ദേവഗിരി ഇന്ത്യയുടെ തലസ്ഥാനമായപ്പോൾ

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപുരുഷൻ ഒരു പക്ഷെ തുഗ്ലക് വംശ സ്ഥാപകനായ ഗിയാസുദ്ദീന് തുഗ്ലക്കിന്റെ മകനും തുഗ്ലക് സാമ്രാജ്യത്തിന്റെ രണ്ടാമത്തെ സുൽത്താനുമായ മുഹമ്മദ് ആയിരിക്കും. ഇദ്ദേഹം മുഹമ്മദ് ബിൻ തുഗ്ലക് എന്നാണറിയപ്പെടുന്നത്, അതായതു 'തുഗ്ലക് മകൻ മുഹമ്മദ്'. പല അസാധാരണ ഭരണപരിഷ്കാരങ്ങളും നടപ്പിലാക്കാൻ ശ്രമിച്ച മുഹമ്മദ് ബിൻ തുഗ്ലക്കിനെ ഇംഗ്ലീഷ് ചരിത്രകാരന്മാർ 'ബുദ്ധിമാനായ വിഡ്ഡ്ഢി' 'ക്രൂരതയുടെ പര്യായം' 'ഭ്രാന്തൻ', 'രക്തദാഹിയായ സ്വേച്ഛാധിപതി' എന്നെല്ലാമാണ് മുദ്രകുത്തിയിട്ടുള്ളത്. ഇബ്ൻ ബത്തൂത്തയുടെയും സിയാവുദ്ദീന് ബര്ണിയുടെയും കുറിപ്പുകൾ വായിക്കുമ്പോൾ അങ്ങനെ തോന്നുന്നത് സ്വാഭാവികം മാത്രം. മുഹമ്മദ് പല ഭരണപരിഷ്കാരങ്ങളും വരുത്താൻ ശ്രമിച്ചെങ്കിലും അതിലെല്ലാം പരാജയപ്പെട്ടു എന്നത് സത്യമാണ്. ആ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ഡെക്കാനിലുള്ള ദേവഗിരിയിലേക്കു മാറ്റിയതാണ്.


നമുക്കാദ്യം ഇബ്ൻ ബത്തൂത്തയുടെ വാക്കുകൾ ശ്രദ്ധിക്കാം. "സുൽത്താനെതിരായ പ്രമുഖ ആരോപണമെന്നത് ഡൽഹിയിലെ ജനങ്ങളെ അവിടെനിന്നും നാടു കടത്താൻ  നിർബന്ധിച്ചു എന്നാണ്. ഇതിനു കാരണമെന്തെന്നാൽ ഇവർ സുൽത്താനെ ആക്ഷേപിച്ചും പുലഭ്യം പറഞ്ഞും കൊണ്ടുള്ള ധാരാളം ഊമക്കത്തുകൾ രാത്രികാലങ്ങളിൽ കൊട്ടാരത്തിലെ സഭാമന്ദിരങ്ങളിൽ ഇടുക പതിവായിരുന്നു. അതിനാൽ ഡൽഹി നശിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചു. ജനങ്ങളുടെ കൈവശമുള്ള കെട്ടിടങ്ങളും സ്വത്തുമെല്ലാം വിലയ്ക്ക് വാങ്ങിയശേഷം അദ്ദേഹം അവരോടൊക്കെ ദൗലതാബാദിലേക്കു പോകാനാജ്ഞാപിച്ചു. പക്ഷെ ആദ്യമൊന്നും ജനങ്ങൾ മാറാൻ കൂട്ടാക്കിയില്ല. അതിനാൽ സുൽത്താൻ മൂന്നു ദിവസം കഴിഞ്ഞാൽ ഡൽഹിയിൽ ഒരാളും കാണാൻ പാടില്ല എന്ന അന്ത്യശാസന നൽകി. അങ്ങനെ ഭൂരിഭാഗം ജനങ്ങളും ഡൽഹി വിടാൻ നിർബന്ധിതരായി. പക്ഷെ എന്നിട്ടും ചിലർ തങ്ങളുടെ വീടുകളിൽ ഒളിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം ആരെങ്കിലും വീടുകളിൽ ഒളിച്ചിരിപ്പുണ്ടോ അന്ന് പരിശോധിക്കാനായി സുൽത്താൻ തന്റെ ഭടന്മാരെ അയച്ചു.

