അക്ബറിന്റെ ദർബാറിലെ 'അഗ്നിപരീക്ഷണം'

ഏകദേശം ഒരു 1575 മുതൽ 1605 - ൽ തന്റെ മരണം വരെ മുഗൾ ചക്രവർത്തി അബുൾഫാത് ജലാലുദ്ദിൻ മുഹമ്മദ് അക്ബർ പാദ്ഷാ ഘാസി മതനിഷ്ഠമല്ലാത്ത ജീവിതമാണ് നയിച്ചത്. 1575 - ൽ മതസംവാദങ്ങൾക്കു വേണ്ടി ഫത്തേപ്പൂർ സിക്രിയിൽ ഇബാദത്ത് ഖാന എന്ന ആരാധനാലയം നിർമ്മിച്ചു. സുൽഹി കുൾ അഥവാ എല്ലാ മതങ്ങളോടും സമാധാനപരം എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. എല്ലാ മതങ്ങളുടെയും ഗുണങ്ങൾ ഒന്നിപ്പിച്ചുകൊണ്ടുള്ള ഈ വ്യവസ്ഥ പിൽക്കാലത്ത് (1581-82) 'തൗഹിദി ഇലാഹി' അഥവാ 'ഏകദൈവ വിശ്വാസം' എന്നറിയപ്പെട്ടു. 



ഇബാദത്ത് ഖാനയിൽ വ്യാഴാഴ്ചകളിൽ വൈകുന്നേരം നടക്കുന്ന മതചർച്ചകൾക്കായി ഹിന്ദുക്കൾ, ജൈനമതക്കാർ, പാഴ്സികൾ, ക്രിസ്ത്യൻ വൈദികർ, ജരതുഷ്‌ടമതക്കാർ (സോറോ ആസ്ട്രിയൻസ്) തുടങ്ങി നാനാമതസ്ഥരെ അക്ബർ ക്ഷണിച്ചിരുന്നു. എല്ലാ മതങ്ങളിലും എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ ഉണ്ടെന്നും അതിനാൽ ഇസ്‌ലാമിന് മറ്റു മതങ്ങളെക്കാൾ ശ്രേഷ്ഠത കൂടുതലില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ആ അവസരത്തിലാണ് (1579 - ൽ) അദ്ദേഹം ഗോവയിലുള്ള പോർച്ചുഗീസ് മതപ്രചാരകർക്ക് ഇപ്രകാരം ഒരു കത്തയക്കുന്നത്: "രണ്ടു പുരോഹിതന്മാരെ ഇവിടേക്ക് അയയ്ക്കുക, അവർ ന്യായപ്രമാണത്തിന്റെയും സുവിശേഷത്തിന്റെയും പ്രധാനപ്പെട്ട പുസ്‌തകങ്ങൾ കൂടി കൊണ്ടുവരണം. എനിക്ക് നിങ്ങളുടെ മതത്തെയും അതിന്റെ മേന്മകളെയും കുറിച്ച് അറിയാൻ വേണ്ടിയാണ്".   

അക്ബറിനെപ്പോലൊരു ശക്തനായ ഭരണാധികാരിയെ ക്രിസ്തീയമതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നത് ജെസ്യൂട്ട് മതപ്രചാരകരെ സംബന്ധിച്ചിടത്തോളം വളരെ ആവേശമുണർത്തിയ കാര്യമായിരുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ രാജാക്കന്മാരെയും മറ്റു പ്രമുഖരെയും മതപരിവർത്തനം ചെയ്യുകയെന്നത് ഒരസാധാരണ കാര്യമോ വിജയിക്കാത്ത കാര്യമോ ആയിരുന്നില്ല. മാലിദ്വീപുകളിലെയും സിലോണിലേയും പല രാജാക്കന്മാരെയും കൂടാതെ ബിജാപുർ സുൽത്താന്റെ ഒരു ബന്ധുവിനെയും മതപരിവർത്തനം നടത്തിയിട്ടുണ്ട്. അങ്ങനെ വലിയ പ്രതീക്ഷകളുമായി ഫെബ്രുവരി 1580 - ൽ ഫത്തേപ്പൂർ സിക്രിയിലെ ദർബാറിലേക്ക് മൂന്നു വൈദികർ ഒന്നാം ജെസ്യൂട്ട് മിഷന്റെ ഭാഗമായി എത്തിച്ചേർന്നു; റുഡോൾഫ് അക്വാവിവ, ആന്റണി മോൺസറേറ്റ്, ഫ്രാൻസിസ് ഹെൻ‌റിക്വസ് എന്നിവരായിരുന്നു അവർ. 

