പാവം പാവം രാജകുമാരൻ

1799 മെയ് 4 ന് വൈകുന്നേരം ടിപ്പു സുൽത്താന്റെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പുത്രന്മാരായ അബ്ദുൾ ഖലീഖ്, സുൽത്താൻ പാദ്ഷാ എന്ന മുഹിയുദ്ദിൻ, മുയ്‌സുദ്ദിൻ എന്നിവർ അന്നും അതിന്റെ പിറ്റേന്നുമായി ബ്രിട്ടീഷുകാർക്ക് കീഴടങ്ങി.

ടിപ്പുവിന്റെ മരണവാർത്ത ലഭിക്കുമ്പോൾ മൂത്ത മകൻ ഫത്തേഹ് ഹൈദർ കരിഘട്ട കുന്നിനു സമീപമുള്ള യുദ്ധ പാളയത്തിലായിരുന്നു. 

കീഴടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് 6 ന് ബ്രിട്ടീഷ് അധികാരികൾ ഫത്തേഹ് ഹൈദർ, മിർ ഖമറുദ്ദിൻ, പൂർണ്ണയ്യ എന്നിവർക്ക് കത്തുകളയച്ചു. മിർ ഖമറുദ്ദിനും പൂർണ്ണയ്യയും അലി റാസാ ഖാനും അധികം വൈകാതെ തന്നെ ജനറൽ ഹാരിസിന് കീഴടങ്ങി.

ടിപ്പു സുൽത്താന്റെ മൂത്ത മകൻ ഫത്തേഹ് ഹൈദറിനു ഏകദേശം 26 വയസ്സായിരുന്നു. അദോണിയിലെ ഒരു നർത്തകിയായിരുന്ന റൗഷ്മി ബീഗം ആയിരുന്നു മാതാവ്. ടിപ്പു സുൽത്താനുമായി വളരെയധികം രൂപസാദൃശ്യമുണ്ടായിരുന്നു ഈ മകന്. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഗുരംകൊണ്ട കോട്ട വീണ്ടെടുക്കുന്നതിൽ സ്വന്തം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. 

ഫത്തേഹ് ഹൈദർ കീഴടങ്ങിയതിനെക്കുറിച്ച് ചരിത്രകാരൻ കിർമാണി പറയുന്നതിങ്ങനെ: തന്റെ അനുയായികൾക്കിടയിൽ ഭയത്തിന്റെയും നിരാശയുടെയും ലക്ഷണങ്ങൾ കാണാൻ തുടങ്ങിയപ്പോൾ, എന്നാൽ അതേ സമയം, ബ്രിട്ടീഷ് ജനറലിന്റെയും അദ്ദേഹത്തിന്റെ മറ്റ് ഉദ്യോഗസ്ഥരുടെയും 'അവനെ സിംഹാസനത്തിൽ അവരോധിക്കും' എന്നു സൂചിപ്പിക്കുന്നതരത്തിലുള്ള ആശ്വാസപ്രദവും അനുരഞ്ജനവുമായ ഭാഷയും കേട്ടപ്പോൾ ഫത്തേഹ് ഹൈദർ ഇനിയൊരു യുദ്ധത്തെക്കുറിച്ചുള്ള എല്ലാ ചിന്തയും ഉപേക്ഷിച്ചു. മറുവശത്ത് മൈസൂർ സൈന്യത്തിലെ ധീരയോദ്ധാക്കളായ മാലിക് ജഹാൻ ഖാൻ (ധോണ്ടിയ വാഗ്), സയ്യിദ് നസീർ അലി മിർ മിരാൻ തുടങ്ങിയവർ കീഴടങ്ങുന്നതിൽ നിന്ന് അവനെ പിന്തിരിപ്പിക്കുകയും യുദ്ധം തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ പൂർണയ്യയുടെയും സുൽത്താന്റെ ദർബാറിലെ മറ്റ് രാജ്യദ്രോഹികളുടെയും നിർദ്ദേശപ്രകാരം വഞ്ചിതനാകപ്പെട്ട ഫത്തേഹ് ഹൈദർ തന്റെ അഭ്യുദയകാംക്ഷികളുടെ അഭ്യർത്ഥന നിരസിക്കുകയും, ജനറൽ ഹാരിസിനെ കണ്ട് ചർച്ച നടത്താനായി പുറപ്പെടുകയും ചെയ്തു. [ജനറൽ ഹാരിസും ആർതർ വെല്ലസ്ലിയും വെല്ലസ്ലി പ്രഭുവിന് അയച്ച കത്തുകളിൽ നിന്നും പൂർണയ്യ ഫത്തേഹ് ഹൈദറിനു വേണ്ടി വാദിച്ചിരുന്നുവെന്നു വ്യക്തമാകും. മേജർ അലന്റെ ജേർണലിലും ഇതേ കാര്യം കുറിച്ചിട്ടുണ്ട്.]