ഭടന്മാർ വീടുകളിൽ ഒളിച്ചു കഴിഞ്ഞ രണ്ടുപേരെ കണ്ടെത്തി. ഒരാൾ മുടന്തനും മറ്റെയാൾ അന്ധനുമായിരുന്നു. ഇരുവരെയും സുൽത്താന്റെ മുന്നിൽ ഹാജരാക്കി. മുടന്തനെ വായുവിലേക്കു ചുഴറ്റിയെറിഞ്ഞുകൊല്ലാൻ ഉത്തരവിട്ടു. ആ അന്ധനെ ഡൽഹി മുതൽ ദൗലതാബാദ് വരെ, അതായതു ഏകദേശം 40 ദിവസത്തെ യാത്ര, വലിച്ചിഴച്ചു കൊണ്ടുപോകാനും. വഴിമധ്യേ ശരീരഭാഗങ്ങൾ മുഴുവനും ചീന്തിപ്പോയ ആ പാവം അന്ധന്റെ ഒരു കാൽ മാത്രമാണ് ദൗലതാബാദിലെത്തിയത്. ഈ പൈശാചികകൃത്യം നടന്നതോടുകൂടി പാവപ്പെട്ട ഡൽഹി നിവാസികളെല്ലാം തങ്ങളുടെ സ്വത്തുവകകളെല്ലാം ഉപേക്ഷിച്ചു നഗരം വിട്ടോടിപ്പോന്നു. അങ്ങനെ ഡൽഹി എന്ന തലസ്ഥാനം ഒരു മരുഭൂമിയായി മാറപ്പെട്ടു. അന്ന് രാത്രി സുൽത്താൻ തന്റെ മട്ടുപ്പാവിൽ കയറി ചുറ്റുപാടും വീക്ഷിച്ചു. തീയോ പുകയോ വിളക്കോ കാണാൻ കഴിയാഞ്ഞപ്പോൾ അദ്ദേഹം എങ്ങനെ ആത്മഗതം ചെയ്തു. "ഇപ്പോൾ എന്റെ മനം സ്വസ്ഥമായി". അതിനുശേഷം അദ്ദേഹം മറ്റു നഗരങ്ങളിലെ ജനങ്ങളോട് ഡൽഹിയിൽ വന്നു താമസിക്കാൻ ആജ്ഞാപിച്ചു. ആ നഗരങ്ങൾ നശിച്ചുപോയെന്നല്ലാതെ ഡൽഹി വീണ്ടും ജനനിബിഡമായില്ല. കാരണം അത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ ഡൽഹി ഈ അവസ്ഥയിലായിരുന്നു. കുറച്ചു ജനവാസമുണ്ടെന്നതൊഴിച്ചാൽ അത് വിജനമായിരുന്നു".

ബത്തൂത്ത പറഞ്ഞതുപോലെ മുഹമ്മദ് ബിൻ തുഗ്ലക് അത്രയ്ക്കും ക്രൂരനായിരുന്നോ? ഇനി സിയാവുദ്ദീന് ബര്ണി പറഞ്ഞിരിക്കുന്നതെന്താണെന്നു നോക്കാം.

