഹുമയൂണിന്റെ ഭരണം അധികനാൾ നീണ്ടുനിന്നില്ല; 1556 ജനുവരി 24 ന്‌ ഡൽഹിയിലെ തന്റെ പുസ്തകാലയത്തിന്റെ (പുരാന ഖിലയിലെ ഷേർ മണ്ഡൽ) പടിക്കെട്ടിൽ നിന്ന് വീണുണ്ടായ അപകടത്തിൽ അദ്ദേഹം മരിച്ചു. ഹുമയൂണിന്റെ മരണസമയത്ത് മകൻ അക്ബർ തന്റെ രക്ഷാകർത്താവായ ബൈറാം ഖാനൊപ്പം അങ്ങു ദൂരെ പഞ്ചാബിൽ ആയിരുന്നു, അവിടെ അദ്ദേഹം സിക്കന്ദർ സൂരിക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 1556 ഫെബ്രുവരി 14 ന് തന്റെ പതിമൂന്നാം വയസ്സിൽ അക്ബർ (r: 1556-1605) പഞ്ചാബിലെ കലാനൂരിൽ വച്ച് കിരീടധാരിയായി. 

ഹുമയൂണിന്റെ മരണവാർത്ത കേട്ട അദാലി ഡൽഹിയും ആഗ്രയും പിടിച്ചെടുക്കാൻ ഒരു വൻസൈന്യത്തോടെ ഹേമുവിനെ അയച്ചു. ഹേമു ആഗ്രയിൽ എത്തിയപ്പോൾ മുഗൾ ജനറലായ സിക്കന്ദർ ഖാൻ ഉസ്ബെക്ക് ഡൽഹിയിലേക്ക് പലായനം ചെയ്തു. ആഗ്ര പിടിച്ചടക്കിയ ശേഷം ഹേമു ഡൽഹിയിലേക്ക് തിരിച്ചു. ഒരു ദിവസത്തെ പോരാട്ടത്തിനു ശേഷം ഡൽഹി ഗവർണറായിരുന്ന തർദി ബേഗ് ഖാൻ ഓടി രക്ഷപ്പെട്ടു. അങ്ങനെ ഹേമു വിജയകരമായി ഡൽഹി കൈവശപ്പെടുത്തുകയും ചെയ്തു. ഡൽഹി കൈവശപ്പെടുത്തിയതോടെ ഹേമു സുർ സാമ്രാജ്യത്തിന്റെ 'യഥാർത്ഥ' ഭരണാധികാരിയായി. [1556 ഒക്ടോബർ 7 ന് 'രാജ വിക്രമാദിത്യ' എന്ന പേരിൽ ഹേമു സിംഹാസനാരോഹണം നടത്തിയെന്ന് ചരിത്രകാരനായ അഹ്മദ് യാദ്ഗാർ പറയുന്നു. എന്നിരുന്നാലും ഈ വസ്തുത ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹേമുവിന്റെ നാണയമൊന്നും ഇതേവരെ കണ്ടെത്തിയിട്ടില്ല.]

ഡൽഹി കൈവശപ്പെടുത്തിയതിനു ശേഷം ഹേമു അദാലിക്ക് ഒരു കത്ത് അയച്ചു, "അങ്ങയുടെ ഭാഗ്യമുള്ള ഈ അടിമ ഒരു ഇരുമ്പു മതിൽ പോലെ ഉറച്ചുനിന്ന മുഗൾ സൈന്യത്തെ തുരത്തി; എന്നാൽ ഹുമയൂണിന്റെ മകൻ ഒരു വലിയ സൈന്യവുമായി ഡൽഹിക്കെതിരെ മുന്നേറുകയാണെന്ന് കേൾക്കുന്നു. ആ വലിയ ശത്രുവിനെ നേരിടാനും അവരെ ഡൽഹിയിലേക്കെത്താൻ അനുവദിക്കാതിരിക്കാനും വേണ്ടി ഞാൻ മുഗളരുടെ കുതിരകളെയും ആനകളെയും കരുതിവച്ചിട്ടുണ്ട്". 