ഊഷ്മള സ്വീകരണമാണ് അച്ചമ്മാർക്ക് അവിടെ ലഭിച്ചത്. അച്ചന്മാരുടെ വിവരണമനുസരിച്ച് അക്ബർ അവരെ വളരെ ബഹുമാനപൂർവ്വം സത്കരിച്ചു. ഏഴു വാല്യങ്ങളിലുള്ള ബൈബിൾ സമ്മാനിച്ചപ്പോൾ അക്ബർ തന്റെ തലപ്പാവ് ഊരി ഓരോ വാല്യവും തലയിൽ തൊട്ടു വന്ദിച്ചതിനു ശേഷം വളരെ ഭക്തിപൂർവ്വം ചുംബിക്കുകയും ചെയ്തു. രണ്ടാമത്തെ മകനായ മുറാദിനെ ഫാദർ മോൺസറേറ്റിനെ ഏൽപ്പിച്ചതിനു ശേഷം  ക്രിസ്തുമതത്തെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിക്കാൻ നിർദ്ദേശിച്ചു. കൂടാതെ സുവിശേഷം വിവർത്തനം ചെയ്യാൻ അബുൾ ഫാസലിനോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം മൂന്നു മക്കളോടും ഒപ്പം അവരുടെ ചാപ്പൽ സന്ദർശിച്ച് അവരുടെതായ രീതിയിൽ പ്രാർത്ഥിക്കുകയും ചെയ്തു. ഇത്രയൊക്കെയായപ്പോൾ യഥാർത്ഥമായ ഒരു  വിശ്വാസത്തിന്റെ തെരച്ചിലിലായിരുന്ന ചക്രവർത്തിക്ക് മറ്റെന്തിനേക്കാളും കൂടുതൽ തങ്ങളുടെ മതത്തിലേക്ക് ഒരു ചായ്‌വുണ്ടെന്ന്‌ അച്ചന്മാർക്കു തോന്നി. അക്ബറിന്റെ നിർദ്ദേശപ്രകാരം അവർ ഇബാദത്ത് ഖാനയിൽ മുസ്ലിം പുരോഹിതരുമായി അങ്ങേയറ്റം ഉത്സാഹത്തോടെ മതസംവാദങ്ങളിലേർപ്പെട്ടു.   



മുസ്ലിം പ്രതിയോഗികളെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളുമായിട്ടായിരുന്നു അച്ചന്മാരുടെ വരവ്. ഖുറാന്റെ ഒരു ലാറ്റിൻ പരിഭാഷ കൂടെ കൊണ്ടുവന്ന അവർ തങ്ങളുടെ പല വാദങ്ങളും പിന്താങ്ങാൻ അതിൽനിന്നുള്ള ഉദ്ധരണികൾ ഉപയോഗിച്ചു. എന്നാൽ മുസ്ലിം പുരോഹിതരുടെ പക്കൽ ബൈബിളിന്റെ കോപ്പികളൊന്നും ഇല്ലായിരുന്നു. ഇത് അവർക്കൊരു പോരായ്മയായി ഭവിച്ചു. ഈ അവസരത്തിലാണ് ഇസ്ലാമും ക്രിസ്തുമതവും തമ്മിലുള്ള തർക്കങ്ങൾ ഒരു അഗ്നിപരീക്ഷണത്തിലൂടെ തീർക്കാമെന്നൊരു നിർദ്ദേശം വരുന്നത്. 

'ഫാദർ മോൺസറേറ്റിന്റെ കമന്ററി'യിൽ പറയുന്നത് ഈ നിർദ്ദേശം അവരുടെ മുസ്ലിം പ്രതിയോഗികളാണ് മുന്നോട്ടു വച്ചതെന്നാണ്. അക്ബർ ഈ നിർദ്ദേശം പിന്താങ്ങുകയും ചെയ്തു. ക്രിസ്തുമത്തിന്റെ സത്യം തെളിയിക്കാൻ അത്ഭുതമുളവാക്കുന്ന പരീക്ഷണങ്ങളുടെ ആവശ്യമില്ലെന്നു ഫാദർ അക്വാവിവ മറുപടി പറഞ്ഞു. എന്നാൽ ഈ പരീക്ഷണം നിർദ്ദേശിക്കുന്നതിലെ യഥാർത്ഥ ലക്ഷ്യം തന്റെ സദസ്സിലെ വിശുദ്ധ മനുഷ്യനാണെന്ന് വീമ്പിളക്കുന്ന ഒരു മതപണ്ഡിതനെ [ഇവിടെ പരാമർശിച്ചിരിക്കുന്നത് ബഡൗണി പറഞ്ഞ ഷേഖ് ഖുത്ബുദ്ദിനെ ആവാനാണ് സാധ്യത: താഴെ കൊടുത്തിരിക്കുന്നു.] ശിക്ഷിക്കുക എന്നാണെന്നും അച്ചമ്മാർ തന്നെ ഈ പദ്ധതിയിൽ സഹായിച്ചാൽ അവർക്ക് യാതൊരു ഹാനിയും വരില്ലെന്നും ചക്രവർത്തി മറുപടി പറഞ്ഞു. എന്നാൽ അച്ചമ്മാർ ഈ പദ്ധതിയെ പിന്താങ്ങാൻ വിസമ്മതിച്ചു.