'തന്നെ പിതാവിന്റെ പിൻഗാമിയായി വാഴിക്കും എന്ന ശുഭപ്രതീക്ഷയിൽ' ഫത്തേഹ് ഹൈദർ മെയ് 13 ന് ജനറൽ ഹാരിസിന് മുൻപാകെ കീഴടങ്ങി. എന്നാൽ വിധി നിശ്ചയിച്ചത് മറ്റൊന്നായിരുന്നു. 

'മൈസൂരിന്റെ പുതിയ ഭരണച്ചുമതല ആരെ ഏൽപ്പിക്കും? ടിപ്പുവിന്റെ കുടുംബത്തെയോ അതോ മൈസൂർ രാജാവിന്റെ കുടുംബത്തെയോ', വെല്ലസ്ലി പ്രഭു എന്നറിയപ്പെടുന്ന റിച്ചാർഡ് മാർക്വെസ് വെല്ലസ്ലി ഇതേക്കുറിച്ചു വളരെയേറെ ആലോചിച്ചു. വെല്ലസ്ലി പ്രഭു ലണ്ടനിലെ കോർട്ട് ഓഫ് ഡയറക്ടർസിന് അയച്ച കത്തിൽ നിന്നുള്ള ചില ഭാഗങ്ങളാണ് ചുവടെ:

''ഏകദേശം 1796 ടു കൂടി ടിപ്പുവിന്റെ ഏറ്റവും വലിയ ലക്‌ഷ്യം ഇന്ത്യയിലെ ബ്രിട്ടീഷ് ശക്തിയുടെ നാശമായിരുന്നു. 1792 - ലെ സമാധാന ഉടമ്പടിക്കുവേണ്ടി തനിക്കു ബലി കൊടുക്കേണ്ടിവന്നതെല്ലാം അഹങ്കാരിയായ ടിപ്പുവിന്റെ മനസ്സിന് ഒരിക്കലും മറക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഫ്രാൻസുമായുള്ള സഖ്യം തന്റെ സാമ്രാജ്യത്തെ പഴയ പ്രതാപത്തിലേക്കും ശക്തിയിലേക്കും നയിക്കുമെന്ന് സുൽത്താന് നിശ്ചയമുണ്ടായിരുന്നു. ഫ്രാൻസിലെ പല ഉന്നതന്മാരുമായും നടത്തിയ എഴുത്തുകുത്തുകൾ, കൂടാതെ, അഫ്‌ഗാനിസ്ഥാൻ രാജാവായ സമാൻ ഷായ്ക്ക് അയച്ച ദൂത്, പൂനെയും ഹൈദെരാബാദുമായുള്ള ഗൂഢാലോചനകൾ എന്നിവയെല്ലാം ബ്രിട്ടീഷുകാരുമായുള്ള സുൽത്താന്റെ അടങ്ങാത്ത വെറുപ്പിന്റെ തെളിവുകളാണ്. അപ്പോൾ സ്വന്തം മക്കളെയും അതേ തത്ത്വങ്ങളിൽ വളർത്തിയിരിക്കണം; അതായത്, ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം. 

നമ്മുടെ വിജയം സുൽത്താന്റെ സാമ്രാജ്യത്തിന്റെ അടിത്തറ തകിടം മറിക്കുകയും അങ്ങനെ മൈസൂർ പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. നമ്മുടെ ഔദാര്യത്തിൽ സിംഹാസനത്തിൽ സ്ഥാനം പിടിക്കുകയും നമ്മുടെ നിയന്ത്രണത്തിൽ പരിമിതപ്പെടുത്തുകയും ചെയ്താൽ, അപമാനത്തിന്റെയും ബലഹീനതയുടെയും അവസ്ഥയിലേക്ക് താൻ സ്വയം അധപതിച്ചതായി ടിപ്പുവിന്റെ മകനു തോന്നും, മാത്രമല്ല, നാം ഇപ്പോൾ കൈവശം വച്ചിരിക്കുന്ന സ്വത്തുവകകളെല്ലാം സുൽത്താന്റെ കൈയിൽ നിന്നും തട്ടിയെടുത്തെന്നെ അവൻ കരുതുകയുള്ളൂ. പരമാധികാരത്തിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യത്തിൽ നിന്നുമുള്ള തന്റെ വീഴ്ച ഒരിക്കലും അവനു മറക്കാനുമാവില്ല. 

ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും ആ അനന്തരാവകാശി, അവരുടെ പാത പിന്തുടർന്ന് വിശാലമായ തന്റെ പാരമ്പര്യ സ്വത്ത് വീണ്ടെടുക്കാൻ തീർച്ചയായും ശ്രമിക്കും. അതിനു വേണ്ടി ബ്രിട്ടീഷ് രാഷ്ട്രത്തിന്റെ ശത്രുക്കളുമായി അവൻ ചങ്ങാത്തം സ്ഥാപിക്കും. അതിനാൽ, ആ വംശത്തിലെ ഒരു രാജകുമാരനെ മൈസൂരിലെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ചാൽ അത് സ്വന്തം കുഴി തോണ്ടുന്നതിനു തുല്യമായിരിക്കും. അതേസമയം പഴയ മൈസൂർ രാജാക്കന്മാരും ബ്രിട്ടീഷ് രാഷ്ട്രവും തമ്മിൽ എല്ലായ്പ്പോഴും സുഹൃദ്ബന്ധം നിലനിന്നിരുന്നു. നമ്മുടെ പിന്തുണയോട് കൂടി മാത്രമേ അവർക്കു സിംഹാസനത്തിൽ നിലനിന്നു പോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടു മൈസൂരിലെ ഹിന്ദു രാജാക്കന്മാരുടെ അവകാശിയെ മൈസൂർ രാജ്യഭരണം ഏൽപ്പിച്ചാൽ, തന്റെ നിലനിൽപ്പ് പുതിയ വ്യവസ്ഥിതിയുടെ സ്ഥിരതയെ ആശ്രയിച്ചിരിക്കുന്നുവെന്ന ചിന്ത അവന്റെ മനസ്സിൽ എപ്പോഴുമുണ്ടാകും''.

ചുരുക്കത്തിൽ, ടിപ്പു സുൽത്താന്റെ മകനെ സിംഹാസനത്തിൽ ഇരുത്തിയാൽ അത് ആഭ്യന്തര കലാപങ്ങൾ അല്ലെങ്കിൽ വിദേശ യുദ്ധം പോലുള്ള നിരന്തരമായ അപകടങ്ങൾക്ക് മൈസൂരിനെ വിട്ടുകൊടുക്കുന്നതിനു തുല്യമാകുമെന്ന് വെല്ലസ്ലി ഭയപ്പെട്ടു. എന്നാൽ അതേസമയം വോഡയാർ രാജകുമാരൻ എപ്പോഴും അവരുടെ കൈയ്യിലെ ഒരു കളിപ്പാവയുമായിരിക്കും. അതിനാൽ ഗവർണ്ണർ ജനറൽ വെല്ലസ്ലി പ്രഭു വോഡയാർമാരുടെ പിൻഗാമിക്ക് അനുകൂലമായി വിധിയെഴുതി. ടിപ്പു സുൽത്താന്റെ മക്കളെ വെല്ലൂരിലേക്കു നാടു കടത്താനും ഉത്തരവിട്ടു.

അവരെ മൈസൂരിൽ നിന്നും നാടു കടത്താനുള്ള വെല്ലസ്ലി പ്രഭുവിന്റെ തീരുമാനം ജൂൺ 16 നാണ് അദ്ദേഹത്തിന്റെ സഹോദരൻ കേണൽ ആർതർ വെല്ലസ്ലി ഫത്തേഹ് ഹൈദറിനെ അറിയിച്ചത്. താൻ കീഴടങ്ങിയത് പിതാവിന്റെ ഭരണപ്രദേശത്തു തന്നെ അവരോധിക്കും എന്നു ബ്രിട്ടീഷുകാർ ഉറപ്പു പറഞ്ഞതിനാലാണെന്നു ഫത്തേഹ് ഹൈദർ വെളിപ്പെടുത്തി. അവർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ഒരു ചുരുക്കം ആണ് ചുവടെ: 