"സാമ്രാജ്യത്തിന്റെ തലസ്ഥാനത്തിന് നാശനഷ്ടമുണ്ടാക്കുകയും രാജ്യത്തെ പ്രധാനികളെ വിഷമിപ്പിക്കുകയും ചെയ്ത സുൽത്താൻ മുഹമ്മദിന്റെ രണ്ടാമത്തെ പദ്ധതി, ദേവഗിരിയെ ദൗലത്താബാദ് എന്ന പേരിൽ തലസ്ഥാനമാക്കി എന്നതാണ്.  യാതൊരു ദീർഘവീക്ഷണവും കൂടാതെ ഗുണങ്ങളും ദോഷങ്ങളും നോക്കാതെ അദ്ദേഹം 170 അല്ലെങ്കിൽ 180 വർഷക്കാലം അഭിവൃദ്ധി പ്രാപിച്ച ദൽഹി നഗരത്തിനു നാശം വരുത്തി. ഒരു പൂച്ചയോ നായയോ പോലും അവശേഷിക്കാത്ത വിധം എല്ലാം നാശമാക്കപ്പെട്ടു. അങ്ങനെ ലോകം മുഴുവനും അസൂയയോടെ കണ്ടിരുന്ന ഡൽഹി എന്ന ഈ നഗരം പൂർണമായും നശിച്ചു. നാട്ടുസൈന്യം, അവരുടെ കുടുംബം, ആശ്രിതർ, സേവകർ എല്ലാവരും തന്നെ നഗരം വിട്ടുപോകാൻ നിർബന്ധിതരായി. വർഷങ്ങളോളം തലമുറകളായി ദേശവാസികളായിരുന്ന അവരെല്ലാം തകർന്നു പോയി. നീണ്ട യാത്രയുടെ ബുദ്ധിമുട്ടുമൂലം ചിലർ വഴിയിൽ തന്നെ മരിച്ചു വീണു. വല്ല വിധേനയും ദേവഗിരിയിലെത്തിപ്പെട്ടവർക്ക് പ്രവാസത്തിന്റെ വേദന സഹിക്കാനായില്ല. നിരാശയോടെ അവർ മരണത്തിലേക്ക് തന്നെ നിലംപതിച്ചു. ഹിന്ദുഅധീനപ്രദേശമായ ദേവഗിരിയിലുടനീളം മുസൽമാന്മാരുടെ ശ്മശാനങ്ങൾ കൂണുകൾ പോലെ പൊന്തിവന്നു. സുൽത്താൻ മറ്റു ചില നഗരങ്ങളിൽ നിന്ന് പണ്ഡിതന്മാരെയും വ്യാപാരികളെയും ഭൂവുടമകളെയും മറ്റും ഡൽഹിയിൽ കൊണ്ടുവന്ന് പാർപ്പിച്ചു. എന്നാൽ ഈ അപരിചിതർ മൂലം ഡൽഹി ജനനിബിഡമായില്ല. അവരിൽ പലരും അവിടെ മരിച്ചു, കൂടുതൽ പേർ സ്വന്തം വീടുകളിലേക്ക് മടങ്ങി. ഈ മാറ്റങ്ങൾ രാജ്യത്തിന് വൻഹാനിയാണ് വരുത്തിവച്ചത്".

ശരിക്കും എന്തിനായിരുന്നു മുഹമ്മദ് തലസ്ഥാനം മാറ്റിയത്?

മുഹമ്മദിന്റെ സാമ്രാജ്യത്തിനു കീഴിലുള്ള പ്രദേശങ്ങളുടെ മധ്യഭാഗത്തായാണ് ദേവഗിരി സ്ഥിതിചെയ്യുന്നത്: ദില്ലി, ഗുജറാത്ത്, ലഖ്നൗട്ടി (ബംഗാൾ), സത്ഗാവ്, സോനാർഗാവ്, തെലങ്കാന, മാബാർ, ദ്വാരസമുദ്ര, കമ്പില എന്നീ പ്രദേശങ്ങളിലേക്ക് അവിടെ നിന്ന് തുല്യദൂരമാണ്. ഡെക്കാനിൽ ഒരു വലിയ മുസ്ലിം ജനത വേണമെന്ന് മുഹമ്മദ് ആഗ്രഹിച്ചിരിക്കാം [ഡെക്കാൻ ഒരു ഹിന്ദു നാടായതിനാൽ]. തലസ്ഥാനമാറ്റം ഒരു ചിന്താശൂന്യമായ നടപടിയായിരുന്നില്ല. സുൽത്താൻ ഓരോ വ്യക്തിക്കും കെട്ടിടത്തിന്റെതായ വിലയും യാത്രാച്ചെലവും നൽകി. ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്കുള്ള റോഡ് ജനവാസയോഗ്യമാക്കി തപാൽ സംവിധാനം ആരംഭിച്ചു. റോഡിന്റെ ഇരുവശത്തും തണൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. ഓരോ നിശ്ചിതദൂരം ഇടവിട്ട് വിശ്രമ കേന്ദ്രങ്ങളും മഠങ്ങളും സ്ഥാപിക്കുകയും ഓരോന്നിലും ഓരോ മേധാവിയെ നിയമിക്കുകയും ചെയ്തു.  താമസവും ഭക്ഷണവും വെള്ളവും വെറ്റിലയും സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മുൻപ് സുൽത്താനെ കുറ്റപ്പെടുത്തിയ ബര്ണി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്, "സുൽത്താൻ കുടിയേറ്റക്കാർക്ക് അവരുടെ യാത്രക്കും വരവിലും എല്ലാവിധ സൗകര്യങ്ങളും നല്കാൻ മഹാമനസ്കത കാണിച്ചിട്ടുണ്ട്.".