അല്പദിവസങ്ങൾ ഡൽഹിയിൽ വസിച്ചതിനു ശേഷം ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്ന അക്ബറിനെതിരെ ഹേമു തന്റെ പടയുമായി പുറപ്പെട്ടു.

ആദിൽ ഷായുടെ എതിരാളികൾക്കെതിരെ ഇരുപത്തിരണ്ട് യുദ്ധങ്ങൾ നടത്തിയ ഹേമു എല്ലാത്തിലും വിജയിയായിരുന്നു. 1500 ലധികം യുദ്ധ ആനകളുള്ള ഒരു വലിയ സൈന്യമായിരുന്നു ഹേമുവിന്റേത്; ഇത്തരമൊരു സൈന്യം അക്കാലത്ത് ഇന്ത്യയിലെ ഒരു ഭരണാധികാരിക്കും  ഉണ്ടായിരുന്നില്ല. 

ഹേമുവിന്റെ ഈ വീരകഥകളും സൈനികശേഷിയും കേട്ടറിഞ്ഞ പല മുഗൾ സൈന്യാധിപരും കാബൂളിലേക്ക് പിൻവാങ്ങാൻ ഉപദേശിച്ചുവെങ്കിലും ഹേമുവിനോട് യുദ്ധം ചെയ്യാൻ തന്നെ ബൈറാം ഖാൻ തീരുമാനിച്ചു. സൈനികർക്ക് പ്രചോദനാത്മകമായ ഉപദേശങ്ങളും ഭാവി വാഗ്ദാനങ്ങളും നൽകി അവരെ ഡൽഹിയിലേക്ക് അയച്ചതിനു ശേഷം ബൈറാം ഖാൻ അക്ബർ കുമാരനെ അനുഗമിച്ചു.

രണ്ടാം പാനിപ്പറ്റ് യുദ്ധം (1556 നവംബർ 5)

1556 നവംബർ 5 ന് അഫ്ഗാനികളും മുഗളരും [ആദിൽ ഷാ സൂരി എന്ന അദാലിയും അക്ബറും] തമ്മിലാണ് രണ്ടാം പാനിപ്പറ്റ് യുദ്ധം നടന്നത്. യുദ്ധത്തിന്റെ പ്രാരംഭത്തിൽ ഹേമുവിനായിരുന്നു വിജയം. എന്നാൽ വിധി നിശ്ചയിച്ചത് മറ്റൊന്നായിരുന്നു.

'ഹവായ്' എന്ന തന്റെ ആനപ്പുറത്തായിരുന്നു ഹേമു. അപ്രതീക്ഷിതമായി ഒരു അമ്പ് ഹേമുവിനെ കണ്ണിൽ തറച്ചു തലയ്ക്കു പിന്നിലൂടെ പുറത്തുവന്നു. വേദന കൊണ്ട് പുളഞ്ഞ അദ്ദേഹം അമ്പാരിയിലേക്കു വീണു. തങ്ങളുടെ യജമാനനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ മനോവീര്യം നഷ്ടപ്പെട്ട ഹേമുവിന്റെ സൈനികർ യുദ്ധം നിർത്തി നാലുപാടും ചിതറിയോടി.

സ്വയം പരിശ്രമിച്ചു ഹേമു ആ അമ്പു വലിച്ചൂരിയപ്പോൾ കുഴിയിൽ നിന്നും കണ്ണുൾപ്പെടെ പുറത്തേക്കു വന്നു. ഹേമു അത് ഒരു തൂവാലയിൽ പൊതിഞ്ഞു. വേദനാജനകമായ സാഹചര്യങ്ങൾക്കിടയിലും ധൈര്യത്തോടെയും പരിശ്രമത്തോടെയും യുദ്ധം തുടർന്നെങ്കിലും തന്റെ സമീപം അവശേഷിച്ച കുറച്ചുപേർക്കൊപ്പം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഹേമു ബോധരഹിതനായി അമ്പാരിയിലേക്ക് നിലം പതിച്ചു.