''ഫത്തേഹ് ഹൈദറെയോ ടിപ്പുവിന്റെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തെയോ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുന്നത് ബ്രിട്ടീഷ് രാഷ്ട്രത്തിന്റെയും അവരുടെ സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതായി ഗവർണർ ജനറൽ കരുതുന്നില്ലെന്ന് ആർതർ വെല്ലസ്ലി അവനോടു വിശദീകരിച്ചു. കൂടാതെ ഏകദേശം 7 ലക്ഷത്തോളം രൂപ ടിപ്പുവിന്റെ കുടുംബത്തിന് അലവൻസ് നൽകാൻ നിശ്ചയിച്ചിട്ടുണ്ടെന്നും അറിയിച്ചു, 'സ്വന്തം സാമ്രാജ്യം മറ്റൊരാളുടെ കൈകളിലേക്ക് മാറുന്നത് കാണുകയെന്നത്‌ അവനെ സംബന്ധിച്ചിടത്തോളം വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരിക്കും; അതിനാൽ സ്വന്തം നന്മയെ കരുതിയും മൈസൂരിൽ സ്ഥാപിക്കപ്പെടാൻ പോകുന്ന പുതിയ ഗവൺമെന്റിന്റെ അനായാസകരമായ ഭരണത്തിനു വേണ്ടിയും മറ്റൊരു ദേശത്തേക്കു മാറുന്നതാണ് അഭികാമ്യം. അടുത്ത ദിവസം തന്നെ വെല്ലൂരിലേക്കു പുറപ്പെടാൻ ഒരുങ്ങിക്കോളുക'. 

ഇതുകേട്ട് ഫത്തേഹ് ഹൈദർ ആശ്ചര്യപ്പെട്ടു: തനിക്ക് ഒരു പത്രം ലഭിച്ചുവെന്നും അതുകൊണ്ടാണ് കീഴടങ്ങിയതെന്നും അവൻ പറഞ്ഞു. ബ്രിട്ടീഷ് രാഷ്ട്രത്തിന്റെ രീതിയനുസരിച്ചു കീഴടക്കിയ ദേശങ്ങളിലെല്ലാം മുൻപുണ്ടായിരുന്ന ഗവണ്മെന്റ് പുനഃസ്ഥാപിച്ചിട്ടില്ലേ; അതായതു തഞ്ചാവൂരിലും അവധിലും മറ്റും ചെയ്തതുപോലെ? ഇനി താൻ ഈ രാജ്യം ഭരിക്കുന്നത് ഉചിതമായി കാണുന്നില്ലെന്നു കരുതി തന്നെ എന്തിനാണ് ഇവിടെ നിന്ന് മാറ്റുന്നത്. താൻ ഒരിക്കലും പിതാവിന്റെയും മുത്തച്ഛന്റെയും ശവകുടീരങ്ങളും അവരുടെ കുടുംബത്തെയും ഉപേക്ഷിച്ച് എങ്ങും പോവില്ലെന്നും അവൻ പ്രഖ്യാപിച്ചു. താൻ പോയിക്കഴിഞ്ഞാൽ അവരുടെ അവസ്ഥ എന്താകുമെന്ന് അവൻ വേദനയോടെ ചോദിച്ചു.

ഈ രാജ്യം ഭരിക്കാൻ അവനെ അനുവദിക്കുമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനം നൽകിയ എന്തെങ്കിലും സൂചന ആ പത്രത്തിൽ ഉണ്ടെന്നു തനിക്കു തോന്നുന്നില്ലെന്ന് ആർതർ വെല്ലസ്ലി പറഞ്ഞു. ബ്രിട്ടീഷുകാർ അധികാരം പുനഃസ്ഥാപിച്ചു നൽകിയ രാജകുടുംബങ്ങൾ അവരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ ശത്രുക്കളുമായി ചങ്ങാത്തം സ്ഥാപിച്ചിട്ടില്ല. ടിപ്പുവിന്റെയും ഹൈദറിന്റെയും കുടുംബാംഗങ്ങളെ  മുഴുവനും വെല്ലൂരിലേക്ക് എത്തിക്കാൻ കൂടുതൽ സമയം ആവശ്യമാണ്, അതുവരെ അവർ തന്റെ സംരക്ഷണത്തിൽ ആയിരിക്കുമെന്നും ആർതർ വെല്ലസ്ലി അവനോടു പറഞ്ഞു. മാത്രമല്ല മൈസൂരിൽ തുടർന്നാൽ എല്ലായ്‌പ്പോഴും ഫത്തേഹ് ഹൈദർ സംശയത്തിന്റെ നിഴലിലായിരിക്കുമെന്നും അവന്റെ ഭാഗത്തുനിന്നുമുണ്ടാകാവുന്ന ഒരു ചെറിയ വിവേകശൂന്യമായ പെരുമാറ്റം പോലും അവനെ തടങ്കലിലിടാൻ ഹേതുവാക്കുമെന്നും വെല്ലസ്ലി ഉപദേശിച്ചു. 