ബത്തൂത്തയും ബര്ണിയും ഊന്നിപ്പറയുന്നതുപോലെ ഡൽഹി പൂർണമായും വിജനമായിരുന്നോ?

വാസ്തവത്തിൽ സമൂഹത്തിൽ മേലെക്കിടയിലുള്ള മുസൽമാന്മാരെ മാത്രമേ ദൗലതാബാദിലേക്ക് മാറ്റിയൂള്ളൂ. ഡൽഹിയിലെ ഹിന്ദുക്കളെ ഇതൊന്നും ബാധിച്ചതേയില്ല. 1327, 1328 വർഷങ്ങളിലെ രണ്ട് സംസ്കൃത ലിഖിതങ്ങൾ ഇത് സ്ഥിരീകരിക്കുന്നു. ഒരു ലിഖിതത്തിൽ 1327 ൽ ഒരു ബ്രാഹ്മണൻ   കിണറിന്റെ കുഴിക്കാൻ അടിത്തറയിട്ടതും 1328 ൽ മറ്റൊന്ന് മുഹമ്മദ് തുഗ്ലക്കിനെ പ്രത്യേകമായി പരാമർശിച്ചുകൊണ്ടുള്ള ഡൽഹി ചരിത്രത്തിന്റെ ഒരു രേഖാചിത്രവുമാണ്. ഡൽഹിയിൽ ഒരു 'പക്ഷിക്കുഞ്ഞുപോലും' ശേഷിച്ചിരുന്നില്ല എന്നൊക്കെയുള്ള ഇബ്നു ബത്തൂത്തയുടെയും ബര്ണിയുടെയും 'വാക്കുകൾ' വെറും കള്ളങ്ങൾ മാത്രമായിരുന്നു.

ഡൽഹിക്കു എന്ത് സംഭവിച്ചു? അത് നശിച്ചുപോയോ?

ഡൽഹിയിൽനിന്നും തലസ്ഥാനം ഒരിക്കലും മാറ്റിയിരുന്നില്ല. വാസ്തവത്തിൽ മുഹമ്മദ് ദേവഗിരിയെ തന്റെ രണ്ടാമത്തെ തലസ്ഥാനമാക്കുകയാണ് ചെയ്തത്, അല്ലാതെ ഡൽഹിക്കു പകരമായല്ല. ഈ വിവരങ്ങൾ നമുക്ക് ലഭ്യമായത് ശഹാബുദ്ദിൻ അൽ ഉമ്രിയുടെ മസാലിക്-ഉൽ-അബ്സർ എന്ന ഗ്രന്ഥത്തിൽ നിന്നുമാണ്. അതായതു മസാലിക്-ഉൽ-അബ്സറിൽ വിവരിച്ചതുപോലെ, ഇന്ത്യക്കു രണ്ടു തലസ്ഥാനങ്ങൾ ഉണ്ടായിരുന്നു.

