ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച നിധികൾ - ടിപ്പുവിന്റെ കടുവ

ലണ്ടനിലെ വിവിധ മ്യൂസിയങ്ങളിൽ ഇന്ത്യയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട മനോഹരമായ നിരവധി കലാസൃഷ്ടികൾ കാണാം: പെയിന്റിംഗുകൾ, ശിൽപങ്ങൾ, കൈയെഴുത്തുപ്രതികൾ, കൂടാതെ മറ്റ് പല ചരിത്രവസ്തുക്കളും. ബ്രിട്ടീഷ് മ്യൂസിയം, ബ്രിട്ടീഷ് ലൈബ്രറിയിലെ ഇന്ത്യ ഓഫീസ് റെക്കോർഡ്സ്, വിക്ടോറിയ ആൽബർട്ട് മ്യൂസിയം എന്നിവയാണ് ഇവയിൽ പ്രമുഖർ. 'സംരക്ഷണം' എന്ന പേരിലാണ് ഈ പുരാവസ്തുക്കളെല്ലാം കൊള്ളയടിച്ചത്.

അതിൽ വളരെ പ്രസിദ്ധവും കൗതുകകരമായ ഒന്നാണ് ഇപ്പോൾ വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 'ടിപ്പുവിന്റെ കടുവ'എന്ന യാന്ത്രിക കടുവ.

tipu's-mechanical-tiger-at-V&A-museum
Tippoo's Tiger  - Victoria and Albert Museum

1799 ൽ ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം, ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ രാജകീയഭണ്ഡാരം പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ പ്രസിദ്ധമായ വ്യാഘ്രസിംഹാസനവും യാന്ത്രിക കളിപ്പാട്ടമായ 'ടിപ്പുവിന്റെ കടുവയും' അതിൽ ഉൾപ്പെടുന്നു. ശ്രീരംഗപട്ടണത്തെ കൊട്ടാരത്തിലെ രാഗമഹലിലാണ് (മ്യൂസിക് റൂം) ബ്രിട്ടീഷുകാർ ഈ മെക്കാനിക്കൽ കടുവയെ കണ്ടെത്തിയത്.

ചായം പൂശിയ തടിയിൽ തീർത്ത പ്രസിദ്ധമായ ഈ ഉപകരണം ബ്രിട്ടീഷ് പട്ടാളക്കാരനെ [അല്ലെങ്കിൽ ഉദ്യോഗസ്ഥനെ] ആക്രമിക്കുന്ന യഥാർത്ഥവലിപ്പത്തിലുള്ള ഒരു കടുവയുടെ ഓട്ടോമേറ്റൻ ആണ്. മലർന്നു കിടക്കുന്ന ആ മനുഷ്യന്റെ കഴുത്തിൽ കടുവ തന്റെ കൂർത്തപല്ലുകൾ ഇറക്കുകയാണ്. കടുവയുടെ ശരീരത്തിനുള്ളിൽ ഒരു പൈപ്പ് ഓർഗനും 18 നോട്സ് ഉള്ള ആനക്കൊമ്പുകൊണ്ട് നിർമ്മിച്ച ഒരു കീബോർഡും ഉണ്ട്.

കടുവയുടെ ഒരു വശത്തുള്ള പിടിയുള്ള ഒരു ഹാൻഡിൽ തിരിക്കുന്നതിലൂടെ ഈ ഓർഗൻ പ്രവർത്തിപ്പിക്കാം; ഹാൻഡിൽ തിരിയുമ്പോൾ ആ മനുഷ്യന്റെ ഇടതുകൈ മുകളിലേക്കും താഴേക്കും നീങ്ങുന്നു. മരിക്കാൻ പോകുന്ന ആ മനുഷ്യന്റെ നിലവിളിക്കൊപ്പം കടുവയുടെ ഭയാനകമായ അലർച്ചയും ഈ ഓർഗൻ പുറപ്പെടുവിക്കുന്നു. ഹാൻഡിലിനടുത്തുള്ള ഒരു അടപ്പു തുറക്കുന്നതിലൂടെ ഈ പൈപ്പ് ഓർഗനും കീബോർഡും ദൃശ്യമാകും.