ഈ സമയം തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ഷാ ഖുലി ഖാൻ മഹ്രം ഹേമു സഞ്ചരിച്ച ആനയുടെ അടുത്തെത്തി പാപ്പാനെ ആക്രമിച്ചു. നിസ്സഹായനായ പാപ്പാൻ സ്വന്തം ജീവൻ ഭയന്ന് തന്റെ യജമാനനെ ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോഴാണ് അത് ഹേമു ആണെന്ന് ഷാ ഖുലി ഖാൻ അറിയുന്നത്. അയാൾ ഹേമുവിനെ ബന്ദിയാക്കി അക്ബറിനു മുന്നിൽ കൊണ്ടുവന്നു. അവിടെ വച്ച് ഹേമു വധിക്കപ്പെടുന്നു. ഹേമുവിനെ വധിച്ചത് ബൈറാം ഖാൻ ആണെന്നും അതല്ല അക്ബർ തന്നെ ആണെന്നും രണ്ടു അഭിപ്രായങ്ങളുണ്ട്; എന്നാൽ അക്ബറിന്റെ കടുത്ത വിമർശകനായ ബഡൗണി പറഞ്ഞതനുസരിച്ച് ബൈറാം ഖാൻ ആണ് ഈ നീചകർമ്മം നിർവഹിച്ചത്.

ഹേമുവിന്റെ ശിരസ്സ് കാബൂളിലേക്ക് കൊണ്ടുപോയി അവിടത്തെ ഇരുമ്പു കവാടത്തിൽ കെട്ടിത്തൂക്കാൻ ബൈറാം ഖാൻ ഉത്തരവിട്ടു; ശിരസ്സറ്റ ദേഹം ഡൽഹി കവാടത്തിലും. ഹേമുവിന്റെ എല്ലാ അനുയായികളെയും കൂട്ടക്കൊല ചെയ്തു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഹേമുവിന്റെ പിതാവിനെ നിഷ്കരുണം വധിച്ചു.

"അഫ്ഗാൻ ഭരണാധികാരി ആദിൽ ഷാ സ്വന്തം ഗോത്രത്തിലെ മഹാനായ തലവന്മാരെക്കാൾ ഒരു ഹിന്ദു ഉദ്യോഗസ്ഥനെ ആശ്രയിച്ചതും അതിനു താൻ അർഹനാനെന്നു ഹേമു തെളിയിച്ചതും ഹേമുവിന് ലഭിച്ച വലിയ ബഹുമതിയെ പ്രതിഫലിപ്പിക്കുന്നു". ആർ‌ സി മജുംദാർ ഉദ്ധരിക്കുന്നു. 

ഹേമുവിന്റെ മരണവാർത്ത അറിഞ്ഞ അദാലി അകെ പരിഭ്രാന്തനായി. അല്പ ദിവസങ്ങൾക്കുള്ളിൽ തന്നെ ബംഗാളിലെ ഭരണാധികാരിയും മുഹമ്മദ് ഷാ സൂരിയുടെ പുത്രനുമായ ഖിയാസുദ്ദിൻ ബഹാദൂർ ഷാ അദാലിക്കുള്ള അന്ത്യവിധി നൽകി.

രണ്ടാം പാനിപ്പറ്റ് യുദ്ധത്തിന്റെ അനന്തരഫലമായി ജലാലുദ്ദിൻ മുഹമ്മദ് അക്ബറിന്റെ കീഴിൽ മുഗൾ ഭരണം പുനഃസ്ഥാപിക്കപ്പെട്ടു.

അഭിപ്രായങ്ങള്‍