മസാലിക്-ഉൽ-അബ്സറിൽ പറയുന്നു, "രണ്ട് തലസ്ഥാനങ്ങളായ ഡെൽഹിക്കും കുബ്ബത്ത് ഉൽ-ഇസ്ലാമിനും (ദേവഗിരി) ഇടയ്ക്കു ഓരോ നിശ്ചിത സ്ഥലങ്ങളിൽ പെരുമ്പറകൾ സ്ഥാപിച്ചിരിക്കുന്നു. സുൽത്താൻ ഏതു തലസ്ഥാനത്താണോ ഉള്ളത് അപ്പോൾ മറ്റേ തലസ്ഥാനത്തിന്റെ കോട്ടവാതിൽ തുറക്കുകയോ അടയ്ക്കുകയോ ചെയ്യുമ്പോൾ പെരുമ്പറകൾ മുഴക്കുന്നു".

ഒരു നഗരത്തിൽ ഏതെങ്കിലും സംഭവം നടക്കുമ്പോഴോ അല്ലെങ്കിൽ ഒരു നഗരത്തിന്റെ കവാടം തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ പെരുമ്പറകൾ മുഴങ്ങും. അപ്പോൾ തൊട്ടടുത്ത പോസ്റ്റിലുള്ള പെരുമ്പറ മുഴങ്ങും. ഈ വിധം സുൽത്താന് ഏറ്റവും വിദൂര നഗരങ്ങളുടെ കവാടങ്ങൾ ഏത് സമയത്താണ് തുറക്കുകയോ അടയ്ക്കുകയോ ചെയ്യുന്നത് എന്നുള്ള കൃത്യമായ വിവരങ്ങൾ കിട്ടും.

ഷെയ്ഖ് മുബാരക് ഉൽ-അൻബതി ഇങ്ങനെ പറയുന്നു. ദേവഗിരി സുൽത്താൻ മുഹമ്മദ് തുഗ്ലക്ക് പുനർനിർമിച്ച ഒരു പഴയ നഗരമായിരുന്നു. അതിന് അദ്ദേഹം കുബ്ബത്ത് ഉൽ-ഇസ്ലാം എന്ന പേര് നൽകി. എന്നാൽ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ സുൽത്താന് അതുപേക്ഷിക്കേണ്ടിവന്നു. ഈ നഗരത്തെ സുൽത്താൻ വളരെ ബുദ്ധിപൂർവം ഓരോ വിഭാഗക്കാർക്കും വേണ്ടി പ്രത്യേക വിഭജിച്ചിരിക്കുകയാണ്. സൈനികർക്കും, മന്ത്രിമാർക്കും, സെക്രട്ടറിമാർക്കും, മജിസ്ട്രേറ്റിനും പണ്ഡിതർക്കും, ഷെയ്ക്കുകൾക്കും ഫഖിറുകൾക്കും, അങ്ങനെയങ്ങനെ. ഓരോ താമസസ്ഥലത്തും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പള്ളികൾ, ബസാറുകൾ, പൊതുകുളങ്ങൾ, ധാന്യ മില്ലുകൾ, അടുപ്പുകൾ, കൂടാതെ തട്ടാന്മാർ, അലക്കുകാർ തുടങ്ങിയ എല്ലാത്തരം ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ഭാഗത്തുള്ളവർക്ക് സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മറ്റ് ഭാഗത്തുള്ളവരെ ആശ്രയിക്കേണ്ട ആവശ്യം വരുന്നില്ല. അങ്ങനെ ഓരോ ഭാഗവും ഓരോ കൊച്ചു സ്വയംപര്യാപ്ത നഗരത്തിനു സമാനമായിരുന്നു.

ഏതായാലും പാവം സുൽത്താൻ തന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയപ്പോൾ, ഡൽഹിയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുവാദം കൊടുത്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു, എന്നാൽ അവർ ദേവഗിരിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ അവർക്ക് അവിടെ താമസിക്കാം. ഭൂരിഭാഗം ആളുകളും സുൽത്താന്റെയൊപ്പം ഡൽഹിയിലേക്ക് മടങ്ങിയെങ്കിലും ചുരുക്കം ചിലർ ദേവഗിരിയിൽ തുടരാൻ ഇഷ്ടപ്പെട്ടു.

Reference:

ഇബ്നുബത്തൂത്തയുടെ കള്ളക്കഥകൾ By C K Kareem

The Rise and Fall of Muhammad Bin Tughluq. By Agha Mahdi Husain

No comments

Post a Comment