1858 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസിൽ കൊടുത്തിരിക്കുന്ന കടുവ കളിപ്പാട്ടത്തിന്റെ വിവരണം ഇപ്രകാരമാണ്:

tipu's-mechanical-tiger-at-V&A-museum tipu's-mechanical-tiger-at-V&A-museum

"ഈ യോദ്ധാവിന്റെ, കളിപ്പാട്ടം എന്ന് വിളിക്കപ്പെടുന്ന വളരെയധികം ആസൂത്രണം ചെയ്തു നിർമ്മിച്ച ഈ മഹത്തായ സൃഷ്‌ടി, തടിയിൽ കടഞ്ഞെടുത്ത കടുവയുടെ ഒരനുകരണമാണ്. യഥാർത്ഥ കടുവയുടെ പുറത്തുള്ളതുപോലുള്ള വരകളും കാണാം. ഈ ക്രൂരമൃഗത്തിന്റെ പിടിയിൽ ഒരു ഇംഗ്ലീഷുകാരനെ പ്രതിനിധീകരിക്കുന്ന വിധം ഒരു ആൾരൂപമുണ്ട്. അതായതു വളരെ വീതിയേറിയ തൊപ്പിയും മറ്റു വേഷവിധാനങ്ങളും. കടുവയുടെ ഒരു വശത്തുള്ള ഹാൻഡിൽ തിരിക്കുമ്പോൾ ഏറ്റവും ഭയാനകമായ ശബ്ദങ്ങൾ കേൾക്കുന്നു. അതായത് ആ ക്രൂരമൃഗത്തിന്റെ തൊണ്ടയിൽ നിന്ന് പുറപ്പെടുന്നപോലുള്ള അലർച്ചകൾ, പിന്നീട് നിസ്സഹായാവസ്ഥയിലുള്ള ആ ഇംഗ്ലീഷുകാരന്റെ ഞരക്കങ്ങളും മറ്റും. ഈ മുരൾച്ചയ്ക്കിടെ ആ പാവത്തിന്റെ തലയും മറ്റ് ചിലഭാഗങ്ങളും സ്പ്രിങ് മുഖേന ചലിപ്പിക്കപ്പെടുന്നു. അതായത് ലണ്ടൻ തെരുവുകളിലൊക്കെ പ്രദർശിപ്പിക്കുന്നതരത്തിലുള്ള ഓട്ടോമേറ്റന്റെ അതേരീതിയിൽ. അല്പസമയത്തിനകം കടുവ വളരെ ഉറക്കെ സന്തോഷത്തോടെ അലറുകയും മുരളുകയും തന്റെ ഇരയെ നരകയാതന അനുഭവിപ്പിക്കുകയും ചെയ്യുമ്പോൾ ആ ഇംഗ്ലീഷുകാരൻ അന്ത്യശ്വാസം വലിക്കുന്നതായും തോന്നും. ഞങ്ങളിലൊരാളെ ജീവനോടെ പിടിക്കാൻ പരാജയപ്പെട്ടപ്പോൾ, ടിപ്പു സാഹിബ് തന്റെ ഒഴിവുസമയങ്ങളിൽ ഈ ആൾരൂപത്തെ മുകളിൽ വിവരിച്ചതുപോലെയുള്ള ഒരു പീഡനത്തിന് വിധേയനാക്കി സ്വയംരസിക്കുകയായിരുന്നെന്നു കരുതപ്പെടുന്നു. സമാനമായ മറ്റ് സന്തോഷാനുഭവങ്ങളും അദ്ദേഹത്തിന്റെ ഓർമയിൽ കാണുമല്ലോ."

1793-94 കാലഘട്ടത്തിലാണ് ഈ  യാന്ത്രിക കടുവ നിർമ്മിച്ചത്, ഇതിന്റെ ആന്തരിക സംവിധാനം ടിപ്പുവിന്റെ ഒരു ഫ്രഞ്ചുസേവകന്റെ  സൃഷ്ടിയാകാം. 1781 ലെ രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗമായ പോർട്ടോനോവോ യുദ്ധത്തിൽ അദ്ദേഹത്തെയും പിതാവ് ഹൈദർ അലിയെയും പരാജയപ്പെടുത്തിയ ശത്രു ജനറൽ സർ ഹെക്ടർ മൺറോയുടെ മകൻ ഹഗ് മൺറോയുടെ മരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകണം ടിപ്പു ഈ യന്ത്രം നിർമ്മിച്ചത്. 1792 ൽ ബംഗാളിനടുത്ത് ഒരു നായാട്ടിനെത്തുടർന്നാണ് മൺറോയുടെ മകനെ കടുവ ആക്രമിച്ചുകൊന്നത്. ഉച്ചസമയങ്ങളിൽ ടിപ്പുവിന്റെ പതിവ് 'ഇംഗ്ലീഷ് സർക്കാറിന്റെ മേൽ ഖുദാദാദിന്റെ വിജയം' കണ്ടു സ്വയം രസിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.

1800-ൽ ഈ കടുവയെ വെല്ലസ്ലി പ്രഭു ലണ്ടനിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോർട്ട് ഓഫ് ഡയറക്ടേഴ്സിന് അയച്ചുകൊടുത്തു. ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായ ഈസ്റ്റ് ഇന്ത്യാ ഹൗസിലേക്ക് അയയ്ക്കുകയും പിന്നീട് വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു.

No comments

Post a Comment