എന്നിട്ടും ഫത്തേഹ് ഹൈദർ തനിക്കയച്ച ആ പത്രം എടുത്തു കാണിച്ചു. കുടുംബത്തിനുള്ള അലവൻസിനെപറ്റി ആകാംക്ഷാപൂർവ്വം ആരാഞ്ഞപ്പോൾ പ്രതിവർഷം 50,000 രൂപയാണെന്നു പറഞ്ഞു. നാടു വിടുന്ന കാര്യത്തെപ്പറ്റി തന്റെ ചില സുഹൃത്തുക്കളോട് ആലോചിക്കണമെന്ന് പറഞ്ഞപ്പോൾ മൈസൂരിൽ നിന്ന് പോകണമെന്നുള്ളത് ജനറലിന്റെ ഉത്തരവാണെന്നും അത് പ്രവർത്തികമാക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വെല്ലസ്ലി അവനെ അറിയിച്ചു.

അന്ന് വൈകുന്നേരം ഫത്തേഹ് ഹൈദറും മുഹിയുദ്ദിനും ആർതർ വെല്ലസ്ലിയെ സന്ദർശിച്ചു ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും കുടുംബത്തിലെ പകുതിപ്പേരെ കൊണ്ടുപോകണമെന്ന് അറിയിച്ചു. എന്നാൽ ആ സമയം അവർ നാലുപേരുടെ കുടുംബത്തെ മാത്രം കൊണ്ടുപോകാനുള്ള വാഹനങ്ങളെ ഉണ്ടായിരുന്നുള്ളൂ.

ജൂൺ 18 ന് ടിപ്പുവിന്റെ മൂത്ത നാലു മക്കളായ ഫത്തേഹ് ഹൈദർ, അബ്ദുൾ ഖലീഖ്, മുഹിയുദ്ദിൻ, മുയ്‌സുദ്ദിൻ എന്നിവർ കുടുംബത്തോടൊപ്പം ബ്രിട്ടീഷ് അകമ്പടിയോടെ മൈസൂരിൽ നിന്നും വെല്ലൂർക്ക് യാത്ര തിരിച്ചു. ശ്രീരംഗപട്ടണത്തെ വീഥികളിലൂടെ അവർ കടന്നുപോകുമ്പോൾ, ആ ഘോഷയാത്ര കാണാനായി ഒരു വലിയ ജനക്കൂട്ടം അവിടെ തടിച്ചു കൂടിയിരുന്നു, തങ്ങളുടെ സുൽത്താന്റെ മക്കൾക്ക് അവസാന വിട ചൊല്ലാനായി.

ജൂൺ 30 ന് വോഡയാർ വംശത്തിലെ 5 വയസ്സ് പ്രായമുള്ള പിൽക്കാലത്തെ 'മുമ്മുടി കൃഷ്ണരാജ വോഡയാർ' എന്ന കൊച്ചുകുട്ടിയെ മൈസൂറിലെ രാജാവായി അവരോധിച്ചു, പൂർണ്ണയ്യയെ ദിവാനും.

അങ്ങനെ, ഫത്തേഹ് ഹൈദറിന്റെ കീഴടങ്ങലോടുകൂടി, മൈസൂരിലെ 38 വർഷം നീണ്ട മുസൽമാൻ ഭരണം അവസാനിച്ചു, രണ്ട് ഭരണാധികാരികൾ  മാത്രമുണ്ടായിരുന്ന ഒരു രാജവംശം: നവാബ് ഹൈദർ അലി ഖാനും മകൻ ടിപ്പു സുൽത്താനും. 

ടിപ്പുവിന്റെ ഇളയ മക്കളെ കുറച്ചു വർഷങ്ങൾക്കു ശേഷം വെല്ലൂരിലേക്കു കൊണ്ടുവന്നു. 1806 ലെ വെല്ലൂർ കലാപത്തിന് ശേഷം മുഴുവൻ  കുടുംബത്തെയും കൽക്കട്ടയിലേക്കു മാറ്റി. 1815 July 30 ന് കൽക്കട്ടയിൽ വച്ചാണ് ഫത്തേഹ് ഹൈദർ മരിച്ചത്. അദ്ദേഹത്തിന്റെ മരണം 1815 ഓഗസ്റ്റ് 3 - ലെ 'കൽക്കട്ട ഗസറ്റ്' ഇപ്രകാരം രേഖപ്പെടുത്തുന്നു: 

'Futtih Hydur, the eldest son of the late Tippoo Sultan, died at Russapugla, last Sunday morning. The funeral was attended by Colonel Hawkins, who has charge of the Mysore Princes, John Eliot, Esquire, and a great number of Natives.

ചിത്രത്തിൽ: തോമസ് ഹിക്കി വരച്ച ഫത്തേഹ് ഹൈദറിന്റെ ചിത്രം.

തോമസ് ഹിക്കി വരച്ച ടിപ്പു സുൽത്താന്റെ 7 ആണ്മക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:

അഭിപ്രായങ്ങള്‍