മറിച്ച് അബുൾ ഫാസൽ പറയുന്നത് ഫാദർ അക്വാവിവയാണ് ഇപ്രകാരം പറഞ്ഞ് തങ്ങളുടെ മുസ്ലിം പ്രതിയോഗികളെ വെല്ലുവിളിച്ചതെന്നാണ്. "മുസ്ലിങ്ങൾ ഖുറാൻ ദൈവത്തിന്റെ ശുദ്ധവചനമായി കരുതുകയും ഞങ്ങളുടെ സുവിശേഷപുസ്‌തകത്തെക്കുറിച്ച് ഇത്തരമൊരു [മോശം] അഭിപ്രായം മനസ്സിൽ വയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു അഗ്നി കൂമ്പാരം ഉണ്ടാക്കുകയാണ് ഉചിതം. എന്നിട്ടു ഞങ്ങൾ സുവിശേഷങ്ങൾ കൈയ്യിൽ എടുക്കും, മുസ്ലിം മതനേതാക്കൾ അവരുടെ വിശ്വാസപ്രമാണവും. എന്നിട്ടു നമുക്ക് ആ പരീക്ഷണ സ്ഥലത്ത് പ്രവേശിക്കാം. പൊള്ളലേൽക്കാതെ ആരു രക്ഷപ്പെടുന്നോ സത്യം അവരുടെ ഭാഗത്തായിരിക്കും". എന്നാൽ 'കരളില്ലാത്തതും കറുത്ത ഹൃദയമുള്ളതുമായ' മുസ്ലിം നേതാക്കൾ ഈ വെല്ലുവിളി തിരസ്‌ക്കരിച്ചുവെന്ന് അബുൾ ഫാസൽ പറയുന്നു.

അച്ചന്മാർ പറഞ്ഞതിനു സമാനമായാണ് ബഡൗണിയും പറയുന്നത്: അക്ബർ ഷേഖ് ഖുത്ബുദ്ദിൻ എന്ന ഒരു ഫക്കീറിനെ വിളിപ്പിക്കുകയും ആ ഫക്കീർ അച്ചന്മാരോട് ഇങ്ങനെ നിർദ്ദേശിക്കുകയും ചെയ്തു: "നമുക്ക് ഒരു തീക്കൂനയുണ്ടാക്കി തിരുമനസ്സിന്റെ മുന്നിൽ വച്ച് അതിലേക്കു ചാടാം. ആരാണോ സുരക്ഷിതരായി തിരിച്ചുവരുന്നത് അവരുടെ വിശ്വാസമായിരിക്കും സത്യം". തീക്കൂന തയ്യാറായപ്പോൾ ആ ഫക്കീർ ഒരു അച്ചനെ ളോഹയിൽപിടിച്ചു മുന്നോട്ടു തള്ളി. "വരൂ, ദൈവത്തിന്റെ നാമത്തിൽ". എന്നാൽ ഒരാൾക്കു പോലും തീയിൽ ചാടാനുള്ള ധൈര്യമുണ്ടായില്ല. അക്ബർ പിന്നീട് ഷേഖ് ഖുത്ബുദ്ദിൻ ഉൾപ്പെടെ നിരവധി ഫക്കീർമാരെ നാടുകടത്തിയെന്നും ബഡൗണി കുറിക്കുന്നു.

പിന്നീട് രണ്ടു പ്രാവശ്യം കൂടി (1591 ലും 1595 ലും) അക്ബറിന്റെ ക്ഷണപ്രകാരം ഗോവയിലെ മതപ്രചാരകർ ലാഹോറിലെ ദർബാറിൽ എത്തിയിരുന്നു. എന്നാൽ അവരെല്ലാം പരമാവധി ശ്രമിച്ചിട്ടും അക്ബറിനെ മതപരിവർത്തനം നടത്താനായില്ല.

അഭിപ്രായങ്ങള്‍